ജുവൈരിയ്യ(റ)

ജുവൈരിയ്യ ബിന്‍തു ഹാരിസ്(റ)

മുസ്തലിഖ് ഗോത്രക്കാര്‍ മദീനയെ ആക്രമിക്കുവാന്‍ വേണ്ടി ഒരുങ്ങുന്നു എന്നറിഞ്ഞ നബി(സ)യും സ്വഹാബാക്കളും ശത്രുക്കളെ ലക്ഷ്യമാക്കിപ്പുറപ്പെട്ടു. യുദ്ധം തുടങ്ങി. മുസ്‌ലിംകളോട് പൊരുതിനില്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. അവര്‍ തോറ്റോടി. അറുനൂറോളം പേരെ തടവുകാരായിപ്പിടിച്ചു. മുസ്തലിഖ് ഗോത്രനേതാവായ ഹാരിസുബ്‌നു അബൂസിറാറിന്റെ പുത്രി ജുവൈരിയ്യയും തടവുകാരിയായി പിടിക്കപ്പെട്ടു. അവരുടെ ഭര്‍ത്താവ് മുസാഫിഉബ്‌നു സഫ്‌വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
നബി(സ) തടവുകാരെ മുസ്‌ലിംകള്‍ക്ക് വീതിച്ചുകൊടുത്തു.ജുവൈരിയ്യ സാബിതുബ്‌നുഖൈസ്(റ)ന്റെ വിഹിതത്തില്‍ വന്നു. തറവാടിത്തമുള്ള ജുവൈരിയ്യ അടിമ ജീവിതം ഇഷ്ടപ്പെട്ടില്ല. അവര്‍ മോചനപത്രമെഴുതി സ്വതന്ത്രയാകാന്‍ തീരുമാനിച്ചു. സാബിത്തുബ്‌നുഖൈസ് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അടച്ചുതീര്‍ക്കാനുള്ള തുക അവരുടെ പക്കലുണ്ടായിരുന്നില്ല. സഹായത്തിനു നബി(സ)യെ സമീപിച്ചു. ഉന്നത കുലജാതയായ ജുവൈരിയ്യയെ നബി(സ) അടിമത്വത്തില്‍നിന്നു മോചിപ്പിക്കുകയും അവരുടെ ഇഷ്ട പ്രകാരം സ്വപത്‌നിയായി സ്വീകരിക്കുകയും ചെയ്തു. ജുവൈരിയ്യയുടെ വിവാഹത്തോടെ ബനുമുസ്തലിഖുകാര്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
മാതൃകാപരമായിരുന്നു ജുവൈരിയ്യയുടെ ജീവിതം. ഇസ്‌ലാം സ്വീകരിച്ചതോടെ ദിനചര്യകളില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ ഉണ്ടായി. സദാ ദിക്‌റിലും ഇബാദത്തിലും കഴിഞ്ഞുകൂടി. സുന്നത്ത് നോമ്പുകള്‍ ധാരാളമായി അനുഷ്ഠിച്ചിരുന്നു.
കുടുംബിനി എന്ന നിലയ്ക്ക് നബിയെ പരിചരിക്കുവാനും ഭക്ഷണം പാകം ചെയ്തുകൊടുക്കുവാനും ജുവൈരിയ്യ ശ്രദ്ധിച്ചിരുന്നു.
ഹിജ്‌റ: 50ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ആ പുണ്യതേജസ്സ് ലോകത്തോട് വിടപറഞ്ഞു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured