രാഷ്ട്രീയം-ലേഖനങ്ങള്‍

വ്യക്തി ഒരേസമയം മുസ്‌ലിമും ദേശീയവാദിയുമോ?

ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്.

മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ. ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന് പറഞ്ഞാല്‍ അവയില്‍ ഒന്ന് സജീവവും പ്രവര്‍ത്തനനിരതവുമായിരിക്കും. മറ്റേത് നിര്‍ജീവവും പ്രവര്‍ത്തനരഹിതവുമായിരിക്കും. ഒരു ജര്‍മന്‍ ദേശീയവാദിക്ക് യഥാര്‍ഥ ക്രിസ്തുമതാനുയായിയാകാന്‍ സാധ്യമല്ല. കാരണം അദ്ദേഹത്തില്‍ ദേശീയതയാണ് സജീവവും പ്രവര്‍ത്തനനിരതവും. അദ്ദേഹത്തിന്റെ മതം നിഷ്‌ക്രിയവും മൃതപ്രായവുമാണ്. ഒരു ഇറ്റാലിയന് ഒരേസമയത്ത് ഒരു ഫാഷിസ്റ്റും യഥാര്‍ഥ ക്രിസ്ത്യാനിയുമാകാന്‍ സാധ്യമല്ല.

ഇസ്‌ലാമിന് ഒരു പ്രത്യേക ആദര്‍ശസംഹിതയുണ്ട്. ദേശീയതക്ക് വ്യത്യസ്തമായ മറ്റൊന്നുമുണ്ട്. ഒരു മനുഷ്യന് ക്രിയാത്മകവും സജീവവുമായ രണ്ട് ആദര്‍ശസംഹിതകള്‍ ഒരേസമയം പിന്തുടരാന്‍ കഴിയില്ല; അവ പരസ്പര പൂരകങ്ങളും പരസ്പരസഹായകങ്ങളുമല്ലെങ്കില്‍. തന്റെ ദേശീയതാവാദമാണോ മതവിശ്വാസമാണോ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ബോധമില്ലാത്ത ഒരു വ്യക്തി, തന്റെ ആദര്‍ശസംഹിത ഒളിച്ചുവെക്കുന്നത് അവസരോചിതമാണെന്ന് കരുതിയേക്കാം. അല്ലെങ്കില്‍ അദ്ദേഹം അതിനെപ്പറ്റി അറിവില്ലാത്തവനായിരിക്കാം. അദ്ദേഹത്തിന് രണ്ട് ആദര്‍ശ പ്രത്യയശാസ്ത്രങ്ങളുണ്ടെന്ന് പറഞ്ഞുകൂടാ. കാരണം, അവയില്‍ ഒന്നുമാത്രമേ ക്രിയാത്മകവും അദ്ദേഹത്തിന്റെ വ്യവഹാരത്തെ നിയന്ത്രിക്കുന്നതുമായുള്ളൂ. തനിക്ക് ഒരു പ്രത്യയശാസ്ത്രവുമില്ലെന്നോ, അല്ലെങ്കില്‍ ഒന്നിലധികമുണ്ടെന്നോ ധരിക്കുന്ന ഒരു വ്യക്തിയോട് അത് ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍, പ്രത്യയശാസ്ത്രം തന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതുപേക്ഷിക്കാന്‍ പ്രയാസമാണെന്നും തന്റെ ജീവിതം അതിനുവേണ്ടി ത്യജിക്കാന്‍ തയ്യാറാണെന്നും അയാള്‍ക്ക് തോന്നുന്ന ഒരു ഘട്ടംവരും. അതാണ് അദ്ദേഹത്തിന് ക്രിയാത്മകവും സജീവവുമായ പ്രത്യയശാസ്ത്രമുണ്ടെന്നതിന്റെ തെളിവ്.
അങ്ങനെയുള്ള ഒരു വ്യക്തി ഇസ്‌ലാമിനുവേണ്ടിയോ, വ്യക്തിസ്വാതന്ത്ര്യവാദം,ജനത്തിനുള്ള നിയമനിര്‍മാണാധികാരം, കമ്യൂണിസം, ദേശീയത എന്നിവയിലേതെങ്കിലുമൊന്നിനുവേണ്ടിയോ തന്റെ ജീവിതം ത്യജിക്കാന്‍ തയ്യാറാണോ എന്നാണ് നോക്കേണ്ടത്. അയാള്‍ സര്‍വസ്വവും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത് ഏതൊന്നിനുവേണ്ടിയാണോ , അതാണ് അയാളുടെ ശരിയായ ആദര്‍ശസംഹിത; അയാള്‍ അതിനെപ്പറ്റി ബോധവാനല്ലെങ്കിലും.
പ്രത്യയശാസ്ത്രത്തോടുള്ള ഈ സ്‌നേഹമാണ് ഒരു വ്യക്തിയുടെ സ്വഭാവവും മാര്‍ഗങ്ങളും നയങ്ങളും നിര്‍ണയിക്കുന്നത്. മറ്റെല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവം അതിനുവിധേയമായിരിക്കും.

അലി മുഹമ്മദ് നഖ്‌വി

Topics