തിരുചര്യയെ സംബന്ധിച്ച തന്റെ വീക്ഷണം ഹി. 1176- ല്‍ നിര്യാതനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ’യില്‍ എഴുതുന്നു: ‘നബി(സ)യുടെ ഹദീസുകള്‍ രണ്ടുതരമാണ്.
- ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ളത്. ‘ദൂതന്‍ നിങ്ങള്‍ക്ക് തരുന്നതെന്തോ അത് വാങ്ങിക്കൊള്ളുക. അദ്ദേഹം നിങ്ങള്‍ക്ക് വിലക്കുന്നതെന്തോ അതില്‍നിന്ന് മാറിനില്‍ക്കുകയുംചെയ്യുക.'(അല്‍ഹശ് ര്‍ 7). ‘പരലോകവുമായി ബന്ധപ്പെട്ട അറിവുകള്‍, അല്ലാഹുവിന്റെ സൃഷ്ടികള്‍ പ്രപഞ്ചരഹസ്യങ്ങള്‍ മുതലായവ ഉദാഹരണം. ഇവയുടെയെല്ലാം അടിസ്ഥാനം ദിവ്യബോധനമാണ്. ‘
ഇബാദത്തുകളും അവയുമായി ബന്ധപ്പെട്ട നിയമവശങ്ങളും ഈ ഇനത്തില്‍ തന്നെയാണ് വരിക. അവയില്‍ ചിലതിന്റെ അടിസ്ഥാനം ദിവ്യബോധനവും മറ്റുചിലതിന്റെത് ഗവേഷണവുമാണ്. നബിയുടെ ഗവേഷണം ദിവ്യബോധനത്തിന് തുല്യമാണ്. കാരണം, തെറ്റില്‍ ഉറച്ചുപോവുന്നതില്‍നിന്ന് അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണം പ്രമാണങ്ങള്‍ മുമ്പില്‍ വെച്ചുള്ള സ്വന്തം ആവിഷ്‌കാരമാകണമെന്നില്ല. അവയില്‍ അധികവും ഇസ്‌ലാമികനിയമ സംഹിതയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അല്ലാഹു അദ്ദേഹത്തെ അഭ്യസിപ്പിച്ചുകൊടുത്തതാകണം. സല്‍സ്വഭാവങ്ങള്‍, ദുസ്വഭാവങ്ങള്‍ മുതലായ പൊതുവും കേവലവും പരിധികള്‍ നിര്‍ണയിച്ചിട്ടില്ലാത്തതുമായ താല്‍പര്യങ്ങളും ദൗത്യനിര്‍വഹണത്തിന്റെ ഗണത്തില്‍ തന്നെയാണ് പെടുക. ഇവയില്‍ മിക്കതിന്റെയും അടിസ്ഥാനം സ്വന്തമായ ഗവേഷണമാണ്. അതായത്, അല്ലാഹു അദ്ദേഹത്തെ പൊതുനിയമങ്ങള്‍ അഭ്യസിപ്പിച്ചു. അദ്ദേഹം അതില്‍നിന്ന് ആവശ്യമായ വിധികള്‍ ആവിഷ്‌കരിച്ചു. വിവിധകര്‍മങ്ങളുടെ ശ്രേഷ്ഠത വിശദീകരിക്കുന്നതും അത്തരം കര്‍മങ്ങള്‍ ചെയ്യുന്നവരുടെ മഹത്വം വിവരിക്കുന്നതുമായ ഹദീഥുകളും ഇതേ ഗണത്തിലാണ് പെടുക.
2. ദൗത്യത്തിന്റെ ഭാഗമായുള്ളതല്ലാത്ത പ്രവാചകനിര്‍ദേശങ്ങള്‍ ഉദാഹരണം: ‘ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദീനുമായി ബന്ധപ്പെട്ട വല്ലതും ഞാന്‍ നിങ്ങളോട് കല്‍പിച്ചാല്‍ നിങ്ങള്‍ അത് സ്വീകരിക്കുക. എന്റെ അഭിപ്രായം എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍, ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്.’ ഈത്തപ്പന പരാഗണ വിഷയകമായി നബി(സ) പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ ഊഹിച്ചതുമാത്രമായിരുന്നു. ഊഹത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ പിടികൂടരുത്. എന്നാല്‍ , ഞാന്‍ അല്ലാഹുവില്‍നിന്ന് നിങ്ങളോടായി വല്ലതും പറഞ്ഞാല്‍ അത് നിങ്ങള്‍ സ്വീകരിക്കുക. കാരണം, ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞിട്ടില്ല.’
ചികിത്സയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ളതല്ല. (നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നിയമനിര്‍മാണ പരമായ തിരുചര്യയില്‍ പെട്ടതല്ലെന്നും അതിന്റെ അടിസ്ഥാനം അനുഭവപരിചയമാണെന്നുമാണ് ശൈഖ് ദഹ്‌ലവിയുടെ വീക്ഷണം.) ‘നിങ്ങള്‍ നെറ്റിയില്‍ വെള്ളനിറമുള്ള കറുത്ത കുതിരയെ ഉപയോഗിക്കുക ‘എന്ന നബിവചനവും ഈ ഇനത്തിലാണ് ഉള്‍പ്പെടുക. ഈ പ്രസ്താവനയ്ക്ക് നബിക്കാധാരം അനുഭവപരിചയമാണ്.
ഇബാദത്ത് എന്ന നിലയിലല്ലാതെ സമ്പ്രദായമെന്ന നിലയിലും ബോധപൂര്‍വമായല്ലാതെ യാദൃശ്ചികമായും അദ്ദേഹം ചെയ്ത കാര്യങ്ങളും ഇതേ ഇനത്തില്‍ തന്നെയാണ് പെടുക.
ഒരിക്കല്‍ സൈദുബ്‌നു സാബിതിനെ സമീപിച്ച് ചിലര്‍ പറഞ്ഞു: ‘താങ്കള്‍ നബിയെ സംബന്ധിച്ച് ചില വര്‍ത്തമാനങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരിക’. സൈദുബ്‌നു സാബിത് പറഞ്ഞു: ഞാന്‍ നബിയുടെ അയല്‍വാസിയായിരുന്നു. ദിവ്യബോധനം ഇറങ്ങുമ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് ആളെ അയക്കും. ഞാന്‍ അദ്ദേഹത്തിന് സമീപം ചെന്ന് അത് അദ്ദേഹത്തിന് വേണ്ടി രേഖപ്പെടുത്തും. ഞങ്ങള്‍ (സ്വഹാബികള്‍) ദുന്‍യാവിനെപ്പറ്റി സംസാരിച്ചാല്‍ അദ്ദേഹവും ഞങ്ങളോടൊപ്പം അതേപറ്റി സംസാരിക്കും. ഞങ്ങള്‍ പരലോകത്തെപ്പറ്റി സംസാരിച്ചാല്‍ അദ്ദേഹവും ഞങ്ങളോടൊപ്പം അതേപറ്റി സംസാരിക്കും. ഞങ്ങള്‍ ഭക്ഷണത്തെപ്പറ്റി സംസാരിച്ചാല്‍ അദ്ദേഹവും അതേക്കുറിച്ച് സംസാരിക്കും…..ഇങ്ങനെ എല്ലാ കാര്യങ്ങളെപ്പറ്റിയും സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ഉമ്മു സര്‍ഇന്റെ(ഒരിക്കല്‍ ആഇശഃ(റ) ഒരിടത്ത് പതിനൊന്ന് ഭാര്യമാര്‍ സമ്മേളിച്ച് തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ പെരുമാറ്റവും പ്രകൃതവും കലവറകൂടാതെ വിവരിച്ച കഥ നബിക്കു പറഞ്ഞുകൊടുക്കുകയുണ്ടായി. അതില്‍ പതിനൊന്നാമത്തെയാള്‍ അബൂസര്‍അ് എന്നയാളുടെ പത്‌നി ഉമ്മുസര്‍അ് ആയിരുന്നു.)യും ഖുറാഫഃ(നബിയും പത്‌നി ആഇശയും സംസാരിച്ചുകൊണ്ടിരിക്കെ ഖുറാഫയുടെ പേരും കടന്നുവന്നു. അപ്പോള്‍ നബി അദ്ദേഹവുമായി ബന്ധപ്പെട്ട അത്ഭുതകഥകള്‍ അവരെ കേള്‍പിച്ചു)യുടെയും പോലുള്ള ഹദീഥുകളും ദൗത്യപ്രചാരണത്തിന്റെ ഭാഗമായുള്ളതല്ല.
ആനുകാലികവും ഭാഗികവുമായ താല്‍പര്യം പരിഗണിച്ച് പറഞ്ഞ കാര്യങ്ങളും ഈ ഗണത്തിലാണ് വരിക. ഇത്തരം കാര്യങ്ങള്‍ സമുദായത്തിന് മൊത്തമായി ബാധകമായിരിക്കില്ല. സൈനിക സജ്ജീകരണം, ശത്രുക്കളില്‍നിന്ന് വേര്‍തിരിച്ചറിയാനായി സൈനികര്‍ക്ക് ചിഹ്നം നിശ്ചയിക്കല്‍ മുതലായവ ഉദാഹരണം. ഉമറി(റ)ന്റെ ഈ പ്രസ്താവം ഇതിനുദാഹരണമാണ്. ഹജ്ജില്‍ നാം എന്തിന് റംല് നടക്കണം?(റംല് – അടുത്തടുത്ത ്കാലടികള്‍വെച്ച് വേഗത്തില്‍ നടക്കല്‍). മുശ്‌രിക്കുകളെ കാണിക്കാനായി ഞങ്ങള്‍ അങ്ങനെ നടന്നിരുന്നു. പിന്നെ, അതിനു മറ്റൊരു കാരണമുണ്ടാകുന്നത് അദ്ദേഹം ഭയപ്പെട്ടു. തെളിവുകളുടെയും ശപഥങ്ങളുടെയും അടിസ്ഥാനത്തില്‍ നടന്നിരുന്ന പ്രത്യേകവിധികളും തഥൈവ. ‘സ്ഥലത്തില്ലാത്തയാള്‍ കാണാത്തത് സ്ഥലത്തുള്ളയാള്‍ കാണുന്നു’ എന്ന അലി(റ)യുടെ പരാമര്‍ശം ഇതിലേക്കാണ് വെളിച്ചം വീശുന്നത്.
നബിചര്യയെ നിയമനിര്‍മാണപരം, നിയമനിര്‍മാണേതരം എന്നിങ്ങനെ കൃത്യമായി നിര്‍വചിച്ചതും വിശദീകരിച്ചതും അല്ലാമഃ ദഹ്‌ലവിയാണെന്ന് തന്നെ പറയാം.
ഡോ. യൂസുഫുല്‍ ഖറദാവി
Add Comment