വ്യക്തിപരമായകാര്യങ്ങളില്‍ പോലും പ്രവാചക തിരുമേനി (സ) നീതിപൂര്‍വമേ വര്‍ത്തിച്ചിട്ടുള്ളുവെന്നതിന് തിരുമേനിയുടെ ജീവിതം തന്നെ തെളിവാണ്. തിരുമേനിയുടെ ജീവിതം വിവരിക്കുന്ന കഥകളില്‍ അത്തരത്തിലുള്ള അനേകം സംഭവങ്ങളുണ്ട്. അവിശ്വാസികളായിരുന്നവരുമായി തിരുമേനി ഇടപഴകിയപ്പോള്‍ തിരുമേനി കാണിച്ച സൂക്ഷ്മതയും പ്രതിപക്ഷ ബഹുമാനവും ആദരവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. സ്വഹാബാക്കളോടും ശിഷ്യന്‍മാരോടുമുള്ള അവിടത്തെ സമീപനം ഇവിടെ പരാമര്‍ശിക്കുന്നില്ല.
തിരുമേനിയും അവിശ്വാസികളുമായി കണ്ടു ഇടപഴകിയ ചില അവിസ്മരണസന്ദര്‍ഭങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ആയിശ (റ) നിവേദനം ചെയ്യുന്നു: ‘ ഒരിക്കല്‍ ഒരു സംഘം യഹൂദര്‍ തിരുമേനിയുടെ അടുക്കല്‍ വന്നു. അവര്‍ തിരുമേനിക്ക് അഭിവാദ്യം ചെയ്തു കൊണ്ടാണ് കടന്നുവന്നത്. അസ്സാമു അലൈകും. (താങ്കള്‍ക്ക് നാശമുണ്ടാകട്ടെ) ഇതു കേട്ട ആയിശ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ പറഞ്ഞു. നിങ്ങളുടെ മേല്‍ നാശവും ശാപവുമുണ്ടാകട്ടെ. ഇതു കേട്ട് തിരുമേനി പറഞ്ഞു. ‘ഒന്നടങ്ങൂ ആയിശാ! അല്ലാഹു എല്ലാ കാര്യങ്ങളിലും സൗമ്യത ഇഷ്ടപ്പെടുന്നു. (മറ്റൊരു നിവേദനത്തില്‍) നീ തീവ്രതയെയും മ്ലേഛതയെയും സൂക്ഷിക്കുക’. ആയിശ പറയുന്നു. അപ്പോള്‍ ഞാന്‍ തിരുമേനിയോടു ചോദിച്ചു: ‘അവര്‍ പറഞ്ഞത് അങ്ങു കേട്ടതല്ലേ?’ തിരുമേനി പറഞ്ഞു:’ ഞാന്‍ കേട്ടു. അവര്‍ക്കു അലൈകും എന്ന് മറുപടി കൊടുത്തല്ലോ.
ഇതായിരുന്നു പ്രവാചക തിരുമേനിയുടെ പ്രകൃതം. മദീനയിലെ ഭരണാധികാരി എന്ന നിലയില്‍ തിരുമേനിയുടെ അടക്കല്‍ വന്ന ഒരു കൂട്ടം പ്രമാണിമാരായ യഹൂദര്‍. അവരുടെ മനസ്സില്‍ തിരുമേനി നശിക്കണമെന്നു ആഗ്രഹം തന്നെയാണ്. അതുകൊണ്ടാണ്് അവര്‍ ഉദ്ദേശ്യപൂര്‍വം (അസ്സാം) വിഷം, നാശം എന്ന പദം, അസ്സലാം എന്നതിനു പകരം ഉപയോഗിച്ചത്. നിങ്ങള്‍ എന്താണ് അസ്സാം എന്നു പറഞ്ഞത് എന്നു പ്രവാചകന്‍ തിരികെചോദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ അസ്സലാമു എന്നാണ് പറഞ്ഞതെന്ന് അവര്‍ കളവുപറയുമായിരുന്നു. ആയിശ അവിടെ ഉണ്ടായിരുന്നതിനാല്‍ അവരും കേട്ടു. അവരതുപറഞ്ഞത് നന്നായി. അധര്‍മകാരികളായ അവരുടെ മുമ്പില്‍ ഒരു വിധി പുറപ്പെടുവിക്കാന്‍ തിരുമേനി തുനിഞ്ഞില്ല. വേണമെങ്കില്‍ തിരുമേനിക്ക് പറയാമായിരുന്നു’ആയിശയും ഞാനും കേട്ടു നിങ്ങള്‍ പറഞ്ഞത് എന്താണെന്ന്’. എന്നാല്‍ അങ്ങനെയൊന്നും ചെയ്യാതെ തിരുമേനി അവരോടു വളരെ മാന്യമായി ‘അലൈകും’ എന്നു മാത്രം പറഞ്ഞു മറുപടി കൊടുത്തു. എന്നു മാത്രമല്ല, അവിശ്വാസികളോടാണെങ്കില്‍ പോലും അല്‍പം പോലും തീവ്രതയും കാര്‍ക്കശ്യവും കാണിക്കരുതെന്ന് താക്കീത് ചെയ്തു. തനിക്ക് നാശം ആശംസിച്ചവരോടു പോലും സൗമ്യതയോടെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണ് തിരുമേനി.
