ഖുര്‍ആന്‍-പഠനങ്ങള്‍ യാസീന്‍ പഠനം

നമ്മളെല്ലാം ഒപ്പുവെച്ച കോണ്‍ട്രാക്റ്റ്

യാസീന്‍ പഠനം-29

62.എനിക്ക് മാത്രം വഴിപ്പെടൂ. ഇതാണ് നേരായ മാര്‍ഗം وَأَنِ اعْبُدُونِيۚ هَٰذَا صِرَاطٌ مُّسْتَقِيمٌ

ഇമാം ത്വബരി വിശദീകരിക്കുന്നു: അല്ലാഹു തന്റെ വാദമുഖങ്ങളെ ആവര്‍ത്തിക്കുകയാണ്: ‘ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന് ; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്, എനിക്കല്ലാതെ മറ്റാര്‍ക്കും യാതൊരുവിധ അനുസരണവും പാടില്ലെന്ന്’ ഇത് മുന്‍സൂക്തത്തില്‍ ചൂണ്ടിക്കാണ്ടിയിട്ടുണ്ട്. അതിനാല്‍ എനിക്ക് മാത്രമായുള്ള വിധേയത്വത്തില്‍ മറ്റാരെയും പങ്കുചേര്‍ക്കാതിരിക്കുക എന്നതാണ് നേരായ മാര്‍ഗം. അതാണ് ശരിയായ ദീന്‍.
അല്ലാഹു നാമുമായി ഉണ്ടാക്കിയ കരാര്‍ രണ്ട് കല്‍പനകളുള്‍പ്പെട്ടതാണ്: അതിലൊന്ന് പിശാചിന് വഴിപ്പെടാതിരിക്കുക എന്നതത്രേ. രണ്ടാമത്തേത് അല്ലാഹുവിന് മാത്രം വിധേയപ്പെടുകയെന്നതും. രണ്ട് പ്രസ്താവനകളും അന്യോന്യം പിന്തുണക്കുന്നുണ്ട്. അതിനാല്‍ ചിലയാളുകള്‍ തങ്ങള്‍ പിശാചിനെ ആരാധിച്ചിട്ടില്ലല്ലോ എന്ന യുക്തിയില്‍ അഭിരമിച്ചുകൊണ്ട് തെറ്റുധാരണയിലകപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ അവര്‍ അല്ലാഹുവിന് കീഴൊതുങ്ങിയില്ല എന്നതുതന്നെ അവനോടുള്ള കരാറില്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ്. ‘എനിക്ക് വിധേയപ്പെടൂ ‘എന്ന കല്‍പനയും ‘പിശാചിന് ഒരു കാരണവശാലും വഴിപ്പെടരുതെ’ന്ന വിലക്കും നേര്‍രേഖയില്‍ സഞ്ചരിച്ച് അല്ലാഹു എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ഉപാധിയാണ്.

  1. സംശയമില്ല; നിങ്ങളിലെ നിരവധി സംഘങ്ങളെ പിശാച് പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًاۖ أَفَلَمْ تَكُونُوا تَعْقِلُونَ 

ഇബ്‌നു ആശൂര്‍ കുറിക്കുന്നു: മനുഷ്യനോടുള്ള പിശാചിന്റെ ശാത്രവത്തെ അല്ലാഹു വ്യക്തമാക്കിയ ശേഷം അതിന്റെ കാരണവും അനാവരണം ചെയ്തിട്ടുണ്ട്. മനുഷ്യരില്‍ വലിയൊരു വിഭാഗത്തെ വഴിപിഴപ്പിച്ചുവെന്നത് മനുഷ്യരോടുള്ള അവന്റെ വിരോധത്തിന് തെളിവാണ്. അതുകൊണ്ട് മനുഷ്യാ, അല്ലാഹുവുമായുള്ള ഉടമ്പടിയില്‍ ഉറച്ചുനിന്നാല്‍ അത് നിനക്ക് തന്നെയാണ് ഗുണീഭവിക്കുക. ഇമാം ത്വബരി പറയുന്നു: തീര്‍ച്ചയായും പിശാച് ജനങ്ങളിലൊരു വിഭാഗത്തെ എനിക്കുള്ള അനുസരണത്തില്‍നിന്നും ആരാധനാനുഷ്ഠാനങ്ങളില്‍നിന്നും വഴിതെറ്റിച്ചിരിക്കുന്നു. മാത്രമോ , അക്കൂട്ടരില്‍ ചിലര്‍ പിശാചിന് വഴിപ്പെടുന്നതിലും അവനെ അനുസരിക്കുന്നതിലും പ്രതിഷ്ഠകളെ സങ്കല്‍പിച്ച് പൂജിക്കുന്നതിലും വരെ ചെന്നെത്തിയിരിക്കുന്നു. അതുകൊണ്ട് ‘ബഹുദൈവവിശ്വാസികളേ, നിങ്ങളുടെ തന്നെ ശത്രുവിനെ അനുസരിക്കാനും വിധേയപ്പെടാനും പൂജിക്കാനും മാത്രം ബുദ്ധിശൂന്യരായിപ്പോയോ നിങ്ങള്‍’ എന്നാണ് അല്ലാഹു ചോദിക്കുന്നത്.
‘അദല്ല’ എന്നാല്‍ പിശാച് നിങ്ങളെ വഞ്ചിച്ചിരിക്കുന്നു എന്ന ആശയമാണെന്ന് ഇമാം ഖുര്‍ത്വുബി നിരീക്ഷിക്കുന്നു. ‘ജിബില്ലന്‍ കസീറ’ ഉദ്ദേശിക്കുന്നത് മനുഷ്യരാശിയിലെ ഒരു വിഭാഗം എന്നത്രേ. പിശാചിന്റെ മനുഷ്യവര്‍ഗത്തോടുള്ള പ്രകടമായ ശത്രുത നേരില്‍ കണ്ടിട്ടും അല്ലാഹുവിന് മാത്രമായുള്ള അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും മാര്‍ഗം സ്വീകരിക്കാന്‍ ഇനിയും മടിക്കുന്നതെന്തിന് എന്നാണ് ‘അഫലാ തഅ്ഖിലൂന്‍’ന്റെ വിവക്ഷ.

ഭാഷാ മുത്തുകള്‍

62 -ാമത്തെ സൂക്തം അതിന് തൊട്ടുമുമ്പുള്ള സൂക്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ‘അന്‍’ എന്ന പ്രയോഗം.അല്ലാഹുമായുള്ള കരാറിനെ ഒന്നുകൂടി വ്യക്തമാക്കുകയാണ് അതിന്റെ ഉദ്ദേശ്യം. യാത്രക്കാരന് യാതൊരു ക്ലേശമോ ആശയക്കുഴപ്പമോ സൃഷ്ടിക്കാത്ത ‘നേരായ പാത’പോലെ സുവ്യക്തമല്ലേ മനുഷ്യര്‍ക്കായുള്ള അല്ലാഹുവിന്റെ ജീവിതനിര്‍ദേശങ്ങള്‍എന്ന് ആശ്ചര്യത്തോടെ അവന്‍ ചോദിക്കുകയാണ് എന്ന് ഇബ്‌നു ആശൂര്‍ നിരീക്ഷിക്കുന്നു.

