യസീദ്‌

യസീദ് (ഹി. 60-64, ക്രി. 680-684)

മുആവിയക്കു ശേഷം ഖലീഫയെ മുസ്‌ലിംകള്‍ കൂടിയാലോചിച്ച് നിശ്ചയിക്കണം എന്ന ഉപാധിയോടെയാണ് ഹസന്‍ബിന്‍അലി(റ) മുആവിയയ്ക്ക് ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തത്. എന്നാല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ട് മുആവിയ തന്റെ മകന്‍ യസീദിനെ പിന്‍ഗാമിയായി നിശ്ചയിച്ചു. യസീദിനെ ഖലീഫയായി നിശ്ചയിച്ച നടപടിയെ പ്രമുഖ സ്വഹാബിമാരായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), അബ്ദുര്‍റഹ്മാനുബുനു അബീബക്കര്‍(റ), ഹുസൈനുബ്‌നു അലി(റ) തുടങ്ങിയവര്‍ ശക്തിയായി എതിര്‍ത്തു. അബ്ദുര്‍റഹ്മാനുബ്‌നു അബീബകര്‍ ഇങ്ങനെ തുറന്നടിച്ചു: ”സ്വന്തം മക്കളെ പിന്‍ഗാമിയാക്കുന്നത് അബൂബക്കറിന്റെയും ഉമറിന്റെയും മാതൃകയല്ല. കിസ്‌റയുടെയും കൈസറിന്റെയും മാതൃകയാണ്.” ഈ എതിര്‍പ്പുകളും സ്വഹാബിമാരുടെ നിര്‍ദേശങ്ങളും മുആവിയ മുഖവിലയ്‌ക്കെടുത്തില്ല. സ്വപുത്രന്‍ യസീദിനെ ഖലീഫയായി നിശ്ചയിച്ചുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഖിലാഫത്തില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള മാറ്റത്തിനു വഴിമരുന്നിടുകയാണ് മുആവിയ ചെയ്തത്. എഴുപത്തി അഞ്ചാമത്തെ വയസ്സില്‍ മുആവിയ മരണമടഞ്ഞു.
മുആവിയയുടെ മരണത്തെത്തുടര്‍ന്ന് മകന്‍ യസീദ് ഖലീഫയായി സ്ഥാനമേറ്റു. സ്വമേധയാ ബൈഅത്ത് ചെയ്യാത്തവരോട് അധികാരമുപയോഗിച്ച് നിര്‍ബന്ധപൂര്‍വം അനുസരണപ്രതിജ്ഞ വാങ്ങുന്ന രീതിയാണ് യസീദ് സ്വീകരിച്ചത്. മദീനയില്‍ അനുസരണപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്നവരില്‍നിന്നു ബൈഅത്തു വാങ്ങാന്‍ അവിടുത്തെ ഗവര്‍ണറായിരുന്ന വലീദുബ്‌നു ഉത്തുബക്ക് യസീദ് ശക്തമായ നിര്‍ദേശം നല്‍കി. സമ്മര്‍ദ്ദത്തിനു വഴങ്ങി അബ്ദുല്ലാഹിബ്‌നു അബ്ബാസും അബ്ദുല്ലാഹിബ്‌നു ഉമറും ബൈഅത്തു ചെയ്‌തെങ്കിലും അബ്ദുല്ലാഹിബ്‌നു സുബൈര്‍ വിസമ്മതിക്കുകയും മക്കയിലേക്കു പോവുകയും ചെയ്തു.
ഹിജ്‌റ 26 ല്‍ ജനിച്ച യസീദ് ഗ്രാമത്തിലാണ് വളര്‍ന്നത്. മുപ്പത്തിനാലാമത്തെ വയസ്സില്‍ ഖലീഫയായി അധികാരമേറ്റ യസീദിന് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കാനുള്ള നയതന്ത്രജ്ഞതയോ അനുഭവസമ്പത്തോ ജീവിത വിശുദ്ധിയോ ഇല്ലായിരുന്നു.

കര്‍ബലാ സംഭവം
യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി യസീദ് ഖിലാഫത്ത് ഏറ്റെടുത്തത് മുസ്‌ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്‌നു അലിക്കു (നബിയുടെ പുത്രി ഫാത്വിമയുടെ പുത്രന്‍) കൂഫാനിവാസികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാന്‍ അവര്‍ ഹുസൈന്‍(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീര്‍ഘമായ കത്തിടപാടുകള്‍ക്കുശേഷം ബൈഅത്തു സ്വീകരിക്കാന്‍ തന്റെ പ്രതിനിധിയായി മുസ്‌ലിമുബ്‌നു ഉഖൈലിനെ അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്‌ലിമില്‍നിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹുസൈന്‍(റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതുപേര്‍ വരുന്ന സംഘവുമായി മക്കയില്‍നിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളില്‍ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഇമാം ഹുസൈന്‍ പിന്‍മാറിയില്ല.
കാര്യങ്ങള്‍ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിര്‍ദയനുമായ അബ്ദുല്ലാഹിബ്‌നു സിയാദിനെ കൂഫയിലെ ഗവര്‍ണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇബ്‌നു സിയാദിനെ ഭയപ്പെട്ട കൂഫക്കാര്‍ ഇമാം ഹുസൈനു നല്‍കിയ പിന്തുണ പിന്‍വലിക്കുകയും മുസ്‌ലിമുബ്‌നു ഉഖൈലിനെ പിടികൂടാന്‍ ഇബ്‌നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാള്‍ മുസ്‌ലിമിനെ ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്‌ലിമിന്റെ മരണവാര്‍ത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈന്‍ മക്കയിലേക്കുതന്നെ മടങ്ങിപ്പോകാന്‍ ഒരുങ്ങി. എന്നാല്‍ വധിക്കപ്പെട്ട മുസ്‌ലിമിന്റെ കുടുംബക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടര്‍ന്നു.
ഹുസൈനും സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കര്‍ബല’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇബ്‌നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താന്‍ വന്നതെന്നും അവര്‍ക്കാവശ്യമില്ലെങ്കില്‍ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈന്‍ അവരെ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ ഇബ്‌നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കല്‍പനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോള്‍ ഹുസൈന്‍ ഇപ്രകാരം പറഞ്ഞു: ”ഒന്നുകില്‍ യസീദിനെ ചെന്നു കാണാന്‍ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊള്ളാം. അല്ലെങ്കില്‍ മടങ്ങിപ്പോകാനോ അതിര്‍ത്തിയിലേക്കുപോയി ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”
പക്ഷേ, ഹുസൈന്റെ ഒരു ഉപാധിയും ഇബ്‌നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ പുത്രന്‍ ധീരനായ ഹുസൈന്‍ ബിന്‍ അലി(റ) ജീവന്‍ നല്‍കി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നില്‍ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്‍മാര്‍ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ഹുസൈന്റെ പുത്രന്‍ ബാലനായ സൈനുല്‍ ആബിദീനും സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്‌നു സിയാദിന്റെ അടുക്കലെത്തി. ഇബ്‌നു സിയാദ് അവരെ ദമസ്‌കസില്‍ യസീദിന്റെ അടുക്കലേക്കയച്ചു.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഈ സംഭവം നടന്നത് ഹിജ്‌റ 61 മുഹര്‍റം 10 ന് ആയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലവുമായി ബന്ധപ്പെടുത്തി ‘കര്‍ബലാ സംഭവം’ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.

ഹര്‍റ സംഭവം
ഇമാം ഹുസൈന്‍(റ)നെയും കുടുംബാദികളെയും ക്രൂരമായി രക്തസാക്ഷികളാക്കിയ സംഭവം മുസ്‌ലിം ലോകത്തിനു സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നതിനപ്പുറമായിരുന്നു. അതിനാല്‍ മദീനയില്‍ ഇതിനു ശക്തമായ പ്രതികരണമുണ്ടായി. മദീനക്കാര്‍ യസീദിനു നല്‍കിയ അംഗീകാരം പിന്‍വലിച്ചു. മാത്രമല്ല, അബ്ദുല്ലാഹിബ്‌നു സുബൈറിനെ ഖലീഫയായി ബൈഅത്തു ചെയ്യുകയും ചെയ്തു. യസീദിന്റെ ഗവര്‍ണറായ ഉസ്മാനെ അവര്‍ നാട്ടില്‍നിന്ന് ആട്ടിയോടിച്ചു.
ഈ സംഭവ വികാസങ്ങള്‍ അറിഞ്ഞയുടനെ യസീദ് ഉഖ്ബയുടെ നേതൃത്വത്തില്‍ പന്ത്രണ്ടായിരം പേരടങ്ങുന്ന സൈന്യത്തെ മദീനയിലേക്കയച്ചു. മദീനക്ക് വെളിയില്‍ ‘ഹര്‍റ’ എന്ന സ്ഥലത്തെത്തിയ സേന മദീനയിലെ ജനങ്ങള്‍ക്കു കീഴടങ്ങുവാന്‍ മൂന്നു ദിവസത്തെ സാവകാശം നല്‍കി. മദീനക്കാര്‍ വഴങ്ങാതെ വന്നപ്പോള്‍ സേന മദീനയില്‍ അതിക്രമിച്ചു കടന്നു. മൂന്നു ദിവസം അവിടെ അവര്‍ കൊള്ളയും കൂട്ടനരമേധവും നടത്തി. മുമ്പൊരിക്കലും മുസ്‌ലിം സേന സാധാരണ ജനങ്ങളോട് ഇത്ര ക്രൂരമായി പെരുമാറിയിട്ടില്ല. നിരവധി സ്വഹാബികളുടെ മരണത്തിനും മദീനാ പട്ടണത്തിന്റെ തകര്‍ച്ചക്കും കാരണമായ ഈ സംഭവം ‘ഹര്‍റ സംഭവം’ എന്ന പേരിലറിയപ്പെടുന്നു.

മക്ക ഉപരോധവും യസീദിന്റെ അന്ത്യവും
അബ്ദുല്ലാഹിബ്‌നു സുബൈറിനെ ഖലീഫയായി അംഗീകരിച്ച മക്കയിലും ഈജിപ്തിലും ഇറാഖിലും അദ്ദേഹത്തിന്റെ ഖിലാഫത്ത് നിലവില്‍ വന്നു. യസീദിന്റെ സേന മക്കയിലേക്കു തിരിച്ചു. വഴിക്കുവെച്ച് സൈന്യാധിപന്‍ മുസ്‌ലിം മരണപ്പെട്ടു. തല്‍സ്ഥാനം ഹുസൈനുബ്‌നു നുമൈര്‍ ഏറ്റെടുത്തു. ഉപരോധത്തിനു വഴങ്ങാതിരുന്ന മക്കക്കാരുമായി ഏറ്റുമുട്ടി ‘മിന്‍ജനീഖ്’ (പീരങ്കി പോലുള്ള ഒരായുധം. വെടിയുണ്ടക്കു പകരം വലിയ പാറക്കല്ലുകള്‍ തൊടുത്തുവിടുന്നത്) ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ കഅ്ബക്കുപോലും സാരമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അതിനിടെ ദമസ്‌കസില്‍ യസീദിന്റെ മരണവാര്‍ത്ത അറിഞ്ഞ സൈന്യം ആക്രമണം മതിയാക്കി തിരിച്ചുപോയി.
നാലുകൊല്ലത്തെ ഭരണത്തിനുശേഷം ഹി. 64 ല്‍ മരണമടഞ്ഞ യസീദ് തന്റെ മകന്‍ മുആവിയ രണ്ടാമനെയാണ് പിന്‍ഗാമിയായി നിയമിച്ചത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics