കൗണ്‍സലിങ്‌

ജോലി ജോളിയാക്കി ഭര്‍ത്താവ്

Meeting --- Image by © 68/Ocean/Corbis

ചോദ്യം: സ്വഭാവംകൊണ്ട് ഉത്തമനായ ഒരാളാണ് എന്റെ ഭര്‍ത്താവ്. പക്ഷേ അദ്ദേഹത്തിന്റെ ജോലിയാണ് എന്റെ പ്രശ്‌നം. പിതാവിന്റെ ഷോപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ആഴ്ചയവസാനത്തെ ദിവസം പോലും തിരക്കേറിയ ദിനമാണ്. പിതാവാകട്ടെ, അദ്ദേഹത്തിന് ഒഴിവ് കൊടുക്കാറുമില്ല. ജീവിതപങ്കാളിയെന്ന നിലക്ക് ഭര്‍ത്താവുമായി സമയംചെലവഴിക്കാന്‍ എനിക്കാഗ്രഹമുണ്ട്. അതെന്റെ അവകാശമായി ഞാന്‍ കാണുകയും ചെയ്യുന്നു.

ആഴ്ചയിലൊരിക്കല്‍ ഷോപില്‍ പോകാതിരിക്കുന്നത് പിതാവിനോടുള്ള അനുസരണക്കേടും അദ്ദേഹത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തലും ആയി ഭര്‍ത്താവ് കാണുന്നു. പക്ഷേ എന്റെ അവകാശം നിഷേധിക്കപ്പെടുന്നതിന് പരിഹാരമുണ്ടാകേണ്ടതില്ലേ?

ഉത്തരം: ഭാര്യയെന്ന് നിലക്ക് ജീവിതപങ്കാളിയില്‍നിന്ന് ചില അവകാശങ്ങള്‍ താങ്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതില്‍പെട്ടതാണ് ഭര്‍ത്താവുമായി ചെലവഴിക്കാന്‍ സമയം കിട്ടുകയെന്നത്. അതുപോലെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മകനെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങളുമുണ്ട്. സ്വന്തംകുടുംബത്തിനോ അന്യര്‍ക്കോ വേണ്ടി പണിയെടുക്കുന്ന തൊഴിലാളിയെന്ന നിലക്കും അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ട അവകാശമുണ്ട്. ചുരുക്കത്തില്‍, ഭര്‍ത്താവ് ജോലിയിലും ജീവിതത്തിലും സന്തുലിതമായ നിലപാടിലെത്തേണ്ടതുണ്ട്.

സന്തുലിതത്വം എന്നത് ഒരുവിഭാഗത്തെക്കാള്‍ മറ്റൊരു കൂട്ടര്‍ക്ക് കൂടുതല്‍ വിഭവങ്ങളും അനുഗ്രഹങ്ങളും ലഭിക്കുകയെന്നതല്ല. ഒരുവിഭാഗത്തെ അവഗണിച്ചും അപമാനിച്ചും മറുവിഭാഗത്തെ ആദരിക്കുന്നതും സ്‌നേഹിക്കുന്നതുമല്ല. താങ്കളുടെ ഭര്‍ത്താവിന്റെ സാഹചര്യം അങ്ങേയറ്റം പ്രയാസത്തിലാണെന്നാണ് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ ഒരു കൂട്ടരെ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ഭര്‍ത്താവ് മനസ്സിലാക്കുന്നത്. അത് ഭാര്യയെന്ന താങ്കളെയാണ്.

അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ വാര്‍ധക്യത്തോടടുത്ത മാതാപിതാക്കളാണ്. മകന്റെ കുടുംബത്തിനുള്ള ജീവിതോപാധി നല്‍കിയതും തുടര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്നതും ആ മാതാപിതാക്കളാണ്. അതിനാല്‍ ആ കടപ്പാട് അദ്ദേഹത്തെ വല്ലാതെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. തനിക്ക് എല്ലാം തന്ന മാതാപിതാക്കള്‍ക്ക് വളരെയേറെ തിരിച്ചുകൊടുക്കണമെന്ന് അദ്ദേഹം വിചാരിക്കുന്നു.

സന്തുലിതത്വം

പക്ഷേ അദ്ദേഹം തന്റെ കടപ്പാട് തീര്‍ക്കുന്നത് ദാമ്പത്യജീവിതം ബലികഴിച്ചുകൊണ്ടാണെന്ന് മാത്രം. ജീവിതപങ്കാളിയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കണമെന്നത് മാത്രമല്ല മറക്കുന്നത് ,എല്ലാദിവസവും വിശ്രമമേതുമില്ലാതെ ജോലിയെടുക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതും അദ്ദേഹം മറക്കുന്നു. സദാ ജോലിയില്‍ മുഴുകുന്നതിനാല്‍ ക്ഷീണംബാധിക്കുകയും ഊര്‍ജം നഷ്ടപ്പെടുകയും ദാമ്പത്യത്തിലെ ഊഷ്മള ബന്ധത്തെ നഷ്ടപ്പെടുത്തുകയുംചെയ്യുന്നു.
ഈ വിഷയങ്ങള്‍ താങ്കള്‍ ഭര്‍ത്താവിനോട് സംയമനം പാലിച്ചും ഔചിത്യത്തോടെയും ഉണര്‍ത്തുക. താങ്കള്‍ക്ക് അദ്ദേഹത്തിന്റെ സമയം ലഭിക്കുന്നില്ലെന്ന വസ്തുതയുള്ളതോടൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര സംഗതിയാണെന്നും അക്കാര്യം താങ്കളെ ആശങ്കപ്പെടുത്തുന്നുവെന്നും വ്യക്തമാക്കുക.

താങ്കളുടെ വിഷമാവസ്ഥ ഭര്‍ത്താവിന് വേണ്ടവിധം ബോധ്യമായില്ലെന്ന് വരാം. തനിക്കുള്ള ജോലിഭാരവും അത് ആരോഗ്യത്തിനേല്‍പിക്കുന്ന ആഘാതവും അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്ന് വരാം. അതെന്തായാലും ഇക്കാര്യങ്ങള്‍ താങ്കള്‍ ഭര്‍ത്താവിനോട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?

ഒരുമിച്ച് സമയംചെലവഴിക്കല്‍

ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിനോടൊപ്പം സമയം ചെലവഴിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെന്ന് പറയുക. ഇപ്പോഴുള്ള സാഹചര്യം താങ്കളെ വിഷമിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുക. യഥാര്‍ഥത്തില്‍ ഇണകളെന്ന നിലക്ക് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് സമയംചെലവഴിക്കേണ്ടതാണെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. സുദൃഢവും ഊഷ്മളവുമായ ബന്ധം ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകാന്‍ അത് അനിവാര്യമാണ്. പ്രയോജനപ്രദമായ സമയം ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകുന്നില്ലെങ്കില്‍ അത് ബന്ധത്തെ ദുര്‍ബലപ്പെടുത്തുമെന്നതില്‍ സംശയമില്ല. അദ്ദേഹം സദ്‌സ്വഭാവിയാണെന്ന് താങ്കള്‍ പറഞ്ഞല്ലോ. അല്ലാഹു ഉദ്ദേശിച്ചാല്‍ താങ്കളുടെ വിഷമാവസ്ഥ അദ്ദേഹം മനസ്സിലാക്കുകയും സമയം കണ്ടെത്താന്‍ പരിശ്രമിക്കുകയുംചെയ്യും.

മകന്റെ ജോലിഭാരം അവന്റെ ദാമ്പത്യത്തെ പരിക്കേല്‍പിക്കുന്നുണ്ടെന്ന് ഒരുപക്ഷേ ഭര്‍തൃപിതാവ് തിരിച്ചറിയുന്നുണ്ടാവില്ല. താങ്കള്‍ക്കും ഭര്‍ത്താവിനും പിതാവിനെ സമീപിച്ച് കാര്യങ്ങള്‍ വിനയത്തോടെ തുറന്ന് സംസാരിക്കാം. ആഴ്ചയില്‍ ഒരു ദിവസം ഒഴിവുവേള ലഭിക്കാന്‍ ഭാര്യയെന്ന നിലയില്‍ താങ്കള്‍ ആഗ്രഹിക്കുന്നതായി ഭര്‍തൃപിതാവ് അറിയട്ടെ. ആ ഒഴിവുദിനം ഞായറാഴ്ച തന്നെയാകണം എന്ന ശാഠ്യബുദ്ധി ഉപേക്ഷിച്ച് കാര്യങ്ങള്‍ പിതാവിന്റെ നിയന്ത്രണത്തില്‍തന്നെയാണെന്ന വിചാരം നിലനിര്‍ത്തി ആഴ്ചയിലൊരു വിശ്രമം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാം.
തന്നെ മകന്‍ അനുസരിക്കുന്നില്ലെന്ന ചിന്ത ഒരുപക്ഷേ പിതാവിനുണ്ടാകാം. മകന്റെ ദാമ്പത്യജീവിതത്തെ ബാധിക്കുന്ന ജോലിഭാരത്തെക്കുറിച്ച തിരിച്ചറിവ് ഭര്‍തൃപിതാവിനുണ്ടാകുന്നില്ലെങ്കില്‍ മകന്‍ ഏഴുദിവസവും ജോലിചെയ്യട്ടേയെന്നായിരിക്കും അദ്ദേഹം ചിന്തിക്കുക.

അവസാനമായി ചിലതുകൂടി പറയട്ടെ. താങ്കളുടെ ഭര്‍ത്താവിന്റെ വിഷമസന്ധി താങ്കള്‍ തിരിച്ചറിയണം. എന്നാല്‍, വളരെ യുക്തിപൂര്‍വവും സമചിത്തതയോടെയും അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പിതാവിനോടും താങ്കളുടെ ആഗ്രഹത്തെയും അവകാശത്തെയും കുറിച്ച് സംസാരിക്കണം. അതോടൊപ്പം ദീര്‍ഘസമയം ജോലിയുമായി മല്ലിടുന്നതിനാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ച ആശങ്കയും പങ്കുവെക്കണം. ദാമ്പത്യം ഈടുറ്റതും സുദൃഢവുമാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ഹന്നാ മോറിസ്

Topics