കൗണ്‍സലിങ്‌ വ്യക്തി

വിവാഹരാത്രിയെക്കുറിച്ച ആശങ്കകള്‍

ചോ: വിവാഹം ഉറപ്പിച്ച യുവതിയാണ് ഞാന്‍. എന്നാല്‍ വിവാഹത്തിന്റെ പ്രഥമരാത്രിയെക്കുറിച്ച ആശങ്കകള്‍ എന്നെ അലട്ടുന്നു. പ്രതിശ്രുതവരന്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്തൊക്കെയാകാം എന്നതിനെപ്പറ്റി വിശദീകരിക്കാമോ?

===========

ഉത്തരം: വിവാഹജീവിതത്തിലേക്ക് കടക്കുന്ന താങ്കള്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു. നിങ്ങളിരുവരുടെയും സംഗമത്തെ അല്ലാഹു അനുഗ്രഹിക്കുകയും നല്ല സന്താനങ്ങളെ പ്രദാനംചെയ്യുകയും ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുന്നു(ആമീന്‍).

ആദ്യമായി, ദാമ്പത്യജീവിതത്തെ ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക. ജീവിതത്തില്‍ പങ്കാളി എന്താണ് തന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന ആകാംക്ഷ വെച്ചുപുലര്‍ത്തുന്ന താങ്കളെ അഭിനന്ദിക്കുന്നു. വൈവാഹികജീവിതം ഇസ്‌ലാമില്‍ എന്നുതുടങ്ങി വിവാഹജീവിതത്തെക്കുറിച്ചും ഭാര്യാഭര്‍ത്താക്കന്‍മാരുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും സവിസ്തരം പ്രതിപാദിക്കുന്ന ഒട്ടേറെ പുസ്തകങ്ങള്‍ ഇസ്‌ലാമികപുസ്തകശാലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.

വിവാഹവും തുടര്‍ന്നുള്ള ജീവിതവും എന്തോ വലിയ പ്രയാസമുള്ള സംഗതിയെന്ന് കരുതി തലപുണ്ണാക്കേണ്ടതില്ല. ദയ, സഹാനുഭൂതി, സ്‌നേഹം, കാരുണ്യം, ശാന്തത, വിട്ടുവീഴ്ച,  പരസ്പരാശയവിനിമയം എന്നിവ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനശിലകളാണ്. ഇത്തരം മൂല്യങ്ങളെ തത്ത്വത്തില്‍ എല്ലാവരും അംഗീകരിക്കുമെങ്കിലും പ്രായോഗികതലത്തില്‍ ഇത് നടപ്പാക്കുന്നിടത്ത് പരാജയപ്പെടുകയാണ് പലരും. അതിനാല്‍ ഇത്തരം സ്വഭാവഗുണങ്ങള്‍ സ്വന്തംജീവിതത്തിലുണ്ടോ  എന്നും അത് എന്തുവിലകൊടുത്തും ഈഗോയെ മറികടന്നും പുലര്‍ത്തും എന്ന് ദൃഢനിശ്ചയം ചെയ്യുക. താങ്കളുടെ പ്രതിശ്രുതവരന്‍ ഈ സ്വഭാവഗുണങ്ങളില്‍ എത്രമാത്രം ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് തിരിച്ചറിയുക. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹം സ്വയം വിലയിരുത്തുന്നത് എത്രമാത്രമെന്ന് മനസ്സിലാക്കുക. താങ്കള്‍ക്കും അദ്ദേഹത്തിനും ഈ സ്വഭാവഗുണങ്ങളില്‍ എത്രമാത്രം പുരോഗതിനേടാന്‍ കഴിയുമെന്ന് പരിശോധിക്കുക?

രണ്ടാമതായി,  ശരിയായ ആത്മീയവിദ്യാഭ്യാസവും  ശ്രദ്ധയും അപരനോടുള്ള പരിഗണനയും ഉണ്ടെങ്കില്‍ ആദ്യരാത്രി അവിസ്മരണീയഅനുഭവമാക്കി മാറ്റാവുന്നതേയുള്ളൂ. താങ്കളും ഭര്‍ത്താവും ഒരുമിച്ച് ചെലവഴിക്കുന്ന ആ രാത്രി വളരെ ആശ്വാസദായകവും സമാധാനപൂര്‍ണവും ആകേണ്ടതുണ്ട്. രണ്ടുകാരണങ്ങളാല്‍ ദമ്പതികളില്‍ മനഃസമ്മര്‍ദ്ദവും ആകാംക്ഷയും അധികരിക്കാറുണ്ട്.

1. നോവലുകളിലും സിനിമകളിലും അതിശയോക്തിപരമായി ചിത്രീകരിക്കുന്ന ആദ്യരാത്രിയെക്കുറിച്ച വിവരണം.

2. ലൈംഗികതയെക്കുറിച്ച അനാവശ്യമായ അതിപ്രാധാന്യം. യഥാര്‍ഥത്തില്‍ നവദമ്പതികള്‍ വിവാഹത്തിരക്കുകള്‍ മൂലം ക്ഷീണിതരായിരിക്കും.

മേല്‍വിവരിച്ച രണ്ടുസംഗതികളുടെയും ദോഷവശങ്ങള്‍ പരമാവധികുറക്കുംവിധമായിരിക്കണം നവദമ്പതികളുടെ ഇടപഴകല്‍. ആദ്യമായി രണ്ടുപേര്‍ക്കും കിട്ടുന്ന സ്വകാര്യനിമിഷങ്ങള്‍ അല്ലാഹുവിനെപ്രകീര്‍ത്തിക്കാനും തങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സദാഅനുഗ്രഹംവര്‍ഷിക്കാനും സച്ചരിതരായ സന്താനങ്ങളെ പ്രദാനംചെയ്യാനും പ്രാര്‍ഥിച്ചുകൊണ്ട് ചെലവഴിക്കാന്‍ കഴിയില്ലേയെന്ന് ആലോചിക്കുക.

പരസ്പരം സന്തോഷംകണ്ടെത്താനുള്ള ശ്രമങ്ങളല്ലാതെ മറ്റൊന്നിനും (ആശങ്ക, ഭയം, അന്തര്‍മുഖത്വം ) ഇടകൊടുക്കരുത്. ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ ആദ്യരാത്രിയില്‍ ശാരീരികബന്ധമാകുന്നത് നല്ലതാണ്. രണ്ടിലൊരാള്‍ക്ക് ക്ഷീണംതോന്നുകയോ ഉറങ്ങാന്‍ ആഗ്രഹമുണ്ടാവുകയോ ചെയ്താല്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ നടപടി സ്വീകരിക്കാം. പ്രത്യേകംശ്രദ്ധിക്കേണ്ടത്, ശരിയായ ആശയവിനിമയം ഉണ്ടാകണമെന്നതാണ്. യഥാര്‍ഥത്തില്‍ , വിവാഹജീവിതം നിശ്ചയിച്ചുറപ്പിക്കുന്നതിനുമുമ്പേ ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടിനെക്കുറിച്ചും ആദര്‍ശപ്രതിബദ്ധതയെക്കുറിച്ചും ഉള്ളുതുറന്ന് സംസാരിച്ചിരിക്കണം.

അവസാനമായി, ദാമ്പത്യജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വായനയിലൂടെ ഇസ്‌ലാമിലെ ദാമ്പത്യജീവിതസങ്കല്‍പത്തെക്കുറിച്ച് ഗ്രഹിക്കുക.’താങ്കള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന സങ്കല്‍പമെന്താണ്?’ എന്ന ഏറ്റവും മര്‍മഗ്രാഹിയായ ചോദ്യം താങ്കള്‍ക്കും പ്രതിശ്രുതവരനും  ചോദിക്കാന്‍ അവസരം ഒരുക്കുക. ആദ്യരാത്രിയെക്കുറിച്ച് ആശങ്കകളല്ല വേണ്ടത്. മറിച്ച്, അത് എത്രമാത്രം ആനന്ദദായകവും അവിസ്മരണീയവും ആക്കാമെന്ന ശുഭപ്രതീക്ഷകളാണ്. അല്ലാഹുവെ അധികമധികം സ്മരിക്കുകയും അവന്ന് നന്ദിപ്രകാശിപ്പിക്കുകയുംചെയ്യുക.

 

Topics