ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ ഹിജാബ് എന്റെ സത്യസാക്ഷ്യം

1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം സ്വായത്തമാക്കാനും എന്നെയും സഹോദരനെയും പിതാവ് പരിശീലിപ്പിച്ചിരുന്നു. അക്കാലത്ത് പക്ഷേ, ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ ഇറാന്‍വിപ്ലവത്തെക്കുറിച്ചും ഫലസ്തീനെക്കുറിച്ചും മറ്റും വരാറുള്ള വാര്‍ത്തകള്‍ മാത്രമാണ് ഇസ്‌ലാമിന്റെതായി എനിക്കറിയാമായിരുന്നുള്ളൂ.

മുസ്‌ലിംസ്ത്രീകളെ പ്രതിപാദിക്കുന്ന ലേഖനങ്ങളൊക്കെ സ്വാതന്ത്ര്യവാഞ്ചയ്ക്കായുള്ള ആഹ്വാനങ്ങളായിരുന്നു. സിനിമകളിലും വായിച്ച പുസ്തകങ്ങളിലും എല്ലാം തന്നെ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ അടിമകളെന്നോണം ജീവിക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. നാലുഭാര്യമാരെ കൂടെപ്പൊറുപ്പിക്കുന്ന , ആണ്‍കുഞ്ഞിന് ജന്‍മംനല്‍കിയില്ലെങ്കില്‍ തല്ലുകയോ കൊല്ലുകയോ അല്ലെങ്കില്‍ വഴിയാധാരമാക്കുകയോ ചെയ്യുന്ന, ഭര്‍ത്താവിന്റെ കറുത്തവസ്ത്രത്തില്‍ മൂടിപ്പൊതിഞ്ഞ ദൗര്‍ഭാഗ്യവതിയുടെ ചിത്രം എനിക്ക് ഓര്‍മയുണ്ട്. മഡോണയുടെയും സിന്‍ഡി ലോപറുടെയും കാലത്ത് അത്തരംചിത്രങ്ങള്‍ പാശ്ചാത്യന്‍ വനിതകളെ ഭയപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതിനെല്ലാം അക്കാലത്ത് പാഠപുസ്തകങ്ങളിലൂടെ നല്‍കപ്പെട്ടിട്ടുള്ള വിവരണങ്ങളും ഭയംജനിപ്പിക്കുന്നതായിരുന്നു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ വീടുവിട്ട് പുറത്തേക്ക് പോകാന്‍ അനുവാദമില്ലാത്തവരായിരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന അവര്‍ കുട്ടികളോടും സപത്‌നിമാരോടും ഒപ്പം ഒറ്ററൂമിലാണ്രേത താമസം. ഭര്‍ത്താവിനെ അത്യപൂര്‍വമായിട്ടുമാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെയും അതിന്റെ വികാസത്തെയുംകുറിച്ച ചരിത്രം പലപ്പോഴും മധ്യേഷ്യയുടെതന്നെ ചരിത്രമായാണ് ചിത്രീകരിച്ചിരുന്നത്. അറബികളും ആഫ്രിക്കന്‍ അമേരിക്കക്കാരുംമാത്രമാണ് മുസ്‌ലിംകളെന്ന് ഞാന്‍ വിശ്വസിച്ചു. എന്തിനേറെ അറബികളില്‍ മുസ്‌ലിംകളല്ലാത്തവരുണ്ടെന്നുപോലും എനിക്കറിയാമായിരുന്നില്ല.

ഏറ്റവും നല്ല വിദ്യാഭ്യാസം ഗൗരവമാര്‍ന്ന സ്വയംവായനയിലൂടെമാത്രമേ ലഭിക്കൂവെന്ന് പിതാവ് എന്നെ പഠിപ്പിച്ചിരുന്നു. വായനശാലകളിലാണ് ഞാന്‍ അധികസമയവും ചിലവഴിച്ചത്. എന്നെ ശിക്ഷിക്കണമെന്നുതോന്നുമ്പോള്‍ അടിക്കുന്നതിനേക്കാള്‍ നല്ലത് പുസ്തമെടുത്തുമാറ്റുന്നതാണ് എന്ന് മാതാപിതാക്കള്‍ തിരിച്ചറിയുവോളം ശക്തമായിരുന്നു പുസ്തകങ്ങളോടുള്ള എന്റെ പ്രണയം.

അല്‍ഹംദുലില്ലാഹ്, പുസ്തകങ്ങളോടുള്ള അഭിനിവേശവും വായനയോടുള്ള താല്‍പര്യവും അപ്രതീക്ഷിതമായിട്ടാണെങ്കിലും എന്നെ ഇസ്‌ലാമിലേക്ക് എത്തിച്ചു. ഞാന്‍ അഞ്ചാം ഗ്രേഡിലായിരിക്കുമ്പോള്‍ മാല്‍കം എക്‌സിന്റെ ജീവചരിത്രം വായിച്ചു. പക്ഷേ അതെന്റെ മനസ്സിനെ ഇസ്‌ലാമിലേക്ക് കൂട്ടിക്കൊണ്ടുപോയില്ലെങ്കിലും പന്നിയിറച്ചി ഒഴിവാക്കുന്നതിന് സഹായിച്ചു. എന്റെ മനോഗതിയെ സ്വാധീനിച്ചില്ലെങ്കിലും പ്രായംചെല്ലുമ്പോള്‍ എന്നെ സ്വാധീനിക്കും വിധം എന്തോചിലതിന് വിത്തുപാകിക്കഴിഞ്ഞിരുന്നു.

അശാന്തിയുടെ വര്‍ഷങ്ങള്‍

വര്‍ഷങ്ങളായി ഞാന്‍ പലരുടെയും കൈയ്യാല്‍ പിച്ചിച്ചീന്തപ്പെടുകയോ, അപമാനിക്കപ്പെടുകയോ പലരുടെയുംകയ്യിലെ കളിപ്പാട്ടമാവുകയോ ചെയ്യുകയായിരുന്നു. അക്കാരണത്താല്‍ പതിനാറാംവയസ്സില്‍ ഞാന്‍ മാതാപിതാക്കളെവിട്ട് കൂട്ടുകാരോടൊപ്പംകൂടി. അതേസമയം എന്റെ സഹോദരന്‍ ഗ്യാങ്ജീവിതവും മറ്റുമായി വീട്ടില്‍തന്നെ കഴിഞ്ഞു

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്ന ബോധ്യത്തോടെ ഞാനെന്റെ ജീവിതംതുടര്‍ന്നു. ഈ ഘട്ടത്തില്‍ ദൈവത്തെക്കുറിച്ച ചിന്തകളില്‍ മുഴുകാന്‍ ഞാനിഷ്ടപ്പെട്ടില്ല. കൗതുകംതോന്നി ചില മന്ത്രവാദവിദ്യകള്‍ ഞാന്‍ സ്വായത്തമാക്കി. പക്ഷേ അതൊന്നും എനിക്കോ കൂട്ടുകാര്‍ക്കോ ഉപദ്രവമാകുംവിധം പ്രയോഗിക്കാനൊന്നും മുതിര്‍ന്നില്ല. സെല്‍റ്റിക്, അമേരിക്കന്‍, ഹിന്ദു,ബുദ്ധ മതങ്ങളിലെ ചില ആത്മീയധ്യാനമുറകളൊക്കെ പഠിച്ചിരുന്നു. പക്ഷേ അവയ്ക്ക് ദൈവവുമായി ബന്ധമുണ്ടെന്ന യാതൊരു ധാരണയും എനിക്ക് ഇല്ലായിരുന്നു.

മദ്യവും മയക്കുമരുന്നും പാര്‍ട്ടിഡാന്‍സും മറ്റുമായി വന്യമായ ലൈംഗികസ്വാതന്ത്ര്യം ആസ്വദിച്ചു ഞാന്‍. എല്ലാവരെയും ഞാന്‍ ‘സ്‌നേഹിച്ചു.’ എല്ലാം ഈ ലോകത്ത് അവസാനിക്കുകയാണല്ലോ അതിനാല്‍ മതിയാവോളം ആസ്വദിക്കണമെന്ന് തീരുമാനിച്ചുറച്ചു. അക്കാലത്ത് കടുത്ത വിഷാദത്തിലകപ്പെട്ടു ഞാന്‍. അതിനുകാരണം എന്റെ കടുത്ത അച്ചടക്കനിഷ്‌കര്‍ഷയുള്ള െ്രെകസ്തവപാരമ്പര്യമായിരുന്നു. അതിന്റെ മനസ്സാക്ഷിക്കുത്തായിരുന്നു വിഷാദത്തിനുവഴിതെളിച്ചത്. പലപ്പോഴും ആത്മഹത്യക്കുശ്രമിച്ചെങ്കിലും അല്ലാഹു എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. എന്തായാലും അത്തരം ദുഷ്‌ചെയ്തികള്‍ എന്റെ മനസ്സിനെയോ ശരീരത്തെയോ മാരകാംവിധംബാധിച്ചില്ല.