ജനതയെയും ദേശരാഷ്ട്രത്തെയും കുറിക്കുന്ന വാക്കുകള്‍ക്ക് പകരം എന്തുകൊണ്ട് ‘ജിബില്ല്’ഉപയോഗിച്ചുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. മൊത്തം സൃഷ്ടികളിലെ ബഹുഭൂരിപക്ഷത്തെയും ഈ വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടും മതിയാക്കാതെ അല്ലാഹു ‘ധാരാളം ‘എന്ന ആശയംസമ്മാനിക്കുന്ന ‘കഥീറന്‍’ എന്നുകൂടി അതോടൊപ്പം ചേര്‍ത്തു. അനന്ത സഹസ്രകോടികള്‍ എന്നാണപ്പോള്‍ കിട്ടുന്ന ആശയം. വഴികേടിലായത് കുറച്ചൊന്നുമല്ല, വലിയൊരു വിഭാഗം ജനങ്ങളാണെന്ന് ഊന്നിപ്പറയാനാണ് ആ പദപ്രയോഗം സ്വീകരിച്ചത്. പരുക്കന്‍ പ്രതലത്തെ ഓര്‍മിപ്പിക്കുന്ന ജബല്‍ (പര്‍വതം) എന്ന വാക്ക് ഈ മൂലശബ്ദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം വിമുഖതയെയും അകല്‍ച്ചയെയും സൂചിപ്പിക്കുന്ന(ഖുബ്ഹ്) അര്‍ഥപരികല്‍പനയും അതുള്‍ക്കൊള്ളുന്നുണ്ട്. അങ്ങനെ നന്‍മകളോട് വിമുഖത കാട്ടുന്ന പരുക്കന്‍ പ്രകൃതിയോടുകൂടിയ, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ആള്‍ക്കൂട്ടത്തോടൊപ്പം ചേരുന്ന വലിയൊരു വിഭാഗത്തെ ആക്ഷേപാര്‍ഹമായ ശൈലിയിലാണ് (നേരത്തേ അസ്ഹാബുല്‍ ഖര്‍യ എന്ന് നടത്തിയതുപോലെ) ഇവിടെ കൈകാര്യം ചെയ്യുന്നത്.
‘അഫലം തഅ്ഖിലൂന്‍ ‘ എന്ന് പറയാമായിരുന്നിട്ടും തകൂനൂ എന്ന വാക്ക് കൂടി ചേര്‍ത്തുകൊണ്ട് നൈരന്തര്യത്തെ ആവശ്യപ്പെടുകയാണ് അല്ലാഹു. ഒരിക്കല്‍ ചോദിച്ച് നിറുത്തുകയല്ല, വീണ്ടും വീണ്ടും നിങ്ങള്‍ സ്വബുദ്ധി ഉപയോഗിച്ച് ആലോചിക്കണമെന്നും ശരിയെന്തെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും തദനുസാരം സത്യത്തോട് ചേര്‍ന്നുനില്‍ക്കണമെന്നും ഉണര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം. എന്നില്‍നിന്ന് പിന്തിരിഞ്ഞ് പിശാചിന് വഴിപ്പെടുന്നതിലൂടെ സംഭവിക്കുകയെന്താണെന്ന് ഒരു നിമിഷംപോലും ആലോചിക്കാന്‍ നിങ്ങളൊന്നും സന്നദ്ധമല്ലെന്നോ എന്ന ശൈലി ശ്രദ്ധേയമാണ്. അതിലൂടെ അനുഗ്രഹമായി തന്ന വിവേചനബുദ്ധി ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന നിലപാടിനെ അല്ലാഹു ശക്തമായി അപലപിക്കുകയാണെന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു.

വഴിതെറ്റിയ, ഗതിനഷ്ടപ്പെട്ട എന്നൊക്കെ ‘അദല്ല് ‘ എന്ന വാക്കിനര്‍ഥമുണ്ട്. നേരായ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോയത് എന്നാണ് രണ്ടുസൂക്തങ്ങളും മുന്നില്‍വെക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഏറ്റവും നല്ല ആശയം. അറബികള്‍ വഴിതെറ്റിപ്പോയ ജന്തുക്കളെ ‘ദാബ്ബത്തുന്‍ ദാല്ലഃ’എന്ന് പറയാറുണ്ട്.

വിവേകമുത്തുകള്‍

നൂഹ് നബി(അ)യുടെ കാലം വരെ മനുഷ്യര്‍ ഏകദൈവവിശ്വാസികളായിരുന്നുവെന്ന് തെളിയിക്കുന്ന കൃത്യമായ സൂചനകളാണ് മേല്‍ സൂക്തങ്ങളില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. നൂഹ് നബിയുടെ സമുദായത്തിലെ ചിലര്‍ പിശാചിന്റെ സ്വാധീനത്തില്‍പെട്ട് ബഹുദൈവത്വത്തിലേക്ക് വഴിമാറുകയായിരുന്നു. ചില നരവംശശാസ്ത്രജ്ഞര്‍ മനുഷ്യര്‍ ബഹുദൈവവിശ്വാസികളായിരുന്നുവെന്നും ക്രമേണ അവര്‍ ഏകദൈവവിശ്വാസത്തിലേക്ക് ഉള്‍ച്ചേരുകയായിരുന്നുവെന്നും സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊരു മനുഷ്യന്റെയും അന്തഃഛോദന ബോധ്യപ്പെടുത്തുന്നത് നേരെ മറിച്ചാണ്. ഏകനായ മനുഷ്യാതീത ശക്തിയെ കീഴ്‌വണങ്ങാനും ആരാധിക്കാനുമാണ് മനുഷ്യന്റെ വിവേകബുദ്ധി അവനെ വഴികാട്ടുന്നത്.
ഏകദൈവവിശ്വാസത്തെ തള്ളിക്കളയുന്ന ഒരു അന്തര്‍വികാരവും മനുഷ്യബോധത്തില്‍ നിലകൊള്ളുന്നില്ല. അതുകൊണ്ട് ‘എനിക്കറിയില്ലായിരുന്നു’ എന്നുപറഞ്ഞ് ഏകദൈവത്വത്തെയോ ബഹുദൈവത്വത്തെയോ തള്ളിപ്പറയാനാവില്ല. അതേസമയം ദിവ്യശക്തിയെ ആരാധിക്കുന്നതിനുള്ള മാര്‍ഗങ്ങളോ, ഹലാല്‍-ഹറാമുകളോ ഒരാളുടെ ധാര്‍മികബോധത്തിന്റെ നിലവാരമനുസരിച്ചാവുന്നത് അറിവില്ലായ്മ കൊണ്ടായിരുന്നുവെന്ന് വാദിച്ചാല്‍ അത് ഒരുവേള ശരിയാണെന്ന് വരാം. സന്‍മാര്‍ഗം രണ്ട് രീതിയിലാണ് ലഭ്യമാകുകയെന്ന് സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ദൈവികദര്‍ശനത്തെക്കുറിച്ച് ജീവിതത്തിലൊരിക്കലും കേട്ടിട്ടുപോലുമില്ലാത്ത വ്യക്തിക്ക് അയാളുടെ വിവേകബുദ്ധി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാ പക്ഷപാതങ്ങളും സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിനിര്‍ത്തി ഉത്തരം കൊടുക്കേണ്ട ബാധ്യതയുണ്ട്. അങ്ങനെ മറുപടികൊടുക്കുന്ന വേളയില്‍ തീര്‍ച്ചയായും അവന്‍ എത്തിച്ചേരുക ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏകനായ ഒരു ശക്തിയുണ്ടെന്നാണ്.
‘ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ‘ആദം, നൂഹ് പ്രവാചകന്‍മാര്‍ക്കിടയില്‍ പത്ത് തലമുറ കടന്നുപോയിട്ടുണ്ട്. അവരെല്ലാം ഒരേ ശരീഅത്തിലായിരുന്നു. പിന്നീടാണ് അവര്‍ ഭിന്നിച്ചുപോയത്. അതിനാല്‍ അല്ലാഹു അവരിലേക്ക് സുവിശേഷകരും, മുന്നറിയിപ്പ് നല്‍കുന്നവരുമായ പ്രവാചകന്‍മാരെ അയച്ചു'(അല്‍ബഖറ 213 ന്റെ വ്യാഖ്യാനക്കുറിപ്പ്).

ഇമാം റാസി കുറിക്കുന്നു: മേല്‍ നിര്‍ദ്ദേശങ്ങള്‍ ഡോക്ടറില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പോലെയാണ്. മരുന്ന് കഴിക്കുന്നതോടൊപ്പം രോഗിയോട് ആരോഗ്യം വഷളാക്കുന്ന ചില ഭക്ഷണങ്ങള്‍ വര്‍ജിക്കണമെന്ന് ഡോക്ടര്‍ പറയാറുണ്ടല്ലോ. എന്നതുപോലെ മനുഷ്യഹൃദയങ്ങളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പഠിപ്പിക്കുകയാണ്. കാരണം, മനുഷ്യന് എന്തെല്ലാമാണ് നന്‍മയായി ഭവിക്കുകയെന്ന് ഏറ്റം നന്നായറിയാവുന്നവനാണ് അല്ലാഹു.

‘സ്വിറാത്വുന്‍ മുസ്തഖീം’ എന്നുപറഞ്ഞാല്‍ അല്ലാഹുവാണ് അതിലെ അന്തിമലക്ഷ്യം. ആരെങ്കിലും തന്റെ മുഖവും പ്രവര്‍ത്തനലക്ഷ്യവും അല്ലാഹുവിനു നേരെ തിരിച്ചാല്‍ തീര്‍ച്ചയായും അതുതന്നെ അവനെ വഴികേടില്‍നിന്ന് രക്ഷപ്പെടുത്തുന്നതാണ്. അപ്പോള്‍ അവന്‍ നേരായ മാര്‍ഗത്തിലാണെന്ന് തറപ്പിച്ചുപറയാം. അല്ലാഹുവായിരിക്കണം നമ്മുടെ ലക്ഷ്യവും മാര്‍ഗവും. അപ്പോള്‍ അവനിലേക്ക് തിരിയുന്നതാണ് ഇബാദത്ത്.

ഇബാദത്ത് എന്ന പദം രണ്ട് പ്രാവശ്യം വന്നിരിക്കുന്നു. ഒന്ന് പിശാചിനെ ക്കുറിച്ച് പറഞ്ഞ ഘട്ടത്തിലാണെങ്കില്‍ മറ്റേത് അല്ലാഹുവിനെ പരാമര്‍ശിച്ചപ്പോഴാണ്. പിശാചിനെ അനുസരിക്കുന്നത് അവനുള്ള ഇബാദത്താണെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനുള്ള ഇബാദത്താകട്ടെ, അവന്‍ അറിയിച്ചുതന്ന ദീനിനിര്‍ദേശങ്ങള്‍ മുറുകെപ്പിടിക്കുന്നതിലൂടെയാണ് നടപ്പാകുക. ഒരു വ്യക്തി മറ്റൊരളുടെ എല്ലാ കല്‍പനകളും അനുസരിക്കുമ്പോള്‍ അയാളെപ്പറ്റി പറയുക, മറ്റെയാളുടെ അടിമയാണെന്നാണ്. അത്തരം വിധേയത്വത്തിലൂടെ യജമാനനെ അയാള്‍ ദൈവതുല്യമായി കാണുന്നുവെന്നാണ്. നമ്മുടെ നമസ്‌കാരം, സകാത്ത്, വ്രതം, ഹജ്ജ് തുടങ്ങി എല്ലാം അല്ലാഹുവിനുള്ള ഇബാദത്തിന്റെ രൂപങ്ങളാണ്. അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗമായി ഈ ലോകത്ത് നാം ചെയ്യുന്ന പ്രവൃത്തികളെല്ലാംതന്നെ അവനുള്ള ഇബാദത്തായി അക്കാരണത്താല്‍ ഗണിക്കപ്പെടുന്നു.
ഇമാം അസീം ഖാന്‍

Topics