History

‘നീയും മനുഷ്യന്‍ തന്നെയല്ലേ; നിനക്കും വിശപ്പുണ്ടാകില്ലേ ?’

അത്വാഉല്ലാ ഷാ ബുഖാരി സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ജിന്നയുടെയും സംഘ്പരിവാറിന്റെയും വിഭജനവാദത്തിന് എതിരില്‍ ശക്തിയായി നിലകൊണ്ട ‘മജ്‌ലിസെ അഹ്‌റാറെ ഇസ്‌ലാം’ സംഘടനയുടെ സ്ഥാപകമെമ്പറും  പണ്ഡിതനും വാഗ്മിയുമായിരുന്നു. തന്റെ വിശ്രമരഹിതമായ പോരാട്ടജീവിതത്തിനിടയില്‍ ജലന്ധറിലെ ദാറുല്‍ ഉലൂം ഖൈറുല്‍ മദാരിസിലെ പൊതുസമ്മേളനവേദിയില്‍ ഭക്ഷണസമയത്തുണ്ടായ ഒരു അനുഭവത്തെക്കുറിച്ച വിവരണമാണിടെ ചേര്‍ക്കുന്നത്.

അന്ന് ജാതീയത സമൂഹത്തെ എത്രമാത്രം ഗ്രസിച്ചിരുന്നുവെന്നതിന്റെ ചിത്രം ഇതില്‍നിന്നു മനസ്സിലാക്കാനാകും. അത്വാഉല്ലായുടെ സഹചാരിയായിരുന്ന മൗലാനാ സയ്യിദ് നൂറുല്‍ ഹസന്‍ ബുഖാരിയില്‍നിന്ന് നിവേദനംചെയ്ത പ്രസ്തുതസംഭവം ‘അത്വാഉല്ലാബുഖാരി- ആത്മകഥയും ചിന്തകളും’ എന്ന പുസ്തകത്തില്‍നിന്നെടുത്തതാണ്.

ദാറുല്‍ ഉലൂം ഖൈറുല്‍ മദാരിസിന്റെ സമ്മേളനനഗരി. സമയം നട്ടുച്ചകഴിഞ്ഞിരുന്നു.  സംഘാടകര്‍  പരിപാടിയില്‍  പങ്കെടുത്തവര്‍ക്കായി ഉച്ചഭക്ഷണം  ഒരുക്കിയിട്ടുണ്ട്. എല്ലാവരും സ്‌നേഹത്തോടെ ഷാ സാഹിബ് എന്നുവിളിക്കുന്ന അന്നത്തെ തീപ്പൊരിപ്രസംഗകനായ അത്വാഉല്ലാ ഷാ ബുഖാരിയും  കൂട്ടത്തിലുണ്ട്. മുഖ്യാതിഥികളെല്ലാം ഭക്ഷണത്തിനുമുന്നിലിരിക്കെ  ഷാ സാഹിബിന്റെ ദൃഷ്ടി അല്‍പമകലെ മാറിനില്‍ക്കുന്ന പൃഥ്വി എന്ന തൂപ്പുകാരനായ യുവാവില്‍ പതിഞ്ഞു.

ഷാ സാഹിബ് യുവാവിനെ അടുത്തേക്ക് ആംഗ്യംകാട്ടി വിളിച്ചു. കൂടെയിരുന്ന് ഭക്ഷണംകഴിക്കാന്‍ ക്ഷണിച്ചു. അപ്പോള്‍ യുവാവ് പേടിച്ചുവിറച്ച് ‘ ജി, ഞാന്‍ ഭങ്കി (ഹിന്ദുസമുദായത്തിലെ താഴ്ന്ന ജാതിക്കാരില്‍പെട്ട ഒരു വംശം)യാണ് ‘. ഉടന്‍ ഷാ സാഹിബ് ചോദിച്ചു: ‘നീയും മനുഷ്യന്‍ തന്നെയല്ലേ.. നിനക്കും വിശപ്പ് ഉണ്ടാകില്ലേ ?’ ഇതുംപറഞ്ഞ് ഷാ സാഹിബ് താനിരുന്നിടത്തുനിന്ന് എഴുന്നേറ്റുചെന്ന് ആ യുവാവിന്റെ കൈപിടിച്ചു വെള്ളമൊഴിച്ചുകഴുകി തന്നോടൊപ്പം സീറ്റില്‍ കൊണ്ടുവന്നിരുത്തി. ഈ സമയമെല്ലാം ആ യുവാവ് ഭയത്താലും ലജ്ജയാലും നിന്ന് വിറക്കുകയായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും സ്വപ്‌നംകാണാനാകാത്ത, ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു സംഭവമാണ് ഉണ്ടായിട്ടുള്ളത്. ജനപ്രിയനായ ഒരു നേതാവിന്റെ ഒപ്പമാണ് ഇരിക്കുന്നത്. അതുമാത്രമോ, അദ്ദേഹം തന്നെ സ്വന്തം മകനെയെന്നപോലെ ഭക്ഷണം വായില്‍വെച്ചുതന്ന് ഊട്ടുന്നു. അപ്പോഴും ആ യുവാവ് ഉരുവിട്ടുകൊണ്ടിരുന്നത് ഇതാണ്: ‘ജീ, ഞാന്‍  തൂപ്പുകാരനാണ്, ഞാന്‍ ഭങ്കിയാണ്.’

അതൊന്നും ശ്രദ്ധിക്കാതെ ഷാ സാഹിബ് ചപ്പാത്തിയെടുത്ത് കറിയില്‍ മുക്കി പൃഥിയുടെ വായില്‍ വെച്ചുകൊടുത്തു. യുവാവിന്റെ വിറ അല്‍പമൊന്ന് ശമിച്ചപ്പോള്‍ കറിയില്‍നിന്ന് ഒരു ഉരുളക്കിഴങ്ങിന്റെ കഷ്ണം യുവാവിന്റെ വായില്‍വെച്ചു. അവനതില്‍ കടിച്ചപ്പോള്‍ അതിന്റെ ബാക്കിഭാഗം ഷാ സാഹിബ് തിന്നു. പൃഥി വെള്ളംകുടിച്ച ഗ്ലാസില്‍നിന്ന്  അവശേഷിച്ചത് അദ്ദേഹം കുടിച്ചു. ഈ സമയമത്രയും യുവാവ് കരയുകയായിരുന്നു. ഷാ സാഹിബിനോടൊപ്പം ഭക്ഷണംകഴിച്ച പൃഥി അതുകഴിഞ്ഞയുടന്‍ സ്ഥലംവിട്ടു. ഏതോ ലോകത്തെത്തിപ്പെട്ട മാനസികാവസ്ഥയിലായിരുന്നു ആ സമയമത്രയും യുവാവ് കഴിച്ചുകൂട്ടിയത്.

വൈകുന്നേരം അസ്ര്‍ നമസ്‌കാരസമയമായപ്പോള്‍ പൃഥ്വി തന്റെ കൈക്കുഞ്ഞിനെയുമെടുത്ത് ഭാര്യയെയും കൂട്ടി മദ്‌റസയിലെത്തി.  ഷാ സാഹിബിന്റെ അടുത്തുവന്ന് പറഞ്ഞു: ‘ഷാഹ്ജീ, അല്ലാഹുവിനെയോര്‍ത്ത് ഞങ്ങളെയും മുസ്‌ലിമാക്കണം.’ 

ഷാ സാഹിബിനോടൊപ്പം ഇരുന്ന്  മനുഷ്യന്റെ അന്തസ്സിന്റെ വിലയും മഹത്വവും അനുഭവിച്ചറിഞ്ഞ പൃഥ്വിക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. തന്റെ ജാതിയില്‍, ജീവിതത്തില്‍ ആദ്യാനുഭവമായിരുന്നു ഷാ സാഹിബില്‍നിന്നുണ്ടായത്.  ആ കുടുംബത്തിന്റെ  ഇസ്‌ലാം സ്വീകരണത്തിന് അത് വഴിയൊരുക്കുകയായിരുന്നു.

Topics