International

പാരീസ് വെടിവെപ്പില്‍ ലോക ഇസ്‌ലാമിക പണ്ഡിതര്‍ പ്രതികരിക്കുന്നു

ഇസ്‌ലാമികമൂല്യങ്ങളോട് ചെയ്ത ചതി: താരിഖ് റമദാന്‍

ഷാര്‍ലി ഹെബ്ദൊയില്‍ വെടിവെപ്പുനടത്തിയ അക്രമികള്‍ അവകാശപ്പെട്ടതിന് വിരുദ്ധമാണ് സംഭവിച്ചത്. പ്രവാചകനെ അവഹേളിച്ചതിന് പ്രതികാരംചെയ്യുകയല്ല,മറിച്ച് ഇസ്‌ലാമിനെ വികൃതമാക്കുകയും ചതിക്കുകയുമാണ് അവര്‍ ചെയ്തത്. ഈ ഭീകരകൃത്യം നിന്ദ്യവും ആക്ഷേപാര്‍ഹവുമാണ്. ഞങ്ങള്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുകയാണ്.

അപലപനം മാത്രം പര്യാപ്തമല്ല:ഡോ. ഖാലിദ് ഹനഫി

പന്ത്രണ്ടാളുകളെ കൊലചെയ്ത പാരീസ് അക്രമം കേട്ട് ഞാന്‍ തരിച്ചുപോയി. അക്രമികള്‍ ആരായാലും ഇരകള്‍ ആരായാലും ഇതിനെ ശക്തമായി അപലപിക്കുന്നു. അപലപനം ഒന്നിനും പകരമാകുകയില്ലെന്നനിക്ക് അറിയാം. യൂറോപിന് ഭീഷണിയാകുന്നതെന്തും മുസ്‌ലിംസമൂഹത്തിനും ഭീഷണിയായിരിക്കും. അതിനാല്‍ മറ്റാരെക്കാളും മുമ്പേ മുസ്‌ലിംസമൂഹമാണ് സത്വരവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കേണ്ടത്.

പ്രവാചകന്‍ തിരുമേനിയെ അപഹസിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വരച്ചുവെന്നത് അക്രമങ്ങള്‍ക്ക് ന്യായമാകുന്നില്ല. പ്രവാചകന്‍ ജീവിച്ചിരുന്നപ്പോഴും അതിനുശേഷവും അദ്ദേഹത്തിനുനേര്‍ക്ക് പരിഹാസങ്ങളും ആക്ഷേപങ്ങളും അഭംഗുരം തുടര്‍ന്നുപോന്നിട്ടുണ്ട്. അത്തരം പ്രക്രിയകളില്‍നിന്ന് നിഷേധികള്‍ പിന്തിരിയില്ലെന്ന് ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. അതിനാല്‍ അക്രമംവെടിഞ്ഞ് മനസ്സുകളെ പരിവര്‍ത്തിപ്പിക്കുന്ന മാര്‍ഗമാണ് നാം തേടേണ്ടത്.

മുസ്‌ലിംകളെയെല്ലാം പ്രതികളാക്കുന്ന നിലപാടല്ല മാധ്യമങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും സ്വീകരിക്കേണ്ടത്. യൂറോപിലെ അധികമുസ് ലിംകളും ഈ അക്രമത്തെ തള്ളിപ്പറയുന്നു. യൂറോപിന്റെ നാഗരികവളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചവരാണ് ആ സമൂഹം.

മുസ്‌ലിംസമൂഹം ഈ കിരാതകൃത്യത്തിനെതിരില്‍ പ്രതിഷേധവേദികള്‍ സംഘടിപ്പിക്കണമെന്ന് ആഹ്വാനംചെയ്യുന്നു. ഈ സംഭവത്തെ അപലപിക്കാന്‍ എല്ലാ ഇമാമുമാരും രംഗത്തുവരണം. യൂറോപിലെ മാധ്യമസമൂഹത്തെ സംരക്ഷിക്കാന്‍ ,ഭീകരതയെയും തീവ്രതയെയും എതിര്‍ക്കാന്‍ അവര്‍ സാധ്യമായതെല്ലാംചെയ്യട്ടെ.

ഈ ഭീകരത നമുക്കെതിരെ: ഡോ. യാസിര്‍ ഖാദി

പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുകയെന്നത് ഈമാനിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ അഭിമാനം സംരക്ഷിക്കുന്നത് ആ ഈമാനിന്റെ ബഹിര്‍സ്ഫുരണമാണ്. അത് സാക്ഷാത്കരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ ജീവിതത്തില്‍ നടപ്പില്‍വരുത്തുമ്പോഴാണ്. അല്ലാതെ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് നിരപരാധികളെ കൊന്നൊടുക്കിയല്ല.

മക്കയില്‍വെച്ച് ശാരീരികമായും മാനസികമായും അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്തിട്ടുണ്ട് നബി. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ഏതെങ്കിലും അനുയായി ചെന്ന് പ്രസ്തുത വ്യക്തിയെ അക്രമിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല.

അങ്ങനെയെങ്കില്‍ നബിതിരുമേനിയുടെ പേരില്‍ മറ്റുള്ളവരെ കൊല്ലാനിറങ്ങുന്നവര്‍ അവിടുത്തെ അനുചരന്‍മാരേക്കാള്‍ നബിയെ സ്‌നേഹിക്കുന്നവരാണെന്ന് പറയാനാകുമോ?

ഇനി പ്രവാചകനിന്ദയ്ക്കും മതനിന്ദയ്ക്കും ശിക്ഷ മരണമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അത് നടപ്പാക്കാന്‍ ഗവണ്‍മെന്റ് വേണം. ന്യായാസനം വേണം . കുറ്റപത്രവും വിചാരണയും വക്കീലും വേണം. അതല്ലാതെ വ്യക്തികള്‍ നീതിനടപ്പാക്കാനിറങ്ങിയാല്‍ അവിടെ അരാജകത്വവും രക്തചൊരിച്ചിലുമാണ് ഉണ്ടാകുക.

മുസ്‌ലിംസമൂഹമേ, ഉണരുക! ഭീകരതയുടെ നടപടികള്‍ ഹറാമില്‍ മാത്രം പരിമിതമല്ല. നിരപരാധികളുടെ രക്തംചിന്തുന്നത് നമുക്കുനേരെ തിരിച്ചടിക്കുമെന്ന് തിരിച്ചറിയുക. സത്യവും ക്ഷമയും പരസ്പരം ഉപദേശിക്കുക. അല്ലാത്തപക്ഷം നമുക്കും മാനവരാശിക്കുമാണ് നഷ്ടം.

അതിക്രമികള്‍ വിചാരണചെയ്യപ്പെടണം: ഡോ. വാഇല്‍ ശിഹാബ്

പാരീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കളുടെ ദുഃഖത്തിലും നഷ്ടത്തിലും ആഗോളമുസ്‌ലിംസമൂഹം പങ്കുചേരുന്നു. ഫ്രഞ്ച് ആക്ഷേപഹാസ്യവാരികയായ ഷാര്‍ലി ഹെബ്ദൊയുടെ ഓഫീസില്‍ പന്ത്രണ്ടുപേരുടെ മരണത്തിനും അത്രതന്നെ ആളുകളുടെ പരിക്കിനും കാരണമായ വെടിവെപ്പ് നിന്ദ്യവും കാടത്തവുമായ പ്രവൃത്തിയാണ്. അതിനുപിന്നില്‍പ്രവര്‍ത്തിച്ചവരെ വിചാരണചെയ്ത് ശിക്ഷിക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങള്‍ക്ക് ഇസ്‌ലാമില്‍ നീതീകരണമില്ല. ലോകത്ത് ഒരു തത്ത്വശാസ്ത്രവും മതവും അത് അംഗീകരിക്കുന്നില്ല. ആ അക്രമികള്‍ ഒരിക്കലും ഏതെങ്കിലും മതത്തിന്റെ വക്താക്കളുമാകില്ല.

ഇസ്‌ലാമിന്റെ മഹനീയവും ഉദാത്തവുമായ അധ്യാപനങ്ങളെ കാറ്റില്‍പറത്തിയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. ഇസ്‌ലാം ആളുകളുടെ ജീവനെയും സ്വത്തിനെയും അഭിമാനത്തെയും വിശുദ്ധമായികാണുന്നു. ഒരാളെ അക്രമിക്കുന്നതും വധിക്കുന്നതും ലോകരെ മുഴുവന്‍ അക്രമിക്കുന്നതിനും വധിക്കുന്നതിനും തുല്യമായാണ് അത് കണക്കാക്കുന്നത്.”ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.'(അല്‍മാഇദ 32). ഫ്രാന്‍സിലെ നീതിപീഠം കുറ്റവാളികളെ ജനസമക്ഷം കൊണ്ടുവരുമെന്നും അര്‍ഹിക്കുന്ന ശിക്ഷനല്‍കുമെന്നും പ്രത്യാശിക്കുന്നു.

പ്രവാചകനെ അവഹേളിച്ചു: ശൈഖ് ഉമര്‍ സുലൈമാന്‍

പ്രവാചകനെതിരില്‍ കാര്‍ട്ടൂണ്‍ വരച്ചതിനേക്കാള്‍ കടുത്ത അവഹേളനമാണ് പാരീസിലെ വെടിവെയ്പിലൂടെ അക്രമികള്‍ നടത്തിയത്. ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചത് ‘ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'(അല്‍ അമ്പിയാഅ്107)എന്നായിരുന്നു.

 

Topics