International

പടരുന്ന ഇസ്‌ലാംഭീതി സാമ്രാജ്യത്വ അജന്‍ഡ

ഫ്രാന്‍സ് ആക്രമണത്തോട് കൂടി ലോകത്ത് ഇസ്ലാം ഭീതി വര്‍ധിച്ചിരിക്കുകയാണ്. മാനവിക മൂല്യങ്ങള്‍ ഏറ്റവുമധികം ഉദ്‌ഘോഷിക്കുന്ന ഒരു മതത്തെ എങ്ങനെ പ്രതിക്കൂട്ടിലാക്കാം എന്ന ചര്‍ച്ചയില്‍ നിന്നാണ് ഐ.എസ് പോലുള്ള സംഘങ്ങള്‍ ഉദയം ചെയ്തതെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്.

മുഹമ്മദ് നബി(സ)യെന്ന അന്ത്യദൂതനെയും അനുയായികളേയും മോശമായി ചിത്രീകരിച്ച് സമൂഹത്തിനിടയില്‍ അരക്ഷിത ബോധം വളര്‍ത്തുന്നപ്രവര്‍ത്തനം വ്യാപിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും സമൂഹത്തില്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെടുമെന്നുറപ്പ്. വംശവെറിയുടെ ഭീകരത അത്രത്തോളം നമ്മുടെ സമൂഹത്തില്‍ വ്യാപിച്ചു കഴിഞ്ഞു. കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാസിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി മാറിയ സാഹചര്യത്തില്‍ വ്യാവസായികമായി ഇസ്‌ലാം വിരുദ്ധത പരത്താന്‍ കച്ചകെട്ടിയിറങ്ങിയഫൗണ്ടേഷനുകളുടെ നീണ്ട ശൃംഖലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.അവരുടെ ഫണ്ടിങ് ഏജന്‍സികളാണ് കേരളം പോലുള്ള സമൂഹത്തിലും ഇത്തരം നീക്കം നടത്തുന്നത്.

ഇസ്‌ലാം വിഭാവനം ചെയ്യുന്നത് വന്യനീതിയാണെന്നും ഇതരജനതയ്ക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗമാണ് അതിന്റെ സ്വാഭാവിക രീതിയെന്നുമാണ് പ്രചാരണം. ഇസ്‌ലാമിന്റെ പരമ്പരാഗത വിശ്വാസങ്ങളെയും ധാര്‍മികബോധങ്ങളേയും അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നതിനു പിന്നിലെ താല്‍പര്യവും ഇതു തന്നെയാണ്. ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് യാഥാര്‍ഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതില്‍ തല്‍പര കക്ഷികള്‍ വിജയിച്ചുവെന്ന് വേണം പറയാന്‍. ഒരു സമൂഹത്തെ അപരിഷ്‌കൃതരും ആധുനിക വിരുദ്ധരും സ്ത്രീ വിരുദ്ധരുമായി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഘടകം വംശവെറിയുടേത് തന്നെയാണ്.

സയണിസ്റ്റ് തന്ത്രത്തിന്റെ വലയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിയതിന്റെ അനുരണനങ്ങള്‍ ലോകവ്യാപകമായി മുസ്‌ലിം സമൂഹം നേരിടുകയാണ്. ആഗോള തലത്തില്‍ 1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗപ്പെടുത്തി. കൃത്രിമമായി നിര്‍മിച്ചെടുത്ത തെളിവുകള്‍ ഉപയോഗിച്ച് ഇറാഖ് ജനതയെ കൂട്ടക്കുരുതിക്കിരയാക്കി. അഫ്ഗാനിസ്താനിലും ഇറാഖിലുമായി 20ലക്ഷത്തിലേറെ മനുഷ്യരെ യു.എസ് സാമ്രാജ്യത്വം കുരുതികഴിച്ചു. ഹീനത്വവും സംസ്‌കാര ശൂന്യതയും നിലീനമായ ഒരു ജനത ഈ വിധം തകര്‍ത്തെറിയപ്പെടുന്നത് ശരിയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം അധിനിവേശ ശക്തികളെ ചെറുത്തുനില്‍ക്കുന്നവരെ ഭീകരര്‍’എന്ന് വിളിക്കാന്‍ മുഖ്യധാരാ മീഡിയ ആവേശം കാണിക്കുന്നു.

ഇസ്‌ലാമിക രാഷ്ട്രനിര്‍മിതിക്കു വേണ്ടിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പല ബഹളങ്ങളും ആധുനിക ലോകത്തുയരുന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യപ്രകാരമാണെന്ന് ചരിത്രം കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ സാമ്രാജ്യത്വത്തിനെതിരേയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും സാമ്രാജ്യത്വത്തിന് അറിഞ്ഞോ അറിയാതെയോ വിടുവേല ചെയ്യുകയുമാണ്.

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേയുള്ള പ്രകടനങ്ങള്‍ ഐ.എസ് പ്രഭാഷണങ്ങളില്‍ ബോധപൂര്‍വം ഉയരുന്ന അജന്‍ഡകളാണ്.അമേരിക്കക്കും ഇസ്രയേലിനുമെതിരായി രൂപപ്പെട്ടതെന്ന് വീമ്പു പറയുന്ന ഐസിസ് ഇന്നേവരെ ഒരു അമേരിക്കക്കാരനെയോ ഇസ്രയേലിയെയോ കൊന്നിട്ടില്ലെന്നതും അവരുടെ ആയുധങ്ങളൊന്നും തന്നെ ഈ രാജ്യങ്ങള്‍ക്കു നേരെ തിരിച്ചിട്ടില്ലെന്നതും തന്നെ അവരാണ് ഈ ഭീകരസംഘങ്ങളെ വളര്‍ത്തുന്നത് എന്നതിന് തെളിവാണ്.അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാശംഉണ്ടാകുന്നത് മുസ്‌ലിംകള്‍ക്കും മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുമാണ്. മുസ്‌ലിം സമുദായത്തെ കലാപകലുഷിതമായി നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ച ചരിത്രമാണ് ജൂതന്‍മാര്‍ക്കുള്ളത്.

അമേരിക്ക വളര്‍ത്തുന്ന ഭീകരസംഘങ്ങളാണ് അല്‍ ഖാഇദയും ഐ. എസ്. ഐ. എസുമെല്ലാമെന്ന ആദ്യം തുറന്നു പറഞ്ഞത് അല്‍ഖാഇദയില്‍ ഉസാമ ബിന്‍ലാദനോടും ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദില്‍ അയ്മന്‍ അല്‍ സവാഹിരിയോടുമൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച നബീല്‍ നഈം അബ്ദുല്‍ ഫത്താഹ് ആണ്. ഇതിനു ശേഷമാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്.അല്‍ ഖാഇദ, ഐസിസ് എന്നീ ഭീകരസംഘങ്ങളെ സൃഷ്ടിച്ചത് അമേരിക്ക തന്നെയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഗാരിക്കായ് ചെങ്കു ഗ്ലോബല്‍ റിസര്‍ച്ച് വെബ്‌സൈറ്റില്‍എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഐ.എസ് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങല്‍ ചൂണ്ടിക്കാണിച്ച് ഇസ്‌ലാം ഭീതിവളര്‍ത്താന്‍ ശ്രമം നടത്തുന്നതിന് പിന്നിലും ഒളിഞ്ഞിരിക്കുന്നത് മറ്റൊന്നല്ല. ‘മുസ്‌ലിം ഭീകരത’യില്‍ നിന്ന് മോചനം നല്കിയവരായി സ്വയം അവതരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ നയമായിരുന്നു. ഒരു ജനതയെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടാണ് കൊളോണിയലിസ്റ്റുകള്‍ ചരിത്ര രചന നിര്‍വഹിച്ചത്.

മുസ്‌ലിം ഭരണാധികാരികളൊക്കെ ഇസ്‌ലാമിന്റെ പ്രതിരൂപങ്ങളാണെന്നും അവരുടെ യുദ്ധങ്ങളുടെ പിന്നിലുള്ള ലക്ഷ്യം ഇസ്‌ലാമാണ് എന്ന് വരുത്തലുമായിരുന്നു കൊളോണിയല്‍ പദ്ധതി. ക്ഷേത്രക്കൊള്ള, ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം എന്നിവ ഇസ്‌ലാമിക വിരുദ്ധമായിട്ട് കൂടി ഈ നെറികേടുകള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഇതിനായി ചരിത്രത്തെ വക്രീകരിച്ചു. ഇന്ത്യന്‍ ഫാസിസം ശക്തിപ്പെടുന്നത് ഈ കൊളോണിയല്‍ ചരിത്രത്തില്‍ നിന്ന് ആവേശം നേടിക്കൊണ്ടാണ്.

മതപരമായ ശത്രുതയിലും വിദ്വേഷത്തിലുമാണ് ഫാസിസം വളരുന്നത്.എല്ലാ തെറ്റുകള്‍ക്കും നിദാനമായ ശത്രുവിനെ നിര്‍മിച്ച് വെറുപ്പിന്റെ മണ്ഡലം സൃഷ്ടിച്ചാല്‍ മാത്രമോ ഫാസിസത്തിന് നിലനില്‍ക്കാന്‍ സാധ്യമാകുകയുള്ളൂ.

ഇസ്‌ലാം ഭയപ്പെടേണ്ട ദര്‍ശനമല്ലെന്നും അത് കരുണയുടെ പ്രതീകമാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. മതവൈവിധ്യങ്ങളും ബഹുസ്വരതകളും നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ഒരു ലോകം പണിയാനാണ് മുസ്‌ലിം ധിഷണാശാലികള്‍ യത്‌നിക്കേണ്ടത്. അക്രമിക്കുന്നവനോടൊപ്പം നില്‍ക്കാനല്ല അക്രമിക്കപ്പെടുന്നവനോടൊപ്പം നില്‍ക്കാനാണ് സമൂഹം തയാറാകുക.

കടപ്പാട് : suprabhaatham.com

Topics