മൈമൂന(റ)

മൈമൂന ബിന്‍ത് ഹാരിസ്(റ)

ബര്‍റ എന്നായിരുന്നു ആദ്യത്തെ പേര്. നബിയുമായുള്ള വിവാഹശേഷം മൈമൂന എന്ന് മാറ്റി. മൈമൂനയുടെ പിതാവ് ഹാരിസും മാതാവ് ഹിന്ദുമാണ്. ഹാരിസിന് 16 പെണ്‍മക്കളുണ്ടായിരുന്നു. മൈമൂനയുടെ ആദ്യഭര്‍ത്താവ് മസ്ഊദുബ്‌നു അംറായിരുന്നു. പിന്നീട് അബൂറഹം എന്ന ആളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടു.
ഖൈബര്‍ യുദ്ധം കഴിഞ്ഞു. ഹുദൈബിയ്യാ സന്ധിയിലെ വ്യവസ്ഥയനുസരിച്ച് ഹിജ്‌റ ഏഴാം വര്‍ഷം നബിയും സ്വഹാബിമാരും ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍വെച്ച് നബി(സ) മൈമൂനയെ വിവാഹം ചെയ്തു.
സല്‍സ്വഭാവിയും ബുദ്ധിമതിയുമായിരുന്നു മൈമൂന(റ). ശര്‍ഇന്റെ വിധിവിലക്കുകള്‍ അക്ഷരംപ്രതി പാലിക്കും. സുന്നത്തിനു വിപരീതമായി വല്ലതും കണ്ടാല്‍ തല്‍സമയം അത് തിരുത്തുകയും ചെയ്തു. സ്‌നേഹത്തിന്റെയും സല്‍സ്വഭാവത്തിന്റെയും നിറകുടമായിരുന്നു മൈമൂന. അടിമസ്ത്രീകളെ ധാരാളമായി വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. അവരുടെ ഈ സല്‍ക്കര്‍മത്തെ നബി(സ) പുകഴ്ത്തുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
മൈമൂന(റ) ഒരിക്കലും വെറുതെയിരിക്കുന്നത് കാണുകയില്ല. വീട്ടു പണികളിലോ സുന്നത്ത് നമസ്‌കാരങ്ങളിലോ മറ്റെന്തെങ്കിലും ജോലിയിലോ വ്യാപൃതയായിരിക്കും. തഖ്‌വയിലും കുടുംബബന്ധം പുലര്‍ത്തുന്നതിലും തങ്ങളെയെല്ലാം പിന്നിലാക്കുമായിരുന്നു മൈമൂനയെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. 46 ഹദീസുകള്‍ മൈമൂനയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹി. 51ല്‍ മൈമൂന ഇഹലോകവാസം വെടിഞ്ഞു. വിവാഹാനന്തരം നബി(സ)യുമായി ഒന്നാമത്തെ കൂടിക്കാഴ്ച നടന്ന സരിഫിലാണ് മൈമൂന നിര്യാതയായത്. ഇബ്‌നുഅബ്ബാസ് ജനാസ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. നബി(സ)യുടെ അവസാനത്തെ പത്‌നിയാണ് മൈമൂന(റ).

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured