പ്രവാചകന്‍ മൂസ (അ)യുടെ ചരിത്രം ഓര്‍ക്കുക, ആണ്‍കുഞ്ഞ് പിറന്നാലുടനെ വധിക്കാന്‍ കല്‍പ്പന കൊടുത്ത ഫറോവയുടെ നാട്ടിലാണ് മൂസ ജനിച്ചത്. പിറന്നയുടനെ അദ്ദേഹത്തെ മാതാവ് പെട്ടിയിലാക്കി നദിയിലൊഴുക്കി.
നൂഹിന്റെ (അ) ചരിത്രവും നിങ്ങള്‍ക്കറിയാം. ദൈവധിക്കാരികളായ നൂഹിന്റെ ജനത അല്ലാഹുവിന്റെ ശിക്ഷക്കു വിധേയരായപ്പോള്‍ നൂഹും അദ്ദേഹത്തിന്റെ അനുചരന്‍മാരും എങ്ങനെയാണ് രക്ഷപ്പെട്ടതെന്നതും നിങ്ങള്‍ക്കറിയാം. ഭൂരിപക്ഷം വരുന്ന അവിശ്വാസികളാല്‍ പീഡിതരായി കഴിയുകയായിരുന്നല്ലോ അവിടെ ന്യൂനപക്ഷമായ വിശ്വസി സമൂഹം.

യൂസുഫ് നബി (അ) യുടെ ചരിത്രവും നമുക്കോര്‍മിക്കാം. അദ്ദേഹത്തോട് അസൂയയും വെറുപ്പും വെച്ചു പുലര്‍ത്തിയ സ്വന്തം സഹോദരങ്ങള്‍ തന്നെ അദ്ദേഹത്തെ കിണറ്റിലെറിഞ്ഞു.
അന്ധനും വൃദ്ധനുമായ ശുഐബ് നബിയും ആക്ഷേപിക്കപ്പെട്ടില്ലേ ? തന്റെ നാട്ടുകാര്‍ കച്ചവടത്തില്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍ക്കെതിരെ ശബ്ദിച്ചതായിരുന്നു അദ്ദേഹം ആക്ഷേപിക്കപ്പെടാന്‍ കാരണം.
ദാവൂദ് നബി (അ) അസ്വസ്ഥനായ സന്ദര്‍ഭങ്ങളും ചരിത്രം നമുക്ക് പറഞ്ഞ് തരുന്നു. സര്‍വ്വായുധ സജ്ജനായ ജാലൂത്തിന്റെ സൈന്യത്തെ പരാജയപ്പെടുത്താനുവോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. ജാലൂത്തിന്റെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട് കഴിയേണ്ടിവരുന്നതിനെയും അദ്ദേഹം ഭയന്നു. എന്നാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ വിശ്വാസത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ട് ഭയത്തെ അതിജയിക്കാനും ജാലൂത്തിനെ പരാജയപ്പെടുത്താനും അവര്‍ക്കായി.
അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും അനുകൂലമായ ഒരു സന്ദര്‍ഭം വരുമെന്ന ചരിത്ര സത്യമാണ് മേല്‍പറഞ്ഞ പ്രവാചകചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഇസ് ലാം മനുഷ്യന്റെ ചോദനകളെ അടിമച്ചമര്‍ത്തുന്ന മതമല്ല. മറിച്ച് മനുഷ്യശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ അവനെ പഠിപ്പിക്കുന്ന മതമാണ്. ഇന്ന് ലോകത്തുടനീളം മുസ് ലിംകള്‍ പലവിധ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്നു. മുസ് ലിംകള്‍ ന്യൂനപക്ഷങ്ങളായ രാജ്യങ്ങളില്‍ കടുത്ത വംശീയ വിവേചനത്തിനു ഇരയാകുന്നു അവര്‍. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മര്‍ദ്ദക ഭരണകൂടങ്ങളുടെ അനീതികള്‍ക്കും വൈദേശിക ശക്തികളുടെ അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാകുന്നുണ്ടവര്‍. വിശ്വാസികള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസാദര്‍ശങ്ങളില്‍ പല വിട്ടുവീഴ്ച്ചകള്‍ക്കും മുസ് ലിംകള്‍ പലപ്പോഴും നിര്‍ബന്ധിക്കപ്പെടാറുണ്ട്. അത്തരം നിര്‍ബന്ധിതാവസ്ഥകളില്‍ വിശ്വാസത്തെ മുറുകെ പിടിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകേണ്ടത് മുന്‍ പറഞ്ഞ പ്രവാചക ചരിത്രങ്ങളാണ്.
മുസ് ലിംകളില്‍ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ക്കിരയായവര്‍ അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ തന്നെയാണല്ലോ. അവരില്‍ ചിലര്‍ സമ്പന്ന ഗ്രഹങ്ങളില്‍ പിറന്നവരായിരുന്നു. മറ്റു ചിലര്‍ പിന്നീട് രാജ്യം ഭരിച്ച ഭരണാധികാരികളായിട്ടുണ്ട്. എന്നാല്‍ ഇസ് ലാമിന്റെ പ്രബോധന മാര്‍ഗത്തില്‍ സമ്പത്തും സ്ഥാനമാനങ്ങളും ത്യജിച്ച അവരാരും തങ്ങളുടെ സാമ്പത്തിക ശേഷി കാണിച്ചല്ല മറ്റുള്ളവരെ ഇസ് ലാമിലേക്ക് ക്ഷണിച്ചത്.
ഇതര പ്രവാചകന്‍മാരെ അപേക്ഷിച്ച് കഠിനമായ പീഡനങ്ങള്‍ക്കിരയായ പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ). മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റ ‘ഹിജ്‌റ’ക്കുമുമ്പുള്ള കാലഘട്ടം നിരന്തര പീഡനത്തിന്റേതായിരുന്നു. മക്കാ മുശ് രിക്കുകളില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങളേല്‍ക്കേണ്ടി വന്നു പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ക്കും. ആക്ഷേപങ്ങളും ശകാരങ്ങളും ഒട്ടും കുറവുണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം സമൂഹത്തില്‍ നിന്നും പൂര്‍ണമായും ബഹിഷ്‌കരിക്കപ്പെട്ട് നാമമാത്രമായ വിഭവങ്ങളുമായി അവര്‍ മലഞ്ചെരുവില്‍ കഴിച്ചുകൂട്ടി. പിന്നീട് ബഹിഷ്‌കരണം പിന്‍വലിച്ച ശേഷം പ്രവാചകനെ വധിച്ചു കളയാനായിരുന്നു മക്കയിലെ ഖുറൈശികളുടെ പദ്ധതി.
എന്നാല്‍ പീഡനങ്ങളും ആക്ഷേപങ്ങളും മനസ്സിനെ തളര്‍ത്തുമ്പോഴെല്ലാം പ്രവാചകന്‍ അല്ലാഹുവില്‍ അഭയം തേടുകയായിരുന്നു. സഹിച്ചും ക്ഷമിച്ചും ആക്ഷേപങ്ങള്‍ക്കു മറുപടി പറയാതെ മൗനമവലംബിച്ചും പ്രവാചകന്‍ ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നിന്നു. ഖുറൈശികളുടെ കൊടിയ പീഡനങ്ങള്‍ക്കിടയിലും ഇസ് ലാമിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പ്രവാചകന്റെ അനുയായികള്‍ളെ സഹായിച്ചത് പ്രവാചകന്റെ ഈ മാതൃകയായിരുന്നു.
തീര്‍ച്ചയായും ഇന്ന് പീഡനങ്ങള്‍ക്കിരയാവുന്ന മുസ് ലിം സഹോദരങ്ങള്‍ ഓര്‍ക്കേണ്ടത് ഈ പ്രവാചകന്‍മാരുടെ ചരിത്രമാണ്. പീഡനങ്ങള്‍ക്കിടയിലും അവരെങ്ങനെ ഇസ് ലാം പ്രചരിപ്പിച്ചു എന്നാണ് വിശ്വാസികള്‍ ഓര്‍ക്കേണ്ടത്. പ്രവാചകന്‍മാരില്‍ ചിലര്‍ തങ്ങളുടെ ജനതയുടെ പീഡനങ്ങളേറ്റ് മരണപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ പ്രബോധനം നടത്തിയിട്ടും ദൈവിക നിര്‍ദേശങ്ങള്‍ ചെവികൊള്ളാന്‍ ഒരാള്‍ പോലുമില്ലാതെ, അനുയായികളില്ലാതെ മരണപ്പെട്ട പ്രവാചകന്‍മാരുണ്ട്. പല പ്രവാചകന്‍മാരുടെയും ജീവിതകാലത്തിനു ശേഷം അവരുടെ അധ്യാപനങ്ങള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവാചകന്‍മാരുടെ ചരിത്രമാണ് മുസ് ലിം സമുദായം ഓര്‍ക്കേണ്ടത്.
