ഇസ്‌ലാം-Q&A

ജീസസിന്റെ തിരിച്ചുവരവ് എങ്ങനെ?

ചോദ്യം: ഒരു ക്രൈസ്തവവിശ്വാസിയും മുസ്‌ലിമും തമ്മിലുള്ള സംഭാഷണമധ്യേ കടന്നുവന്ന വിഷയമാണ്. ഇതിന് ഉത്തരം കിട്ടിയാല്‍ കൊള്ളാം.

  1. ക്രൈസ്തവര്‍ ജീസസിന്റെ രണ്ടാംവരവില്‍ വിശ്വസിക്കുന്നു. അപ്രകാരം തന്നെ ചില മുസ്‌ലിംകളും. മുസ്‌ലിംകളുടെ ഈ വിശ്വാസത്തിന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും തെളിവുതരാമോ?
  2. ജീസസിന്റെ രണ്ടാംവരവ് എങ്ങനെ? ഗര്‍ഭം ധരിച്ചോ അതല്ല മറ്റേതെങ്കിലും രീതിയിലോ?
  3. അദ്ദേഹം ഇനി വരില്ലെന്നാണ് പറയുന്നതെങ്കില്‍ അത് ഖുര്‍ആന്‍ ആലുഇംറാന്‍ 185 -ാം നമ്പര്‍ സൂക്ത(എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കുക)ത്തിന് വിരുദ്ധമാകില്ലേ?

ഉത്തരം: ജീസസി(ഈസാനബി)ന്റെ രണ്ടാംവരവ് ഹദീഥുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ രണ്ടാംവരവ് ക്രൈസ്തവരും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്ന കാര്യമാണ്.
നബിതിരുമേനി (സ) പറഞ്ഞു: എനിക്കും ഈസാനബി(ജീസസ്)ക്കും ഇടയില്‍ മറ്റൊരു പ്രവാചകനില്ല. അദ്ദേഹം ഭൂമിയില്‍ വരും. അതുകൊണ്ട് അദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയുക. ശരാശരി ഉയരവും കാഴ്ചയില്‍ ചുവന്ന് സുന്ദരവുമായ രൂപവുമാണ് അദ്ദേഹത്തിന്. രണ്ട് മഞ്ഞ ഉടുപ്പുകളായിരിക്കും അദ്ദേഹത്തിന്റെ വസ്ത്രം. അദ്ദേഹത്തിന്റെ മുടിയിഴകളില്‍നിന്ന് വെള്ളം ഇറ്റുവീഴുന്നതുപോലെ തോന്നും. പക്ഷേ അത് നനഞ്ഞതായിരിക്കുകയില്ല. ഇസ്‌ലാമികമാര്‍ഗത്തില്‍ അദ്ദേഹം ജനങ്ങളോട് യുദ്ധംചെയ്യും. കുരിശിനെ തകര്‍ക്കും. പന്നിയെ കൊല്ലും. ജിസ്‌യ ഇല്ലാതാക്കും. അങ്ങനെ അല്ലാഹു ഇസ്‌ലാമല്ലാത്ത എല്ലാ ആശയാദര്‍ശങ്ങള്‍ക്കും പര്യവസാനം കുറിക്കും. അന്തിക്രിസ്തു(ദജ്ജാല്‍)വിനെ കൈകാര്യംചെയ്യും. അങ്ങനെ ജീസസ് 40 വര്‍ഷം ലോകം ഭരിക്കും. അതിനുശേഷം അദ്ദേഹം മരണപ്പെടും. മുസ്‌ലിംകള്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കും(അബൂദാവൂദ് , അഹ്മദ്)

ക്രൈസ്തവരെയും മുസ്‌ലിംകളെയും ജീസസ് ഇസ്‌ലാമിന്റെ ബാനറില്‍ ഒരുമിച്ചുചേര്‍ക്കും. മുകളില്‍ പരാമര്‍ശിച്ച ഹദീഥനുസരിച്ച് മുസ്‌ലിംകള്‍ ലോകാവസാനനാളുകളില്‍ ജീസസ് വരുമെന്ന് വിശ്വസിക്കുന്നു. ആ വരവ് അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും ലോകത്ത് വ്യാപിച്ചിട്ടുള്ള തെറ്റുധാരണ തിരുത്താനുദ്ദേശിച്ചുകൊണ്ടുള്ളതാണ്.

തന്റെ രണ്ടാംവരവില്‍ ജീസസ് ആഗോളക്രൈസ്തവ സമൂഹത്തിന് ഇസ്‌ലാമിനെക്കുറിച്ച യഥാര്‍ഥവസ്തുത അറിയിച്ചുകൊടുക്കും. അതോടെ ലോകക്രൈസ്തവര്‍ മുസ്‌ലിംസമൂഹവുമായി ചേര്‍ന്ന് ഏകസമുദായമായി മാറും. അങ്ങനെ ലോകത്തെ എല്ലാ വ്യാജമതങ്ങളെയും പരാജയപ്പെടുത്തി അത് ജനങ്ങളെ അബദ്ധവിശ്വാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്തും.
ഇതാണ് സ്രഷ്ടാവും സര്‍വലോകപരിപാലകനും പരമാധികാരിയുമായ അല്ലാഹുവിന്റെ വാഗ്ദാനം. ലോകത്തിന്റെ പര്യവസാനം ഉണ്ടാവുക അത്തരത്തിലായിരിക്കും.

ജീസസിന്റെ തിരിച്ചുവരവ് എവ്വിധം?

ജീസസിന്റെ രണ്ടാംവരവ് കന്യകയായ മാതാവിലൂടെയോ അതോ ആകാശത്തുനിന്നോ എന്ന ചോദ്യം ഉയര്‍ന്നുവരാം. എന്നാല്‍ തിരിച്ചുവരവിനെ പരാമര്‍ശിക്കുന്ന ഹദീഥുകളിലൊന്നും അതെവ്വിധമെന്ന് പറയുന്നില്ല. എന്നാല്‍ ജീസസ് ജനങ്ങളിലിറങ്ങിവരുമെന്നാണ് ഹദീഥുകളുടെ ആശയം. അല്ലാതെ പ്രസവത്തിലൂടെ ഭൂമിയില്‍ എത്തുമെന്ന ആശയം നമുക്കെവിടെയും കാണാനാകില്ല. രണ്ടാംവരവ് എന്നത് രണ്ടാം ജന്‍മം എന്ന അര്‍ഥത്തില്‍ കാണേണ്ട ആവശ്യവുമില്ല. മാത്രമല്ല, റോമാസാമ്രാജ്യം അദ്ദേഹത്തെ പിടികൂടാന്‍ ഒരുങ്ങിയ ഘട്ടത്തിലാണ് അദ്ദേഹം വാനലോകത്തേക്ക് ഉയര്‍ത്തപ്പെട്ടതെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചിട്ടില്ല എന്നും രണ്ടാംവരവിന് സമയമാകുന്നതുവരെ അല്ലാഹുവിങ്കല്‍ ജീവനോടെയുണ്ടാകുമെന്ന് വിശ്വാസികള്‍ കരുതുന്നത്.
എന്നാല്‍ ചില ഹദീഥ് വ്യാഖ്യാതാക്കള്‍ പറയുന്നത് അദ്ദേഹം ഭൂമിയില്‍ ആദ്യം എപ്രകാരം കടന്നുവന്നുവോ സമാനമായ രീതിയില്‍ രണ്ടാമതും വരുമെന്നാണ്. എവിടെയാണ് ആദ്യം ഉണ്ടായത് എന്ന് അറിയപ്പെടാത്തവിധം അദ്ദേഹം ജനസമൂഹത്തിലെത്തും എന്നാണ് മനസ്സിലാകുന്നത്. അദ്ദേഹം ആകാശത്തുനിന്ന് ഇറങ്ങിവരുന്നത് ആര്‍ക്കും കാണാന്‍ അവസരമുണ്ടാകില്ല.
അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.

പ്രൊഫ. പി.ഷാഹുല്‍ഹമീദ്

Topics