വിദ്യാഭ്യാസം-ലേഖനങ്ങള്‍

നട്ടുപിടിപ്പിക്കുക സ്വപ്‌നങ്ങളെ

നമ്മുടെ ഓരോരുത്തരുടെയും ജീവിതപ്രയാണത്തില്‍ റോഡരികില്‍ കാണുന്ന യാത്രാസൂചികകളെന്നോണം സൂചനകള്‍ ലഭിക്കുകയും നാമവ പിന്‍പറ്റുകയും ചെയ്യുന്നുവെന്നാണ് ജര്‍മനിയുടെ പ്രശസ്ത ഫുട്ബാള്‍ താരമായ മസ്ഊദ് ഓസില്‍ വിശ്വസിക്കുന്നത്. ഷാല്‍ക്കെ ക്ലബിന് വേണ്ടി കളിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. തന്റെ കളിനിലവാരം താഴ്ന്ന് പോകാന്‍ അവ കാരണമാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ ക്ലബുവിട്ടു വെര്‍ഡര്‍ ബ്രമനില്‍ ചേരുകയാണുണ്ടായത്. അവിടെയും അധികം നില്‍ക്കാതെ നേരെ റയല്‍ മാഡ്രിഡിലെത്തി ഓസില്‍. ഒമ്പത് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ജേഴ്‌സി അണിയുക എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ ടീമിലെ തന്റെ സ്ഥാനം ഇളകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നിസ്സങ്കോചം ക്ലബുവിടുകയാണ് ചെയ്തത്. അക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൂടുതലായൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം തന്റെ തീരുമാനമെടുത്തത്. ഇംഗ്ലീഷ് ക്ലബായ ആഴ്‌സനിലേക്കായിരുന്നു ഇത്തവണ കൂടുമാറ്റം. വലിയ നേട്ടങ്ങളൊന്നുമില്ലാത്ത, എന്നാല്‍ മുങ്ങാന്‍ കിടക്കുന്ന കപ്പലിനെപ്പോലെ അപകടകരമായ സ്ഥിതിയിലായിരുന്നു അപ്പോള്‍ ആഴ്‌സണല്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ അവിടത്തെ താരങ്ങളോട് കൂടിച്ചേരാനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു.
കളിമികവും, ബുദ്ധിപരമായ നീക്കങ്ങളും കൊണ്ട് ലോകശ്രദ്ധ കവര്‍ന്നതോടെ അദ്ദേഹം ധരിക്കാറുള്ള പതിനൊന്നാം നമ്പര്‍ ജഴ്‌സി ആഴ്ചകള്‍ക്കകം ധാരാളമായി വില്‍ക്കപ്പെട്ടു. ആഴ്‌സണലിനെ പിന്തുണക്കാനെത്തുന്ന ആരാധകര്‍ അദ്ദേഹത്തിന്റെ ജഴ്‌സി അണിയുകയും അദ്ദേഹമാണ് ഗണ്ണേഴ്‌സിന്റെ യഥാര്‍ത്ഥ പോരാളിയെന്ന് പ്രഖ്യാപിച്ച് ലണ്ടനിലും മാഞ്ചസ്റ്ററിലും, ബെര്‍മിങ്ഹാമിലും, ഖത്തറിലും, ദുബൈയിലും എന്നുവേണ്ട സുപ്രധാന പട്ടണങ്ങളുടെയെല്ലാം തെരുവിലിറങ്ങുകയുണ്ടായി. തുര്‍ക്കി-മുസ്‌ലിം വംശജനായ ഓസില്‍ ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ് ‘ഞാനെടുത്ത ഒരു തീരുമാനത്തിന്റെ പേരിലും എനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല. ഞാന്‍ ഉദ്ദേശിക്കുന്നിടത്ത് എത്തുകതന്നെ ചെയ്യും. തന്റെ മുന്നില്‍ കാണുന്ന സൂചനകളെ പിന്‍പറ്റുന്നവന്‍ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ സംശയമില്ല’.
തനിക്ക് ചുറ്റുമുള്ളവരുടെ വാക്കുകള്‍ മാത്രം കേട്ട് ജീവിക്കുകയായിരുന്നു ഓസില്‍ ചെയ്തിരുന്നത് എങ്കില്‍ ഇന്നുമദ്ദേഹം ഷാല്‍ക്കെയില്‍ തന്നെയായിരുന്നേനെ. മറിച്ച് തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ശബ്ദം അദ്ദേഹം തിരിച്ചറിയുകയും അവ അദ്ദേഹത്തെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്ക് നയിക്കുകയും ലോകത്ത് അറിയപ്പെടുന്ന താരമായി വളരാന്‍ സഹായിക്കുകയും ചെയ്തു എന്നതാണ് വസ്തുത.
എനിക്ക് ഒരു കൂട്ടുകാരനുണ്ട്. ഒരു ജോലിയിലും പതിവായി നില്‍ക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. ഓരോ ജോലിയിലും മുന്നോ നാലോ വര്‍ഷമാണ് അദ്ദേഹം തുടരുക. തനിക്ക് ആവശ്യമായ പരിചയം ലഭിച്ചിരിക്കുന്നു, പുതുതായി ഒന്നും നേടാനില്ല എന്ന് തിരിച്ചറിയുന്നതോടെ അദ്ദേഹം പുതിയ ജോലി അന്വേഷിക്കുകയാണ് ചെയ്യുക. അവന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയായിരുന്നു. എവിടെയും സ്ഥിരത പുലര്‍ത്താതെ പോവുന്നത് അവന്റെ ഭാവിയെ അപകടപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെട്ടു.
പക്ഷേ ഇപ്പോഴവന്‍, ഭീമമായ ലാഭം കൊയ്യുന്ന വമ്പന്‍ കമ്പനിയുടെ ഉടമസ്ഥനാണ്. ലക്ഷക്കണക്കിന് ഡോളറാണ് അവന്റെ മാസവരുമാനം. അങ്ങേയറ്റം ബോധത്തോടും, ആത്മവിശ്വാസത്തോടും, ആത്മാര്‍ത്ഥതയോടും കൂടി പരിശ്രമിച്ചു എന്നതുതന്നെയാണ് അവന്റെ വിജയരഹസ്യം. അവന്റെ കാര്യത്തില്‍ ഭയപ്പെട്ടിരുന്ന ഞാന്‍ ഒടുവില്‍ സ്വന്തംകാര്യമോര്‍ത്ത് ഭയപ്പെട്ടു. ഒരുപക്ഷേ, അവന്റെ വിഷയത്തില്‍ ഞാന്‍ അത്രവേഗത്തില്‍ അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു.
ഏറ്റവും വലിയ കെട്ടുകഥയാണ് സ്ഥിരത എന്നാണ് എന്റെ വിശ്വാസം. താല്‍പര്യത്തോട് കൂടി ഒരു കാര്യത്തില്‍ നിലകൊള്ളാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്നത് അവന്റെ സ്വപ്‌നം മാത്രമാണ്. സ്വപ്‌നം കാണാനുള്ള അവകാശം നമുക്ക് നിഷേധിക്കുന്ന ഒരിടത്തും നാം നിലനില്‍ക്കേണ്ടതില്ല. നമ്മുടെ മനസ്സിലെ സ്വപ്‌നങ്ങളെ തുറന്നുവിടാന്‍ സാധിക്കുന്ന മറ്റൊരു ഇടം തേടുകയാണ് അപ്പോള്‍ നാം ചെയ്യേണ്ടത്. നമ്മുടെ സ്വപ്‌നങ്ങള്‍ മധുരഫലങ്ങളെപ്പോലെയാണ്. നല്ല ഫലഭൂയിഷ്ഠതയുള്ളിടത്ത് മാത്രമാണ് അവ വളരുക. അതിനാല്‍ നമ്മുടെ സ്വപ്‌നം നട്ടുപിടിപ്പിക്കേണ്ട ഇടം കണ്ടെത്തേണ്ടത് നമ്മുടെ ചുമതലയാണ്.

ഡോ. അബ്ദുല്ല അല്‍മഗ്‌ലൂഥ്

Topics