സെയ്ദ് ബ്‌നു സഇനയും തിരുമേനിയും
യഹൂദ പുരോഹിതനായിരുന്നു സൈദ് ബ്‌നു സഇന. അദ്ദേഹം പറയുന്നു:’ മുഹമ്മദില്‍ നിന്ന് രണ്ടേ രണ്ടു കാര്യങ്ങള്‍ എന്റെ സ്വന്തംകണ്ണുകള്‍കൊണ്ട് കാണുംവരേക്കും അദ്ദേഹത്തില്‍ പ്രവാചകത്വത്തിന്റെ ഒരു അടയാളവും ഞാന്‍ കണ്ടിരുന്നില്ല . അദ്ദേഹത്തിന്റെ നിരക്ഷരതയെ അതിജയിച്ചിരുന്ന അദ്ദേഹത്തിന്റെ വിവേകമായിരുന്നു ഒന്നാമത്തേത്. വിവേകശൂന്യമായ പ്രവൃത്തികള്‍ മനഷ്യനില്‍ നിന്ന് ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം തികച്ചും വിവേകത്തോടെയാണ് പെരുമാറിയിരുന്നത് എന്നതാണ് രണ്ടാമത്തേത്’.
സെയ്ദ് ഇബ്‌നു സഇന തന്നെ പറയട്ടെ ആ കഥ. ‘തിരുമേനി അന്ന് തന്റെ വീട്ടില്‍ നിന്നു പറത്തേക്കു വരികയായിരുന്നു. അദ്ദേഹത്തോടൊപ്പം അലിയ്യുബ്‌നു അബീത്വാലിബുണ്ട്. അപ്പോള്‍ ഒരു ഗ്രാമീണന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു പറഞ്ഞു:’ഒരു നാട്ടിലെ ഗ്രാമവാസികള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ചാല്‍ അവര്‍ക്ക് ഭക്ഷണം നല്‍കാമെന്ന് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതികഠിനമായ മഴമൂലം അവരെ ദാരിദ്ര്യവും കെടുതിയും പിടികൂടിയിരിക്കുകയാണ്. അവര്‍ ഒരാവേശത്തിന് ഇസ്‌ലാം സ്വീകരിച്ചപോലെ അതേ വേഗത്തില്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. അവരെ സഹായിക്കാന്‍ കഴിയുന്നവരെ എന്നോടൊപ്പം അയക്കുകയാണെങ്കില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കാം. ഇതു കേട്ട തിരുമേനി തന്റെയടുക്കലുണ്ടായിരുന്ന ആളുടെ മുഖത്തേക്കു ചോദ്യഭാവത്തില്‍ നോക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു:’ അല്ലയോ റസൂലേ! ഇനി ഒന്നും നമ്മുടെ പക്കല്‍ അവശേഷിക്കുന്നില്ല’.
സയ്ദ് ബ്‌നു സഇന പറയുന്നു. ഞാന്‍ മുഹമ്മദിന്റെ അരികിലേക്ക് ചേര്‍ന്നുനിന്നിട്ട് ചോദിച്ചു. ‘അല്ലയോ മുഹമ്മദ്! ഇന്നയാളുടെ തോട്ടത്തിലുള്ള ഈന്തപ്പഴങ്ങള്‍ ഞാന്‍ താങ്കള്‍ക്ക് ഇത്രവിലയ്ക്കു തരട്ടെയോ? തിരുമേനി പറഞ്ഞു: ‘അല്ല സഹോദരാ! ഇത്രയിത്ര വിലക്ക് ഞാന്‍ അത് താങ്കള്‍ക്കുനല്‍ക്കാം’. അങ്ങനെ ഞങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ കരാറായി. ഞാന്‍ എന്റെ പണസഞ്ചിയില്‍ നിന്ന് 80 മിസ്‌കാല്‍ സ്വര്‍ണം എടുത്തു. തിരുമേനി പറഞ്ഞു:’അത് ആ മനുഷ്യന് നല്‍കൂ. എത്രയും വേഗം അതു കൊണ്ടുപോയി അവര്‍ക്കായി ചിലവഴിക്കൂ’.
