പ്രമാണങ്ങള്‍ ശരീഅത്ത്

ശരീഅത്ത്

ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്. شريعة – ശരീഅത്ത് എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ, സുന്നത്തിലൂടെയോ അല്ലാഹു തന്റെ അടിമകള്‍ക്ക് നിയമമാക്കിയതാണ് ശരീഅത്ത്. മതം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ദൈവേച്ഛയെ പിന്‍പറ്റുവാനുള്ള ദൈവത്തിന്റെ നടപടിയാണ്.

അല്ലാഹു മനുഷ്യനില്‍ സംയോജിപ്പിച്ചിരിക്കുന്ന മണ്ണിന്റെയും വിണ്ണിന്റെയും ഭാവങ്ങളെ സന്തുലിതമാക്കുകയാണ് അതിന്റെ മാര്‍ഗം. ഈ ആശയങ്ങള്‍ അവ്യക്തവും അനിയതവുമാകയാല്‍ അവയ്ക്ക് വ്യവസ്ഥാപിത രൂപം നല്‍കുക എന്നതാണ് ശരീഅത്തിന്റെ ധര്‍മം. കാരണം തത്വങ്ങള്‍ക്ക് നിയതരൂപങ്ങളില്ലെങ്കില്‍ അവ പാലിക്കുവാന്‍ കല്‍പിക്കുക സാധ്യമല്ല. ലോകത്ത് അവതീര്‍ണമായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ശരീഅത്തിന്റെ അന്തസത്തയും ചാലകശക്തിയും പ്രസ്തുത തത്വങ്ങളായിരുന്നുവെന്ന് കാണാവുന്നതാണ്.

പൂര്‍വ്വിക ശരീഅത്തുകളെല്ലാം കാലബന്ധിതമായിരുന്നു. സമ്പൂര്‍ണ ശരീഅത്തിനു വേണ്ട മാനുഷിക സാമൂഹിക വികാസക്ഷമത അവ കൈവരിച്ചിരുന്നില്ല. അത്തരത്തിലുള്ള അവസ്ഥ സംജാതമായപ്പോള്‍ ഭൂമിയെ ഒരു ശരീഅത്തിനു കീഴില്‍ അല്ലാഹു കൊണ്ടുവരികയും അതിന് സ്ഥിരതയും നൈരന്തര്യവും നല്‍കുകയും ചെയ്തു. അതിനുപരിയായി, അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു.

ശരീഅത്തിന്റെ സംരക്ഷണത്തിന് രണ്ടു നടപടികളാണ് അല്ലാഹു ചെയ്തിട്ടുള്ളത്. (1) പ്രഥമസ്രോതസ്സിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തു. ‘നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (അല്‍ ഹിജ്‌റ്:9). (2) മുസ്‌ലിം സമുദായം ഒന്നാകെ വഴിപിഴച്ചുപോവുകയില്ലെന്നും കാലാകാലങ്ങളില്‍ കടന്നു കയറുന്ന ന്യൂനതകളെയും കേടുപാടുകളെയും പരിഹരിക്കുവാന്‍ വ്യക്തിയെയോ സംഘങ്ങളെയോ അയക്കും എന്നുമുള്ള അല്ലാഹുവിന്റെ അറിയിപ്പ്.

മനുഷ്യനെ പ്രതിനിധിയായി നിശ്ചയിച്ച ഭൂമിയില്‍ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏല്ലാ പ്രശ്‌നങ്ങളെയും ശരീഅത്ത് കൈകാര്യം ചെയ്യുന്നുണ്ട്. ‘എല്ലാ കാര്യത്തിനും വിശദീകരണമായാണ് നാം താങ്കള്‍ക്ക് ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്’. (അന്നഹ്ല്!:89)

ദൈവികാടിത്തറ:

ശരീഅത്തിന്റെ പ്രഥമ സവിശേഷത അതിന്റെ ദൈവികതയാണ്. ശരീഅത്തിന്റെ സവിശേഷതകളും വ്യതിരിക്തതകളും ഉരുവം കൊള്ളുന്നത് ദൈവികതയില്‍ നിന്നുതന്നെയാണ്. ദൈവത്തിന്റെ വിശിഷ്ട നാമങ്ങളുടെ വിവക്ഷകള്‍ മുഴുവനും ശരീഅത്തിലൂടെ പ്രതിഫലിപ്പിക്കുമ്പോള്‍ത്തന്നെ മനുഷ്യബുദ്ധിക്കും ചിന്തയ്ക്കും അപ്രാപ്യമായ സവിശേഷ ഗുണങ്ങളും അവ ഉള്‍ക്കൊള്ളുന്നുണ്ട്. ശരീഅത്ത് അല്ലാഹുവിന്റെ ദിവ്യബോധനമാണ്.

ഇസ്‌ലാമിക ശരീഅത്തിന്റെ ദൈവികത എന്ന സവിശേഷതയിലൂടെ അത് മനുഷ്യനിര്‍മിത നിയമവ്യവസ്ഥകളുമായി ഇടയുമ്പോഴുണ്ടാകുന്ന പ്രകടമായ ചില അന്തരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1) ശരീഅത്തിന്റെ ഉറവിടം അല്ലാഹുവെന്ന വിശ്വാസം അതിനെ ആദരിക്കുവാനും അതിന്റെ വിധികളെ മുറുകെ പിടിക്കുവാനും വിശ്വാസിയെ പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ വിധികളും നിയമങ്ങളും വീഴ്ചകൂടാതെ നടപ്പിലാക്കുവാനുള്ളതാണ് എന്ന് മുസ്‌ലിം വിശ്വസിക്കുന്നു. ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ച പോലും വിചാരണ ചെയ്യപ്പെടുമെന്ന ബോധം വിശ്വാസിക്കുണ്ട്. ശരീഅത്തിന് മനുഷ്യ ഹൃദയത്തില്‍ ശക്തമായ സ്വാധീനവും അധികാരവും ഉണ്ട്. ഇതിലൂടെ ശരീഅത്തിന്റെ സമ്പൂര്‍ണ പ്രയോഗവല്‍കരണം സാധ്യമാകുന്നു.

2) ശരീഅത്ത് പൂര്‍ണമായും സ്വേച്ഛ, അനീതി, പരിമിതി എന്നിവയില്‍ നിന്നും മുക്തമാണ്. അല്ലാഹു ആരോടും അക്രമം കാണിക്കാത്തവനാണ്. ‘തീര്‍ച്ചയായും അല്ലാഹു ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരോടുതന്നെ അനീതി കാണിച്ചുകൊണ്ടിരിക്കുന്നു’ (യൂനുസ്: 44). ഖുദ്‌സിയായ ഹദീസില്‍ വന്നിരിക്കുന്നു: ‘അല്ലയോ അടിമകളേ, അക്രമത്തെ ഞാന്‍ എന്റെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും നാം അതിനെ നിഷിദ്ധമാക്കി. അതിനാല്‍ നിങ്ങള്‍ പരസ്പരം അനീതി കാണിക്കരുത്’ സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനങ്ങള്‍ കേവലം ചിന്താവീക്ഷണ ലോകത്ത് പരിമിതമാകേണ്ടതല്ല. സാമൂഹ്യജീവിതത്തില്‍ പ്രയോഗവല്‍കരിക്കേണ്ടതാണവ.

സമ്പൂര്‍ണതയും സമഗ്രതയും

ദൈവിക ശരീഅത്ത് സമഗ്രവും സമ്പൂര്‍ണവുമായിരിക്കല്‍ അനിവാര്യമാണ്. അല്ലാഹു പൂര്‍ണനും എല്ലാതരം ന്യൂനതകളില്‍നിന്നും പരിശുദ്ധനുമാണ് എന്നതത്രേ ഇതിനു കാരണം. അതിനാല്‍ സൃഷ്ടികള്‍ക്കായുള്ള ശരീഅത്തിലും ഈ ഗുണങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ഈ ഗുണങ്ങളാല്‍ മനുഷ്യനിര്‍മിതവ്യവസ്ഥകളെ ദുര്‍ബലമാക്കുവാനും ദൈവിക ശരീഅത്തിന് കഴിയും.മനുഷ്യപ്രകൃതത്തെ ആദരിച്ചും അവകാശങ്ങളെ സംരക്ഷിച്ചും നീതിയോടെയും സമത്വത്തോടെയും നടപ്പിലാക്കാവുന്ന അടിസ്ഥാനങ്ങളുടെ സ്ഥിരീകരണവും ഉറപ്പുവരുത്തലുമാണ് ശരീഅത്തിന്റെ പൂര്‍ണത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് ജീവിതത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ ചിട്ടപ്പെടുത്തല്‍ പോലെ അടിമകളും അടിമകളും തമ്മിലുള്ള ബന്ധത്തെയും ശരീഅത്ത് ക്രമീകരിക്കുന്നുണ്ട്.

സാമൂഹിക സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കുവാനും സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്നും അരാജകത്വത്തില്‍ നിന്നും സംരക്ഷിക്കുവാനും മാത്രമാണ് മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ, അവ സ്വഭാവ സംസ്‌കരണത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. മാത്രമല്ല, അത് മനുഷ്യന്റെ ആന്തരിക പ്രകൃതമാണെന്നും അവയെ നിബന്ധനകളുടെ കീഴില്‍ കൊണ്ടുവരിക അസാധ്യമാണെന്നും വാദിക്കുകയും ചെയ്യുന്നു.

സാര്‍വലൗകികത

ശരീഅത്തിന്റെ നിയമങ്ങളിലും അടിസ്ഥാനങ്ങളിലും വിശ്വമാനവികതയുടെ വര്‍ണം ചാര്‍ത്തപ്പെട്ടിരിക്കുന്നു. ജനങ്ങളെ മുഴുവനായി അഭിസംബോധ ചെയ്യുകയാണ് ഖുര്‍ആനിന്റെ ശൈലി. ‘പ്രവാചകരേ, ലോകര്‍ക്ക് കാരുണ്യമായിട്ട് മാത്രമാകുന്നു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്’ (അല്‍ അമ്പിയാഅ്: 107). ശരീഅത്തിന്റെ സാര്‍വ്വജനീനതയെ സ്ഫുരിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളുമുണ്ട്. നബി(സ) യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: ‘എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്. ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭദ്രവുമാക്കി. പക്ഷേ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിവാക്കി വെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗി കണ്ട് വിസ്മയിക്കുകയും ചെയ്തു. ‘എന്തുകൊണ്ട് ഈ കല്ലു കൂടി വെച്ചില്ല’ എന്നവര്‍ പറയുകയുണ്ടായി. ഞാനത്രേ ആ കല്ല്. ഞാനത്രേ അന്ത്യപ്രവാചകന്‍.’

ശരീഅത്തിന്റെ വിശ്വമാനവികതയെയും സാര്‍വ്വലൌകികതയെയും സംശയത്തിനിടനല്‍കാത്തവിധം ശക്തിപ്പെടുത്തുന്ന രണ്ടു സംഗതികള്‍ താഴെ ചേര്‍ക്കുന്നു.

1) ശരീഅത്തിന്റെ അധ്യാപനങ്ങള്‍

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച അതേ പ്രകൃതത്തില്‍ത്തന്നെയാണ് ശരീഅത്ത് മനുഷ്യനെ അഭിസംബോധന ചെയ്യുന്നത്. കാലദേശ പരിഗണനകള്‍ക്കനുസരിച്ച് മാറ്റത്തിനു വിധേയമാകാത്തതാണ് ഈ പ്രകൃതം. കാരണം അല്ലാഹുവിന്റെ സൃഷ്ടിയില്‍ വ്യതിയാനമോ മാറ്റമോ സംഭവിക്കുകയില്ല. അതിനാല്‍ ഈ അധ്യാപനങ്ങള്‍ ഏതു പരിതസ്ഥിതിയിലും പ്രയോഗവല്‍കരണത്തിന് അനുയോജ്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് അതിനെ പ്രയോഗവല്‍ക്കരിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുന്നു.

2) ഖുര്‍ആനിന്റെ അമാനുഷികത

ശരീഅത്ത് സാര്‍വലൌകികമാണെന്ന് തെളിയിക്കുന്ന രണ്ടാമത്തെ സംഗതിയാണ് ഖുര്‍ആന്റെ അമാനുഷികത. മുഹമ്മദ് നബി(സ)ക്കു മുമ്പ് കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങളില്‍ നിന്ന് പല കാര്യങ്ങള്‍ കൊണ്ടും ഭിന്നമാണ് ഈ അമാനുഷിക ദൃഷ്ടാന്തം. ബൌദ്ധികമായ അമാനുഷികതയാണ് ഖുര്‍ആന്‍. ഇത് ബുദ്ധിയെയും ധിഷണയെയും ചിന്തയെയുമാണ് അഭിമുഖീകരിക്കുന്നത്. അതു ലോകാവസാനം വരെയും നിലനില്‍ക്കുന്നു. ശരീഅത്തിന്റെ സാര്‍വലൌലികത മൂന്ന് അടിസ്ഥാനങ്ങളില്‍ സ്ഥാപിതമായിരിക്കുന്നു.

1) മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഭൂമുഖത്ത് അവതീര്‍ണമായ എല്ലാ ദൈവിക സന്ദേശങ്ങളും സ്ഥലകാല ബന്ധിതമായിരുന്നു. ഇതൊക്കെ വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോടെ ദുര്‍ബലമാക്കപ്പെട്ടു.

2) വിശുദ്ധ ഖുര്‍ആനിന്റെ സാര്‍വ്വകാലികത തെളിയിക്കുന്നത് മുഹമ്മദ് നബി(സ)ക്കു ശേഷം മറ്റൊരു പ്രവാചകനില്ല എന്നും അല്ലാഹു അദ്ദേഹത്തിലൂടെ പ്രവാചകത്വ പരമ്പര അവസാനിപ്പിച്ചു എന്നുമാണ്. ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപറ്റിയും അറിവുള്ളവനാകുന്നു’.

3) ദൈവികസന്ദേശത്തിന്റെ സാര്‍വ്വജനീനതയിലുള്ള വിശ്വാസം, അതിലേക്ക് ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് അനിവാര്യമായ ബാധ്യതയാകുന്നു. ദൈവിക സന്ദേശം കേള്‍ക്കാത്ത ഒരാള്‍ പോലും ഇല്ലാത്തവിധം പ്രബോധനം വ്യാപിക്കേണ്ടതുണ്ട്.

3) കാലാതിവര്‍ത്തിത്വം

മേല്‍ പറയപ്പെട്ട ഗുണങ്ങളായ ദൈവികത, സമ്പൂര്‍ണത, സമഗ്രത, സാര്‍വ്വലൌകികത എന്നിവ ശരീഅത്തില്‍ ഒരുമിച്ചു ചേര്‍ന്നതിനാല്‍ അത് പ്രയോഗവല്‍കരിക്കാന്‍ പ്രയാസമില്ല. ശരീഅത്ത് മനുഷ്യപ്രകൃതിയെ അഭിസംബോധന ചെയ്യുകയും ബുദ്ധിയെ ആദരിക്കുകയും ചെയ്തു. മനുഷ്യര്‍ക്കുമുമ്പില്‍ വീക്ഷണത്തിന്റെയും ചിന്തയുടെയും ചക്രവാളങ്ങള്‍ തുറന്നു വച്ചു.

ശരീഅത്തിന്റെ അധ്യാപനങ്ങളില്‍ എല്ലാ പൊതു നന്‍മകളും ഉള്‍കൊള്ളുന്നുണ്ട്. പൊതുതാല്‍പര്യങ്ങളെ മൂന്ന് തരമായി തിരിക്കാം.

1) അത്യാവശ്യങ്ങള്‍: ഏതൊന്നിന്റെ അഭാവത്തിലാണോ ജനജീവിതം അസാധ്യമാകുന്നതും അക്രമവും അരാജകത്വവും വ്യപിക്കുന്നതുമെങ്കില്‍ അത്തരം കാര്യങ്ങള്‍ അനിവാര്യതകളുടെ ഗണത്തില്‍ പെടുന്നു. ഉദാ: ജനങ്ങളുടെ ആത്മസുരക്ഷ, ദീനിന്റെ ഭദ്രത.

2) ആവശ്യങ്ങള്‍: സുഗമമായി ജീവിതം നയിക്കുവാന്‍ ഉതകുന്ന സംഗതികള്‍. ഇവ നഷ്ടപ്പെട്ടാല്‍ ജീവിതക്‌ളേശം ഉണ്ടാവുമെന്നല്ലാതെ ജീവിതം അസാധ്യമാകുകയോ ജീവിതവ്യവസ്ഥ തകരുകയോ ചെയ്യുന്നില്ല.

3) ആഡംബരങ്ങള്‍: ഇവ നഷ്ടപ്പെട്ടാല്‍ ജീവിതക്രമക്കേടോ ജീവിത ക്‌ളേശമോ ഉണ്ടാകുന്നില്ല. മനുഷ്യപ്രകൃതി കാംക്ഷിക്കുന്ന ഋജുവായ മാര്‍ഗത്തില്‍ നിന്ന് ചെറിയവ്യതിയാനം മാത്രമേ സംഭവിക്കുകയുള്ളൂ.

About the author

padasalaadmin

Add Comment

Click here to post a comment

Topics