വിശാലമായ സാമൂഹിക അവബോധമുണ്ടായിരുന്നിട്ടും തികച്ചും നിരുത്തരവാദപരമായ ജീവിതമാണ് ഞാന്‍ നയിച്ചുവന്നത്. സ്ഥിരമായി ജോലിക്കുപോയിരുന്നില്ല. പട്ടിണികിടക്കരുതെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. സൂക്ഷ്മതയില്ലായ്മയായിരുന്നു മുഖമുദ്ര. തികച്ചും ഭൗതികസുഖത്തിലും സ്വാര്‍ഥതയിലും മാത്രമായിരുന്നു ജീവിതം. സമൂഹത്തിന് ഗുണപ്രദമായ യാതൊന്നും ചെയ്തിരുന്നില്ലെന്നു മാത്രമല്ല, സമൂഹത്തില്‍നിന്നും കൂട്ടുകാരില്‍നിന്നും എങ്ങോട്ടില്ലെന്നില്ലാതെ ഗമനംചെയ്യുകയായിരുന്നു ഞാന്‍.

സഹോദരന്‍ ഇസ്‌ലാമിലേക്ക്

ആയിടക്ക് എന്റെ സഹോദരന്റെ സുഹൃദ് വലയത്തില്‍പെട്ട ഒരാളെ കണ്ടുമുട്ടി. . ആ ബന്ധം മൂലം സഹോദരനും കൂട്ടുകാരനും മറ്റുള്ളവരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ചു. എന്നാലും പിന്നെയും കടുത്ത പരീക്ഷണങ്ങള്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്റെ പുതിയ കൂട്ടുകാരന്‍ മയക്കുമരുന്നിന്റെ കടുത്ത പിടിയിലായിരുന്നു. അത്തരക്കാരെ എങ്ങനെ കൈകാര്യംചെയ്യാനുള്ള കഴിവൊന്നും എനിക്കില്ലായിരുന്നു. എല്ലാ വൃത്തികേടുകളില്‍നിന്നും രക്ഷപ്പെടാന്‍ ഞങ്ങള്‍ സംസ്ഥാനംവിട്ടു. ഈ കാലത്ത് ഞങ്ങള്‍ പാര്‍ക്കിലാണ് അന്തിയുറങ്ങിയിരുന്നത്. പലപ്പോഴും പട്ടിണികിടന്ന് മരിക്കാറായി. ഇടക്ക് ഗര്‍ഭം അലസിപ്പോയി. പൈസക്കുവേണ്ടി ഞങ്ങളൊരിക്കല്‍പോലും ചെയ്യാനിഷ്ടപ്പെടാത്ത പലകാര്യങ്ങളുംചെയ്തു.

തിരികെ നാട്ടിലെത്തിയപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് ജയിലിലാണെന്ന വാര്‍ത്ത കേട്ടു. അതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ കുട്ടി ആരോഗ്യവാനായിരുന്നു. ഇതിനിടയില്‍ എന്റെ സഹോദരന്‍ ജയിലിലായി. അവിടെവെച്ച് അദ്ദേഹം ഇസ്‌ലാംസ്വീകരിച്ചു. ജയിലില്‍നിന്നിറങ്ങിയ ഉടനെ അവന്‍ ആ നാടുവിട്ട് എങ്ങോട്ടോ പോയി. പിന്നീട് ഞാനുമായി കുറെനാള്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല.

എനിക്ക് കുട്ടി പിറന്നശേഷം സഹോദരന്‍ കുടുംബബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വന്നു. താന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റിയും മറ്റും അവന്‍ വിശദീകരിച്ചു. അവന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും വന്ന മാറ്റം എന്നെ വിസ്മയിപ്പിച്ചു. ഇസ്‌ലാമിന്റെ കാര്യങ്ങള്‍ അവന് വളരെ അനുയോജ്യമായി എനിക്ക് തോന്നി. അവന് മുമ്പ് സ്‌കിസോഫ്രേനിയ ഉണ്ടായിരുന്നത് എനിക്കറിയാമായിരുന്നു. എന്നാല്‍ പരിവര്‍ത്തനത്തിനുശേഷം അതിന്റെ യാതൊരു ലക്ഷണങ്ങളും അവനില്‍ അവശേഷിച്ചിരുന്നില്ല.

എന്റെ സഹോദരന്‍ മൃദുലഭാഷിയും മാന്യനുമായിത്തീര്‍ന്നിരുന്നു. വളരെ ആദരവ് തോന്നുന്ന പ്രൗഢമായ വേഷമായിരുന്നു അവന്റെത്. ഇസ്‌ലാമിന്റെ അടിസ്ഥാനവീക്ഷണങ്ങള്‍ അവന്‍ എന്നോട് വിശദീകരിച്ചു. അവന്‍ ഈ വിശ്വാസത്തിലെത്തിച്ചേര്‍ന്നതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു. എന്നിട്ടും ഞാനെന്റെ ജീവിതശൈലിമാറ്റുന്നതില്‍ താല്‍പര്യംകാട്ടിയില്ല.

എന്റെ കുട്ടിയുടെ പിതാവ് ജയിലിലായിരുന്നതുകൊണ്ട് മകനെയോര്‍ത്ത് ഉത്തരവാദിത്തബോധത്തോടെ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ചര്‍ച്ചിലൊക്കെ അമ്മയോടൊപ്പം പോകാന്‍തുടങ്ങി. ഹിജാബണിഞ്ഞ തന്റെ ഭാര്യയുമൊത്ത് ഒരിക്കല്‍ സഹോദരന്‍വീട്ടില്‍ വന്നു. സഹോദരഭാര്യയോട് അടുക്കണമെന്നും നന്നായി പെരുമാറണമെന്നും ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്റെ തന്നെ സ്വഭാവഗുണങ്ങളെപ്പറ്റി ഓര്‍ത്ത് ഞാന്‍ ഉള്‍വലിഞ്ഞു. അല്ലാഹു അവരുടെ ക്ഷമയ്ക്കും എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും പ്രതിഫലംനല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ്.

എന്റെ സഹോദരന്‍ പിന്നീടൊരിക്കല്‍ മറ്റൊരാളുമായി വീട്ടില്‍വന്നു. അമ്മയുമായി സംസാരിക്കാനായിരുന്നു അത്. എന്നിലുണ്ടായിരുന്ന അതുവരെ മറഞ്ഞുകിടന്ന സദ്ഗുണങ്ങളെ പുറത്തുകൊണ്ടുവരുന്നതില്‍ ആ കൂട്ടുകാരന്റെ സന്ദര്‍ശനം നിമിത്തമായി. ഒരു ധവളിമപോലെ അയാള്‍ എന്റെ ജീവിതത്തില്‍ പ്രഭാവംചെലുത്തി. അദ്ദേഹത്തിന്റെ മുഖത്തെ ആ പ്രകാശം കാരണമായി ആ മുഖത്ത് നോക്കാന്‍ കടുത്ത ലജ്ജയായിരുന്നു എനിക്ക്.

അദ്ദേഹം വീട്ടില്‍വരുമ്പോഴൊക്കെ പകുതി അനാവൃതമായിരുന്ന എന്റെ ശരീരം മൂടിവെക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം എന്നില്‍ ചെലുത്തിയ ആ പ്രഭാവം അദ്ദേഹത്തിനുവേണ്ടി സദാ പ്രാര്‍ഥിക്കുവാന്‍ എനിക്കിപ്പോഴും പ്രചോദനമേകുന്നു. ഞാന്‍ പിന്നീട് ആ മനുഷ്യനെ കണ്ടിട്ടേയില്ല. അതിനിടയില്‍ ഞാന്‍ വേറൊരാളുമായി കണ്ടുമുട്ടി ഇഷ്ടത്തിലാവുകയുംചെയ്തു.

എന്റെ സഹോദരനും ഭാര്യയും കുട്ടിയും അമ്മയെയും കൂട്ടി മറ്റൊരുവീട്ടിലേക്ക് താമസംമാറിയിരുന്നു. ഞാനും കുട്ടിയും പുതിയ ജീവിതപങ്കാളിയും അവരെ എല്ലാദിവസവും വീട്ടില്‍ചെന്നുകാണാറുണ്ടായിരുന്നു. അതിനിടയില്‍ സഹോദരന് മറ്റൊരു കുട്ടികൂടി ജനിച്ചു. ആ ഘട്ടത്തില്‍ സഹോദരഭാര്യയുമായി ചില അസ്വാരസ്യങ്ങള്‍ക്കു ഞാന്‍ കാരണമായി വര്‍ത്തിച്ചു. അതിനാല്‍ അവരെ പരിചരിക്കാന്‍ ഞാന്‍ പോയില്ല. ഈഘട്ടത്തില്‍ ഞാനെന്റെ ജീവിതപങ്കാളിയെ വിവാഹംകഴിച്ചു.

