His Life

നബി(സ)യുടെ ജന്മദിനം: യഥാര്‍ഥ വസ്തുത ?

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു.അബ്‌സീനിയന്‍ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത്  കഅ്ബ തകര്‍ക്കാന്‍  ആനക്കൂട്ടങ്ങളുമായി വന്ന സംഭവമാണല്ലോ ആനക്കലഹം. പക്ഷേ, മുഹമ്മദ് നബിയുടെ ജന്‍മം കൃത്യമായി ഏതുദിനത്തിലാണെന്നതുസംബന്ധിച്ച് മുസ്‌ലിംസമൂഹത്തിലെ പലയാളുകള്‍ക്കും വ്യത്യസ്തവീക്ഷണമാണുള്ളത്. അതേസമയം അത് റബീഉല്‍ അവ്വല്‍ 12 നുതന്നെ എന്ന് തറപ്പിച്ചുപറയാന്‍ ആര്‍ക്കുംകഴിയുന്നില്ല.

ഏറ്റവും ആധികാരികമായ ഹദീസ് സമാഹാരമായ ‘സിഹാഹുസിത്ത'(ആറു പ്രാമാണികഹദീസ് ഗ്രന്ഥങ്ങള്‍)യില്‍ മുഹമ്മദ് നബി(സ)എന്ന് ജനിച്ചുവെന്ന് കൃത്യമായി പ്രതിപാദിക്കുന്നില്ല.  തിങ്കളാഴ്ചയാണ്  അതെന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് അബൂഖതാദയുടെയായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ ബദവി ഗ്രാമീണനോട് തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞു:’ ആ ദിവസമാണ് ഞാന്‍ ജനിച്ചത്. ആ ദിവസമാണ് ദിവ്യവെളിപാട് എനിക്ക് ലഭിച്ചുതുടങ്ങിയത്.(മുസ്‌ലിം)’.അതിനാല്‍ നബിതിരുമേനി ജനിച്ചത് തിങ്കളാഴ്ചയാണ്. അതുപക്ഷേ, ഏത് വര്‍ഷം ഏത് മാസം എന്നതിന് മറ്റു ഹദീസുകളെ ആശ്രയിക്കണം. അപ്പോഴും കൃത്യമായ തീയതി ഒരു ഹദീസ് ഗ്രന്ഥത്തിലും കാണപ്പെടുന്നില്ല. സുനനുല്‍ ബൈയ്ഹഖിയില്‍ ഇങ്ങനെ കാണാം:’സുവൈദ് ബിന്‍ ഗഫ്‌ല യില്‍ നിന്ന് റിപോര്‍ട്ട്: ‘മുഹമ്മദ് നബിയും ഞാനും ആനക്കലഹം നടന്ന വര്‍ഷത്തിലാണ് ജനിച്ചത്.’ നബിതിരുമേനി ആ വര്‍ഷത്തിലാണ് ജനിച്ചതെന്ന വേറെയും റിപോര്‍ട്ടുകളുണ്ട്. അങ്ങനെവരുമ്പോള്‍ മുഹമ്മദ് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ട് രണ്ട് വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. അത് തിങ്കളാഴ്ചയായിരുന്നു. ആനക്കലഹംനടന്ന വര്‍ഷത്തിലായിരുന്നു എന്നതാണ് അവ. 

ചരിത്രഗ്രന്ഥങ്ങളിലേക്ക് തിരിഞ്ഞാല്‍ അവിടെയും ജന്മദിനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കാണാം. പ്രവാചകന്‍ തിരുമേനിയുടെ ആധികാരികജീവചരിത്രകാരനായ ഇബ്‌നുഇസ്ഹാഖ്(ഹി.150) ഏതെങ്കിലും ഉദ്ധരണികളുടെ പിന്‍ബലമില്ലാതെ അത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ആണെന്ന് വിശദീകരിക്കുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെയും ഇബ്‌നുഇസ്ഹാഖിന്റെയും കാലഘട്ടം തമ്മില്‍ ഇരൂനൂറ് വര്‍ഷത്തിന്റെ വ്യത്യാസമുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് വ്യക്തമായ തെളിവുകള്‍ പിന്‍ബലമായി വേണ്ടതുണ്ട്.

ഇബ്‌നുസഅ്ദ്(ഹി. 230) തന്റെ ത്വബഖാതില്‍ നബിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് വ്യത്യസ്തവീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിതാ:

1. ആനക്കലഹംനടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ പത്തിന് തിങ്കളാഴ്ച

2. റബീഉല്‍അവ്വല്‍ രണ്ട് തിങ്കളാഴ്ച

3. തിങ്കളാഴ്ച

4. ആനക്കലഹം നടന്ന വര്‍ഷം

ഇസ്‌ലാമിന്റെ ഏറ്റവുമാദരിക്കപ്പെട്ട, ആദ്യകാലചരിത്രകാരിലൊരാളായ  ഇബ്‌നുസഅ്ദ് പക്ഷേ, അവയിലൊന്നും റബീഉല്‍ 12 എന്നത് പറയുന്നേയില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അവസാനം പ്രകടിപ്പിച്ച രണ്ടഭിപ്രായങ്ങളും  ശരിയാണ്. എന്നല്ല, ഏതെങ്കിലും പ്രത്യേകതിയതിയുമായി അത് ഏറ്റുമുട്ടുന്നില്ല. അതേസമയം,ആദ്യകാല പണ്ഡിതന്‍മാര്‍ക്ക് കൃത്യമായ തിയതി ഏതെന്നത് അറിയുമായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

മധ്യകാല ചരിത്രകാരനായ ഇബ്‌നുകസീര്‍(ഹി. 774) തന്റെ വിഖ്യാതഗ്രന്ഥമായ ‘അല്‍ബിദായ വന്നിഹായ’ യില്‍ നബിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അധികപണ്ഡിതന്‍മാരും മുഹമ്മദ് നബി റബീഉല്‍അവ്വല്‍ മാസത്തിലാണ് ജനിച്ചതെന്ന വീക്ഷണക്കാരാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അവരൊന്നും കൃത്യമായ തീയതിഏതെന്ന വിഷയത്തില്‍ ഏകാഭിപ്രായക്കാരായിരുന്നില്ല. ആ വീക്ഷണങ്ങളില്‍ ചിലത് :

1. നബിചരിത്രവിശാരദരില്‍ ഒരാളായ അബൂമഅ്ശറില്‍ സിന്ധി(ഹി. 171) പറയുന്നത് നബിയുടെ ജനനം റബീഉല്‍ അവ്വല്‍ രണ്ടിനാണെന്നാണ്. മാലിക്കീപണ്ഡിതനും ഫഖീഹുമായ ഇബ്‌നു അബ്ദില്‍ ബര്‍റ്(ഹി. 463)അഭിപ്രായപ്പെടുന്നതും അതുതന്നെ.

2. അന്തലൂസിയന്‍(സ്പാനിഷ്)പണ്ഡിതനായ ഇബ്‌നുഹസ(ഹി.456)മിന്റെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വല്‍ 8 നാണ് നബി ജനിച്ചത്.അല്‍ ദുഹ്‌രിയില്‍നിന്ന് (ഹി. 128) ഇമാം മാലിക് (ഹി. 179) റിപോര്‍ട്ടുചെയ്തിട്ടുള്ള അഭിപ്രായവും അതുതന്നെ.മുഹമ്മദ് ബിന്‍ ജുബൈര്‍ ബിന്‍ മുത്ഇമിനെപ്പോലുള്ള താബിഉകളും അതുതന്നെ പറയുന്നു.  റബീഉല്‍ അവല്‍ രണ്ടാണ് ജനനത്തീയതിയെന്ന തന്റെ അഭിപ്രായം  അധികചരിത്രകാരന്മാരുടെയും  നിരീക്ഷണത്തെ ആസ്പദമാക്കിയാണ് ഇബ്‌നുഅബ്ദില്‍ ബര്‍റ് നടത്തിയിട്ടുള്ളത്. നബിയെക്കുറിച്ച് മദ്ഹ് കാവ്യം എഴുതിയ ഇബ്‌നുദിഹ്‌യ അതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

3. മുഹമ്മദ് നബി റബീഉല്‍ അവ്വല്‍  പത്തിനാണ് ജനിച്ചതെന്ന് ഇബ്‌നു അസാകിര്‍(ഹി. 571),  നബിയുടെ കുടുംബപാരമ്പര്യത്തില്‍ പെട്ടതും ശീഈ പണ്ഡിതനുമായ അബൂ ജഅ്ഫറില്‍ ബാഖിര്‍(ഹി. 114) താബിഉം പ്രമുഖപണ്ഡിതനുമായ ഇമാം ശഅബി(ഹി.100), അല്‍വാഖിദി(ഹി. 207) തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.

4. റബീഉല്‍ അവ്വല്‍ 12 നാണ് നബി ജനിച്ചതെന്ന് പ്രത്യേകിച്ചൊരു റിപോര്‍ട്ടുകളുടെയും പിന്‍ബലം സ്വീകരിക്കാതെ ഇബ്‌നു ഇസ്ഹാഖ് (ഹി.150) അഭിപ്രായപ്പെടുന്നു. പ്രാഥമികഉറവിടം ഏതെന്ന് വ്യക്തമാക്കാതെ, ജാബിര്‍(റ), ഇബ്‌നുഅബ്ബാസ് തുടങ്ങിയവര്‍ക്കും ഈ വീക്ഷണമാണുള്ളതെന്ന് അദ്ദേഹം കുറിക്കുന്നു. പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നുകസീര്‍ എഴുതുന്നു:’ … ഇതാണ് ഈ വിഷയത്തില്‍ സര്‍വസാധാരണമായ വീക്ഷണം. അല്ലാഹുവാണ് കൂടുതലറിയുന്നവന്‍.’ എന്നാല്‍  ഈ അഭിപ്രായത്തെ ആദ്യനൂറ്റാണ്ടിലെ, സുബദ്ധവും ആധികാരികാരികവുമായ ഏതെങ്കിലും  പണ്ഡിതന്‍മാര്‍ പിന്തുണച്ചതായി കാണാനാകുന്നില്ല.

5. അധികശീഈ പണ്ഡിതന്‍മാരും പറയുന്നത് പ്രവാചകന്‍ ജനിച്ചത് റബീഉല്‍ അവ്വല്‍ 17 നാണ് എന്നാണ്. എന്നാല്‍ ഇതിനെ അധികസുന്നിപണ്ഡിതന്‍മാരും  തള്ളിക്കളയുന്നു.

6.  ശൈഖ് ഇബ്‌നുഹസമിന്റെ വീക്ഷണത്തില്‍ അത് റബീഉല്‍അവ്വല്‍ 22 ആണ്.

7.  ആനക്കലഹവര്‍ഷത്തില്‍ റമദാനിലാണ് പ്രവാചകന്‍ ജനിച്ചതെന്ന് മക്കയെക്കുറിച്ച ഏറ്റവും ആധികാരികചരിത്രമെഴുതിയ, ആദ്യകാലഇസ്‌ലാമികചരിത്രകാരനായ അല്‍സുബൈര്‍ ബിന്‍ അല്‍ ബക്കര്‍ (ഹി. 256) പറയുന്നു. 

8. ആനക്കലഹവര്‍ഷത്തില്‍ റമദാന്‍ 12 ന് പ്രവാചകന്‍ ഭൂജാതനായി എന്ന് ഇബ്‌നു അസാകിര്‍ റിപോര്‍ട്ടുചെയ്യുന്നു. ഇസ്‌ലാമിലെ ആദ്യകാല പണ്ഡിതരില്‍ ചിലര്‍ ഇതേ വീക്ഷണം വെച്ചുപുലര്‍ത്തുന്നു.

മേല്‍വിവരിച്ചതുപോലെ തങ്ങളുടേതായ വാദം ഉയര്‍ത്തിപ്പിടിക്കുന്ന ഇനിയും ഒട്ടേറെ പേരുണ്ട്. പക്ഷേ, അവയൊന്നും അത്ര യുക്തിസഹമായി തോന്നുന്നില്ല. ഉദാഹരണമായി, ജന്മദിനം റബീഉല്‍അവ്വല്‍ 9 ആണെന്ന് പറയുന്ന ആധുനികഗവേഷകരുണ്ട്. അതേപോലെ പ്രവാചകന്‍ ജനിച്ചവര്‍ഷം ആനക്കലഹം കഴിഞ്ഞ്പത്തുവര്‍ഷത്തിനുശേഷമാണെന്നും അതല്ല, ഇരുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞാണെന്നും ഇനിയുമൊരുകൂട്ടര്‍  നാല്‍പത് വര്‍ഷത്തിനുശേഷമാണെന്നും  അഭിപ്രായപ്പെടുന്നുണ്ട്.

റബീഉല്‍ അവ്വല്‍ 12 എങ്ങനെ പ്രസിദ്ധമായി ?

പ്രവാചകന്‍തിരുമേനിയുടെ ജനനത്തീയതിയും വര്‍ഷവും സംബന്ധിച്ച് പണ്ഡിതന്മാരുടെയും ചരിത്രകാരന്‍മാരുടെയും വ്യത്യസ്തവീക്ഷണങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും  ഭൂരിപക്ഷാഭിപ്രായം ആനക്കലഹം നടന്ന വര്‍ഷം (അതായത്, ക്രിസ്തുവര്‍ഷം 570 (അല്ലെങ്കില്‍ 571)ല്‍) റബീഉല്‍അവ്വല്‍ തിങ്കളാഴ്ചയാണ് എന്നതാണ്.

ഈ റബീഉല്‍ അവ്വല്‍ മാസത്തില്‍ ഏതുതിയതിയാണെന്നതിനെക്കുറിച്ച് അരഡസനിലേറെ അഭിപ്രായങ്ങളുണ്ട്. ഇസ്‌ലാമികചരിത്രത്തിന്റെ ആദ്യ 5 നൂറ്റാണ്ടുകളില്‍ അവയില്‍ 8 നും 10 നും ആണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത  ഉണ്ടായിരുന്നത്. പിന്നെങ്ങനെ ഈ റബീഉല്‍ അവ്വല്‍ 12 ഇന്നുകാണുന്നതുപോലെ പ്രചാരത്തില്‍വന്നു? അതല്ലാത്ത മറ്റുഅഭിപ്രായങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് അറിയാതെപോയതെന്തുകൊണ്ട് ? യഥാര്‍ഥത്തില്‍ പണ്ഡിതനായ ഇബ്‌നുഇസ്ഹാഖ് ഈ അഭിപ്രായം യാതൊരു പ്രാമാണികപിന്‍ബലവുമില്ലാതെ ഉദ്ധരിച്ചുവെന്നുമാത്രമേയുള്ളൂ. എന്നാല്‍, പന്ത്രണ്ടിന് സ്വീകാര്യതകിട്ടാനുണ്ടായ കാരണങ്ങളെന്തെന്ന് നമുക്ക് പരിശോധിക്കാം.

ഒന്നാമതായി, ഇബ്‌നുഇസ്ഹാഖ് എന്ന പണ്ഡിതനുള്ള പ്രശസ്തിയും സ്വീകാര്യതയുംതന്നെ. പ്രവാചകന്‍ തിരുമേനിയുടെ ജീവചരിത്രത്തെക്കുറിച്ച ആധികാരികവിവരം ലഭിക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകത്തില്‍നിന്നാണല്ലോ. പില്‍ക്കാലപണ്ഡിതരെല്ലാം അദ്ദേഹത്തിന്റെ കൃതിയെ ആശ്രയിച്ചാണ് നബിയുടെ ജീവിതത്തിലെ സംഭവങ്ങളെ വിശദീകരിക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിപ്രായം എല്ലായിടത്തും ഉദ്ധരിക്കപ്പെട്ടു.

രണ്ടാമത്തെ കാരണം, അത് ആഘോഷമായി കൊണ്ടാടാന്‍ ഒരു പറ്റം ആളുകള്‍ തീരുമാനിച്ചുവെന്നതാണ്. അതാണ് പന്ത്രണ്ടിന് കൂടുതല്‍ പ്രചാരവും സ്വീകാര്യതയുമേറ്റിയത്. മീലാദുന്നബി പ്രചാരത്തിലായതോടെ ഈ തീയതിയും ജനമനസ്സുകളില്‍ രൂഢമൂലമായി. ഹിജ്‌റ 5-ാം നൂറ്റാണ്ടില്‍ മീലാദുന്നബിയെന്ന ആശയം മുളപൊട്ടുന്നതിനുമുമ്പ് റബീഉല്‍ അവ്വല്‍ 8 ആണ് നബി ജനിച്ചതെന്ന അഭിപ്രായമാണ് കൂടുതല്‍ പ്രബലമെന്ന് ഇബ്‌നു അബ്ദില്‍ ബര്‍റ് പറയാന്‍ കാരണമതാണ്. എന്നിട്ടും മൗലിദ് പൊതുആഘോഷമായി കടന്നുവന്ന് മൂന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നുകസീര്‍ റബീഉല്‍ 12 ആണ് നബിയുടെ ജന്മദിനമെന്ന് പൊതുഅഭിപ്രായമെന്നോണം രേഖപ്പെടുത്തുകയായിരുന്നു.

ചുരുക്കം: മുഹമ്മദ് നബി(സ)യുടെ കൃത്യമായ ജനനത്തീയതി സംബന്ധിച്ച് ക്ലാസിക്കല്‍ പണ്ഡിതരുടെ ഇടയില്‍ ഇന്നും തര്‍ക്കമുണ്ട്. കൃത്യമായ പാരമ്പര്യസ്രോതസ്സില്‍നിന്ന് അക്കാര്യം റിപോര്‍ട്ടുചെയ്തതായി കാണുന്നില്ലെന്നതാണ് അതിന്റെ കാരണം. 

About the author

padasalaadmin

Add Comment

Click here to post a comment

Topics