നാമോരോരുത്തരും ജീവിതമഖിലം പ്രവാചകചര്യ മുറുകെ പിടിക്കാത്ത കാലത്തോളം പ്രതാപമോ, വിജയമോ നമ്മെ തേടിയെത്തുകയില്ല. ചെറുതാവട്ടെ വലുതാവട്ടെ എല്ലാ കാര്യങ്ങളിലും നാം പ്രവാചകന്റെ കാലടികള്‍ പിന്തുടരേണ്ടതുണ്ട്. സന്മാര്‍ഗത്തിലേക്കുള്ള നമ്മുടെ നടപ്പ് പ്രവാചനെ എത്രമാത്രം പിന്തുടരുന്നു എന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. തിരുമേനി(സ) തന്റെ മക്കളോട് പിതാവെന്ന നിലയില്‍ വര്‍ത്തിച്ചിരുന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണ് ഇവിടെ .
തന്റെ പ്രിയമകന്‍ മരണപ്പെട്ടപ്പോള്‍ തിരുമേനി(സ) അങ്ങേയറ്റം വേദനിക്കുകയും കരയുകയും ചെയ്തു. അത്രമാത്രം കരുണയായിരുന്നു അദ്ദേഹത്തിന് സന്താനങ്ങളോടുണ്ടായിരുന്നത്. അനസ് ബിന്‍ മാലിക്(റ) ആ സന്ദര്‍ഭം വിവരിക്കുന്നു:’തിരുമേനി(സ) ഖബ്‌റിന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. അദ്ദേഹം ചോദിച്ചു ‘ഇന്നലെ രാത്രി ഒരു തെറ്റും ചെയ്യാത്ത ആരാണ് നിങ്ങളിലുള്ളത്? അബൂത്വല്‍ഹ(റ) പറഞ്ഞു ‘ഞാനുണ്ട് പ്രവാചകരേ’. എങ്കില്‍ താങ്കള്‍ ഖബ്‌റിലേക്ക് ഇറങ്ങുക.’ അദ്ദേഹം ഖബ്‌റിലിറങ്ങി. (അല്‍ബുഖാരി 1285)
തന്റെ വലിയ മകന്‍ മരണപ്പെട്ടപ്പോള്‍ മാത്രമല്ല ചെറിയ കുഞ്ഞുങ്ങളുടെ പേരിലും തിരുമേനി(സ) വേദനയോടെ കണ്ണീര്‍പൊഴിച്ചിരുന്നു. ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ തിരുമേനി(സ) അവിടെ വന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതുകണ്ട അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) ചോദിച്ചു. ‘പ്രവാചകരേ താങ്കളും?’ തിരുമേനി(സ) പറഞ്ഞു ‘ഇബ്‌നു ഔഫ്, ഇത് കാരുണ്യമാണ്. കണ്ണുകള്‍ കരയുകയും, ഹൃദയം വേദനിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു തൃപ്തിപ്പെടുന്നത് നാം തൃപ്തിപ്പെടുക തന്നെ. ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഖിതരാണ്’. (അല്‍ബുഖാരി 1303)
മക്കളുടെ മാത്രമല്ല, പേരമക്കളുടെ വേര്‍പാടിലും തിരുമേനി(സ) അങ്ങേയറ്റം വേദനിച്ചിരുന്നു. ഉസാമ ബിന്‍ സൈദ്(റ) പറഞ്ഞു:’പ്രവാചകന്റെ ഒരു മകളുടെ മകന്‍ മരണപ്പെട്ട വാര്‍ത്തയുമായി ദൂതന്‍ വന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ തിരുമേനി(സ) ദൂതനോട് പറഞ്ഞു ‘താങ്കള്‍ മടങ്ങുക. അല്ലാഹു നല്‍കിയത് അവന്‍ തിരിച്ചെടുത്തിരിക്കുന്നുവെന്ന് അവളെ അറിയിക്കുക. എല്ലാറ്റിനും അവന്റെയടുത്ത് അവധിയുണ്ട്. അതിനാല്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക’. പക്ഷെ മകള്‍ വീണ്ടും ദൂതനെ അയച്ച് തിരുമേനി(സ)യോട് വരാന്‍ കല്‍പിക്കുകയാണുണ്ടായത്. അപ്പോള്‍ തിരുമേനി(സ)യും സഅ്ദ് ബിന്‍ ഉബാദയും മുആദ് ബിന്‍ ജബലും പുറപ്പെട്ടു. യാത്രക്കിടയില്‍ കുഞ്ഞിനെക്കുറിച്ച ഓര്‍മകള്‍ പ്രവാചക ഹൃദയവ്യഥയുണ്ടാക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത് കണ്ട സഅ്ദ്(റ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ഇതെന്താണ്? തിരുമേനി(സ) പറഞ്ഞു ‘അല്ലാഹു തന്റെ അടിമകളുടെ ഹൃദയത്തില്‍ നിറച്ച കാരുണ്യമാണ് ഇത്. കരുണ കാണിക്കുന്ന അടിമകളോട് മാത്രമെ അല്ലാഹു കരുണ കാണിക്കുകയുള്ളൂ’. (ബുഖാരി 7377)
തിരുമേനി(സ) ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെക്കൂടാതെ തന്റെ പെണ്‍മക്കളോടുമാത്രമായി രഹസ്യം പറയാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു. ‘ഫാത്വിമ(റ) നടന്ന് എന്റെയടുത്ത് വന്നു. തിരുമേനി(സ)യുടെതിന് സമാനമായിരുന്നു അവളുടെ നടത്തം. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘എന്റെ മകളെ നിനക്ക് സ്വാഗതം. പിന്നീട് അദ്ദേഹം അവളെ തന്റെ വലതുവശത്ത് ഇരുത്തി അവളോട് സ്വകാര്യം പറഞ്ഞു. ഇതുകേട്ട അവള്‍ കരഞ്ഞു. ഞാന്‍ അവളോട് ചോദിച്ചു ‘നീയെന്തിനാ കരയുന്നത്? പിന്നീട് മറ്റൊരു രഹസ്യം പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. ദുഖത്തിന് ശേഷം ഏറ്റവും വേഗത്തില്‍ സന്തോഷിക്കുന്ന ആരെയും ഞാന്‍ അതിനുമുമ്പ് കണ്ടിട്ടില്ല. ഞാന്‍ അവളോട് അതിനെക്കുറിച്ച് ചോദിച്ചു. അവള്‍ പറഞ്ഞു ‘തിരുമേനി(സ) മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയില്ല’. (അല്‍ബുഖാരി 3624).
