ഇസ്‌ലാം- കേരളത്തില്‍

ചേരമാന്‍ പെരുമാളിന്റെ ഇസ് ലാമാശ്ലേഷണം

(കേരളത്തിലെ ഇസ്‌ലാം പ്രചാരം – 3)

3) ചേരമാന്‍ പെരുമാളിന്റെ ഇസ് ലാമാശ്ലേഷണവും ഇസ്‌ലാമിന്റെ വളര്‍ച്ചയും 

 കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഇവ്വിധം രൂപപ്പെടുന്നതിന്  വേറെയും ചില കാരണങ്ങള്‍ ഉണ്ട്. ഇസ്‌ലാമിന്റെ ആഗമന കാലത്തോളം പഴക്കമുണ്ട് അതിന്. കേരളത്തില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചുവെന്ന കരുതപ്പെടുന്ന, ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാജാവിന്റെ ഇസ്‌ലാമാശ്ലേഷണം പിന്നീടു വന്ന സമൂഹത്തില്‍ ഇസ്‌ലാമിനോട് ഒരു അനുകൂല മനസ്സ് ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനിക്കപ്പെട്ട ഒരു സംഭവമാണ് ചേരമാന്‍ പെരുമാള്‍ എന്ന കൊടുങ്ങല്ലൂര്‍ രാജാവിന്റെ ഇസ്‌ലാമാശ്ലേഷണവും നബിയെ കാണാനുള്ള അദ്ദേഹത്തിന്റെ മക്കായാത്രയും. ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രം പ്രതിപാധിക്കുന്ന എല്ലാ ചരിത്ര പുസ്തകങ്ങളിലും ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ശൈഖു സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തഹ്ഫതുല്‍ മുജാഹിദീന്‍ എന്ന കൃതിയാണ് ഈ സംഭവം പരാമര്‍ശിക്കുന്ന ഏറ്റവും പഴക്കമുള്ള കൃതി. എന്നാല്‍ ചേരമാള്‍ പെരുമാള്‍ ജീവിച്ചിരുന്ന കാലഘട്ടവും ഇസ് ലാമാശ്ലേഷണവും നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രവാചക തിരുമേനിയുടെ അമാനുഷിക സംഭവമായ ചന്ദ്രന്‍ പിളര്‍ന്നത് നേരില്‍ കണ്ട രാജാവിനെ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ഒരു കൂട്ടം അറബികളാണ് പ്രവാചകന്‍ മുഹമ്മദിനെകുറിച്ചറിയിക്കുന്നത്. സിലോണിലെ ആദം മലയിലേക്കു തീര്‍ത്ഥാടനത്തിനു പോകുകയായിരുന്ന അവര്‍, വഴി മധ്യ കൊടുങ്ങല്ലൂരില്‍ ഇറങ്ങിയതായിരുന്നു. സംഭവം കേട്ടറിഞ്ഞ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയിലേക്കു പോയെന്നും വഴി മധ്യ മരണപ്പെട്ടുവെന്നുമാണ് കഥ. കഥയുടെ വിശദാംശങ്ങളില്‍ പല റിപോര്‍ട്ടുകളിലും വ്യത്യാസങ്ങള്‍ ഉണ്ട്. 

എം ജി എസ് നാരായണനെ പോലുള്ള ചരിത്ര പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ചേരമാന്‍ പെരുമാള്‍ ജീവിച്ചിരുന്നത് 12 ാം നൂറ്റാണ്ടിലാണ്. എന്തു തന്നെയായാലും ഈ സംഭവം കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിന് ത്വരിതഗമനം ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യമായ ഇസ് ലാം സ്വീകരിച്ച ഈ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനു വന്ന ആദ്യസംഘത്തിനു തദ്ദേശീയര്‍ എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയുണ്ടായി. അതേകുറിച്ചു ഡോ. മുഹ് യുദ്ദീന്‍ ആലുവായ് വിവരിക്കുന്നതു കാണുക. ‘സ്വരാജ്യത്തേക്ക് മടങ്ങവേ രാജാവ്, ‘ദിഫാര്‍’ എന്ന സ്ഥലത്ത് വച്ച് മരണപ്പെടുകയും അവിടെ മറമാടപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം മക്കയിലേക്കുള്ള വഴി മധ്യേ ‘മകല്ല’ എ സ്ഥലത്ത് വച്ചു മരണപ്പെട്ടുവെന്നും അവിടെയുള്ള പള്ളിയുടെ മുറ്റത്ത് ഖബറടക്കപ്പെടുകയും ചെയ്തുവെനന്നുമാണ് വേറെ ചിലരുടെ അഭിപ്രായം. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുസ്‌ലിംകളില്‍ 15 പുരുഷന്‍മാരും 5 സ്ത്രീകളുമുണ്ടായിരുന്നു. ഹബീബ്‌നു മാലിക്, അബ്ദുര്‍ റഹ്മാന്‍ ഇബ്‌നു മാലിക്, മുഹമ്മദ് ബ്‌നു മാലിക്, അലി, ഹുസൈന്‍ ഇബ്‌നു മാലിക്, തഖ്‌യുദ്ദീന്‍ മാലിക്, ഇബ്രാഹിം, മൂസ, അംറ്, ഹുസൈനുബ്‌നു മാലിക്, ഫാതിമ, ആയിശ, സൈനബ, ഖമരിയ്യ, ഹലീമ, എിവരായിരുന്നു അവര്‍. മരണത്തിനു മുമ്പു തന്നെ രാജാവ് അവരോട് മലബാറില്‍ പോകാനും അവിടെ ഇസ്‌ലാം പ്രചരിപ്പിക്കാനും കല്‍പ്പിച്ചിരുന്നു. കൊട്ടാരത്തിലെ ഭരണാധികാരികളോടും മറ്റും തന്റെ മരണ വാര്‍ത്ത അറിയിക്കരുതെന്ന് അദ്ദേഹം വസിയത്ത് ചെയ്തിരുന്നു. എന്നാല്‍ തന്റെ ഇസ്‌ലാമാശ്ലേഷവും മരണവും സന്താനങ്ങളെ അറിയിക്കണമെന്ന് അദ്ദേഹം വസിയ്യത് ചെയ്തിരുന്നതായി മറ്റൊരു നിരീക്ഷണവുമുണ്ട്. രാജാവിന്റെ കത്തുമായി വന്ന മുസ്‌ലിംകളെ മലബാറിലെ ഭരണാധികാരി സ്വീകരിച്ച് ഇസ്‌ലാം മത പ്രചാരണത്തിനു വേണ്ടിയുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊടുത്തു. അവര്‍ മലബാറിലെ രാജാവായിരുന്ന സാമൂതിരിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞു. തങ്ങള്‍ മലബാറിലേക്കു തിരിക്കുകയാണെറിഞ്ഞപ്പോള്‍ ആ നാട്ടിലെ ഭരണാധികാരിയെ ഏല്‍പ്പിക്കാനായി സാമൂതിരി കത്തുതന്നിട്ടുണ്ടെന്ന് അറിയിച്ചു. അങ്ങനെ ആ സംഘം മലബാറിലെ അന്നത്തെ രാജാവിന് കത്ത് നല്‍കി. ചേരമാന്‍ പെരുമാള്‍ ആവശ്യപ്പെട്ടതുപ്രകാരമുള്ള എല്ലാ ഏര്‍പ്പാടുകളും രാജാവ് ചെയ്തു കൊടുത്തു. അങ്ങനെ ആദ്യകാല മുസ്‌ലിംകള്‍ മലബാറില്‍ കൊടുങ്ങല്ലൂരിലും മറ്റു പല ഭാഗത്തുമായി പള്ളികള്‍ ഉണ്ടാക്കുകയും ചെയ്തു. ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്  കൊടുങ്ങല്ലൂരിലെയും കൊല്ലത്തെയും ചാലിയത്തെയും പള്ളികളാണ്. പള്ളികള്‍ നിര്‍മ്മിക്കാനുള്ള ഭൂമിയും മറ്റു സൗകര്യങ്ങളും പെരുമാള്‍ രാജാവിന്റെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ അന്ന് ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ അനന്തരവന് ചെയ്തു കൊടുക്കുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ എത്തിയ ആദ്യ പ്രബോധക സംഘം പിന്നീട് ധര്‍മ്മടത്തേക്കും പന്തലായിനിലേക്കും ചെന്ന് അവിടെയും പള്ളികള്‍ പണിയാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുവാദം നല്‍കപ്പെട്ടു.’ (5)

——————–

5. ഡോ. മുഹ് യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വതുല്‍ ഇസ് ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ. പേ. 146, ദാറുല്‍ ഖലം, ദമസ്‌കസ്

Topics