ഖുര്‍ആന്‍-പഠനങ്ങള്‍ യാസീന്‍ പഠനം

കൈകാലുകളോട് തര്‍ക്കത്തി ലേര്‍പ്പെടുമ്പോള്‍

യാസീന്‍ 31

പൊതുവെ ആളുകള്‍ തങ്ങളുടെ ശാരീരികേച്ഛകളെ തൃപ്തിപ്പെടുത്താനാണ് തിന്‍മകള്‍ ചെയ്തുകൂട്ടുന്നത്. അതുകൊണ്ടാണ് വിചാരണാനാളില്‍ മനുഷ്യന്‍ തന്റെ ശരീരത്തെ നരകാഗ്നിയില്‍നിന്ന് സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നത്. അതിനായി, അന്നാളില്‍ ലോകരക്ഷിതാവിന്റെ മുമ്പില്‍ നുണപറയാനും അവന്‍ ഉദ്യുക്തനാകും. നുണ ആളുകളെ രക്ഷപ്പെടുത്തിയിരുന്ന ആ നാളുകള്‍ പക്ഷേ എന്നേ കഴിഞ്ഞുപോയിരിക്കുന്നുവെന്ന് അവനറിയില്ലേ? അന്ന് വായിന് മുദ്രവെക്കപ്പെടും. അവന്റെ കൈകാലുകള്‍ പകരം സംസാരിക്കും.

ഇമാം ത്വബരി പറയുന്നു: ഇഹലോകത്തു വെച്ച് അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുകയും മുഹമ്മദ് നബിയെ തള്ളിപ്പറയുകയും ചെയതവര്‍ക്ക് അവിടെ ലഭിക്കുന്ന ശിക്ഷയാണിത്. അവര്‍ ഇഹലോകത്ത് ഈ ശിക്ഷയെ കളവാക്കുകയും നിഷേധിക്കുകയും ചെയ്തുവെന്ന് ഇമാം ഖുര്‍ത്വുബി വ്യക്തമാക്കുന്നു. ഇബ്‌നു ആശൂറിന്റെ വീക്ഷണം ഇതാണ്: നരകം അവര്‍ക്കുമുന്നില്‍ ദൃശ്യമാകുമ്പോള്‍ ദുന്‍യാവില്‍ തങ്ങളോട് അടിക്കടി താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞിരുന്ന സംഗതിയാണല്ലോ ഇതെന്ന് അവര്‍ തിരിച്ചറിയും.

ഇമാം ത്വബരി വിശദീകരിക്കുന്നു: ഇന്ന് എന്നാല്‍ വിചാരണാനാള്‍ എന്നര്‍ഥം.സത്യനിഷേധികളോട് നരകത്തില്‍ കിടന്നെരിഞ്ഞുകൊള്ളാന്‍ പറയും. അവര്‍ ദുന്‍യാവില്‍ ഈ വിചാരണനാളിനെയും രക്ഷാ-ശിക്ഷകളെയും തള്ളിപ്പറഞ്ഞ് ഭൗതികകാമനകളില്‍ മതിമറന്നാഹ്ലാദിച്ചവരായിരുന്നു. അതിനാല്‍ ഇന്ന് അപമാനിതരായി നരകശിക്ഷയനുഭവിക്കേണ്ടിവരും. ‘ഇസ്‌ലൗ’ എന്ന വാക്ക് സ്വാദ്, ലാമ്, യാഅ് എന്ന അടിസ്ഥാന അക്ഷരങ്ങളാല്‍ രൂപപ്പെട്ടതാണ്. തീയില്‍ വറുക്കുക, ചുട്ടെടുക്കുക എന്നൊക്കെയാണ് ആശയാര്‍ഥം. മാംസം വറുക്കുക, കത്തിക്കുക എന്നൊക്കെ പറയുമ്പോള്‍ അത് അവരനുഭവിക്കുന്ന വേദനയെയും നിന്ദ്യതയെയും സൂചിപ്പിക്കുന്നു. അവിടെ കിടന്നെരിഞ്ഞുകൊള്ളൂ എന്ന് കല്‍പനാ രൂപത്തില്‍ പറയുന്നത് സത്യനിഷേധികള്‍ക്കെതിരെയുള്ള നിന്ദാപ്രയോഗമാണ്.

ഇബ്‌നു ആശൂര്‍ വിവരിക്കുന്നു: മക്കാമുശ്‌രിക്കുകള്‍ നബി(സ)തിരുമേനിയെ പരിഹസിച്ചുകൊണ്ട് എന്നാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്ന ആ അന്ത്യനാളും വിചാരണയും ഉണ്ടാവുകയെന്ന് ചോദിച്ചിരുന്നു. ആ പരിഹാസത്തിന് മറുപടിയായാണ് ‘ഇന്ന്’ എന്നും’നിങ്ങളോട് വാഗ്ദത്തം ‘ചെയ്തത് എന്നുമൊക്കെ പറയുന്നത്.

  1. ഇന്ന് നാമവരുടെ വായ അടച്ചുമുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോടു സംസാരിക്കും. കാലുകള്‍ സാക്ഷ്യംവഹിക്കും. അവര്‍ ചെയ്തുകൊണ്ടിരുന്നതെന്താണെന്ന്. الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ 

ഇമാം ത്വബരി വിവരിക്കുന്നു: പുനരുത്ഥാനനാളില്‍ വിചാരണാഘട്ടത്തില്‍ അല്ലാഹു മുശ്‌രിക്കുകളുടെ വായകള്‍ സീലുചെയ്യും. തുടര്‍ന്ന് അവരുടെ കൈകള്‍ ഇഹലോകത്ത് ധിക്കാരംപ്രവര്‍ത്തിച്ചകാര്യങ്ങളെ വെളിപ്പെടുത്തും. തെറ്റില്‍ മുഴുകിയ കാര്യങ്ങളെക്കുറിച്ച് കാലുകള്‍ സാക്ഷിപറയും.

അബൂമൂസല്‍ അശ്അരി നിവേദനം ചെയ്യുന്നു:
… പുനരുത്ഥാന നാളില്‍ വിശ്വാസി വിചാരണയ്ക്കായി ഹാജരാക്കപ്പെടുന്നു. തുടര്‍ന്ന് പ്രപഞ്ചനാഥന്‍ അവന്റെ കര്‍മങ്ങളെ കാട്ടിക്കൊടുക്കുന്നു. അത് നാഥനും അവന്റെ ദാസനും തമ്മിലുള്ള വ്യവഹാരംമാത്രമായിരിക്കും. ദാസന്‍ അതെല്ലാം അംഗീകരിച്ച് ഇങ്ങനെ പറയും’അതെ, ഞാനാണ് അത് ചെയ്തത്.’ തുടര്‍ന്ന് അല്ലാഹു വിശ്വാസിയുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും അത് മറ്റുള്ളവരില്‍നിന്ന് മറച്ചുവെക്കുകയും ചെയ്യും. ലോകത്തുള്ള ഒരു ജീവിപോലും അതെക്കുറിച്ച്് അറിയുകപോലുമില്ല. എന്നാല്‍ അവന്റെ എല്ലാ സത്കൃത്യങ്ങളും എല്ലാവരും അറിയട്ടെ എന്ന് അല്ലാഹു തീരുമാനിക്കും. അങ്ങനെ അത് എല്ലാവര്‍ക്കും ദൃശ്യമാകും. പിന്നീട് നിഷേധിയും കപടനുമായ ആളെ വിചാരണ ചെയ്യും. അവന്‍ ഇഹലോകത്ത് ചെയ്തുകൂട്ടിയ എല്ലാ പ്രവൃത്തികളും അല്ലാഹു കാട്ടിക്കൊടുക്കും. പക്ഷേ അവന്‍ അതെല്ലാം നിഷേധിച്ചുകൊണ്ട് പറയും:’ മഹാനായ റബ്ബേ, ഈ മലക്കുകള്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എഴുതിവെച്ചതാണ്.’ അപ്പോള്‍ മലക്ക് അവനോട് ചോദിക്കും: ‘ഇന്ന ദിവസം ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് വെച്ച് നീ അത് ചെയ്തില്ലേ?’ അതിനെ ആ മനുഷ്യന്‍ ‘ഇല്ല, പടച്ചവനേ, ഞാനത് ചെയ്തിട്ടില്ല’ എന്ന് നിഷേധിക്കും. അപ്പോള്‍ അല്ലാഹു അവന്റെ ചുണ്ടുകള്‍ പൂട്ടി മുദ്ര വെക്കും. അവന്റെ വലതുകാല്‍തുട അതിന്റെ വര്‍ത്തമാനം പറയാന്‍ തുടങ്ങും’. ഇതുംപറഞ്ഞ് അബൂമൂസല്‍ അശ്അരി മേല്‍ സൂക്തങ്ങള്‍ ഓതുകയുണ്ടായി.

ഇടതുകാല്‍ തുടയാണ് ആദ്യം സംസാരിക്കുക എന്നും ചില വീക്ഷണമുണ്ട്. അതെതന്തായാലും ‘നഖ്തിമു അലാ അഫ്‌വാഹിഹിം’ എന്നതിന്റെ ആശയം വായകള്‍ പൂട്ടി മുദ്രവെക്കുന്നതോടെ ചെയ്തുകൂട്ടിയ തിന്‍മകളെ ഒരാള്‍ക്കും നിഷേധിക്കാനാവില്ല എന്നാണ്. നുണപറയുന്ന നാവുകള്‍ക്ക് സംസാരശേഷി ഇല്ലാതാകുന്നു. പകരം മറ്റ് ശരീരാവയങ്ങള്‍ തങ്ങള്‍ സാക്ഷ്യംവഹിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ചുണ്ടുകള്‍ മുദ്രിതമാകുന്നത് നാലു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ഇമാം ഖുര്‍ത്വുബി പറയുന്നു

  1. തങ്ങള്‍ ശിര്‍ക്കൊന്നും ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നത് ശുദ്ധനുണയാണ്. അതിനാല്‍ വായകള്‍ മുദ്രയടിച്ച് സീല്‍ചെയ്യപ്പെടുന്നു. അതോടെ കൈകാലുകള്‍ തങ്ങള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി വിവരിക്കാന്‍ തുടങ്ങുന്നു. ഇക്കാര്യം അബൂമൂസല്‍ അശ്അരി പ്രതിപാദിച്ചിട്ടുണ്ട്.
  2. വിചാരണനാളില്‍ കൊണ്ടുവരപ്പെടുന്ന അനന്തകോടി ജനങ്ങളുടെ മുമ്പാകെ ഓരോ സത്യനിഷേധിയുടെയും അധാര്‍മികപ്രവൃത്തികള്‍ പരസ്യമാക്കപ്പെടും. ഇബ്‌നു സിയാദ് ഇക്കാര്യം ഊന്നിപ്പറയുന്നു.
  3. ശരീരാവയവങ്ങളുടെ സാക്ഷ്യം ഏതൊരു വ്യക്തിയുടെ വര്‍ത്തമാനങ്ങളെക്കാള്‍ തീര്‍ത്തും ശക്തമായ തെളിവാണ്. അതോടൊപ്പം അങ്ങേയറ്റം അദ്ഭുതകരമായ ദൃഷ്ടാന്തമാണ് താനും.
  4. ഇഹലോകത്ത് എല്ലാ മനുഷ്യരുടെയും സകല പ്രവൃത്തികള്‍ക്കും സഹായമായി നിലകൊണ്ട ശരീരാവയവങ്ങള്‍ ഓരോ വ്യക്തിക്കുമെതിരെ അല്ലാഹുവിന് വിധേയപ്പെട്ട് സാക്ഷ്യമൊഴി നല്‍കും എന്ന കാര്യം ഇവിടെ അറിയിക്കപ്പെട്ടിരിക്കുകയാണ്.

ഭാഷാ മുത്തുകള്‍

ബിമാ എന്ന വാക്ക് ബാഉസ്സബബ് (കാരണത്തിന്റെ ബാഅ്) ഉള്‍ച്ചേര്‍ന്നതാണ്. കളവുപറയുകയും സത്യം നിഷേധിക്കുകയും ചെയ്തതാണ് അവരെ ഈ പരിണതിയിലെത്തിച്ചതെന്ന് അല്ലാഹു നമ്മോടുപറയുകയാണ്. അതിനാല്‍ അവരുടെ വിചാരണനാളിനെയും ശിക്ഷയെയും കുറിച്ച അവിശ്വാസത്തിന് അല്ലാഹു ശിക്ഷയൊരുക്കിവെച്ചിട്ടുണ്ടെന്ന വാഗ്ദത്തമാണ് 64 ഉം 65 ഉം സൂക്തങ്ങള്‍ നല്‍കുന്നത്.

ബിമാ കഫര്‍ത്തും(നിങ്ങള്‍ നിഷേധിച്ചതിനാല്‍) എന്നതിന് പകരം ബിമാ കുന്‍തും തക്ഫുറൂന്‍ (നിങ്ങള്‍ നിഷേധത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍)എന്ന പരാമര്‍ശം അല്ലാഹു നടത്തിയതെന്തുകൊണ്ടായിരിക്കാം? ഇഹലോകത്ത് അവരോട് അന്ത്യനാളിനെക്കുറിച്ചും വിചാരണയെക്കുറിച്ചും പറഞ്ഞപ്പോഴെല്ലാം അവര്‍ അതില്‍ അവിശ്വസിക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യമുണ്ടായിരിക്കെ? വര്‍ത്തമാനകാല രൂപമായ തക്ഫുറൂന്‍ തുടര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. അതായത്, എപ്പോഴെല്ലാം അല്ലാഹുവിന്റെ സന്‍മാര്‍ഗദര്‍ശനത്തെക്കുറിച്ചും വിചാരണനാളിനെക്കുറിച്ചും സത്യത്തെക്കുറിച്ചും അറിയിപ്പുലഭിച്ചുവോ അപ്പോഴെല്ലാം നിഷേധിക്കാനും തള്ളിപ്പറയാനും പ്രകടിപ്പിച്ച ആ ഔദ്ധത്യമാണ് നിങ്ങളെ ശിക്ഷയ്ക്ക് അര്‍ഹനാക്കിയത് എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അതിലുപരി, നന്ദികേടിനും അവിശ്വാസത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് കുഫ്‌റ്. എന്നാല്‍ ഈ സൂക്തത്തില്‍ അത് കൃത്യമായി പറയാത്തതിനാല്‍ കുഫ്‌റിന്റെ എല്ലാ വിശാലാര്‍ഥവും അതിലുള്‍ക്കൊള്ളുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

മേല്‍ സൂക്തത്തില്‍ അല്ലാഹു നാമവരുടെ വായകള്‍ മുദ്രണം ചെയ്യും(നഖ്തിമു) എന്ന് പറഞ്ഞു. അതേസമയം , സത്യനിഷേധികളുടെ കൈകളെ നാം സംസാരിപ്പിക്കും (നുന്‍ത്വിഖ്) എന്ന് പറഞ്ഞില്ല. പകരം അവ നമ്മോട് സംസാരിക്കും(വ തുകല്ലിമുനാ) എന്നാണ് വ്യക്തമാക്കിയത്. അല്ലാഹു കൈകളെ നിര്‍ബന്ധിതമായി സാക്ഷിപറയിപ്പിക്കുന്നുവെന്ന് ഒരാളും തെറ്റുധരിക്കരുത് എന്ന ഉദ്ദേശ്യത്തിലാണത്. കാരണം, അല്ലാഹു നീതിമാനാണ്.

വായ മുദ്രണം ചെയ്യുന്നതും കൈകള്‍ സംസാരിക്കുന്നതും അല്ലാഹുവിന്റെ അപാരമായ ശക്തിയെ സൂചിപ്പിക്കുന്നു. കൈകള്‍ സംസാരിക്കും എന്ന് പറഞ്ഞത് ആലങ്കാരികപ്രയോഗമൊന്നുമല്ല എന്ന് നാം തിരിച്ചറിയണം. അല്ലാഹു പറയുന്നു: ‘അന്നേരം അവര്‍ ചര്‍മങ്ങളോട് ചോദിക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യം പറഞ്ഞത്?’

വിവേകമുത്തുകള്‍

സത്യനിഷേധികളുടെ കൈകള്‍ സംസാരിക്കുമെന്നും കാലുകള്‍ അതിനെ സാക്ഷ്യപ്പെടുത്തുമെന്നും അല്ലാഹു പറയാന്‍ കാരണമെന്തെന്ന്് ചിലപ്പോള്‍ സംശയമുണ്ടാകാം. യഥാര്‍ഥത്തില്‍ കൈയ്യാണ് എല്ലാ തിന്‍മകള്‍ക്കും മുന്‍കയ്യെടുക്കുന്നത്. കാലുകള്‍ ആ സ്ഥലത്ത് വെറും കാഴ്ചക്കാരന്‍ മാത്രമായിരിക്കും. കുറ്റംനടക്കുന്ന സ്ഥലത്ത് ഉള്ളവനില്‍നിന്ന് സാക്ഷിമൊഴി സ്വീകരിക്കുമ്പോള്‍ കൃത്യംചെയ്ത കുറ്റവാളിയില്‍നിന്ന് കുറ്റമൊഴിയാണ് സ്വീകരിക്കുക. അത് രണ്ടും തികച്ചും വ്യത്യസ്തമാണല്ലോ. അതുപോലെയാണ് കൈയ്യിന്റെയും കാലിന്റെയും അവസ്ഥ. കാലുകള്‍ സാക്ഷ്യം മാത്രമേ വഹിക്കുന്നുള്ളൂ എന്നതിനാല്‍ സാക്ഷിമൊഴി നല്‍കുന്നു എന്നുമാത്രം.

എന്തുകൊണ്ട് മറ്റവയവങ്ങളെയപേക്ഷിച്ച് കൈകാലുകള്‍ സംസാരിക്കാന്‍ മുന്നോട്ടുവരുന്നു? ഈ ചോദ്യത്തിനുള്ള മറുപടി ഇതാണ്: സാധാരണനിലക്ക് തെറ്റുകുറ്റങ്ങളും അധാര്‍മികതകളും കൂടുതലായി ആസ്വദിക്കുന്നത് ശരീരത്തിന്റെ മുകളിലുള്ള ഭാഗമാണ്. ആ മുകളിലുള്ള ശരീരഭാഗത്തോട് അടുത്തുകിടക്കുന്നതാണ് കാല്‍ത്തുടകള്‍. അതിനാല്‍ ഉടലിന്റെ മേല്‍ഭാഗം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് കൂടുതല്‍ സാക്ഷിയാകുന്നത് തുടകളാണ്. കൂടാതെ, മനുഷ്യന്‍ ആസ്വദിക്കുന്ന മറ്റൊരു തിന്‍മ തുടയെല്ലുകള്‍ക്കിടയിലുള്ള ഗുഹ്യാവയവത്തിന്റെതാണ്. ആ അവയവംചെയ്യുന്ന തെറ്റുകള്‍ക്ക് ഏറ്റവുമടുത്ത സാക്ഷി സ്വാഭാവികമായും തുട തന്നെയായിരിക്കും. ചുരുക്കത്തില്‍ , മനുഷ്യന്‍ ചെയ്യുന്ന തെറ്റുകളുടെയും അതിലൂടെ അനുഭവിക്കേണ്ടിവരുന്ന ശിക്ഷകളുടെയും ഗൗരവമാണ് അല്ലാഹു ഇതിലൂടെ ഏവരെയും ബോധ്യപ്പെടുത്തുന്നത്.
ഇമാം അസീം ഖാന്‍

Topics