വലീദിനുശേഷം സഹോദരന്‍ ഖലീഫയാകണമെന്ന് പിതാവ് അബ്ദുല്‍മലിക് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതനുസരിച്ച് മരണശേഷം സുലൈമാന്‍ സ്ഥാനാരോഹണം ചെയ്തു. രണ്ടരവര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. മുന്‍ഖലീഫമാരുടെ കാലത്ത് പ്രശസ്ത വിജയങ്ങള്‍ നേടിയ മൂന്ന് സേനാനായകന്‍മാരുടെ ദാരുണമായ അന്ത്യമായിരുന്നു ഇക്കാലത്ത് എടുത്തുപറയേണ്ട സംഭവം. പേര്‍ഷ്യന്‍ നാടുകള്‍ വിജയിച്ചടക്കിയ ഖുതൈബ ഏതോ തെറ്റിദ്ധാരണമൂലം ഖലീഫക്കെതിരെ കലാപത്തിനൊരുങ്ങി. സൈന്യം ഖലീഫയുടെ ഭാഗത്താവുകയും സ്വന്തം സൈന്യത്തിന്റെ കയ്യാല്‍ത്തന്നെ ഖുതൈബ കൊല്ലപ്പെടുകയും ചെയ്തു.
ഹജ്ജാജുബ്‌നു യൂസുഫിനുശേഷം കൂഫയില്‍ അധികാരമേറ്റ ഗവര്‍ണര്‍ ഹജ്ജാജിന്റെ വിരോധിയായിരുന്നു. ഇദ്ദേഹം. അധികാരമേറ്റയുടന്‍ മുഹമ്മദ് ബ്‌നു ഖാസിമിനെ സിന്ധില്‍നിന്ന് തിരിച്ചു വിളിക്കുകയും തടവിലാക്കുകയും ചെയ്തു. ആ ധീരകേസരി തടവറയില്‍ കിടന്നാണ് അന്ത്യശാസനം വലിച്ചത്.
മൂസബ്‌നുനുസൈര്‍ അന്യായമായി സ്വത്തു സമ്പാദിച്ചു എന്ന പേരില്‍ ഖലീഫ അദ്ദേഹത്തെ വിചാരണ ചെയ്തു. സമ്പത്തുമുഴുവന്‍ കണ്ടുകെട്ടി. ഇദ്ദേഹത്തിന്റെ അവസാന നാളുകള്‍ വളരെ വിഷമം പിടിച്ചതായിരുന്നു.
സുലൈമാന്റെ സഹോദരന്‍ മസ്‌ലമത്തുബ്‌നു അബ്ദുല്‍മലികിന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ചെങ്കിലും അത് വിജയിച്ചില്ല. ഈ സംഭവത്തില്‍ മുസ്‌ലിം സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി.
മതഭക്തനും സല്‍കര്‍മിയുമായിരുന്നു സുലൈമാന്‍. അദ്ദേഹം ചെയ്ത ഏറ്റവും പ്രശംസനീയമായ കൃത്യം മഹാനായ ഉമറുബ്‌നു അബ്ദുല്‍ അസീസിനെ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചതായിരുന്നു.
സുലൈമാനുബ്‌നു അബ്ദില്‍മലിക് (ഹി. 96- 99, ക്രി. 715-717)

Add Comment