സ്മാര്‍ട്ട് ക്ലാസ്സ്‌

സ്വത്വാവിഷ്‌കാരത്തിന് അനുഭവങ്ങളും അവസരങ്ങളുമുണ്ടോ?

കൗമാരപ്രായത്തിലുള്ള രണ്ടു വിദ്യാര്‍ഥിനികള്‍ അടുത്ത കാലത്ത് പൊതുസമൂഹത്തിന്റെ ആദരവിനും അംഗീകാരത്തിനും അര്‍ഹരായത് നാം കണ്ടു. . ഒരാള്‍ സ്വീഡന്‍കാരിയായ ഗ്രേറ്റ തേണ്‍ബര്‍ഗും രണ്ടാമത്തെയാള്‍ മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ടുകാരിയായ സഫയുമാണ്. 2019 സെപ്റ്റംബര്‍ 23 തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടു നടത്തിയ ഉജ്വലമായ പ്രസംഗമാണ് ഗ്രേറ്റയെ പ്രശസ്തയാക്കിയതെങ്കില്‍ , കരുവാരക്കുണ്ട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരു പൊതുചടങ്ങില്‍ സംബന്ധിക്കാനെത്തിയ രാഹുല്‍ഗാന്ധി എം.പി.യുടെ ഇംഗ്ലീഷ് പ്രസംഗത്തിന്റെ തല്‍സമയ മൊഴിമാറ്റം മലയാളത്തിലേക്ക് നടത്തിക്കൊണ്ടാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ സഫ ഒരു നാടിന്റെ മുഴുവന്‍ സ്‌നേഹഭാജനമായി മാറിയത്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന നയതന്ത്രപ്രതിനിധികള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, കാലാവസ്ഥ വിദഗ്ധര്‍, ഭരണഘടനാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയൊക്കെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. കളഞ്ഞു ഗ്രേറ്റയുടെ പ്രസംഗം. ലോകത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുംവേണ്ടി സംസാരിക്കുകയായിരുന്നു ഗ്രേറ്റ. പ്രതിഷേധവും പ്രത്യാശയും സ്വപ്‌നവും ശകാരവും ധൈര്യവും സ്ഥൈര്യവുമെല്ലാം ആ വാക്കുകളില്‍ പ്രതിഫലിച്ചു. ഗ്രേറ്റ തുടങ്ങിയത് ഇപ്രകാരമാണ്:
‘അര്‍ഥശൂന്യമായ വാക്കുകളാല്‍ നിങ്ങളെന്റെ കുട്ടിക്കാലവും സ്വപ്‌നങ്ങളും മോഷ്ടിച്ചെടുത്തിരിക്കുന്നു. എങ്കിലും ഞാനൊരു ഭാഗ്യവതിയാണ്. ജനങ്ങള്‍ ദുരിതംപേറുകയാണ്. സഹിക്കുകയാണ്. മരിക്കുകയാണ്. കാലാവസ്ഥ സംവിധാനമപ്പാടെ തകിടം മറിഞ്ഞിരിക്കുന്നു. ഒരു സര്‍വനാശത്തിന്റെ വക്കിലാണ് നാമിപ്പോഴുള്ളത്. പണത്തെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാനുള്ളൂ. അനന്തമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള യക്ഷിക്കഥകളേ നിങ്ങള്‍ക്ക് പറയാനുള്ളൂ. എന്തൊരു ധൈര്യം! നിങ്ങള്‍ ഞങ്ങളെ തോല്‍പിക്കുകയാണ്. നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന പുതുതലമുറ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഭാവിതലമുറയുടെ കണ്ണുകള്‍ നിങ്ങളെ തുറിച്ചുനോക്കുന്നുണ്ട്. ഞങ്ങളെ, ഈ ഇളംതലമുറയെ തോല്‍പിക്കാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ ഞാനുറപ്പിച്ചുപറയുന്നു; ഒരിക്കലും ഞങ്ങള്‍ നിങ്ങള്‍ക്ക് മാപ്പുതരാന്‍ പോകുന്നില്ല. നിങ്ങളെ ഞങ്ങള്‍ വെറുതെ വിടാനുദ്ദേശിക്കുന്നില്ല. കൃത്യസ്ഥലത്ത് , കൃത്യസമയത്ത് തന്നെ ഞങ്ങള്‍ ഞങ്ങളുടെ കര്‍മരേഖ വരച്ചുകഴിഞ്ഞു. ലോകം ഉണരുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം സംഭവിക്കുകതന്നെ ചെയ്യും!’

ഗ്രേറ്റയുടെ വാക്കുകളില്‍ വളരുന്ന പുതുതലമുറയുടെ ജ്വലിക്കുന്ന പ്രതിഷേധമുണ്ടായിരുന്നു നിര്‍ഭയത്വത്തിന്റെ നിരങ്കുശത പ്രതിഫലിച്ചിരുന്നു. മൂലധനശക്തികളുടെ വന്യമായ പണാസക്തിക്കെതിരായ നിശിതആക്രമണമുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച പ്രതീക്ഷയും പ്രത്യാശയും ശക്തമായി തുടിച്ചുനിന്നിരുന്നു.
ഗ്രേറ്റയില്‍നിന്ന് സഫയിലേക്ക് വരുമ്പോള്‍ നാം കാണുന്നത് മറ്റുചിലതാണ്. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടിയ രാഹുല്‍ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗമാണ് സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മൂവായിരത്തിലധികം വരുന്ന ഒരു വലിയ സദസ്സിന്റെ മുന്നിലായിരുന്നു സഫയുടെ പ്രകടനം. അത്തരമൊരനുഭവം അന്നേവരെ ജീവിതത്തിലുണ്ടായിട്ടില്ലാത്ത ഈ കൗമാരക്കാരി പ്രശസ്തനായൊരു പാര്‍ലമെന്റേറിയന്റെ പ്ര്ൗഢമായ ഇംഗ്ലീഷ് പ്രസംഗം സഭാകമ്പമില്ലാതെ , സ്ഖലിതങ്ങളില്ലാതെ , ആശയച്ചോര്‍ച്ചയില്ലാതെ മധുരമായും മനോഹരമായും മലയാളത്തിലേക്ക് മൊഴിമാറ്റിയ വിസ്മയക്കാഴ്ച കേരളത്തിലെ പൊതുസമൂഹത്തെ പുളകമണിയിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സമാനതകളില്ലാത്ത ധൈര്യവും ആത്മവിശ്വാസവും അഭിമാനബോധവും സഫ ഉയര്‍ത്തിപ്പിടിച്ചു.

ഗ്രേറ്റയെയും സഫയെയും വളര്‍ത്തിയെടുത്ത വിദ്യാഭ്യാസ പരിസരവും പശ്ചാത്തലവുമാണ് ഇവിടെ വിലയിരുത്തപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും . സ്വീഡനില്‍ മാത്രമല്ല, കേരളത്തിലും വിദ്യാര്‍ഥിയെ സ്വത്വാവിഷ്‌കാരത്തിന് പ്രാപ്തമാക്കുന്ന ചടുലവും പ്രത്യുല്‍പന്നപരവുമായ വിദ്യാഭ്യാസ പ്രക്രിയ ലഭ്യമാണ് എന്ന ബോധ്യത്തിലേക്കാണ് മേല്‍ സംഭവങ്ങള്‍ നമ്മെ നയിക്കുന്നത്. ഓരോ വിദ്യാര്‍ഥിയുടെയും അകത്തു കിടക്കുന്ന നന്‍മകളെയും കഴിവുകളെയും സിദ്ധികളെയും സാധ്യതകളെയും വളര്‍ത്തിയും പരിപോഷിപ്പിച്ചും പുറത്തേക്കെടുക്കുന്നതില്‍ വികസിക്കുമ്പോഴാണ് വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാകുന്നത്. കുട്ടിയുടെ ബൗദ്ധികവും വൈജ്ഞാനികവുമായ വളര്‍ച്ചാവികാസത്തിലേക്ക് മാത്രമായി വിദ്യാഭ്യാസലക്ഷ്യങ്ങളും പ്രക്രിയകളും ചുരുങ്ങുമ്പോള്‍ വ്യക്തിത്വത്തിന്റെ യഥാര്‍ഥ പ്രകാശനം തടസ്സപ്പെടുന്നു എന്ന് നാം തിരിച്ചറിയണം.വളര്‍ച്ചയുടെയും വികാസത്തിന്റെയും സമഗ്രത വിദ്യാഭ്യാസ നടത്തിപ്പുകാരും അധ്യാപകരും ഉള്‍ക്കൊള്ളണം.

ഒരു വിദ്യാര്‍ഥിയുടെ ശേഷീക്ഷമതയും യോഗ്യതയും പരീക്ഷകളിലെ പ്രകടനവും മാര്‍ക്കിന്റെ വലിപ്പവുംമുന്നില്‍വെച്ച് അളന്നുതിട്ടപ്പെടുത്തുന്ന അശാസ്ത്രീയത ഇപ്പോഴും നമുക്കിടയിലുണ്ട്. മാര്‍ക്കുകള്‍ എന്നത് ഒരു വിദ്യാര്‍ഥിയുടെ ‘അര്‍ഹതയും യോഗ്യതയും’ നിശ്ചയിക്കുന്ന ‘ബെഞ്ച് മാര്‍ക്ക് ‘കളാകുന്ന അതല്ലെങ്കില്‍ അതാകേണ്ടിവരുന്ന അനിവാര്യമായ ഘട്ടങ്ങള്‍ ഉണ്ടാകാം. ഒരു തൊഴില്‍ തസ്തികയിലേക്ക് കഴിവും പ്രാപ്തിയുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന് നടത്തുന്ന മത്സരപരീക്ഷകളിലും ഉപരിപഠനത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനായി നടത്തുന്ന പ്രവേശനപരീക്ഷകളിലും അത്തരം ‘ബെഞ്ചുമാര്‍ക്കുകള്‍’ ഒരനിവാര്യതയായി വന്നേക്കും. പക്ഷേ, ചിട്ടയായി നടന്നുപോകുന്ന അനുസ്യൂത വിദ്യാഭ്യാസ പ്രക്രിയയുടെ ഉള്ളടക്കത്തില്‍ ഓരോ വിദ്യാര്‍ഥികളുടെയും സമഗ്രമായ വളര്‍ച്ചാവികാസം ‘എഴുത്തുപരീക്ഷ’യിലെ മാര്‍ക്കുകള്‍ കൊണ്ടുമാത്രം അടയാളപ്പെടുത്താന്‍ കഴിയില്ല. മാര്‍ക്കുകള്‍ കുറഞ്ഞുപോകുന്നവര്‍ ‘അനര്‍ഹരു’ടെയും ‘അയോഗ്യ’രുടെയും ഗണത്തില്‍ വരുന്നത് അക്കാദമികമായി ന്യായീകരിക്കാന്‍ പ്രയാസമുണ്ട്!

2019 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെയും സി.ബി.എസ്.സി പത്താംക്ലാസ് പരീക്ഷയുടെയും ഫലം നമുക്കൊന്ന് പരിശോധിക്കാം. 4,34,729 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അവരില്‍ 4,26, 513 പേര്‍ വിജയിച്ചു.അതായത്, 98.11% വിജയം. വിജയിച്ചവരില്‍ 37,334 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് (9%). 1763 സ്‌കൂളുകള്‍ക്കാണ് നൂറുശതമാനം വിജയം നേടാനായത്. സി.ബി.എസ്.സി. പത്താംതരം പരീക്ഷയില്‍ 91.1% ആയിരുന്നു വിജയം. 500 മാര്‍ക്കില്‍ 499 മാര്‍ക്ക് നേടിയത് 13 പേര്‍മാത്രമാണ്. അവരില്‍ ഒരാള്‍ മാത്രമായിരുന്നു കേരളത്തില്‍നിന്നുണ്ടായത്. 498 മാര്‍ക്ക് നേടിയത് 24 പേരും 497 മാര്‍ക്ക് നേടിയത് 58 പേരുമാണ്.

ഈയൊരു വിശകലനത്തിന്റെ വെളിച്ചത്തില്‍ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. 2019 ല്‍ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 9% പേര്‍ക്ക് മാത്രമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ‘മാര്‍ക്ക്’ആണ് അര്‍ഹതയുടെ ‘ബെഞ്ച് മാര്‍ക്കെ’ങ്കില്‍ അവശേഷിക്കുന്ന 91 %പേര്‍ കളത്തിന് പുറത്താകും. അനുഭവങ്ങള്‍ വെച്ചുപറയുകയാണെങ്കില്‍ ഈ 91% ആകും ഭാവിയില്‍ ജീവിതത്തിന്റെ ബഹുമുഖമേഖലകളില്‍ ഒരുപക്ഷേ 9%ത്തേക്കാള്‍ വിജയിക്കാനും ശോഭിക്കാനും പോകുന്നത്. സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ വെറും 13 പേരാണ് 500ല്‍ 499 മാര്‍ക്ക് നേടിയത്. ദേശീയ സ്വഭാവമുള്ള ഈ പരീക്ഷയില്‍ ഒരാള്‍ പോലും 500 മാര്‍ക്ക് മുഴുവനായി നേടിയില്ല എന്ന കാര്യം കൂടി നാമോര്‍ക്കണം. 500 മാര്‍ക്ക് നേടിയ ആരുമില്ല, 499 മാര്‍ക്ക് നേടിയത് 13 പേര്‍ മാത്രമാണ് എന്നിത്യാദി കണ്ടെത്തലുകള്‍ അവശേഷിക്കുന്നവര്‍ കഴിവുകുറഞ്ഞവരാണ് എന്ന വിധിതീര്‍പ്പിലേക്ക് നമ്മെയെത്തിച്ചാല്‍ എന്താവും അവസ്ഥ?

പരീക്ഷയും മാര്‍ക്കും ഗ്രേഡുമെല്ലാം പ്രാധാന്യമുള്ളതാണ്. അവയെല്ലാം പക്ഷേ വിദ്യാര്‍ഥിയുടെ സമഗ്രവളര്‍ച്ചയെയും വികാസത്തെയും തിട്ടപ്പെടുത്താന്‍ അപര്യാപ്തമാണ്. ഈയൊരു സ്വാഭാവിക പരിമിതി ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയുടെ ഉള്ളടക്കത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്നതിന്റെ ദോഷങ്ങളും ചെറുതല്ല.

ഓരോ വിദ്യാര്‍ഥിയെയും അധ്യാപകര്‍ കൃത്യമായി അറിയുക എന്നതിന്റെ അര്‍ഥം ഓരോ വിദ്യാര്‍ഥിയുടെയും ശേഷീ ഭിന്നതകളെയും ശക്തിദൗര്‍ബല്യങ്ങളെയും തിരിച്ചറിയുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തി വിദ്യാര്‍ഥിക്ക് സാധ്യമായ പിന്തുണയും സഹായവും നല്‍കുക എന്നതാണ്. ക്ലാസുമുറിക്കകത്തും പുറത്തുമുള്ള പ്രക്രിയകളില്‍ പങ്കാളിത്തത്തിന് അവസരം കിട്ടാതെ പോകുന്നത് നിരവധി കുട്ടികളുടെ സ്വത്വാവിഷ്‌കാര സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്. സ്വത്വത്തെ ആവിഷ്‌കരിക്കാന്‍ ഓരോ പഠിതാവിനെയും സജ്ജമാക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സ്വത്വത്തിന്റെ ആവിഷ്‌കാരം ലളിതമായി നടക്കുന്നതല്ല. അറിവിന്റെയും ശേഷികളുടെയും മൂല്യങ്ങളുടെയും വ്യത്യസ്തമേഖലകളിലെ ക്രമപ്രവൃദ്ധമായ വളര്‍ച്ച ഉറപ്പാക്കുംവിധം വിദ്യാലയത്തിനകത്ത് ഓരോ കുട്ടിക്കും ലഭിക്കുന്ന അനുഭവങ്ങളുടെ പ്രസക്തി ഇവിടെ ഗൗരവപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്. വളരാനും ഉയരാനും മെച്ചപ്പെടാനും തിരുത്താനുമെല്ലാം അവസരങ്ങള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം ഇത്തരുണത്തില്‍ മനസ്സിലാക്കണം. മാനസികവും ശാരീരികവുമായ സുരക്ഷിതത്വബോധം കുട്ടിക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്റെ അനിവാര്യതയാണ് മറ്റൊന്ന്. ചുരുക്കത്തില്‍ അനുഭവങ്ങള്‍, അവസരങ്ങള്‍, സുരക്ഷിതത്വബോധം എന്നിവ ഓരോ കുട്ടിയുടെയും സ്വത്വാവിഷ്‌കാര ക്ഷമതയെ സാധ്യമാക്കുന്ന മൂന്നുഘടകങ്ങളാണ്. അനുകരിച്ചും മത്സരിച്ചും മറ്റൊരാളെപ്പോലെയാകുന്നതല്ല, ബോധ്യപ്പെട്ടും തിരിച്ചറിഞ്ഞും പരിശ്രമിച്ചും താനാവുകയെന്നതാണ് സ്വത്വാവിഷ്‌കാരം. ഇതിനായിരിക്കണം വിദ്യാഭ്യാസം.
പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞപ്പോള്‍ കുട്ടിയെ സദുദ്ദേശ്യത്തോടെയാണെങ്കിലും കുറ്റപ്പെടുത്തിയ ക്ലാസധ്യാപികക്ക് ഏബ്രഹാം ലിങ്കണ്‍ എഴുതിയ കത്തില്‍ പ്രത്യേകം ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്: ‘ജീവിതത്തിലെ എല്ലാ പരീക്ഷകളും വിജയിക്കാനുള്ളതാണ് എന്ന ധാരണ മിഥ്യയാണ്. പരാജയങ്ങളില്‍ പതറുകയല്ല അതിജീവിക്കാന്‍ പ്രാപ്തി നേടുകയാണ് വേണ്ടത്. പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ല.’

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics