ജമാലുദ്ദീന്‍ അഫ്ഗാനി

ജമാലുദ്ദീന്‍ അഫ്ഗാനി

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമലങ്കരിക്കുകയും ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തെപ്പോലും അഗാധമായി സ്വാധീനിക്കുകയും ചെയ്ത വ്യക്തിത്വമാണ് ജമാലുദ്ദീന്‍ അഫ്ഗാനി.

ശരിയായ പേര് അസ്സയ്യിദ് മുഹമ്മദ്ബ്‌നു സ്വഫ്ദര്‍. 1838ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ജില്ലയില്‍പ്പെട്ട അസ്അദാബാദിലാണ് ജനനം. പ്രസിദ്ധ ഹദീസ് പണ്ഡിതനായ അലിയ്യുത്തിര്‍മിദി വഴി പ്രവാചക പൗത്രന്‍ ഹുസൈനുബ്‌നു അലിയില്‍ ചെന്നെത്തുന്നതാണ് അദ്ദേഹത്തിന്റെ വംശപരമ്പര. അഫ്ഗാനിയുടെ ബാല്യവും യൗവ്വനവും അഫ്ഗാനിസ്ഥാനിലായിരുന്നു. 12 വയസ്സിനകം തന്നെ കാബൂളില്‍ വെച്ച് ഇസ്‌ലാമിക വിജ്ഞാനശാഖകളിലൊക്കെ പ്രാവീണ്യം നേടിയ അദ്ദേഹം പാരമ്പര്യ രീതിയിലുള്ള തത്വശാത്ര-ഗണിതശാസ്ത്ര പഠനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് ഒരു വര്‍ഷത്തിലേറെ ഇന്ത്യയില്‍ കഴിച്ചുകൂട്ടി. ഇന്ത്യയില്‍നിന്നാണ് അദ്ദേഹം ആധുനിക വിദ്യാഭ്യാസം നേടിയത്. 1857ല്‍ ഇന്ത്യയില്‍നിന്ന് ഹജ്ജിനുപോയി. മക്കയില്‍നിന്ന് അഫ്ഗാനിസ്ഥാനില്‍ തിരച്ചെത്തിയ അദ്ദേഹം അമീര്‍ ദോസ്ത് മുഹമ്മദ് ഖാന്റെ ഉപദേശകനായി. ദോസ്ത് മുഹമ്മദിന്റെ മരണശേഷം മകന്‍ അമീര്‍ ശേര്‍ അലി സ്ഥാനാരോഹണം ചെയ്തു. ശേര്‍ അലിയുടെ സഹോദരന്‍ മുഹമ്മദ് അഅ്‌ളമിന്റെ ഉറ്റ സുഹൃത്തായിരുന്നു അഫ്ഗാനി. പിന്നീട് മുഹമ്മദ് അഅ്‌ളമിന് അധികാരം ലഭിച്ചപ്പോള്‍ കുറച്ചുകാലം അഫ്ഗാനി അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായി. 1869ല്‍ വീണ്ടും ഇന്ത്യയിലേക്കു യാത്രയായി. ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഉടന്‍ ഇന്ത്യവിടാന്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെട്ടു. അതിനാല്‍ രണ്ടുമാസം താമസിച്ച ശേഷം ഈജിപ്തിലേക്കു തിരിച്ചു. 40 ദിവസം അവിടെ തങ്ങി. അല്‍ അസ്ഹര്‍ സര്‍വകലാശാലാ വൃത്തങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കുകയും സ്വന്തം താമസസ്ഥലത്തുവെച്ച് അവര്‍ക്കു ക്ലാസ്സെടുക്കുകയും ചെയ്തു.

1870ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. അതിനുമുമ്പുതന്നെ അഫ്ഗാനിയെക്കുറിച്ചുള്ള ശ്രുതി അവിടെ പരന്നുകഴിഞ്ഞിരുന്നു. തദ്ദേശികളായ പൗരപ്രമുഖര്‍ ഉജ്ജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിനു നല്‍കിയത്. പൊതുവിദ്യാഭ്യാസ സമിതിയില്‍ അദ്ദേഹം നിയമിക്കപ്പെട്ടു. അയാസോഫിയാ മസ്ജിദിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. സാങ്കേതിക വിദ്യാകേന്ദ്രത്തില്‍ (ദാറുല്‍ ഫുനൂന്‍) വെച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെയ്ത പ്രഭാഷണം വിവാദത്തിനിടയാക്കി. തന്റെ വര്‍ധിച്ചുവരുന്ന പ്രശസ്തിയിലും സ്വാധീനത്തിലും അസൂയാലുക്കളായ ശത്രുക്കളുടെ ഉപചാപങ്ങള്‍ അിറഞ്ഞ അഫ്ഗാനി തുര്‍ക്കി വിടാന്‍ തീരുമാനിച്ചു.

1871 മാര്‍ച്ചില്‍ അദ്ദേഹം കൈറോവിലേക്ക് പോയി. ഭരണ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിള്‍ ചേര്‍ന്ന് അവിടെ ഉന്നതമായ സ്വീകരണമാണ് അദ്ദേഹത്തിനു നല്‍കിയത്. വര്‍ഷം തോറും 12000 പിയാസ്റ്റര്‍ വേതനം നല്‍കി, നിര്‍ണിതമായ ഔദ്യോഗിക ജോലികളൊന്നുമില്ലാതെ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ നിയമിച്ചു. മുഹമ്മദ് അബ്ദു, സഅദ് സഗ്‌ലൂല്‍ തുടങ്ങി നിരവധി ധഷണാശാലികളായ ചെറുപ്പക്കാര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. സ്വന്തം വീട്ടില്‍വെച്ച് അവര്‍ക്ക് ക്ലാസ്സെടുക്കുന്നതില്‍ അഫ്ഗാനി വ്യാപൃതനായി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് നടത്തിയ ക്ലാസ്സുകളിലൂടെ ദര്‍ശനധാരകളിലും ഉന്നത നിലവാരത്തിലുള്ള മതവിഷയങ്ങളിലും അവര്‍ക്ക് വ്യുല്‍പ്പത്തി ഉണ്ടാക്കാനും പത്രപ്രവര്‍ത്തനത്തിലും ലേഖനമെഴുത്തിലും പ്രാവീണ്യമുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു.
അദ്ദേഹത്തിന്റെ പ്രേരണമൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍ത്തന രംഗത്തേക്കു വന്നു. റിവ്യൂ മിസ്‌റിന്റെ സ്ഥാപകനായ അദീബ് ഇസ്ഹാഖിനെക്കൊണ്ട് അത്തിജാറഃ പത്രം നടത്തിച്ചത് അദ്ദേഹമാണ്. മിര്‍ആത്തുശ്ശര്‍ഖ് എന്ന പ്രസിദ്ദീകരണവും തുടങ്ങി. ഇവയിലെല്ലാം ലേഖനങ്ങളെഴുതാറുണ്ടായിരുന്ന അഫ്ഗാനി തന്റെ വിദ്യാര്‍ഥികളെയും അതിനു പ്രേരിപ്പിച്ചു. ഒപ്പംതന്നെ അവരില്‍ രാഷ്ട്രീയ പ്രബുദ്ധത വളര്‍ത്തിയെടുക്കാനും ശ്രദ്ധിച്ചു. യുവജനങ്ങളില്‍ ദേശീയബോധം ഉജ്ജീവിപ്പിച്ച് ഭരണഘടനാധിഷ്ഠിതവും സ്വതന്ത്രവുമായ നീതിവ്യവസ്ഥ സ്ഥാപിക്കുന്നതില്‍ താല്‍പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. ദേശീയബോധമുള്ള സമരോത്സുകരായ മുന്നൂറോളം യുവാക്കളെ ചേര്‍ത്തുകൊണ്ട് അഫ്ഗാനി ഒരു സംഘടന രൂപീകരിച്ചുകൊണ്ട് അവര്‍ക്കു രാഷ്ട്രീയ പരികീലനം നല്‍കി. പാര്‍ലമെന്ററി ഭരണകൂടത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. ഈജിപ്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ അഫ്ഗാനിക്കു വലിയ പങ്കുണ്ടായിരുന്നു. അഫ്ഗാനിയുടെ ഈജിപ്തിലെ സാന്നിധ്യം അവിടുത്തെ ബ്രിട്ടീഷുകാര്‍ക്ക് ചില്ലറ അലോസരമല്ല ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ദാര്‍ശനിക ക്ലാസ്സുകളും നവചിന്തകളും അല്‍അസ്ഹറിലെ യാഥാസ്ഥിക മതവൃത്തങ്ങള്‍ക്കും രസിച്ചിരുന്നില്ല. അങ്ങനെ 1879 സെപ്റ്റംബറില്‍ ബ്രിട്ടീഷുകാരുടെ ശ്രമഫലമായി ഈജിപ്തില്‍നിന്നദ്ദേഹം പുറത്താക്കപ്പെട്ടു.

തുടര്‍ന്ന് ഇന്ത്യയിലെത്തിയ അഫ്ഗാനി ആദ്യം ഹൈദരാബാദിലും പിന്നീട് കല്‍ക്കത്തയിലും താമസിച്ചു. ബ്രിട്ടീഷധികൃതര്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഹൈദരാബാദില്‍ വെച്ച് അറസ്റ്റുചെയ്യുകയും ചെയ്തു. ഹൈദരാബാദിലായിരിക്കുമ്പോഴാണ് അഫ്ഗാനി ഭൗതികവാദികളെ ഖണ്ഡിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ അര്‍റദ്ദു അലദ്ദഹ്‌രിയ്യീന്‍ രചിച്ചത്. ഡാര്‍വിന്റെ സിദ്ധാന്തങ്ങളെ എതിര്‍ത്തുകൊണ്ടാരംഭിക്കുന്ന ഈ കൃതി സമൂഹത്തിന്റെ നിലനില്‍പിനും രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും ഇസ്‌ലാം മാത്രമേ പരിഹാരമുള്ളൂവെന്നും നാസ്തികവാദവും ഭൗതികതയും നാശത്തിനും മൂല്യനിരാസത്തിനും കാരണമാകുന്നുവെന്നും സമര്‍ഥിക്കുന്നു.
1883 ല്‍ അഫ്ഗാനി ലണ്ടനിലെത്തി. അവിടെ അല്‍പകാലം തങ്ങിയ ശേഷം അദ്ദേഹം പാരീസിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് പ്രസിദ്ധ ചിന്തകനും തന്റെ ശിഷ്യനും സുഹൃത്തുമായ മുഹമ്മദ് അബ്ദുവിനോടൊപ്പം ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇംഗ്ലീഷുകാരുടെ ഇടപെടലുകള്‍ക്കെതിരില്‍ ശക്തമായ തൂലികാസമരം ആരംഭിച്ചു. പൗരസ്ത്യനാടുകളില്‍ ബ്രിട്ടന്റെയും റഷ്യയുടെയും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈജിപ്തിലെയും തുര്‍ക്കിയിലെയും സംഭവവികാസങ്ങളെക്കുറിച്ചും സുഡാനില്‍ അക്കാലത്ത് ഉയിര്‍കൊണ്ട മഹ്ദീ പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പ്രമുഖ പത്രങ്ങളെല്ലാം പ്രാധാന്യപൂര്‍വമാണ് പ്രസിദ്ധീകരിച്ചത്. ബന്ധപ്പെട്ട രാജ്യങ്ങളും ഈ ലേഖനങ്ങള്‍ ഗൗരവത്തിലെടുക്കുകയുണ്ടായി. ഇക്കാലത്തുതന്നെയാണ് ഏണസ്റ്റ് റെനനുമായി അഫ്ഗാനി ഇസ്‌ലാമിനെക്കുറിച്ചു സംവാദം നടത്തുന്നത്. ഇസ്‌ലാമും ശാസ്ത്രവും എന്ന വിഷയത്തില്‍ റെനന്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇസ്‌ലാം ശാസ്ത്ര ചിന്തക്കെതിരാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് സംവാദത്തിന്റെ പശ്ചാത്തലം.

പാരീസില്‍ അഫ്ഗാനിയുടെ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മിക്കവാറും മുഹമ്മദ് അബ്ദുവിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഉര്‍വത്തുല്‍ വുസ്ഖാ എന്ന അറബി വാരികയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. മുഹമ്മദ് അബ്ദുവായിരുന്നു പത്രാധിപര്‍. ഇന്ത്യയിലും ഈജിപ്തിലും ഇതരമുസ്‌ലിം നാടുകളിലും ഇംഗ്ലീഷുകാര്‍ അനുവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ നയത്തിനെതിരില്‍ അതിശക്തമായ വിമര്‍ശനങ്ങളാണ് ഈ പത്രം അഴിച്ചുവിട്ടത്. തുടക്കത്തില്‍ത്തന്നെ പ്രയാസങ്ങള്‍ നേരിട്ട പത്രത്തിന് അധികകാലം പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലീഷുകാര്‍ക്കെതിരെ ഇസ്‌ലാമിക വൃത്തങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത് അനല്‍പ്പമായ സ്വാധീനം ചെലുത്തുകയുണ്ടായി.

1886 ല്‍ ഇറാനിലെ ഭരണാധികാരിയായ ഷാ നാസ്വിറുദ്ദീന്റെ ക്ഷണപ്രകാരം അഫ്ഗാനി തെഹ്‌റാനിലെത്തി. വമ്പിച്ച സ്വീകരണം ലഭിച്ച അഫ്ഗാനി ഉയര്‍ന്ന രാഷ്ട്രീയ പദവിയില്‍ അവരോധിതനായി. പക്ഷേ, അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തില്‍ ചക്രവര്‍ത്തി സംഭ്രാന്തനായി. ഇത് കണ്ടറിഞ്ഞ അഫ്ഗാനി ആരോഗ്യപരമായ ഒഴിവുകഴിവുകള്‍ പറഞ്ഞ് റഷ്യയിലേക്ക് യാത്രയായി. റഷ്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാന്‍ സാര്‍ ചക്രവര്‍ത്തിയില്‍നിന്ന് അനുവാദം വാങ്ങി. 1889 വരെ അവിടെ തങ്ങി.
1889 ല്‍ പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പ്രദര്‍ശനം കാണാനായി അങ്ങോട്ടുപോയി. ഈ യാത്രക്കിടയില്‍ മ്യൂനിച്ചില്‍വെച്ച്, അന്ന് യൂറോപ്യന്‍ പര്യടനത്തിലായിരുന്ന ഷാ നാസ്വിറുദ്ദീനുമായി സന്ധിക്കാനിടയായി. ഷാ അദ്ദേഹത്തെ വീണ്ടും ഇറാനിലേക്കു ക്ഷണിച്ചതനുസരിച്ച് അങ്ങോട്ടുപോയി.

എന്നാല്‍, അദ്ദേഹത്തിന്റെ ഇറാനിലേക്കുള്ള രണ്ടാം വരവ് വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്. പ്രധാനമന്ത്രി മിര്‍സാ അലി അസ്ഗര്‍ ഖാന്‍ അഫ്ഗാനിയില്‍ തന്റെ പ്രതിയോഗിയെ കണ്ടത്തി. അദ്ദേഹത്തിനെതിരെ കൊട്ടാരത്തില്‍ ഉപജാപം നടത്തി. അഫ്ഗാനി സമാരംഭിച്ച നിയമപരിഷ്‌കരണം മറയാക്കി ഷായെ അദ്ദേഹത്തിനെതിരില്‍ തിരിച്ചുവിടാന്‍ ഖാന്‍ ശ്രമങ്ങള്‍ നടത്തി. 1891ല്‍ സായുധരായ കുതിരപ്പടയെ നിയോഗിച്ച് അഫ്ഗാനിയെ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുക്കാതെ ചങ്ങലയില്‍ ബന്ധിച്ച് ഇറാന്റെയും തുര്‍ക്കിയുടെയും അതിര്‍ത്തിക്കിടയിലെ കഠിനശൈത്യമുള്ള ഖാനീഖീനില്‍ കൊണ്ടിട്ടു. പിന്നീട് അഫ്ഗാനി ബസ്വറയില്‍ താമസിച്ച് ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്നദ്ദേഹം ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

1892ല്‍ അഫ്ഗാനി ഇംഗ്ലണ്ടിലെത്തി. ഹ്രസ്വമായ ലണ്ടന്‍ നിവാസക്കാലത്ത് തിരക്കിട്ട രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. അക്കാലത്ത് അദ്ദേഹം മുന്‍കൈയെടുത്ത് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിച്ച ദിയാഉല്‍ ഖാഫിഖൈന്‍ എന്ന അറബി -ഇംഗ്ലീഷ് മാസികയിലൂടെയാണ് ഇറാനിയന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്.
ലണ്ടന്‍ നിവാസത്തിനിടയില്‍ തുര്‍ക്കീ ഭരണാധികാരി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനില്‍നിന്ന് ഒരു ലിഖിത സന്ദേശം അദ്ദേഹത്തിനു ലഭിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സുല്‍ത്താന്റെ അതിഥിയായി സ്ഥിരതാമസത്തിനുള്ള ക്ഷണമായിരുന്നു അത്. അല്‍പം ശങ്കയോടെയാണെങ്കിലും അദ്ദേഹം ക്ഷണം സ്വീകരിച്ചു. രാജകൊട്ടാരത്തിനു സമീപം നീശാന്‍താശില്‍ മനോഹരമായൊരു വീടും 75 തുര്‍ക്കീ പൗണ്ട് മാസവേതനവും സുല്‍ത്താന്‍ അദ്ദേഹത്തിനു കല്‍പ്പിച്ചരുളി.

ഇറാനിലെ ഷായ്‌ക്കെതിരെയുള്ള എതിര്‍പ്പുകളില്‍നിന്ന് പിന്തിരിയാന്‍ സുല്‍ത്വാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശൈഖുല്‍ ഇസ്‌ലാം പദവി വാഗ്ദാനം ചെയ്‌തെങ്കിലും അതു സ്വീകരിച്ചില്ല. രാഷ്ട്രീയ ധുരന്ധരനും ബുദ്ധിരാക്ഷസനുമായ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ തന്റെ പുതിയ വീട്ടിലും തുടര്‍ന്നു. എല്ലാ വിധ സുഖസൗകര്യങ്ങളും നിറഞ്ഞ പ്രസ്തുത ഭവനത്തില്‍ തന്റെ ജീവിതത്തിന്റെ അവസാനത്തെ അഞ്ചു വര്‍ഷം ഒരു സുവര്‍ണ കാലമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. 1897 മാര്‍ച്ച് 9 ന് ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് നീശാന്‍ താശില്‍അഫ്ഗാനി നിര്യാതനായി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഇസ്‌ലാമിക ലോകത്തുണ്ടായ നവജാഗരണത്തിനും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്കും അഫ്ഗാനിയുടെ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച പ്രചോദനമാണ് നല്‍കിയത്. ഈജിപ്തിലെ അല്‍മനാര്‍ നവീകരണ പ്രസ്ഥാനത്തിലും അള്‍ജീരിയയിലെ ഇബ്‌നുബാദീസ് പ്രസ്ഥാനങ്ങളിലും സിറിയയിലെ ഖാസിമി-കവാഹബി പ്രസ്ഥാനങ്ങളിലുമൊക്കെ അഫ്ഗാനീ ചിന്തകളുടെ സ്വാധീനം വളരെ വ്യക്തമാണ്. ഇറാനിലെയും തുര്‍ക്കിയിലെയും ഈജിപ്തിലെയും ദേശീയ പ്രസ്ഥാനങ്ങളില്‍ അഫ്ഗാനി അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured