ശഹാദത്ത്

ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ തേട്ടം

‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ അതിന്റെ സമസ്തതാല്‍പര്യങ്ങളോടെ പ്രവാചകാനുചരരുടെ സവിശേഷ തലമുറയില്‍ അനിവാര്യമായും പ്രകടമാവേണ്ടതായിരുന്നുവെന്നും അവരുടെ ജീവിതത്തില്‍ ഈ വാക്യം വമ്പിച്ച സ്വാധീനം ചെലുത്തേണ്ടിയിരുന്നുവെന്നും അധികപേരും ധരിക്കുന്നു. കാരണം, അവര്‍ മുമ്പ് തനി മുശ്‌രിക്കുകളായിരുന്നുവല്ലോ! നേരെമറിച്ച്, ഇതില്‍ നിന്ന് ഭിന്നമായ ഒരു പാരമ്പര്യമുസ്‌ലിംസമൂഹമായിരുന്നു അവരെങ്കില്‍ ‘ലാ ഇലാഹ ഇല്ലല്ലാ’യുടെ കേവല സത്യപ്പെടുത്തലും അധരസാക്ഷ്യവും മാത്രമേ അവരില്‍നിന്ന് ഇസ്‌ലാം ആവശ്യപ്പെടുമായിരുന്നുള്ളൂവെന്നും അവര്‍ കരുതുന്നു. യഥാര്‍ഥത്തില്‍ പിന്തിരിപ്പന്‍ ചിന്ത മുസ്‌ലിംഉമ്മത്തിനോട് ചെയ്ത കടുത്ത അപരാധമാണ് ഈ ധാരണകള്‍. ‘ലാ ഇലാഹ ഇല്ലല്ലാ’യെ അതിന്റെ സാക്ഷാല്‍ ഉദ്ദേശ്യത്തില്‍നിന്ന് പടിപടിയായി ഊരിയെടുത്ത് വെറുമൊരു പൊള്ളവചനമായി മാറ്റിത്തീര്‍ത്തത്- മറ്റുപലഘടകങ്ങളുള്ളതോടൊപ്പം- ഈ ധാരണകളായിരുന്നു.

ഈ വികല ചിന്തയെ നിരൂപണം ചെയ്യുന്നതിന് മുമ്പ് മദീനയിലെ വിശ്വാസികളില്‍ ‘ലാഇലാഹ ഇല്ലല്ലാ’യുടെ ചിത്രമെന്തായിരുന്നുവെന്ന് നാമറിയണം.
‘ലാ ഇലാഹ ഇല്ലല്ലാ’യെക്കുറിച്ച ഭാഷണം മദീനയിലും മുറിഞ്ഞുപോയിട്ടുണ്ടായിരുന്നില്ല. വഴിയാരംഭത്തില്‍ ഓര്‍മപ്പെടുത്തി പിന്നീട് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറിപ്പോകേണ്ട ഒരു വര്‍ത്തമാനമല്ല ‘ലാ ഇലാഹ ഇല്ലല്ലാ’യുടേത്. പ്രത്യുത വഴിയാരംഭത്തില്‍ പറഞ്ഞ് , അണമുറിയാതെ തുടര്‍ന്ന് ഓരോ വിഷയത്തോടും ചേര്‍ന്ന് ചരിക്കേണ്ട ഒന്നത്രേ ഈ വചനം. ഈ വസ്തുത നന്നായി ബോധ്യപ്പെടുന്ന മദനീ സൂറകളില്‍ ഒന്നാണ് അല്‍ബഖറ അധ്യായം.

ഇസ്‌ലാമികരാഷ്ട്രം സ്ഥാപിതമായ ശേഷമുള്ള മദീനയിലെ പുതിയ സമൂഹത്തില്‍ , വിശ്വാസികളുടെ ജീവിതം ചിട്ടപ്പെടുത്താനാവശ്യമായ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യായമാണ് അല്‍ബഖറ. വിശ്വാസം ശരിയാംവിധം അടിയുറക്കുകയും നിര്‍ബന്ധമായ ആരാധനകള്‍ അനുഷ്ഠിക്കുകയും ചെയ്ത വിശ്വാസികളെ വര്‍ണിക്കുന്ന ഈ അധ്യായം ആരംഭിക്കുന്നതിങ്ങനെ: ‘അലിഫ് ലാം മീം, ഇതാണ് വേദഗ്രന്ഥം. ഇതില്‍ സംശയമില്ല. ദൈവഭക്തര്‍ക്ക് വഴികാട്ടിയാണ്. അഭൗതികസത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരുമാണ്. നിനക്കിറക്കിയ ഈ വേദഗ്രന്ഥത്തിലും നിന്റെ മുമ്പുള്ളവര്‍ക്കിറക്കിയവയിലും വിശ്വസിക്കുന്നവരാണിവര്‍. പരലോകത്തില്‍ അടിയുറച്ച ബോധ്യമുള്ളവരും. അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. അവര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.'(1-5).

ഹൃദയംതൊട്ടുള്ള അംഗീകാരവും അധരസാക്ഷ്യവും മുഖേനയുള്ള നിബന്ധന പൂര്‍ത്തിയാക്കിയെന്നുമാത്രമല്ല, നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരവും സകാത്തും നിഷ്ഠയോടെ ആചരിക്കുകയും ചെയ്ത മുഫ്‌ലിഹുകളും മുത്തഖികളും മുഅ്മിനുകളുമായ മദീനയിലെ വിശ്വാസികളോട് യഥാര്‍ഥത്തില്‍ എന്താണ് പറയുന്നത്? മതി, ആവശ്യമുള്ള ഈമാനൊക്കെയും നിങ്ങള്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്നാണോ, അതല്ല, അല്ലാഹു ഇന്നതുകൂടി നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നിങ്ങനെ പുതിയ ബാധ്യതകള്‍, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ബാക്കിവെക്കാതെ തികഞ്ഞ നിര്‍ബന്ധസ്വരത്തില്‍ ചുമതലപ്പെടുത്തുകയാണോ ?യഥാര്‍ഥത്തില്‍ അല്ലാഹു അവരുടെ മേല്‍ പുതിയ പുതിയ ബാധ്യതകള്‍ ഒന്നിനുപുറകെ മറ്റൊന്നായി അവതരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. കാരണം, അവരറിയണം ഈമാനെന്നാല്‍ വെറും സത്യപ്പെടുത്തലോ അധരാംഗീകാരം കൊണ്ടോ മാത്രം സാക്ഷാത്കരിക്കപ്പെടുന്ന കാര്യമല്ലെന്ന്. ഈമാനിനെ വിളിച്ചറിയിക്കുന്ന നിര്‍ണിതമായ കര്‍മങ്ങള്‍ കൂടി വേണ്ടതുണ്ട്. ‘നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതിലല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും ചിലവഴിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, കരാറുകളിലേര്‍പ്പെട്ടാല്‍ അത് പാലിക്കുക; പ്രതിസന്ധികളിലും വിപത്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമപാലിക്കുക, ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്‍മാര്‍. അവരാണ് സത്യംപാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്‍മാര്‍'(177).

‘വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു…..ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'(178-179).

‘നിങ്ങളിലാരെങ്കിലും മരണാസന്നരായാല്‍ അവര്‍ക്ക് ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ വസിയത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സൂക്ഷ്മതയുള്ളവര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രേ'(180).

വിവിധവിഷയങ്ങളിലായി ഒട്ടേറെ സൂക്തങ്ങള്‍ നമുക്ക് കാണാനാകും. വിസ്താരഭയത്താല്‍ തല്‍ക്കാലം ഒഴിവാക്കുകയാണ്. ലാ ഇലാഹ ഇല്ലല്ലായുടെ തേട്ടമായി മേല്‍സൂക്തങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യമിതാണ്: ദീന്‍ പൂര്‍ത്തിയായ വിളംബരമുണ്ടായതുമുതല്‍ ലാ ഇലാഹ ഇല്ലല്ലാഹ് വെറുമൊരു വര്‍ത്തമാനമല്ല. ഒരു ജീവിതരീതിയായി മാറിയിരിക്കുന്നു. ആദര്‍ശവും ആരാധനകളും പെരുമാറ്റശീലങ്ങളും കര്‍മങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജീവിതപദ്ധതി. അല്ലാഹുവിന്റെ ഏകത്വം ആദര്‍ശമായി അംഗീകരിച്ച, ആചാരാനുഷ്ഠാനങ്ങള്‍ അവന്നുമാത്രം സമര്‍പിക്കുന്ന, മറ്റുനിയമവ്യവസ്ഥകള്‍ കൈവെടിഞ്ഞ് അവന്റെ ശരീഅത്തനുസരിച്ചുമാത്രം വിധികല്‍പിക്കുന്ന, നിരവധി ചുമതലകളോടൊപ്പം ലാഇലാഹ ഇല്ലല്ലായുടെ സ്വഭാവഗുണങ്ങള്‍ സ്വന്തം പെരുമാറ്റമര്യാദകളായി മാറ്റിയെടുത്ത സമ്പൂര്‍ണജീവിതരീതി.

മക്കയിലവതരിച്ച അധ്യായങ്ങളില്‍ ആദര്‍ശവിശ്വാസത്തിന്റെ (അല്ലാഹു, മലക്കുകള്‍, പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, പരലോകം, ഖദ്ര്‍ ഭാഗത്തിനാണ് ഊന്നല്‍ നല്‍കിയത്. കൂട്ടത്തില്‍ ധാര്‍മികശിക്ഷണശീലങ്ങളും ശ്രദ്ധിച്ചു. ആരാധനാപരമായ ഒരു ചിഹ്നവും മക്കാകാലയളവില്‍ നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മദനീ അധ്യായങ്ങളില്‍ അല്ലാഹുവിന്റെ വിധികര്‍തൃത്വാധികാരം, ശരീഅത്തനുസരിച്ച് വിധികല്‍പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വശങ്ങള്‍ക്കാണ് മുന്തിയ പ്രാധാന്യമേകിയത്. എന്നല്ല, ഈ ഗുണങ്ങള്‍ ഈമാന്റെ ഉരകല്ലായി പരിഗണിക്കുകയുംചെയ്തു.

മുഹമ്മദ് ഖുത്വുബ്

About the author

padasalaadmin

Add Comment

Click here to post a comment

Topics