കുറച്ചുകാലംകഴിഞ്ഞ് സഹോദരനെയും ഭാര്യയെയും വീണ്ടും സന്ദര്‍ശിക്കാന്‍ തുടങ്ങി. ആ കുടുംബത്തില്‍ പരിലസിച്ചിരുന്ന ശാന്തിയും സമാധാനവും എന്നെ വളരെ സ്വാധീനിച്ചു. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ സഹോദരഭാര്യ വളരെ ആഹ്ലാദപൂര്‍വം ഞങ്ങളോടിടപെട്ടു. ഇസ്‌ലാമിനെക്കുറിച്ച് വളരെ വിശാലമായി ഞങ്ങളോട് സംസാരിക്കാന്‍തുടങ്ങി.

എന്റെ പുതിയ ഭര്‍ത്താവിന് സഹോദരനെയും അവരുടെ കുടുംബത്തെയും ഇഷ്ടമായിരുന്നില്ല. വളരെ നിന്ദാസൂചകമായ ഭാഷയുപയോഗിച്ച് അവരെ അവമതിച്ച് സംസാരിച്ചു. കൂട്ടത്തില്‍ എന്നെ അവഹേളിക്കാനുംതുടങ്ങി. അതോടെ ഞങ്ങളുടെ ദാമ്പത്യത്തില്‍ അലോസരങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. പുറത്ത് ജോലിക്കുപോകാന്‍ അനുവദിക്കാത്തതിനാല്‍ ഞാന്‍ അധികസമയവും സഹോദരന്റെ വീട്ടില്‍ കഴിച്ചുകൂട്ടി.

കാലംമുന്നോട്ടുനീങ്ങി . ഇതിനിടയില്‍സഹോദരഭാര്യയുടെ വസ്ത്രധാരണവും മനോദാര്‍ഢ്യവും ഹൃദയവിശാലതയും എന്നെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു. തന്റെ സ്വകാര്യതയെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അതുവരെ വളരെ അടിച്ചമര്‍ത്തലിന്റെയും ഉഷ്ണത്തിന്റെയും വസ്ത്രമെന്ന് കരുതിയിരുന്ന ഹിജാബ് തികച്ചും ഊഷ്മളമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പുതിയവേഷവിധാനംസ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ പരിഹസിക്കുകയാണ് ചെയ്തത്. അയാള്‍ എന്നോട് ശരീരഭാഗങ്ങള്‍ അനാവരണംചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തന്റെ ഭാര്യ സെക്‌സിയാണെന്നതില്‍ ആളുകള്‍ അസൂയപ്പെടുന്നതുകണ്ട് അദ്ദേഹം ആനന്ദംകണ്ടിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ മറ്റുള്ളവരില്‍നിന്ന് എനിക്ക് ആദരവ് കിട്ടിയിരുന്നില്ല. ചര്‍ച്ചിന്റെ ആശീര്‍വാദത്തോടെ വിവാഹംകഴിഞ്ഞതിന്റെ ഏതാനുംമാസങ്ങള്‍ക്കുശേഷം തനിക്ക് മറ്റൊരുത്തിയുമായി ബന്ധമുണ്ടെന്നും ഈ വിവാഹം താനുദ്ദേശിച്ചതല്ലെന്നും വെളിപ്പെടുത്തിയപ്പോള്‍ ഞാന്‍വിഷമവൃത്തത്തിലായി. ഞാന്‍ മകനെയുംകൂട്ടി തിരികെ അമ്മയുടെ അടുക്കലെത്തി.

സഹോദരഭാര്യ

ഞാന്‍ വീണ്ടും സഹോദരഭാര്യയോടൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയപ്പോഴും എന്നെ സ്വീകരിക്കാന്‍ സഹോദരനും ഭാര്യയും കാട്ടിയ ഹൃദയവിശാലത എനിക്കാശ്വാസമായി. ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ തേടിപ്പോയിട്ടുണ്ടെങ്കില്‍ ഭാര്യയായ എന്റെ കുഴപ്പംകൊണ്ടാണെന്ന് ചര്‍ച്ച് വിധിയെഴുതി. ക്ഷമയോടെ ഭര്‍ത്താവിനായി കാത്തിരിക്കാനും ജോലിക്കായി വീടുവിട്ടിറങ്ങരുതെന്നും അവരെന്നോട് കല്‍പിച്ചു. എന്റെ മകന്റെ ഭക്ഷണത്തിനും വസ്ത്രത്തിനുമായി നയാപൈസപോലും തരാന്‍ ചര്‍ച്ച് തയ്യാറായില്ല.

എന്റെ കുട്ടിയെ നോക്കിക്കൊള്ളാമെന്നും ജോലിചെയ്തുകൊള്ളാനും സഹോദരഭാര്യ ആശ്വസിപ്പിച്ചു. അവരെന്നെയും കുട്ടിയെയും അവിടെ താമസിപ്പിക്കാന്‍ തയ്യാറായി. വിവാഹത്തെയും വിവാഹമോചനത്തെയും മോചിതയുടെ അവകാശത്തെപ്പറ്റിയും ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്തെന്ന കാര്യം അവരെനിക്ക് വിശദീകരിച്ചുതന്നു. പുരുഷമേധാവിത്വപരമാണെന്നും അടിച്ചമര്‍ത്തലിന്റെതാണെന്നും തെറ്റുധരിച്ച ഈ ദീന്‍ എത്രമാത്രം യുക്തിഭദ്രമായ പ്രായോഗിക മതമാണെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതം കൂറി.

ദൗര്‍ഭാഗ്യവശാല്‍ സഹോദരനും ഭാര്യയ്ക്കും ആ നഗരത്തില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്നു. പിന്നീട് മറ്റൊരുസ്ഥലത്ത് സ്ഥിരതാമസമായപ്പോള്‍ ഞാനുമായി ബന്ധം പുനരാരംഭിച്ചു.

അപ്പോഴും തികച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുകയായിരുന്ന എന്റെ ജീവിതത്തിന് യാതൊരു ക്രമവുമുണ്ടായിരുന്നില്ല. എന്റേതായ ജീവിതംനയിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി. എന്റെ സഹോദരന്റെ മുമ്പുണ്ടായിരുന്ന മുതലാളിയെ സമീപിച്ച് എന്നെയും മകനെയും സഹോദരന്റെ വീട്ടിലെത്തിക്കാന്‍ അപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിനുസമ്മതിച്ചു. എനിക്ക് വായിക്കാന്‍ ഖുര്‍ആനുംതന്നു.

ആ സഹോദരന്‍ വളരെ ദയാലുവും മാന്യനുമായിരുന്നു. എന്റെ കുട്ടിയുടെ കാര്യങ്ങള്‍ വളരെ താല്‍പര്യപൂര്‍വം ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. എന്നെ വിവാഹംചെയ്യാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ ഞാനാകെ അമ്പരന്നു. സഹോദരനുമായി ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞ് തല്‍ക്കാലം തടിതപ്പി. എങ്കിലും യാതൊരു മനഃപ്രയാസവുമില്ലാതെ സഹോദരന്റെ അടുക്കല്‍ എത്തിച്ച് അദ്ദേഹം തിരികെപ്പോയി.

സത്യസാക്ഷ്യവും ഹിജാബും

ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളേറെ പ്രയാസമേറിയതായിരുന്നു സഹോദരന്റെ പുതിയ താമസസ്ഥലത്തെ പുതിയ വാസം. അവിടെ ചുറ്റും മുസ്‌ലിംകളായിരുന്നു. അഞ്ചുനേരവും ബാങ്ക് പള്ളിയില്‍നിന്ന് കേള്‍ക്കാമായിരുന്നു. അവിടെ വെച്ച് ഞാന്‍ ശഹാദത്ത് കലിമചൊല്ലി. നമസ്‌കരിക്കാനും പ്രാര്‍ഥനകള്‍ചൊല്ലാനും സഹോദരനും ഭാര്യയുംപഠിപ്പിച്ചുതന്നു. അങ്ങനെ മുസ്‌ലിമായി പുതിയജീവിതം ആരംഭിച്ചു.

എന്റെ മകന് വിഭവങ്ങള്‍ ഉറപ്പുവരുത്താന്‍ പുതിയ ജോലികണ്ടെത്തി. ജോലികണ്ടെത്താന്‍ ഹിജാബ് ഉപേക്ഷിക്കേണ്ടിവന്നു. ധാര്‍മികമായി ചില ഗുണങ്ങള്‍ സ്വായത്തമാക്കിയിരുന്നുവെങ്കിലും മുസ്‌ലിമായി ജീവിക്കുന്നത് വളരെ പ്രയാസകരമാണെന്ന് എനിക്ക് മനസ്സിലായി.

ഇന്റര്‍നെറ്റിലൂടെ പുതിയ വിശ്വാസിനികളുമായി സൗഹൃദംസ്ഥാപിച്ചു. അതിനിടയില്‍ പുതിയൊരു ഭര്‍ത്താവിനെകണ്ടെത്തി. എന്റെ അക്ഷമയും കടുംപിടുത്തവും കാരണം വൈകാതെ ആ ദാമ്പത്യവും പരാജയപ്പെട്ടു. അതെത്തുടര്‍ന്ന് ഞാന്‍ ഹിജാബ് അഴിച്ചു. കുറച്ചുനാള്‍ പഴയപടിയായി ജീവിതം. ഇന്നും ആ ദിനങ്ങളെ ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്; അയാളുമൊത്ത് ജീവിതംതുടര്‍ന്നിരുന്നെങ്കില്‍ എന്റെ ഭാവിയെന്താകുമായിരുന്നു.

വിവാഹവും ജോലിയും

വീണ്ടും ഞാന്‍ മറ്റൊരാളെ കണ്ടുമുട്ടി. വളരെ ഉദാരനും മാന്യനുമായിരുന്നു അയാള്‍. പക്ഷേ മുസ്‌ലിമൊന്നുമായിരുന്നില്ല . എനിക്ക് മു സ്‌ലിമിനെ മാത്രമേ വിവാഹം കഴിക്കാനാകൂ എന്ന കാര്യം ഞാനയാളോട് വെളിപ്പെടുത്തി. ഹിജാബ് വീണ്ടും ധരിക്കാന്‍ തുടങ്ങി. അതിന് അയാള്‍ക്ക് വിസമ്മതമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ഇസ്‌ലാംസ്വീകരിക്കുകയും തുടര്‍ന്ന് ഞങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.

ഇന്റെര്‍നെറ്റിലൂടെ ഒരു ജോലികണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. അവസാനം എന്നും ഞാന്‍ ആഗ്രഹിച്ചിരുന്ന മേഖലയിലേക്ക് ഞാന്‍ തിരിഞ്ഞു. എഴുത്തിന്റെതായിരുന്നു ആ മേഖല. ഇസ്‌ലാമികചരിത്രവും കഥകളും ലേഖനങ്ങളും ഞാന്‍ എഴുതി. എന്റെ തൊഴിലുടമയ്ക്കും എന്റെ അതേ കാഴ്ചപ്പാടായിരുന്നു. ഓഫീസില്‍ അച്ചടക്കവും ചിട്ടയും കൊണ്ടുവന്നതിനാല്‍ അവര്‍ക്കെന്നെ പിടിച്ചു. ഞാന്‍ ഹിജാബ് ധരിക്കുന്നതില്‍ അവര്‍ക്കൊട്ടുംതന്നെ നീരസമുണ്ടായില്ല.

വിശ്വാസത്തിന്റെ പാതയില്‍ ഒട്ടേറെ പ്രതിസന്ധികളെ എനിക്ക് തരണംചെയ്യേണ്ടിവന്നിട്ടുണ്ട്. എല്ലാം അല്ലാഹുവിന്റെകൈകളില്‍ ഭദ്രമാണെന്ന് ഞാന്‍ വിശ്വാസിക്കുന്നു. എന്റെ മനസ്സ് തെറ്റിലേക്ക് ചായുമ്പോഴൊക്കെ അവനാണ് എന്നെ സംരക്ഷിക്കുന്നത്. ഒട്ടേറെ മുസ്‌ലിംസുഹൃത്തുക്കളുണ്ടായതിനാല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ സഹോദരനും എനിക്കും സന്‍മാര്‍ഗം ലഭിക്കാനിടവന്നതില്‍ അതിയായ നന്ദിയുണ്ട്. പക്ഷേ എന്റെ മാതാപിതാക്കള്‍ ഇപ്പോഴും ഇസ്‌ലാമിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല

Topics