വിശ്വാസം-ലേഖനങ്ങള്‍

ഇസ്‌ലാം ലളിതമാണ്; എന്തിനാണതിനെ കുടുസ്സാക്കുന്നത് ?

ഒരു ഭക്തനായ മുസ്‌ലിമിന് ജീവിത്തില്‍ അനുധാവനം ചെയ്യാന്‍ യാതൊരുബുദ്ധിമുട്ടുമില്ലാത്ത നിയമസംഹിതകളാണ്  ഇസ്‌ലാമിന്റേത്. മുസ്‌ലിം ആകാനുള്ള അടിസ്ഥാനസംഗതികള്‍  പൂര്‍ത്തീകരിക്കുക എന്നത് ഏതൊരുവ്യക്തിയെ സംബന്ധിച്ചും  പ്രയാസകരമല്ല.
ഒരിക്കല്‍ മകനോടൊപ്പം ടി വി യില്‍ യാദൃശ്ചികമായി ഒരു റിയാലിറ്റി ഷോ കാണുകയായിരുന്നു. റിയാലിറ്റി ഷോ നേരത്തെ എഴുതപ്പെട്ട തിരക്കഥ പോലെയല്ല. എന്താണോ ക്യാമറക്കു മുമ്പില്‍ നില്‍ക്കുമ്പോള്‍ സംഭവിക്കുന്നതും പറയുന്നതും അതു തന്നെയാണ് ഷോവിലും സംഭവിക്കുക. എന്റെ മകന്‍ റിയോലിറ്റി ഷോയിലെ മത്സരത്തെ കുറിച്ചു പറഞ്ഞറിഞ്ഞ് എനിക്കും അതു കാണാന്‍ താല്‍പ്പര്യമായി. ഒരു ബുക് ഷെല്‍ഫ് ഉണ്ടാക്കുകയും ഒരു മുറി പുനഃക്രമീകരിക്കുകയും ചെയ്യുക എന്നതാണ് മത്സരം.

മുറിയിലെ സാധന സാമഗ്രികള്‍ വേറെ വേറെയാക്കി മാറ്റി വച്ചിരിക്കുകയാണ്. കുട്ടികള്‍ അവ പുനക്രമീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ രണ്ടു വസ്തുക്കള്‍ പുനസംയോജിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
ആ കുട്ടികള്‍ എന്തുകൊണ്ട് കാര്യങ്ങള്‍ ഒാരോന്നോരോന്നായി അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നില്ല എന്ന് എന്റെ മകന്‍ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്ന ഹാര്‍ഡ് ബോഡ് മുറിക്കാതെ തന്നെ അവ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അവന്‍ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.

ഞാന്‍ അവനോടൊപ്പം ഇരിക്കുകയും ബുക് ഷെല്‍ഫു ഉണ്ടാക്കാനുള്ള അവന്റെ ആശയങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയും ചെയ്തു. ബുക് ഷെല്‍ഫുണ്ടാക്കാന്‍ വാള്‍ എന്തിന് ഉപയോഗിക്കണം എവിടെ മുറിക്കണം. എവിടെ ആണിയടിക്കണം എന്നതിനെ കുറിച്ചെല്ലാം കൃത്യമായ കാര്യങ്ങള്‍ നിര്‍ദേശങ്ങള്‍ അവര്‍ മുമ്പേ കിട്ടിയിട്ടുണ്ട്. എന്നാല്‍ അവ പരിശോധിക്കാനോ അത് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനോ കുട്ടികള്‍ തയ്യാറല്ല. ആ കുട്ടികള്‍ എന്തു കൊണ്ടു ആ നിര്‍ദേശങ്ങളെ അവണിച്ചു? അവര്‍ക്ക് ഉപയോഗപ്പെടുത്തേണ്ട വിഭവങ്ങളും സമയവും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ സമയം അവസാനിച്ചിരിക്കേ കുട്ടികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന വിഭവങ്ങള്‍ പലതും ഉപയോഗ്യശൂന്യമായി അവരുടെ മുമ്പിലുണ്ട്.
ഇതൊരു തരത്തില്‍ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ക്കു സമാനമാണ്.
നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകലസംഗതികള്‍ക്കുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്.(അന്നഹ് ല്‍: 89)
ഈയടുത്ത് ഫേസ്ബുക്കില്‍ ഞാന്‍ ഒരു കമന്റ് വായിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്. സമൂഹം അവര്‍ക്കു മുമ്പിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അത്തരം സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവരുടെ മുമ്പിലുണ്ടെങ്കിലും അവര്‍ അത് കണ്ടെത്തുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല. മുസ്‌ലിംകളായ നാമും അങ്ങനെ തന്നെയാണ്. നമ്മുടെ പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കുമുള്ള പരിഹാരങ്ങള്‍ നമ്മുടെ കൈകളില്‍ ഉണ്ടായിരിക്കേ അതുപയോഗപ്പെടുത്തി പരിഹരിക്കാന്‍ നാം ശ്രമിക്കാറില്ല.
അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. പ്രയാസമല്ല.
മതം എളുപ്പവും മനോഹരവും സമ്പൂര്‍ണവുമാണ്. അങ്ങനെയിരിക്കെ എന്തിനാണ് കാര്യങ്ങള്‍ പ്രയാസകരമാക്കുന്നത്.
‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. പ്രയാസമല്ല.’ (അല്‍ബഖറ: 185)

ജീവിതത്തില്‍ വിധേയപ്പെടാന്‍ ഏറ്റവും എളുപ്പമുള്ള മതമാണ് ഇസ്‌ലാം എന്ന് നമ്മെ പഠിപ്പിക്കുക മാത്രമല്ല ഈ വാക്യം. മറിച്ച്, ഇസ്‌ലാം മതത്തെ എളുപ്പമാക്കണം എന്നു കൂടിയുള്ള ആഹ്വാനമാണത്. എന്നാല്‍ പല മുസ്‌ലിംകളും അവരുടെ വേഷഭൂഷാദികളിലും പെരുമാറ്റത്തിലും ആരാധനകളിലുമൊക്കെ മതത്തെ പ്രയാസമാക്കുകയാണ്. എത്രയും കഠിനതരവും പ്രയാസകരവുമാണോ ദീന്‍ അത്രയും കൂടുതല്‍ തങ്ങള്‍ തഖ്‌വയുള്ളവരാകുന്നു എന്നാണ് അവരുടെ ധാരണ. ഇസ്‌ലാം പഠിപ്പിക്കുന്ന യഥാര്‍ത്ഥ സന്ദേശത്തിന് എതിരാണ് ഈ ധാരണ. ഇസ്‌ലാം ദീനിനെ ശരിയായി മനസ്സിലാകാത്തതിന്റെ ഫലമായി സംഭവിക്കുന്നതാണിത്. എന്നാല്‍ ചിലരുടെ മതത്തിന്റെ കാര്യത്തിലുള്ള ഈ ദുശ്ശാഠ്യം അധികപേരെയും മതത്തില്‍ നിന്ന് അകറ്റാനും അനുഷ്ഠാനങ്ങളുടെ നിര്‍വഹണം വളരെ പ്രയാസകരമായ കാര്യമാണെന്ന് കരുതാനും കാരണമാകും.
   
മതത്തില്‍ തീവ്രത അരുത്
പ്രവാചകന്‍ മുഹമ്മദ് നബി (സ) മതപരമായ വിഷയങ്ങളില്‍ തീവ്രവാദം പാടില്ലെന്ന് അനുശാസിച്ചിട്ടുണ്ട്. ഒരിക്കല്‍ തന്റെ അടുത്ത അനുചരന്‍മാരില്‍ ഒരാളായ അബ്ദുല്ലാഹിബ്‌നു അംറിനോട് അവിടുന്ന് പറഞ്ഞു.
‘താങ്കള്‍ പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുകയും രാത്രി മുഴുവന്‍ നിന്നു നമസ്‌ക്കരിക്കുകയാണെന്നും കേട്ടല്ലോ? അദ്ദേഹം പറഞ്ഞു. ശരിയാണ് പ്രവാചകരേ.
അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്യരുത്. നീ പകലില്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കരുത്. നീ പകല്‍സമയത്ത് തിന്നുകയും കുടിക്കുകയും ചെയ്യുക. നീ രാത്രിയില്‍ നിന്നു നമസ്‌ക്കരിക്കുക. എന്നാല്‍ രാത്രിയില്‍ കിടന്നുറങ്ങുകയും വേണം. കാരണം നിന്റെ ശരീരത്തോട് നിനക്കൊരു ബാധ്യതയുണ്ട്. നിന്റെ കണ്ണിനോടു നിനക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിന്റെ ഭാര്യയുടെ കാര്യത്തില്‍ നിനക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിന്റെ അതിഥിയ്ക്കും നിന്റെ മേല്‍ അവകാശമുണ്ട്. (അല്‍ ബുഖാരി)

നമ്മുടെ ദൈനംദിനജീവിതത്തില്‍ വിശ്വാസിയുടെ ആരാധനാ കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും ശാരീരികമായ ആവശ്യങ്ങളും സന്തുലിതമായി സമ്മേളിച്ചിരിക്കുന്നതായി കാണാം. സ്വന്തത്തോടും  സ്വന്തം കുടുംബത്തോടും മറ്റുള്ളവരോടും എല്ലാം ഒരാള്‍ക്ക് കൃത്യമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഉണ്ട് എന്നാണ് ഇതില്‍ നിന്നു മനസ്സിലാകുന്നത്.
കണ്‍ഫ്യൂഷ്യസ് ഒരിക്കല്‍ പറഞ്ഞു:’ ജീവിതം അനായാസമാണ്. എന്നാല്‍ നമ്മള്‍ അത് വെറുതെ സങ്കീര്‍ണ്ണമാക്കുകയാണ്’. ഇസ്‌ലാമിന്റെ സൗന്ദര്യവും സാരള്യവും മനസ്സിലാക്കാതെ മനുഷ്യര്‍ തിരിഞ്ഞു കളിക്കുന്നതു കാണുമ്പോള്‍ കണ്‍ഫ്യൂഷ്യസിന്റെ ഈ ഉപദേശമാണ് ഓര്‍മ്മ വരിക. ഇസ്‌ലാമിന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നതും അനുഷ്ഠിക്കുന്നതും ജീവിതത്തില്‍ പ്രയാസകരമായിരിക്കുമെന്ന് അവര്‍ കരുതുന്നു.
ഇസ്‌ലാമിന്റെ നിയമ നിര്‍ദേശങ്ങളിലൂടെ സൂക്ഷ്മമായി കണ്ണോടിക്കുന്ന പക്ഷം ഇസ്‌ലാമിന്റെ അനായാസതയും ലാളിത്യവും സുതരാം വ്യക്തമാകും. 

(പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരിയായ ദിയാന നാസര്‍ കുടുംബം, സാമൂഹികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു)

Topics