സാമൂഹികം-ഫത്‌വ

വാലന്റൈന്‍സ് ഡേ ആഘോഷിക്കാമോ ?

ചോദ്യം: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ?

ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ് ലാമിന്റെ പൊതുതത്വം. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാരരീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ് ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ  ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കണ്ടുവരുന്നു.

ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഇളംതലമുറയെപോലും തെറ്റിലേക്ക് വഴിനടത്തുന്നു എന്നതാണ് അനുഭവം.

ചരിത്രം
വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെടുത്തി കുറച്ചധികം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അവയിലൊന്ന് ഇവിടെ കുറിക്കാം.
മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ച ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കാലത്ത് വാലന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുദ്ധത്തില്‍ വീര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന് തോന്നിയ ചക്രവര്‍ത്തി വിവാഹം നിരോധിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ബിഷപ്പ് വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തി. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ ജയിലിലടച്ചു. അവിടെവെച്ച് അദ്ദേഹം അസ്റ്റീരിയസ് എന്ന ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് കാഴ്ച ലഭിച്ചു. വാലന്റൈന്റെ ഈ ബന്ധം അറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ തലവെട്ടാന്‍ കല്‍പിച്ചു. ക്രി. 270 ഫെബ്രുവരി 14 നായിരുന്നു ഈ സംഭവം. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് പെണ്‍കുട്ടിക്ക് ‘From Your Valentine’  എന്നൊരു കുറിപ്പ് ബിഷപ്പ് എഴുതിവെച്ചു. അതിനുശേഷമാണ് വാലന്റൈന്റെ ഓര്‍മക്കായി ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു.
പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ ‘വാലന്റൈന്‍സ് ബുക്ക്’ എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ-ശ്രാവ്യ- അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

ഇസ് ലാമിക കാഴ്ചപ്പാട്
വാലന്റൈന്‍സ് ഡേ ആഘോഷത്തെക്കുറിച്ച് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായ ഡോ. സഊദ് ഇബ് റാഹീം സ്വാലിഹ് പറയുന്നു: തീര്‍ച്ചയായും ഇസ് ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്. അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍, അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം'(അല്‍ഹുജുറാത്ത് : 10).
മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, സ്‌നേഹത്തിന്റെ ഏത് രൂപത്തിലും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന അല്ലാഹു കഴിഞ്ഞാല്‍, മഹാനായ പ്രവാചകന്‍  മുഹമ്മദ് നബി(സ)ക്കാണ് ലഭിക്കേണ്ടതെന്നതാണ്.

ആളുകളെ  പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള അവസരങ്ങള്‍ ഇസ് ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ, വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ഇസ് ലാം ശക്തിയായി എതിര്‍ക്കുന്നു. മാത്രമല്ല, വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ഇസ് ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒഴിവാക്കപ്പെടേണ്ടതാണ്.

വര്‍ഷം മുഴുവനും മനുഷ്യരെ സ്‌നേഹിക്കാനാണ് ഇസ് ലാം ആവശ്യപ്പെടുന്നത്; മറിച്ച് ഒരു വര്‍ഷത്തെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കി, ആ ദിവസം മാത്രം സ്‌നേഹിക്കാനല്ല.  മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം അവസരങ്ങള്‍ ആ ദിവസം സൃഷ്ടിക്കുമെന്നതിലും സംശയമില്ല. സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ഈ ആഘോഷം നീളുന്ന കാഴ്ചയാണ് വര്‍ത്തമാനം നമുക്ക് കാണിച്ചുതരുന്നത്. വാണിജ്യവല്‍ക്കരിക്കപ്പെട്ട ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ധാര്‍മിക മൂല്യച്യുതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

അവലംബം : ഓണ്‍ ഇസ് ലാം ഡോട്ട് നെറ്റ്‌

Topics