തിരുമേനി എനിക്ക് പണം തിരികെ നല്‍കാമെന്നേറ്റതിന്റെ രണ്ട് ദിവസംമുമ്പ് അന്‍സാരിയായ ഒരാളുടെ ജനാസയെ അനുഗമിക്കുകയിരുന്നു തിരുമേനി. അബൂബക്‌റും ഉമറും നബിയോടൊപ്പമുണ്ട്. മയ്യിത്തുനമസ്‌കാരശേഷം ഒരു മതിലിനരികില്‍ ഇരിക്കുകയായിരുന്ന. തിരുമേനിയുടെ വസ്ത്രത്തില്‍ ഞാന്‍ കടന്നുപിടിച്ചു. അദ്ദേഹത്തിനുനേര്‍ക്ക് ഞാന്‍ വളരെ പരുഷമായി നോക്കിയിട്ടു ചോദിച്ചു. ‘എന്റെ അവകാശം (കടം) നീ തന്നു വീട്ടുകയില്ലേ മുഹമ്മദ്. നീ മുത്തലിബ് കുടുംബത്തില്‍പെട്ടവനല്ലേ’.
അദ്ദേഹം തുടരുന്നു:’തുടര്‍ന്ന് ഞാന്‍ ഉമറിന്റെ മുഖത്തേക്കു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഗോളങ്ങള്‍ പ്രദക്ഷിണംചെയ്യുംപോലെ തിരുമേനിയുടെ മുഖത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നെ തറപ്പിച്ചുനോക്കി പറഞ്ഞു. ‘അല്ലാഹുവിന്റെ ശത്രുവേ, നീ റസൂലുല്ലായോടാണോ ഇങ്ങനെ സംസാരിക്കുന്നത്?. അല്ലാഹുവാണ! അവന്റെ ശക്തിയെക്കുറിച്ച് ഞാന്‍ ഭയപ്പെട്ടില്ലായിരുന്നെങ്കില്‍ നിന്റെ തല ഞാനെടുത്തേനേ. ഇതു കേട്ട തിരുമേനി ഉമറിനെ സൗമ്യനായി നോക്കിയിട്ട് പറഞ്ഞു:’അല്ലയോ ഉമര്‍! നാം അത്യധികം ആവശ്യക്കാരായിരുന്ന ഘട്ടത്തില്‍ അദ്ദേഹം മാത്രമേ സഹായത്തിനുണ്ടായിരുന്നുള്ളൂ. നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ വാഗ്ദത്തം പൂര്‍ത്തീകരിക്കാനാണല്ലോ. അതിനാല്‍ ഉമര്‍, താങ്കള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി കടം വീട്ടൂ. അദ്ദേഹത്തിന്റെ അവകാശം തിരിച്ചു നല്‍കൂ. അദ്ദേഹത്തില്‍ നിന്ന് വാങ്ങിയതിനേക്കാള്‍ ഇരുപത് സ്വാഅ് ഈത്തപ്പഴം കൂടുതല്‍ മടക്കി നല്‍കൂ’.
ഉമര്‍ എന്നെയും കൂട്ടിക്കൊണ്ടുപോയി എന്റെ കടം വീട്ടി. മാത്രമല്ല എനിക്ക് ഇരുപത് സ്വാഅ് കാരക്ക കൂടുതല്‍ തരികയും ചെയ്തു. ഞാന്‍ ചോദിച്ചു:’ ഇതെന്താണ് ഈന്തപ്പഴങ്ങള്‍ കൂടുതലുണ്ടല്ലോ?’
ഉമര്‍ (റ) പറഞ്ഞു:’ തിരുമേനി എന്നോട് കല്‍പ്പിച്ചിരിക്കുന്നത് അങ്ങനെ നല്‍കാനാണ്.’
ഞാന്‍ ഉമറിനോടു ചോദിച്ചു:’ ഉമര്‍ ഞാന്‍ ആരാണെന്നറിയുമോ?ഞാനാണ് സെയ്ദ്ബ്‌നു സഇന’
ഉമര്‍:’താങ്കള്‍ ജൂത പുരോഹിതനാണല്ലേ?
സെയ്ദ് : അതെ.
ഉമര്‍: ‘തിരുമേനി എന്നോടു കല്‍പ്പിച്ചതുപോലെയല്ലാതെ ഞാന്‍ താങ്കളോട് ചെയ്യുകയില്ല’.
ഞാന്‍ പറഞ്ഞു:’ ഉമര്‍, പ്രവാചകത്വത്തിന്റെ എല്ലാ അടയാളങ്ങളും ഞാന്‍ മുഹമ്മദില്‍ കാണുകയുണ്ടായി. അദ്ദേഹത്തെ നോക്കിയപ്പോള്‍ കണ്ട രണ്ടുകാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് മറച്ചുവെച്ചു. അദ്ദേഹത്തിന്റെ നിരക്ഷരതയെ വിവേകം മറികടക്കുന്നതാണ് ഒന്ന്. നിരക്ഷരനായ അദ്ദേഹത്തിന് വേണ്ടത്ര വിവേകം നല്‍കപ്പെട്ടിരിക്കുന്നു. അല്ലയോ ഉമര്‍, അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദിനെ നബിയായും തൃപ്തിപ്പെട്ടതായി ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവാണ! ഞാന്‍ ധനികനാണ്. എന്റെ ധനത്തിലെ പകുതിയും മുഹമ്മദിന്റെ സമുദായത്തിന് വേണ്ടി നല്‍കുകയാണ്’.
ഉമറും സെയ്ദും തിരുമേനിയുടെ അടുക്കല്‍ വന്നു. സെയ്ദ് പ്രവാചകനു മുന്നില്‍ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിച്ചു.
ഒരു യഹൂദനോടുള്ള പ്രവാചകന്റെ സമീപനം എങ്ങനെയായിരുന്നുവെന്നു നോക്കൂ. തിരുമേനിയെ പലവുരു പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു അദ്ദേഹം. പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ അവകാശവാദം സത്യമോയെന്ന് പരിശോധിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകനാണെങ്കിലും ദിവ്യബോധനത്തിലൂടെയല്ലാതെ അദൃശ്യമറിയാന്‍ കഴിയില്ലെന്ന് പ്രവാചകനോടുള്ള സാമീപ്യത്തില്‍ നിന്ന് അദ്ദേഹം അതിലൂടെ മനസ്സിലാക്കുകയായിരുന്നു.
ഏതൊരാളെയും കോപിഷ്ടനാക്കുമാറാണ് ആ യഹൂദി പെരുമാറിയത്. ഒന്നാമതായി, വാങ്ങിയ പണം തിരികെ നല്‍കാമെന്ന് വാക്കു പറഞ്ഞതിന്റെ രണ്ടു മൂന്നുദിവസം മുമ്പ് അത് തിരികെ ആവശ്യപ്പെട്ടുചെല്ലുക.രണ്ടാമതായി, അത് മാന്യമായി ചോദിക്കുന്നതിനു പകരം ക്രുദ്ധനായി തിരുമേനിയുടെ കുപ്പായക്കുത്തില്‍പിടിച്ചു ചോദിക്കുന്നു. പോരാത്തതിന് ഇന്ന കുടുംബക്കാരനല്ലേ എന്ന് ഒച്ചയിട്ട് കുടുംബത്തെയടക്കം ആക്ഷേപിക്കുന്നു.
ഏതൊരു മനുഷ്യനും പ്രകോപിതനാവുന്ന ആ സാഹചര്യത്തെയാണ് തിരുമേനി അതിജയിച്ചത്. വളരെ സൗമ്യമായി മാത്രം തിരുമേനി അതോടു പ്രതികരിക്കുന്നു. മാത്രമല്ല, ഉമറിനോടു പറഞ്ഞു കൊടുക്കുകയുമാണ് , ഏറ്റവും നല്ല രീതിയില്‍ പെരുമാറണമെന്നും നല്‍കാനുള്ള അമാനത്തുകള്‍ പൂര്‍ത്തീകരിക്കുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും.
തിരുമേനിയുടെ വിനയത്തിന്റെ പ്രതിഫലനമാണിത്.
Add Comment