ചരിത്രം

ജുലൈബീബ്-(പ്രവാചക സവിധത്തിലെ കറുത്തവംശജര്‍ – 3)

മദീനയില്‍ പ്രവാചകന്‍ തിരുമേനിയുടെ ഏറ്റവുമടുത്ത സഹചാരികളില്‍ ഒരാളായിരുന്നു ജുലൈബീബ്. മദീനയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. എവിടെനിന്നോ എത്തിപ്പെട്ട, കറുത്തവംശജനായ അദ്ദേഹം മറ്റാരാലും അറിയപ്പെടാത്ത ആളായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബചരിത്രമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രകാരന്‍ ഇബ്‌നുല്‍ അസീറിന്റെ വിവരണത്തില്‍ അദ്ദേഹം കുള്ളനും വിരൂപനും ആയിരുന്നുവെന്ന പരാമര്‍ശമുണ്ട്.

ദരിദ്രനും ആരോരുമില്ലാത്തവനുമായിരുന്നു അദ്ദേഹം. വസ്ത്രങ്ങളാകട്ടെ, കാലപ്പഴക്കത്താല്‍ പിഞ്ഞിക്കീറിയതും നിറംമങ്ങിയതും. നല്ലൊരു പാദരക്ഷപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സമ്പത്തോ ആശ്രിതരോ ഒന്നുമില്ലാത്ത അദ്ദേഹം തലചായ്ച്ചിരുന്നത് പള്ളിയിലായിരുന്നു. കുടിച്ചിരുന്നത് വുദുവെടുക്കാനുപയോഗിക്കുന്ന വെള്ളവും. അധികസമയവും പട്ടിണിയിലായിരുന്നു. തന്റെ വൈരൂപ്യവും ശരീരപ്രകൃതിയും ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന ചിന്തയാല്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ബോധപൂര്‍വം അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു പതിവ്.
പ്രവാചകന്റെ തിരുസന്നിധിയിലായിരുന്നു അദ്ദേഹം ആശ്വാസം കണ്ടെത്തിയിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കല്‍ നബിതിരുമേനി ചോദിച്ചു: ‘ജുലൈബീബ് എന്നും ഏകാന്തനായി കഴിയാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? താങ്കള്‍ക്കൊരു പങ്കാളിയെ വേണ്ടേ?’വിവാഹമാണ് നബിയുടെ ഉദ്ദേശ്യമെന്നറിഞ്ഞ അദ്ദേഹം നിരാശാമനസ്സോടെ തനിക്കെന്ത് വിവാഹം എന്ന് മൊഴിഞ്ഞു.
എന്നാല്‍ നബിതിരുമേനി ജുലൈബീബിനുവേണ്ടി അനുയോജ്യയായ ജീവിതപങ്കാളിയെ തിരയാന്‍ സ്വഹാബികളെ ചട്ടംകെട്ടി. അതോടെ അദ്ദേഹത്തിന്റെ മനസ്സില്‍ അസ്വസ്ഥതയേറി. പെണ്‍കുട്ടികളിഷ്ടപ്പെടാത്ത വ്യക്തി എന്ന മേല്‍വിലാസം പതിയുമോ എന്ന ഭയത്തേക്കാളേറെ തനിക്കായി വിവാഹാലോചനയ്ക്ക് മുന്‍കയ്യെടുത്ത പ്രവാചകതിരുമേനി അപഹാസ്യനാകുമോ എന്ന വിഷമമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം പറഞ്ഞു: ‘നബിതിരുമേനീ, ആരും വിലമതിക്കാത്ത മനുഷ്യനല്ലേ ഞാന്‍?’അതുകേട്ട് പ്രവാചകന്‍ മന്ദസ്മിതംതൂകിക്കൊണ്ട് പറഞ്ഞു:’അല്ലാഹുവിങ്കല്‍ താങ്കള്‍ ഒരിക്കലും അധമനല്ല’
എന്തായാലും സുന്ദരിയായ ഒരു അന്‍സാരിപെണ്‍കൊടി ജുലൈബീബിന്റെ ജീവിതപങ്കാളിയാകാന്‍ സന്നദ്ധതയറിയിച്ചു. അദ്ദേഹം പെണ്ണുകാണാന്‍ ആ വീട്ടിലെത്തി. എന്നാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹത്തെ ഒട്ടുംതന്നെ ഇഷ്ടമായില്ല. പക്ഷേ, ‘അല്ലാഹുവും അവന്റെ പ്രവാചകനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ ,പിന്നീട് സത്യവിശ്വാസിയായ സ്ത്രീ-പുരുഷന്‍മാര്‍ക്ക് പാടുള്ളതല്ല’എന്ന അഹ്‌സാബ് ലെ 36-ാമത് സൂക്തം ഓതിക്കേള്‍പിച്ച് ആ പെണ്‍കുട്ടി ഈമാന്റെ നിറകുടമായി. നബിതിരുമേനി അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു.’അല്ലാഹുവേ, ഇവരുടെ ജീവിതത്തില്‍ എല്ലാ ഐശ്വര്യങ്ങളും ചൊരിയേണമേ, അവരുടെ ജീവിതം ക്ലേശത്തിലാക്കരുതേ’. അങ്ങനെ ആ ദാമ്പത്യജീവിതം സന്തോഷത്തോടെ മുന്നോട്ടുപോയി.
ഒരുദിവസം നബി(സ) അനുയായികളുമായി യുദ്ധത്തിന് പുറപ്പെട്ടു. സംഘത്തില്‍ ജുലൈബീബും ഉണ്ടായിരുന്നു. യുദ്ധമെല്ലാം കഴിഞ്ഞ് നഷ്ടപ്പെട്ട പോരാളികളുടെ കണക്കെടുപ്പ് നടന്നു. അതെല്ലാം നബിയോട് വിവരിക്കവേ ‘ഇനിയാരെങ്കിലും വിട്ടുപോയിട്ടുണ്ടോ’ എന്ന ചോദ്യത്തിന് സ്വഹാബികള്‍ ഇല്ലെന്ന് മറുപടി നല്‍കി. അപ്പോള്‍ പ്രവാചകന്‍ അവരോടായി പറഞ്ഞു: ‘അങ്ങനെയല്ല, ജുലൈബീബിനെ നമുക്ക് നഷ്ടമായിരിക്കുന്നു. യുദ്ധക്കളം വീണ്ടും സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ കുറച്ചകലെയായി ഏഴോളം ശത്രുഭടന്‍മാരുടെ ജഡങ്ങള്‍ക്ക് നടുവില്‍ ശരീരമാസകലം മുറിവേറ്റ നിലയില്‍ ജുലൈബീബിന്റെ ചേതനയറ്റശരീരം ദൃശ്യമായി. ശക്തമായ പോരാട്ടത്തിനൊടുവില്‍ വീരമൃത്യുവരിച്ച ജുലൈബീബിനെ നോക്കി നബി പറഞ്ഞു: ‘നീ എന്നില്‍പെട്ടവനാണ്, ഞാന്‍ നിന്നില്‍പെട്ടവനും’ . സ്വഹാബികള്‍ ആശ്ചര്യംകൂറി. ആ മണലാരണ്യത്തില്‍ വീശിയടിച്ച കാറ്റിന്റെ സീല്‍ക്കാരങ്ങള്‍ ആ വാക്കുകളില്‍ അലിഞ്ഞുചേര്‍ന്നു.
(നബിതിരുമേനി സ്വയം ഖബ്ര്‍ കുഴിക്കുകയും അതിലേക്ക് സ്വകരങ്ങള്‍കൊണ്ട് ജുലൈബീബിന്റെ മയ്യിത്ത് ഇറക്കിവെക്കുകയുംചെയ്തുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം).

Topics