ചോദ്യം: മക്കളുടെ ഉയര്‍ച്ചയും നന്‍മയും കൊതിച്ച് അവര്‍ക്കുവേണ്ടി എന്തുത്യാഗം ചെയ്യാനും സന്നദ്ധരായ മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാല്‍ എന്റെ കുടുംബത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ചെറുപ്പംമുതല്‍ക്കേ ,സദാസമയം വഴക്കടിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെയാണ് ഞാന്‍ കാണുന്നത്. മാതാപിതാക്കള്‍ തമ്മില്‍ വല്ലപ്പോഴും കലഹിക്കുന്നത് അത്ര വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇനി തമ്മില്‍ മനപ്പൊരുത്തമില്ലാത്ത മാതാപിതാക്കളാണെങ്കിലും മക്കള്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തി സാമ്പത്തികസൗകര്യങ്ങള്‍ ഉണ്ടായാല്‍ മുന്‍കാല കഷ്ടപ്പാടുകള്‍ മറന്ന് അവര്‍ സമാധാനപ്രിയരാകും. പക്ഷേ എന്റേത് അങ്ങേയറ്റം സങ്കടകരമാണ്. പ്രഭാതംമുതല്‍ രാത്രി കിടക്കുംവരെ പരസ്പരം ശണ്ഠ കൂടുന്ന മാതാപിതാക്കളാണ് എനിക്കുള്ളത്. നിസ്സാരമായ കാര്യങ്ങളില്‍ തുടങ്ങുന്ന വര്‍ത്തമാനം ചീത്തവിളിയും ശാപവും പൊട്ടിത്തെറിയുമൊക്കെയായി രാത്രി കിടക്കുംവരെ നീളുന്നു. എന്റെ ജീവിതം നശിച്ചുവെന്ന് ഞാന്‍ കരുതുന്നു. മറ്റൊരു നാട്ടില്‍ ബിരുദത്തിന് പഠിക്കുകയാണ് ഞാന്‍. വീട്ടിലെ അവസ്ഥകള്‍ ദൂരെ പോയിപഠിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കിയെന്നതാണ് വസ്തുത.
അങ്ങനെയിരിക്കെ , ഒരു ദിവസം ഉമ്മ ഫോണില്‍ വിളിച്ച് പ്രമേഹരോഗം നിര്‍ണയിച്ച കാര്യം എന്നോടുപറഞ്ഞു. അത് ഭക്ഷണനിയന്ത്രണം പാലിച്ചാല്‍ സുഖപ്പെടുത്താവുന്നതേയുള്ളൂ എന്ന് അവരെ ഞാന്‍ ആശ്വസിപ്പിച്ചു. എന്നാല്‍ അന്നുതൊട്ട് മറ്റൊരു പ്രശ്‌നം ആരംഭിച്ചു. ഉമ്മയും ബാപ്പയും അങ്ങോട്ടുമിങ്ങോട്ടും വിവാഹേതരബന്ധത്തെക്കുറിച്ച ആരോപണങ്ങളുന്നയിക്കാന്‍ തുടങ്ങി. അതോടെ സൈ്വരക്കേട് പതിന്‍മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ അത് അഗ്നിപര്‍വതംകണക്കെ ജ്വലിക്കുകയാണ്.
ഉമ്മയെയും ബാപ്പയെയും സമാധാനിപ്പിക്കാന്‍ ഞാന്‍ പലതുംചെയ്തുനോക്കി. സ്‌നേഹത്തോടെ ഉപദേശിച്ചു. ഒരുമിച്ചിരുത്തിയും തനിച്ചും അവരെ ഗുണദോഷിച്ചു. തമാശരൂപത്തില്‍ വിഷയം അവതരിപ്പിച്ചു. നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും അവരെ അണിയിച്ചും പരീക്ഷയ്ക്ക് മിന്നുന്ന വിജയം കരസ്ഥമാക്കിയും അവരെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിച്ചു. അല്ലാഹുവോട് പ്രാര്‍ഥിച്ചു. എല്ലാം ചെയ്തുനോക്കി. പക്ഷേ ഒന്നും ഫലിച്ചില്ല.
അല്ലാഹുവിലുള്ള പ്രതീക്ഷയും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആദ്യമൊക്കെ പരീക്ഷണമാണിതെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ബിരുദപഠനം പൂര്‍ത്തിയാക്കാനായില്ല. കാരണം, ചില വിഷയങ്ങളില്‍ ഞാന്‍ തോറ്റു.
അടുത്തിടെ, എനിക്ക് വിഷാദരോഗമാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്റെ ഓര്‍മശക്തിയും ആത്മവിശ്വാസവും തീര്‍ത്തും നഷ്ടപ്പെട്ടു. വ്യക്തിത്വവികാസത്തിന് സഹായിക്കുന്ന ഒട്ടേറെ വീഡിയോകളും പ്രഭാഷണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. നല്ല സുഹൃത്തുക്കളുമായി ചങ്ങാത്തവുമുണ്ട്. പക്ഷേ എനിക്ക് വിജയംകണ്ടെത്താനുള്ള ആത്മവിശ്വാസം ചോര്‍ന്നതുപോലെ തോന്നുന്നു.
മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യാത്ത സന്താനങ്ങള്‍ ശപിക്കപ്പെട്ടവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സന്താനങ്ങളുടെ ജീവിതം നശിപ്പിച്ച മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറിയില്ലെങ്കിലും അവരുടെ ജീവിതം ശാപഗ്രസ്തമായിരിക്കുമോ? എന്നെ സഹായിക്കില്ലേ?
ഉത്തരം: താങ്കളകപ്പെട്ട വിഷമസന്ധി എത്രമാത്രമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. താങ്കളുടെ ക്ഷമയ്ക്കും സ്ഥൈര്യത്തിനും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ തീരുമാനങ്ങളെയും കല്‍പനകളെയും ഉള്‍ക്കൊള്ളാനുള്ള താങ്കളുടെ മനസ്സിനെ പ്രശംസിക്കുന്നു. വൈകാതെതന്നെ താങ്കള്‍ക്ക് പഠനം വിജയകരമാക്കാനും ജീവിതം ആശ്വാസദായകമാക്കാനും കഴിയും.
ഇഹലോകം പരീക്ഷണമെന്ന് പൊതുവെ പറയാമെങ്കിലും പരീക്ഷണഘട്ടത്തില്‍ കൈക്കൊള്ളേണ്ട കാര്യങ്ങളെപ്പറ്റി അത് കൃത്യമായി പഠിപ്പിക്കുന്നുണ്ട്. താങ്കളുടെ പരീക്ഷണനാളുകള്‍ നാളെ പ്രതീക്ഷകളുടെ മറ്റൊരു ഹാവഭാവങ്ങള്‍ സ്വീകരിച്ചേക്കുമെന്ന് തിരിച്ചറിയുക.
ഉമ്മയും ബാപ്പയും തമ്മിലുള്ള വാക്കുതര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും എത്രമാത്രം താങ്കളെ വിഷമിപ്പിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാധ്യമാകുന്നത്ര ശ്രമിക്കുക. താങ്കളുടെ വിഷാദാവസ്ഥയും ഓര്‍മശക്തിയില്ലായ്മയും വീട്ടിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടായതാണെന്ന് അവരെ സമചിത്തതയോടെ ധരിപ്പിക്കുക.
ദാമ്പത്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളുണ്ടാകും . എന്നാല്‍ അതെല്ലാം മറ്റുള്ളവരെ അറിയിക്കുന്ന വിധത്തിലാവരുതെന്ന് മാത്രം. വളരെ ചെറിയ കുട്ടികളുടെ മുമ്പില്‍ പോലും അത്തരം വാക്കേറ്റങ്ങള്‍ പാടില്ല. പരസ്പരം വഴക്കടിക്കുന്നത് കുട്ടികളുടെ മാനസികനിലയെ ദോഷകരമായി ബാധിക്കുന്നതാണ്. എപ്പോഴെങ്കിലും ശാന്തമായ അന്തരീക്ഷം താങ്കളുടെ വീട്ടിലുണ്ടായാല്‍ അവരുടെ തര്‍ക്കവിതര്‍ക്കങ്ങള്‍ എത്രമാത്രം ഗാര്‍ഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക. അതൊരിക്കലും അവരുടെ തര്‍ക്കവിതര്‍ക്കങ്ങളില്‍ ഇടപെട്ടുകൊണ്ടായിരിക്കരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടിലെ പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ തമ്മിലുള്ള വാഗ്വാദങ്ങളുടെ ഫലമായുണ്ടായിരിക്കെ താങ്കളുടെ കുഴപ്പംകൊണ്ടാണെന്ന ആത്മനിന്ദാസമീപനത്തിന്റെ ആവശ്യമില്ല. പകരം, അല്ലാഹുവിങ്കല്‍നിന്നുള്ള പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ഗുണാത്മകവശത്തിലൂടെ കാണുകയാണ് വേണ്ടത്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ സ്ഥൈര്യത്തോടെ അടിയുറച്ചുനില്‍ക്കുന്നവര്‍ക്ക് ഒട്ടേറെ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്കറിയാവുന്നതാണല്ലോ.
ആദ്യകാലത്ത് മുഹമ്മദ് നബിയും അനുയായികളും നേരിട്ട ഉപദ്രവങ്ങളും ആക്ഷേപങ്ങളും നമുക്കറിയാവുന്നതാണല്ലോ. ഇന്ന് നാം അനുഭവിക്കുന്നതിന്റെ എത്രയോ പതിന്‍മടങ്ങായിരുന്നു അവയെല്ലാം! എല്ലാ പ്രവാചകന്‍മാരെയും അല്ലാഹു വളരെയേറെ ഇഷ്ടപ്പെട്ടു എന്ന യാഥാര്‍ഥ്യത്തോടൊപ്പം അവര്‍ കഠിനമായി പരീക്ഷിക്കപ്പെടുകയുംചെയ്തു എന്ന് നാം മറക്കരുത്. താങ്കള്‍ നേരിട്ട ഈ പരീക്ഷണങ്ങള്‍ ഈമാനിക കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.
നമ്മുടെ കാലില്‍ മുള്ളുകൊള്ളുന്നതുപോലും പാപം പൊറുക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് നബിതിരുമേനി (സ) പഠിപ്പിക്കുന്നു. താങ്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമങ്ങളേറിയ പരീക്ഷണം മറികടക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് അല്ലാഹുവിന്നറിയാം. മാത്രമല്ല, അതുവഴി താങ്കളുടെ സകലപാപങ്ങളും പൊറുക്കപ്പെടുകയുംചെയ്യുന്നു.
പരീക്ഷണം കഠിനമാകുന്നതിനനുസരിച്ച് ഈ ഘട്ടത്തിലുള്ള ക്ഷമക്കും സഹനത്തിനും അളവറ്റ പ്രതിഫലമുണ്ട്. അതോടൊപ്പം ഈ ഘട്ടം അല്ലാഹുവോടുള്ള താങ്കളുടെ ഇഷ്ടം പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലെല്ലാം താങ്കള്‍ വിജയിച്ചിരിക്കുന്നുവെന്ന് താങ്കള്‍ക്ക് ഉറപ്പിക്കാം.
‘ഒരാളെയും അയാളുടെ കഴിവിന്നപ്പുറമുള്ളതിന് അല്ലാഹു നിര്‍ബന്ധിക്കുന്നില്ല ‘(അല്‍ബഖറ 286).
നബിതിരുമേനി(സ) പറഞ്ഞു: ക്ഷീണമോ, രോഗമോ, ദുഃഖമോ, സങ്കടമോ , മുറിവോ തുടങ്ങി യാതൊന്നും വിശ്വാസിയുടെ മേല്‍ പതിക്കുന്നില്ല; എന്തിന് അവന്റെ കാലില്‍ മുള്ളുകൊള്ളുന്നതും അല്ലാഹു അവന്റെ പാപമോചനത്തിന് നിമിത്തമാക്കിയിട്ടല്ലാതെ(സ്വഹീഹുല്‍ ബുഖാരി).
മറ്റുള്ളവരുടെ പ്രവൃത്തികള്‍ നമ്മുടെ മനസ്സിനെ അതിയായി വേദനിപ്പിക്കുമ്പോള്‍ ക്ഷമകെട്ട് സ്വയംമറന്ന് നാം പ്രതികരിച്ചുപോകുന്ന അവസ്ഥയുണ്ടായേക്കും. അതിനാല്‍ അത്തരം അവിവേകങ്ങളെ കരുതിയിരിക്കണം. അല്ലാഹുവുമായി സദാ പ്രാര്‍ഥിച്ചുകൊണ്ട് സഹായംഅഭ്യര്‍ഥിക്കുക. ഖുര്‍ആന്‍ അധികമായി വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ആത്മീയശക്തി കരുപ്പിടിപ്പിക്കുക. അതോടൊപ്പം അല്ലാഹുവിനെ അത്യധികമായി ഓര്‍ക്കുക. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക. വ്യായാമത്തിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക. കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നത് വീട്ടിലെ പ്രശ്‌നങ്ങളില്‍നിന്ന് മനസ്സിന് ആശ്വാസം പകരും.
താങ്കള്‍ സൂചിപ്പിച്ചതുപോലെ വ്യക്തിത്വവികാസത്തിനും ആത്മവിശ്വാസപരിപോഷണത്തിനും സഹായകമായ പ്രഭാഷണങ്ങളും വീഡിയോകളും കേട്ടും കണ്ടും സമയം ചെലവഴിക്കുക. എല്ലാറ്റിനെയും ഗുണാത്മകവശത്തിലൂടെ കാണുക. ഇന്‍ ശാ അല്ലാഹ്, താങ്കളുടെ ഭാവിയിലെ ദിനങ്ങള്‍ ശോഭനമാവുകതന്നെ ചെയ്യും.
ഹന്ന മോറിസ്
Add Comment