നോമ്പ്-Q&A

നോമ്പുകാരന് പാട്ടുകേള്‍ക്കാമോ?

ചോദ്യം: റമദാനിലെ നോമ്പിലായിരിക്കെ പകല്‍വേളകളില്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇസ്‌ലാമില്‍ അതിനെന്തെങ്കിലും വിലക്കുകളുണ്ടോ ?

ഉത്തരം: വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മനിയന്ത്രണത്തിന് സഹായിക്കുന്ന ഏറ്റവും വലിയ ഇബാദത്താണ് ഇസ്‌ലാമിലെ നോമ്പ്. വ്യക്തിയെ ആത്മീയമായും ധാര്‍മികമായും പരിപോഷിപ്പിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. അതിനാല്‍ കേവലം അന്നപാനീയഭോഗങ്ങളില്‍നിന്നുമാത്രമല്ല, നോമ്പിന്റെ ചൈതന്യത്തിന് ഭംഗംവരുത്തുന്ന എല്ലാ പ്രവൃത്തികളില്‍നിന്നും വിട്ടുനിന്നാലേ ആ ലക്ഷ്യം നേടാനാവുകയുള്ളൂ. അതിനാല്‍ നോമ്പ് വയറിനു മാത്രമല്ല കണ്ണിനും, ചെവിക്കും, കൈക്കും , കാലിനും തുടങ്ങി മനസ്സിനുമുണ്ട്. എല്ലാവിധ പൈശാചികവൃത്തികളില്‍നിന്നും ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കേണ്ടതുണ്ട്.
നബിതിരുമേനി(സ) പറഞ്ഞു: ‘ചീത്ത വാക്കും പ്രവൃത്തിയും ആര്‍ ഉപേക്ഷിക്കുന്നില്ലയോ അവന്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് യാതൊരു ഗുണവുമില്ല.’ മറ്റൊരിക്കല്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: ‘നോമ്പ് (തിന്‍മകള്‍ക്കെതിരെയുള്ള) ഒരു പരിചയാണ്. അതിനാല്‍ നോമ്പുകാരന്‍ കുതര്‍ക്കങ്ങളിലോ അധാര്‍മികപ്രവൃത്തികളിലോ അനാവശ്യസംസാരങ്ങളിലോ മുഴുകാതിരിക്കട്ടെ. ഇനി ആരെങ്കിലും അവനെ ചീത്തപറയുകയോ പരിഹസിക്കുകയോ ചെയ്താല്‍ അവന്‍ തിരിച്ചതുപോലെ ചെയ്യാതിരിക്കട്ടെ, പകരം ‘ഞാന്‍ നോമ്പുകാരനാണ് ‘ എന്ന് പറഞ്ഞുകൊള്ളട്ടെ!'(ബുഖാരി).

നോമ്പുകാരനായിരിക്കെ പാട്ടുകള്‍ കേള്‍ക്കുന്നതും സിനിമകള്‍ കാണുന്നതും അനാവശ്യപ്രവൃത്തികളുടെയും തിന്മയിലേക്ക് നയിക്കുന്ന പ്രേരകങ്ങളുടെയും ഗണത്തില്‍പെടും. നബിപത്‌നി ആഇശ(റ)യും ഇമാമുമാരില്‍ ഒരാളായ ഔസാഇയും മറ്റ് പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടതനുസരിച്ച് ഏഷണി, പരദൂഷണം, അനാവശ്യ വര്‍ത്തമാനം തുടങ്ങിയവയെല്ലാം നോമ്പിനെ ബാത്വിലാക്കുന്ന കാര്യങ്ങളില്‍പെട്ടതാണ്. അതിനാല്‍ നോമ്പുകാരന്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ പിന്നീട് ആ നോമ്പ് പിടിച്ചുവീട്ടേണ്ടതാണ്.

ഏഷണി, പരദൂഷണം, അനാവശ്യവര്‍ത്തമാനം തുടങ്ങിയ കാര്യങ്ങളില്‍ സമയംപാഴാക്കുന്നവരുടെ നോമ്പ് മുറിയും എന്ന ചിലരുടെ വീക്ഷണം ബഹുഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കുമില്ല. എങ്കിലും അത് നോമ്പിന്റെ ചൈതന്യവും പ്രതിഫലവും നഷ്ടപ്പെടുത്തുന്നുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

അതിനാല്‍ വിശ്വാസദൃഢതയ്ക്കും ആത്മീയസംസ്‌കരണത്തിനും ഉപകാരപ്പെടാത്ത പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് നോമ്പുകാരന്‍ ചെയ്യേണ്ടത്. റമദാന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമ്മെ തുണക്കട്ടെ. ദുശ്ശീലങ്ങള്‍ കൈവെടിയാന്‍ അവന്‍ നമ്മെ സഹായിക്കട്ടെ, ആമീന്‍.

Topics