സമ്പത്തുള്ള സന്ദര്‍ഭത്തില്‍ മക്കള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ തിരുമേനി(സ) ഒരു പിശുക്കും കാണിച്ചിരുന്നില്ല. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ‘താങ്കള്‍ അടുത്ത കുടുംബ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക’യെന്ന് അര്‍ത്ഥമുള്ള ആയത്ത് അവതരിപ്പിച്ചപ്പോള്‍ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ചു. ‘അല്ലയോ ഖുറൈശികളേ, നിങ്ങള്‍ സ്വയം ദൈവത്തിന് സമര്‍പിക്കുക. നിങ്ങള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല. അബ്ദുമനാഫ് സന്തതികളേ, നിങ്ങള്‍ക്കായി ഒരു ഉപകാരവും ചെയ്യാന്‍ എനിക്കാവില്ല. അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്ത്വലിബ്, താങ്കള്‍ക്ക് ഒരു നേട്ടവുമുണ്ടാക്കാന്‍ എനിക്കാവില്ല. സ്വഫിയാ, നിങ്ങള്‍ക്ക് ഒരു ഉപകാരവും വരുത്താന്‍ എനിക്കാവില്ല. മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, നിനക്കാവശ്യമുള്ള സമ്പത്ത് എന്നോട് ചോദിക്കുക. പക്ഷെ നാളെ അല്ലാഹുവിന്റെയടുത്ത് നിനക്ക് ഒരു ഉപകാരവും എനിക്ക് ചെയ്യാനാവില്ല.’ (അല്‍ബുഖാരി 2753).
തന്റെ പെണ്‍മക്കളെയും മരുമക്കളെയും സംസ്‌കരിക്കുന്ന കാര്യത്തിലും പ്രവാചകന്‍(സ) അതീവ ശ്രദ്ധാലുവായിരുന്നു. ദാമ്പത്യജീവിതത്തിന്റെ തെളിമ നശിപ്പിക്കുന്ന വല്ല പ്രശ്‌നവും അവര്‍ക്കിടയില്‍ ഉണ്ടായാല്‍ അതില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തിയിരുന്നു അദ്ദേഹം. സഹല്‍ ബിന്‍ സഅ്ദ്(റ) പറയുന്നു: ‘തിരുമേനി(സ) ഫാത്വിമ(റ)യുടെ വീട്ടില്‍ വന്നപ്പോള്‍ അവിടെ അലി(റ)യെ കണ്ടില്ല. അലി(റ) എവിടെയാണെന്ന് അദ്ദേഹം അന്വേഷിച്ചു. ഫാത്വിമ(റ) പറഞ്ഞു ‘എനിക്കും അദ്ദേഹത്തിനും ഇടയില്‍ ഒരു ചെറിയ പ്രശ്‌നമുണ്ടായി. അതോടെ കോപിഷ്ടനായി അദ്ദേഹം ഇറങ്ങിപ്പോയി. അലി(റ) എവിടെയാണെന്ന് അന്വേഷിക്കാന്‍ തിരുമേനി(സ) ആളയച്ചു. ദഅലി(റ) പള്ളിയില്‍ കിടന്നുറങ്ങുന്നുണ്ടെന്ന വിവരം ദൂതന്‍ വന്ന് അറിയിച്ചു. തിരുമേനി(സ) അദ്ദേഹത്തിന്റെ അടുക്കല്‍ചെന്നു. തോളില്‍ നിന്ന് വീണ മേല്‍വസ്ത്രത്തില്‍ മണ്ണ് പിടിച്ചിരുന്നു. തിരുമേനി(സ) അത് തട്ടി വൃത്തിയാക്കി. അദ്ദേഹത്തോട് പറഞ്ഞു ‘മണ്ണിന്റെ പിതാവേ, താങ്കള്‍ എഴുന്നേറ്റാലും’. തിരുമേനി(സ) തന്റെ മരുമകനോട് എത്ര നൈര്‍മല്യത്തോടെയാണ് വര്‍ത്തിച്ചിരുന്നുവെന്നത് ഇക്കാര്യം വ്യക്തമാക്കുന്നു.
Add Comment