ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകളിലൊന്ന് അതിന്റെ യാഥാര്‍ഥ്യബോധമാണ്. ഇസ്‌ലാമിക ശരീഅത് യാഥാര്‍ത്ഥ്യബോധം പാലിക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അത് അതിന്റെ നിയമനിര്‍മാണത്തില്‍ ക്രമാനുഗത്വം പാലിക്കുന്നുവെന്നത്.
ഇസ്‌ലാമിക ശരീഅത്ത് നമസ്‌കാരം, നോമ്പ് പോലുള്ള ഇബാദത്തുകള്‍ ആരാധനാ അനുഷ്ഠാനങ്ങള്‍ വിശ്വാസികള്‍ക്കു മേല്‍ നിയമാനുസൃതമായ ബാധ്യതയാക്കി നിശ്ചയിക്കുന്നതു പോലും ക്രമാനുഗതമായാണ്. പടി പടിയായി മാത്രമാണ് ഇന്നു നാം കാണുന്ന രൂപത്തിലുള്ള ഒരു ഇബാദത്തായി അത് മാറിയത്.
ഇപ്രകാരം പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥയും മനോഭാവവും പരിഗണിച്ച് അവര്‍ നിലനിര്‍ത്തിയിരുന്ന ഒരു പറ്റം ദുസ്വഭാവങ്ങളെ ഒറ്റയടിക്ക് നിരോധിക്കുകയായിരിന്നില്ല ഇസ്‌ലാം. അത് നിയമപരമായി നിരോധിച്ചുകൊണ്ടുള്ള ഇസ്‌ലാമിക നിയമ പ്രഖ്യാപനം ക്രമേണയാണ് അല്ലാഹു നല്‍കുന്നത്.
സര്‍വജ്ഞനായ അല്ലാഹുവിന്നറിയാം അത്തരം ദുഷ്‌ചെയ്തികളില്‍ നിന്ന് ഒറ്റയടിക്ക് വിശ്വാസികളെ തടയുന്നതു പ്രായോഗികമല്ലെന്ന്. അവരെ മാനസികമായും ശാരീരികമായും അത്തരം ഒരു നിരോധത്തെ സ്വീകരിക്കാന്‍ കഴിയും വിധം തയ്യാറാക്കലായിരുന്നു അല്ലാഹുവിന്റെ ലക്ഷ്യം.
അത്തരം ഒരു ഘട്ടത്തില്‍, തങ്ങളുടെ ദുസ്വഭാവങ്ങള്‍ വര്‍ജ്ജിക്കാനുള്ള കല്‍പനയെത്തിയപ്പോള്‍ ഞങ്ങള്‍ കേട്ടു അനുസരിച്ചു എന്നു പറഞ്ഞ് അതിനെ സ്വീകരിച്ചതാണ് ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നു നമുക്ക് കാണാന്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും നല്ല ഉദാഹരണമാണ് ഇസ്‌ലാമിലെ മദ്യ നിരോധനം. നിങ്ങള്‍ വിരമിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ട് സൂറതുല്‍ മാഇദയിലെ (5: 91) മദ്യ നിരോധനവുമായി ബന്ധപ്പെട്ട അവസാന ആയത് ഇറങ്ങിയ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു അവര്‍ തങ്ങളുടെ കൈവശം അവശേഷിച്ചിരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും മദ്യം നിരത്തിലൊഴിക്കുകയും ചെയ്തുവെന്നാണ് ചരിത്രം.
ഈ നിരോധം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് അതിനെ സ്വീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്കു ഇസ്‌ലാം സമൂഹത്തെ ക്രമപ്രവൃദ്ധമായി മാറ്റിയിരുന്നു. അമേരിക്കയടക്കം വ്യത്യസ്ത രാജ്യങ്ങള്‍ ലഹരിവര്‍ജ്ജനം കൊണ്ടുവരാന്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു ശ്രമം നടക്കുകയുണ്ടായി. അത് പരാജയപ്പെടാനുള്ള ഒരു കാരണം ബലപ്രയോഗത്തിലൂടെ(പിഴ,തടവുശിക്ഷ..) നിയമം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നതാണ്.
Add Comment