ഉസ്മാനീ ഖിലാഫത്ത് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന സമയത്ത് തുര്‍ക്കിയില്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സി സ്ഥാപിച്ച നൂര്‍സി പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. അത്താതുര്‍ക്കിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ പാശ്ചാത്യവല്‍ക്കരണവും ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങളും തകൃതിയായി നടന്നുകൊണ്ടിരുന്ന നാളുകളില്‍ അവയ്‌ക്കെതിരെ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശബ്ദിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ബദീഉസ്സമാന്‍. 1908ല്‍ തുര്‍ക്കിയില്‍ ഭരണഘടനാ വിപ്ലവം അരങ്ങേറിയപ്പോള്‍ നൂര്‍സി അതിനു പിന്തുണ നല്‍കുകയും വിപ്ലവത്തെ ഇസ്‌ലാമികവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉസ്മാനീ ഖിലാഫത്തിന്റെ വ്യതിചലനങ്ങളില്‍ ക്ഷുഭിതനായ നൂര്‍സി തുടക്കത്തില്‍ അത്താതുര്‍ക്കിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നു. പക്ഷേ, അത്താതുര്‍ക്കിലെ ഇസ്‌ലാം വിരുദ്ധത മറനീക്കി പുറത്തുവന്നതോടെ ബദീഉസ്സമാന്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായി മാറി. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണമെന്ന ആവശ്യം അദ്ദേഹം ശക്തിയായി ഉന്നയിച്ചു. കമാല്‍ അത്താതുര്‍ക്ക് അധികാരത്തില്‍ വന്നപ്പോള്‍ ബദീഉസ്സമാനെ പലനിലക്കും വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും തെല്ലും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന അദ്ദേഹം അതാതുര്‍ക്കിനെ വിമര്‍ശിക്കുന്ന നയം തുടര്‍ന്നു. തന്റെ ആശയങ്ങള്‍ ലഘുലേഖാ രൂപത്തില്‍ രഹസ്യമായി അച്ചടിച്ച് ഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുന്ന രീതിയാണദ്ദേഹം സ്വീകരിച്ചത്. റസാഇലുന്നൂര്‍ (പ്രകാശ പത്രികകള്‍) എന്നാണ് ഈ ലഘുലേഖകള്‍ക്ക് പേര്‍ നല്‍കിയിരുന്നത്. ഗവണ്‍മെന്റ് ലഘുലേഖകള്‍ നിരോധിച്ചിരുന്നുവെങ്കിലും അതിന്റെ പ്രചാരം രഹസ്യമായിത്തുടര്‍ന്നു. അതോടൊപ്പം വിദ്യാര്‍ഥികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്ക് പഠനക്ലാസ്സുകള്‍ നടത്തിയിരുന്നു. ഒട്ടേറെ തവണ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒന്നിലേറെ തവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും അത് നടപ്പിലാക്കപ്പെടുകയുണ്ടായില്ല.
മതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് മരണം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരുന്ന ഒരു കാലത്ത് പഠനക്ലാസ്സുകളിലൂടെയും എഴുത്തിലൂടെയും ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാനും ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഉറച്ചുനിന്നുകൊണ്ട് പാശ്ചാത്യസംസ്‌കാരത്തെ തള്ളിപ്പറയാന്‍ ധൈര്യം നേടിയ ഒരു തലമുറയെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. നൂര്‍സിയുടെ ശിഷ്യന്‍മാര്‍ ത്വലബായെ നൂര്‍ എന്നാണറിയപ്പെട്ടത്. നൂര്‍സി മരിക്കുമ്പോള്‍ പത്തുലക്ഷമായിരുന്നു അവരുടെ അംഗസംഖ്യ. 1950ല്‍ കടുത്ത ഇസ്‌ലാം വിരുദ്ധരായ പീപ്പിള്‍സ് പാര്‍ട്ടിയുടെ പരാജയത്തിലും ഇസ്‌ലാമിനോടു താരതമ്യേന ഉദാര സമീപനം പുലര്‍ത്തുന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ വിജയത്തിലും നൂര്‍സി പ്രസ്ഥാനം പ്രധാന പങ്കുവഹിച്ചു. പില്‍ക്കാലത്ത് നജ്മുദ്ദീന്‍ അര്‍ബകാന്റെ പ്രസ്ഥാനത്തില്‍ ചേര്‍ന്നത് പ്രധാനമായും നൂര്‍സിയുടെ അനുയായികളാണ്.
Add Comment