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുമ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. അല്ലാഹുവിന് മാത്രമാണ് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇല്ലായ്മ ചെയ്യാന്‍ കഴിയുക. മനുഷ്യരുടെ ആവലാതികളും വേവലാതികളും കേള്‍ക്കാനും പരിഹരിക്കാനും സാധിക്കുന്നവന്‍ അവന്‍ മാത്രമാണ്. മര്‍ദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയവര്‍ക്ക് പകരം സ്വര്‍ഗം പ്രതിഫലം നല്‍കുന്നവനും അവനാണ്. ഊണും ഉറക്കവുമില്ലാതെ സദാസമയവും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അവനോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്യുക. നിര്‍ബന്ധ നമസ്‌കാരങ്ങളും സുന്നത്ത് നോമ്പുകളിലൂടെയും അവനിലേക്ക് കൂടുതല്‍ അടുക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുക.
നിങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും പ്രയാസങ്ങളുടെയും യഥാര്‍ത്ഥ കാഠിന്യവും വേദനയും നിങ്ങളേക്കാള്‍ അറിയുന്നവന്‍ അവനാണ്. അവന്‍ തന്നെയാണ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നല്‍കി നിങ്ങളെ പരീക്ഷിക്കുന്നത്. പ്രയാസങ്ങളില്‍ കുടുങ്ങി രക്ഷപ്പെടാന്‍ മാര്‍ഗങ്ങളൊന്നുമില്ലാതെ, ഒരു അഭയസ്ഥാനവും കണ്ടെത്താനാവാതെ നിസ്സഹായരായി വിഷമിക്കുമ്പോഴും നിങ്ങളോര്‍ക്കുക, എല്ലാ പരീക്ഷണങ്ങളും അല്ലാഹുവില്‍ നിന്നാണ്. അവനുദ്ദേശിച്ചാല്‍ ഈ പ്രയാസങ്ങളെയെല്ലാം നിഷ്പ്രയാസം നിങ്ങള്‍ക്ക് മറികടക്കാനാകും. നാട്ടില്‍ ശാന്തിയും സമാധാനവും പുലരും. അതുകൊണ്ട് സംയമനത്തോടെ പരീക്ഷണങ്ങളെ നേരിടാന്‍ നാം തയ്യാറാവണം.
മര്‍ദ്ദിത ജനവിഭാഗങ്ങളുടെ അത്താണി അല്ലാഹു മാത്രമാണ്. വിശ്വസത്തിന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും മര്‍ദ്ദകര്‍ക്ക് കഠിനമായ ശിക്ഷയും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ‘ജനങ്ങളെ പീഡിപ്പിക്കുന്നവനോട് ഇഹലോകത്തു വെച്ചും പരലോകത്തും വെച്ചും ഞാന്‍ പകരം ചോദിക്കും. മര്‍ദ്ദിതനെ സഹായിക്കാന്‍ കഴിവുണ്ടായിട്ടും അതിനു തയ്യാറാകാത്തവനോടും ഞാന്‍ പകരം ചോദിക്കും’. (ത്വബ്‌റാനി).
മറ്റൊരു പ്രവാചക വചനത്തില്‍ കാണാം: ‘ഒരാള്‍ മറ്റൊരുവന്റെ അഭിമാനത്തെ നിന്ദിച്ചാല്‍ അല്ലെങ്കില്‍ അയാളോട് എന്തെങ്കിലും അതിക്രമം കാണിച്ചാല്‍ അന്ത്യനാളിനുമുമ്പായി അയാളോട് ക്ഷമ ചോദിക്കേണ്ടതാണ്. അന്ത്യനാളില്‍ ആര്‍ക്കും പ്രായശ്ചിത്തത്തിന് അവസരമുണ്ടാവുകയില്ല. അല്ലാത്ത പക്ഷം അതിക്രമത്തിനു പകരമായി അവന്റെ നന്മകളുടെ പ്രതിഫലം നിന്ദിക്കപ്പെട്ടവന്റെ പേരില്‍ ചേര്‍ക്കപ്പെടും. ഇനി അവന് നന്മകളൊന്നും ഇല്ലായെങ്കില്‍, അക്രമിക്കപ്പെട്ടവന്റെ തിന്മകളുടെ ശിക്ഷകള്‍ അവന് നല്‍കപ്പെടും’. (ബുഖാരി).
അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ അല്ലാഹു ഉള്ളപ്പോള്‍ വിശ്വാസികള്‍ ഒരിക്കലും പീഡനങ്ങളിലും മര്‍ദ്ദനങ്ങളിലും ഭയചകിതരാകേണ്ടതില്ല. മനുഷ്യന്റ എല്ലാ കര്‍മ്മങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കുന്ന അല്ലാഹുവിനെ മാത്രം ഭയപ്പെട്ടുകൊണ്ട് അടിയുറച്ച വിശ്വാസത്തോടെ നിലകൊള്ളുക.
മറിയ സൈന്‍
Add Comment