ആധിപത്യം ഉറപ്പിക്കാനും കോളനികള്‍ സ്ഥാപിക്കാനുമുള്ള ആഗ്രഹം മൂന്നുഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
- ശക്തമായ വിദ്വേഷം
- ഉത്കര്‍ഷതാ ബോധം
- സ്വാര്‍ഥതാല്‍പര്യം(അന്യരുടെ താല്‍പര്യങ്ങളോടുള്ള അവഗണന)
ദേശീയത ഈ 3 ഘടകങ്ങളെയും ആശ്രയിച്ചുനിലകൊള്ളുന്നതാണ്. അതുകൊണ്ടാണ് അത് അവസാനമായി ആധിപത്യസ്ഥാപനത്തിലും കോളനി വാഴ്ചയിലും എത്തിച്ചേരുന്നത്. ലോകത്തില്‍ വളരെയധികം രക്തച്ചൊരിച്ചിലും കലാപങ്ങളുമുണ്ടാക്കിയ സംഘര്‍ഷങ്ങള്‍, അക്രമങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള നിരന്തരശത്രുത എന്നിവയ്ക്കുള്ള കാരണം ദേശീയതയാണ്. ഒരു രാഷ്ട്രത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ കണക്കിലെടുക്കുകയും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സ്വയം അധികാരമേല്‍ക്കുകയും ചെയ്യുമ്പോള്‍ അത് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും കോളനിവാഴ്ചയിലേക്കും നയിക്കുമെന്നും വ്യക്തമാണ്. ചിലര്‍ വിചാരിക്കുന്നത് ഇത് തീവ്രദേശീയതയുടെ മാത്രം പ്രശ്‌നമാണെന്നാണ്. പക്ഷേ, ചരിത്രം നല്‍കുന്ന പാഠം ഹിതകരവും അഹിതകരവുമായ ദേശീയതകളില്ലെന്നാണ്. ഏതുവിധത്തിലുള്ള ദേശീയതകളായാലും അതു ചെന്നെത്തുന്നത് വംശീയതയിലും അക്രമോത്സുകമായ രാജ്യസ്‌നേഹത്തിലുമാണ്.
ദേശീയത ദേശസ്‌നേഹവും വംശീയതയും സ്വപക്ഷാന്ധതയും മേധാവിത്വവും സൃഷ്ടിക്കുന്നുവെങ്കില്‍ മതവും ആദര്‍ശസംഹിതകളും അതുതന്നെയാണ് ചെയ്യുന്നതെന്ന ഒരു വാദം ഈ അവസരത്തില്‍ ഉന്നയിച്ചേക്കാം. പക്ഷേ, അങ്ങനെ ചിന്തിക്കുന്നവര്‍ വ്യക്തമായ ഒരു യാഥാര്‍ഥ്യത്തെ അവഗണിക്കുന്നു. ഓരോ ചിന്താധാരയും ആദര്‍ശസംഹിതയും ഏകപക്ഷാന്ധത സൃഷ്ടിക്കുകയും താന്‍ വിശ്വസിക്കുന്നതെന്തോ അതു മറ്റേതിനെക്കാളും ശ്രേഷ്ഠമാണെന്നും വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നത് ശരിതന്നെ. പക്ഷേ, അത് ഭൂവിഭാഗത്തിന്റെയും രക്തബന്ധത്തിന്റെയും ആധികാരികത അടിസ്ഥാനമാക്കിയുള്ളതല്ല, ബുദ്ധിയുടെയും ചിന്തയുടെയും ആധികാരികത അടിസ്ഥാനമാക്കിയുള്ളതാണ്. അതിന്റെ ഫലം ശാസ്ത്രീയവും സൈദ്ധാന്തികവുമായ ഒരു മത്സരവുമായിരിക്കും. ഒരു വിശ്വാസസംഹിത യുക്തിപരമായ രീതിയില്‍ സ്ഥാപിക്കപ്പെടുമ്പോഴും അതു തികച്ചും ആകര്‍ഷകമായി തോന്നുമ്പോഴും ബലം പ്രയോഗിക്കാതെയും നിര്‍ബന്ധം ചെലുത്താതെയും തന്നെ ജനങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. കേവലവിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കുന്ന സമൂഹം ഒരു തുറന്ന സമൂഹ വ്യവസ്ഥിതിയല്ല. അതുചിലരെ ഉത്കൃഷ്ടരും മറ്റുള്ളവരെ താഴ്ന്നവരും അധമരും കൊളോണിയല്‍ അടിമകളുമായി കണക്കാക്കുകയും ചെയ്യുന്നതാണ്. പക്ഷേ, വിശ്വാസമോ ആദര്‍ശസംഹിതയോ വികസിക്കുമ്പോള്‍ അതിന്റെ അനുയായികളെല്ലാം തന്നെ തുല്യസഹോദരന്മാരായിത്തീരുന്നു. ദേശീയത വികസിക്കുമ്പോള്‍ അത് സാമ്രാജ്യത്വവും കോളനിവാഴ്ചയുമായി മാറുന്നു. മനുഷ്യര്‍ കറുത്തവരാകട്ടെ, വെളുത്തവരാകട്ടെ, പാശ്ചാത്യരാകട്ടെ, പൗരസ്ത്യരാകട്ടെ, ഒരു വിശ്വാസസംഹിത എല്ലാവരുടെയും മുമ്പില്‍ സമര്‍പിക്കുന്നത് ഒരേ ആദര്‍ശവ്യവസ്ഥിതിയാണ്. എല്ലാവര്‍ക്കും അത് അവരുടെ മുമ്പില്‍ വെക്കുന്ന ഏകസമൂഹത്തില്‍ അംഗങ്ങളാകാം. നേരെമറിച്ച് ദേശീയതക്ക് ദുര്‍ബലരാഷ്ട്രങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ചാലല്ലാതെ വികസിക്കാന്‍ സാധ്യമല്ല. ഒരു കോളനിയുടെ കീഴില്‍ ജീവിക്കുമ്പോഴല്ലാതെ ‘ആര്യന്’ ഒരിക്കലും ‘സെമിറ്റിക് ‘ആകാനോ തുര്‍ക്കിക്ക് ഇറാനിയാകാനോ സാധ്യമല്ല. പക്ഷേ , ഈജിപ്തും ഇറാഖും ഇറാനും ഇസ്‌ലാം മതം ആശ്ലേഷിച്ചത് അവര്‍ കോളനി ഭരണത്തിന്‍ കീഴിലായതുകൊണ്ടല്ല.
യുക്തിബോധത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം യാതൊരു ആക്രമണവുമില്ലാതെ മാര്‍ഗനിര്‍ദേശങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും വികാസം പ്രാപിക്കുന്ന ഒന്നാണ്. അങ്ങനെയാണ് വ്യാപാരികളും ദര്‍വീശുകളും ഇസ്‌ലാമിന്റെ സന്ദേശം ഏഷ്യയുടെയും ആഫ്രിക്കയുടെയും വിദൂരഭാഗങ്ങളിലെത്തിച്ചത്. പക്ഷേ വംശീയതയും ഭൂമിശാസ്ത്രപരമായ അടിസ്ഥാനവും മാത്രമുള്ള ദേശീയതക്ക് കോളനിസ്ഥാപനത്തിലൂടെയല്ലാതെ വികസിക്കാന്‍ സാധ്യമല്ല.
മുമ്പ് സൂചിപ്പിച്ചതുപോലെ , മൂന്നാംലോകത്തില്‍ വ്യാപകമായിരുന്ന 19-ാം നൂറ്റാണ്ടിലെ കിരാതമായ കൊളോണിയല്‍ വാഴ്ച ദേശീയത മൂലമുണ്ടായതാണ്. മനുഷ്യചരിത്രത്തെ രക്തരൂക്ഷിതമാക്കിയതും ദുരിതങ്ങള്‍ വാരിവിതച്ചതുമായ രണ്ടുലോകയുദ്ധങ്ങളും നാഗസാക്കിയിലെയും ഹിരോഷിമയിലെയും ജീവനഷ്ടങ്ങളും അതേപോലുള്ള മറ്റു യുദ്ധങ്ങളും ദേശീയതയുടെ മേധാവിത്വശക്തിക്ക് ജീവിക്കുന്ന തെളിവുകളാണ്.
ദേശീയത സാമ്രാജ്യത്വ വിപുലീകരണത്തിന്റെയും അനീതിയുടെയും അക്രമത്തിന്റെയും ഭാഗമാണ്. അത് സാമ്രാജ്യത്വത്തിന്റെ പ്രഭവകേന്ദ്രമായിരുന്നുവെന്ന് മാത്രമല്ല, ദേശീയാഭിലാഷങ്ങളുടെയും ദേശീയ ആവശ്യകതകളുടെയും പേരില്‍ നീതികരണമില്ലാത്ത അതിന്റെ അത്യാര്‍ത്തി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ട് ദുര്‍ബലരാഷ്ട്രങ്ങളുടെ മേല്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടിരുന്നു.
ഡോ. അലി മുഹമ്മദ് നഖ്‌വി
Add Comment