തെറ്റുധാരണകള്‍ മുഹമ്മദ്‌

പ്രവാചകന് ഭാര്യമാരെക്കുറിച്ച ആശങ്ക?

പ്രവാചകഭവനത്തില്‍ അനുയായികള്‍ വരുന്നതും അവര്‍ തന്റെ ഭാര്യമാരോട് സംസാരിക്കുന്നതും മുഹമ്മദ് നബി ആശങ്കയോടെയാണ് കണ്ടിരുന്നതെന്ന് ചില പ്രവാചകവിരോധികള്‍ ആരോപിക്കുന്നുണ്ട്. അതിന് അവര്‍ ദുര്‍വ്യാഖ്യാനിച്ചത് അല്‍ അഹ്‌സാബ് അധ്യായത്തിലെ 53-ാം സൂക്തമാണ്. ആ സൂക്തം ഇങ്ങനെ: ‘വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കുകയുമരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചാല്‍ നിങ്ങളവിടേക്ക് ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യം പറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചകപത്‌നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറയ്ക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹംകഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ.’

വിമര്‍ശനം
‘പ്രവാചകന്‍ വാര്‍ധക്യത്തില്‍ നിരവധി ഭാര്യമാരെ കൂടെ നിര്‍ത്തിയിരുന്നതിനാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യത്തില്‍ പ്രവാചകനുതന്നെ തന്റെ ഭാര്യമാരെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. അതിനാലാണ് ഇത്ര കര്‍ക്കശമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്’

വസ്തുത

സമൂഹത്തില്‍ സദാചാരവിശുദ്ധിയും ഉയര്‍ന്ന ധാര്‍മികമൂല്യങ്ങളും നിലനിര്‍ത്താനായി മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്‍കിയ നിര്‍ദേശങ്ങളാണ് ഉപര്യുക്ത സൂക്തത്തിലുള്ളത്. പ്രവാചകന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന ഒരൊറ്റനിര്‍ദേശം മാത്രമേ വ്യത്യസ്തമായുള്ളൂ. ഇതിന്റെ അവതരണപശ്ചാത്തലം പ്രവാചകജീവിതവുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് തിരുമേനിയുമായി ചേര്‍ത്തുപറഞ്ഞത്.
നബിതിരുമേനി സൈനബിനെ വിവാഹംകഴിച്ചപ്പോള്‍ സദ്യയില്‍ സംബന്ധിക്കാനെത്തിയവരില്‍ ചിലര്‍ ആഹാരം കഴിച്ചശേഷവും സ്ഥലംവിടാതെ അവിടെത്തന്നെ കഴിച്ചുകൂട്ടി. അവര്‍ പലവിധ വര്‍ത്തമാനങ്ങളിലേര്‍പ്പെട്ടു. അപ്പോഴാണ് പ്രസ്തുത സൂക്തം അവതരിച്ചത്.
ഒട്ടേറെ ബാധ്യതകള്‍ നിര്‍വഹിക്കാനുള്ള പ്രവാചകന്റെ സമയം അനാവശ്യമായി അപഹരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതിനെ വിലക്കുന്ന ഈ വിശുദ്ധസൂക്തം സമൂഹത്തിന് സാമാന്യമര്യാദയും മാനവികമൂല്യങ്ങളും പെരുമാറ്റക്രമങ്ങളും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ മാന്യന്‍മാരായ മുഴുവന്‍ പുരുഷന്‍മാര്‍ക്കും ബാധകമാണ്. സ്ത്രീ-പുരുഷ ബന്ധത്തില്‍ പാലിക്കേണ്ട അതിര്‍വരമ്പുകളും ചിട്ടവട്ടങ്ങളും ഇതുള്‍ക്കൊള്ളുന്നു.
ധര്‍മനിഷ്ഠമായ സമൂഹസൃഷ്ടിക്ക് ആവശ്യമായ നിയമനിര്‍ദേശങ്ങള്‍ നല്‍കിയതിനെപ്പോലും പരമപരിശുദ്ധരായ പ്രവാചകപത്‌നിമാരെ നബിതിരുമേനി സംശയിച്ചിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി വ്യാഖ്യാനിക്കാന്‍ കുടിലമനസ്സുകള്‍ക്കേ സാധിക്കൂ.
തന്നെപ്പോലെത്തന്നെയാണ് മറ്റുള്ളവരും എന്ന് ധരിച്ചുവശായിട്ടുള്ള അത്തരം ആളുകള്‍ സ്വന്തം നിലവാരത്തില്‍നിന്നുകൊണ്ടാണല്ലോ കാര്യങ്ങള്‍ നോക്കിക്കാണുക.

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

Topics