കൗണ്‍സലിങ്‌ വ്യക്തി

ഭാര്യയെ വിദേശത്തേക്ക് കൂട്ടുന്നതില്‍ ഉമ്മയ്ക്ക് എതിര്‍പ്പ്

ചോ: ഞാന്‍  ആറുമാസംമുമ്പ് വിവാഹിതനായി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭാര്യയുമായി അധികനാള്‍ സഹവസിക്കാനായില്ല. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ് എനിക്ക് വിദേശത്ത് ജോലി തരപ്പെട്ടു. ഇപ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടാന്‍ ഉദ്ദേശിക്കുന്നു. ഇനിയാണ് പ്രശ്‌നങ്ങളുടെ തുടക്കം.  ഭാര്യയെ കൊണ്ടുപോകുന്നത് ഉമ്മായ്ക്ക് തീരെ ഇഷ്ടമല്ല. മകനെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. മാത്രമല്ല, അക്കാരണത്താല്‍ ഭാര്യയോട് മോശമായാണ് ഉമ്മ പെരുമാറുന്നത്. ഈ വിഷയത്തില്‍ ഉമ്മയുമായി വാഗ്വാദത്തിലേര്‍പ്പെടേണ്ടിവന്നു എനിക്ക്. ഞാന്‍ എപ്പോഴും ഭാര്യയുടെ പക്ഷം പിടിക്കുന്നുവെന്നാണ് ഉമ്മയുടെ പരാതി. പക്ഷേ, തെറ്റ് ഉമ്മയുടെ പക്ഷത്താണെന്ന് എനിക്കറിയാം. ഈ വിഷയത്തെ എങ്ങനെ കൈകാര്യംചെയ്യുമെന്നറിയാതെ വിഷമത്തിലാണ് ഞാന്‍. മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: താങ്കളുടെ വിവാഹജീവിതത്തിന് മംഗളങ്ങള്‍ നേരുന്നു. ജീവിതസൗഖ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു.

ചില പ്രത്യേകസമൂഹങ്ങളിലും സംസ്‌കാരങ്ങളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഇനി ഭാവിയില്‍ തന്നോട് വേണ്ടത്ര സ്‌നേഹം പ്രകടിപ്പിക്കില്ലെന്ന ആശങ്ക ഈയിടെ വിവാഹിതനായ താങ്കളെ സംബന്ധിച്ച്  ഉമ്മയ്ക്കുണ്ട്. താങ്കളുടെ ഈ നിരീക്ഷണം ശരിയാകാനാണിട.

ഉമ്മയ്ക്ക് ഇത്തരമൊരു മാനസികാവസ്ഥ ഉള്ളതിനാല്‍ അവര്‍ ഏറെ ഭയചകിതയാണ്. മകന്‍ തന്നില്‍നിന്ന് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഉമ്മയെ അവഗണിക്കണമെന്ന യാതൊരു ചിന്തയും താങ്കള്‍ക്കില്ലതാനും. ഭാര്യ ഉമ്മയെ കോപാകുലയാക്കാന്‍ ഒന്നുംചെയ്യുന്നില്ലെങ്കില്‍ പോലും  ഉമ്മയുടെ ഭയം ഭാര്യയുടെ നേര്‍ക്കുള്ള കോപമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.

ഭാര്യയെ തന്റെ കൂടെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ ഭയം മൂലം ചെറുക്കാനാണ് ഉമ്മ ശ്രമിക്കുന്നത്. കോപത്തിന്റെ മുഖപടമണിഞ്ഞ ആ ഭയം എന്നത് തനിക്ക് ഒട്ടുംഭീഷണിയല്ലാത്ത വ്യക്തിയോടോ ,സംഗതികളോടൊ ഉള്ള ദേഷ്യമായിരിക്കും. അതിനാല്‍ തന്നെ അവഗണിക്കാന്‍ സാധ്യതയുള്ള മകനോട് ദേഷ്യംപ്രകടിപ്പിക്കുന്നതിനുപകരം അത് ഭാര്യയുടെ നേര്‍ക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.

ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരം  ഉമ്മയുടെ മാനസികവ്യഥകളെ അഭിമുഖീകരിക്കുകയെന്നതാണ്. താങ്കള്‍ ഉമ്മയെ ഏറ്റവും നന്നായി പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നും സ്‌നേഹിക്കുന്നുവെന്നും ഉമ്മയെ ബോധ്യപ്പെടുത്തുക. അക്കാര്യത്തില്‍ വിവാഹം യാതൊരു തടസ്സങ്ങളോ  പ്രയാസങ്ങളോ സൃഷ്ടിച്ചിട്ടില്ലെന്ന് അതുവഴി അവര്‍ മനസ്സിലാക്കട്ടെ.

ഭാര്യയോടുള്ള ഉമ്മയുടെ പെരുമാറ്റം കാരണമായി പലപ്പോഴും അവരോട് വാഗ്വാദത്തിലേര്‍പ്പെട്ടുവെന്ന് സൂചിപ്പിച്ചല്ലോ. അവരുടെ ഭയത്തെ താങ്കള്‍ വേണ്ടവിധത്തില്‍ പരിഹരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉമ്മയുമായി സംസാരിക്കുമ്പോള്‍ ഉമ്മയ്ക്ക് അതെങ്ങനെ അനുഭവപ്പെടുമെന്നും എന്തുകൊണ്ടങ്ങനെ അവര്‍ ചിന്തിക്കുമെന്നും താങ്കള്‍ ഓര്‍ത്തുകൊണ്ടായിരിക്കണം അത് തുടരേണ്ടത്.

ഉമ്മയുടെ ആശങ്കകളെ താങ്കള്‍ വിലമതിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. അതുവഴി ഭാര്യയോടൊപ്പമുള്ള മകന്റെ ജീവിതം താനുമായുള്ള അടുപ്പത്തെ ബാധിക്കില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ. ഇത് ഒരു തുടര്‍പ്രക്രിയയായതുകൊണ്ട് സമയവും കാലവും വേണ്ടിവരും. അതിനുള്ള ക്ഷമ താങ്കള്‍ കാട്ടിയേ തീരൂ.

സാധാരണ നിലക്ക് വ്യക്തികള്‍ തീരുമാനമെടുക്കുമ്പോള്‍ പ്രതിസന്ധിയെ താല്‍ക്കാലികമായി കൈകാര്യംചെയ്യുന്നതിനുപകരം വലിയ ഒരു ‘ചിത്രം’ മുന്നില്‍ കാണേണ്ടതുണ്ട്.  ഭാര്യയോട് ഈര്‍ഷ്യപ്രകടിപ്പിച്ചും മോശമായി പെരുമാറിയും ഉമ്മയെ തൃപ്തിപ്പെടുത്താന്‍ വളരെ എളുപ്പമായിരിക്കാം. അതുപക്ഷേ, ദീര്‍ഘകാലദാമ്പത്യത്തിന് കൊടിയപരിക്കേല്‍പിക്കുമെന്നതാണ് വാസ്തവം. ഉമ്മ ക്രമേണ ദേഷ്യക്കാരിയായി മാറുകയായിരിക്കും അതിന്റെ ഫലം. മുസ്‌ലിംകളെന്ന നിലക്ക് നമുക്ക് സത്യത്തിന്റെയും നന്മയുടെയും പാതയാണ് അവലംബിക്കാനുള്ളത്. മാതാപിതാക്കള്‍ക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്. ഭാര്യക്കും നിങ്ങളുടെ മേല്‍ അവകാശമുണ്ട്. ഒരാളെ മറ്റൊരാള്‍ക്കുവേണ്ടി ബലിനല്‍കാന്‍ പാടില്ല.

അതിനാല്‍ ഉമ്മയുടെ വികാരവിചാരങ്ങളെ അഭിമുഖീകരിക്കുക. കാര്യങ്ങള്‍ അവരോട് തുറന്നുസംസാരിക്കുക. മാതാവുമായി ബന്ധം ഊഷ്മളമാക്കാന്‍  ഔത്സുക്യമുണ്ടെന്ന് അവര്‍ അതുവഴി മനസ്സിലാക്കും. അടുത്തപടിയായി ചെയ്യേണ്ടത്, താങ്കളുടെ മനോഗതത്തെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഉമ്മയും ഭാര്യയുമായി ഉള്ള ബന്ധം രണ്ടുതരത്തിലുള്ളതാണെന്ന് അവരെ മനസ്സിലാക്കിക്കൊടുക്കുക. ഭാര്യതന്നോടൊപ്പം വിദേശത്തേക്ക് വരേണ്ടതിന്റെ ആവശ്യകതയെന്തെന്ന് അവര്‍ തിരിച്ചറിയാന്‍ അത് സഹായിക്കും. ഒരു മനുഷ്യന്‍ എന്ന നിലക്ക് ജീവിതപങ്കാളിയോടും മാതാപിതാക്കളോടും മക്കള്‍ക്കുണ്ടാകേണ്ട ബന്ധം ഊഷ്മളമായിരുന്നാല്‍ മാത്രമേ സുഖകരമായ കുടുംബജീവിതം സാധ്യമാകുകയുള്ളൂ.

ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള താങ്കളുടെ തീരുമാനത്തെ മാതാവ് അംഗീകരിക്കാന്‍ തയ്യാറായെന്നുവരില്ല. എന്നിരുന്നാലും വീട്ടിലെ ഒരംഗത്തിന്റെ അസൂയയെത്തുടര്‍ന്ന് ഭാര്യയുമായി വേറിട്ടുതാമസിക്കേണ്ടിവരികയെന്നത് ഭൂഷണമല്ല. അതിനാല്‍ അല്ലാഹു നിര്‍ദ്ദേശിച്ച സുഖകരവും ശാന്തവുമായി കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുത്ത് നല്ല കുട്ടികളെ വളര്‍ത്തിയെടുക്കുകയെന്നത് താങ്കളുടെ ചുമതലയാണ്. അവസാനമായി പറയട്ടെ, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മാതാവുമായി നല്ലരീതിയില്‍ പെരുമാറുക. അല്ലാഹു താങ്കള്‍ക്ക് കാര്യങ്ങളെ മനസ്സിലാക്കി വിവേകത്തോടെയും ക്ഷമയോടെയും വര്‍ത്തിക്കാന്‍ അനുഗ്രഹിക്കട്ടെ.

 

Topics