വിദ്യാഭ്യാസം-ലേഖനങ്ങള്‍

കേരളത്തിലെ അറബിഭാഷാ വിദ്യാഭ്യാസം: ചരിത്രവും പാരമ്പര്യവും

മുഹമ്മദ് നബിക്ക് മുമ്പുതന്നെ കേരളത്തില്‍ അറബിഭാഷ സ്വാധീനമുറപ്പിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വാണിജ്യബന്ധത്തിലൂടെയായിരുന്നു ഇത്. കേരളത്തിലെ നാട്ടുരാജാക്കന്‍മാരും ജനങ്ങളും അറബികളെയെന്ന പോലെ അറബിഭാഷയെയും സ്വീകരിച്ചു മാതൃകകാട്ടി. മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തില്‍ എത്തുന്നതോടെയാണ് അറബിഭാഷകളുടെ വ്യാപനം ത്വരിതപ്പെടുന്നത്. ക്രിസ്ത്വാബ്ദം 825 ലാണിത്. വാണിജ്യമേഖലയില്‍ പരിമിതപ്പെട്ടുകിടന്നിരുന്ന അറബിഭാഷ അങ്ങനെ സാംസ്‌കാരിക മണ്ഡലങ്ങളിലേക്കുകൂടി പ്രവേശിച്ചു.

മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തിന്റെ പല ഭാഗങ്ങളിലായി നിര്‍മിച്ച പള്ളികളോടൊപ്പം മത വിദ്യാലയങ്ങളും ആരംഭിച്ചു. പള്ളി ദര്‍സുകള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയങ്ങളില്‍ അറബി വ്യാകരണം ,ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം എന്നിവയ്ക്കുപുറമെ ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം , വാനശാസ്ത്രം , തര്‍ക്കശാസ്ത്രം എന്ന വിഷയങ്ങള്‍ കൂടി പഠിപ്പിച്ചിരുന്നു. ബോധനമാധ്യമം അറബിയായിരുന്നു. അറബിഗ്രന്ഥങ്ങളായിരുന്നു പാഠപുസ്തകങ്ങള്‍. കേരളത്തിലെ ചില പള്ളികളില്‍ ഇപ്പോഴും പള്ളിദര്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലളിതമായതില്‍നിന്ന് പ്രയാസമുള്ളതിലേക്ക് എന്ന രീതിശാസ്ത്രമാണ് അധ്യാപനത്തിനായി പള്ളി ദര്‍സുകളില്‍ പിന്തുടര്‍ന്ന് വന്നിരുന്നത്. വ്യാകരണശാസ്ത്രപഠനം മീസാനില്‍ നിന്നായിരിക്കും തുടങ്ങുക. തുടര്‍ന്ന് അജ്‌നാസും സന്‍ജാനും അവാമിലും തഖ്‌വീമുല്ലിസാനും തുഹ്ഫയും ഖതറുന്നദായും പിന്നിട്ട് അല്‍ഫിയയില്‍ അവസാനിക്കും. ഇങ്ങനെ എട്ട് ഗ്രന്ഥങ്ങളിലൂടെയുള്ള പഠനം പൂര്‍ത്തിയാകുന്നതോടെ ഒരു വിദ്യാര്‍ഥി അറബി വ്യാകരണശാസ്ത്രത്തില്‍ അവഗാഹജ്ഞാനത്തിന്റെ ഉടമയായി മാറും. തഫ്‌സീര്‍ പഠനം ജലാലൈനിയില്‍നിന്നായിരിക്കും ആരംഭിക്കുക. ഹദീസ് പഠനം ബുലൂഗുല്‍ മറാം , രിയാദുസ്സ്വാലിഹീന്‍, മിശ്ഖാത്തുല്‍ മസാബീഹ് അങ്ങനെ കടന്നുപോകും.

വടക്കന്‍ കേരളത്തില്‍ പള്ളി ദര്‍സ് ആയിരുന്നെങ്കില്‍ തെക്കന്‍ കേരളത്തില്‍ പള്ളിപ്പുരകളായിരുന്നു മതവിദ്യാലയങ്ങള്‍. പഠന ബോധനക്രിയ ഏതാണ്ടൊന്നുതന്നെ. 9-ാംനൂറ്റാണ്ടുമുതല്‍ പള്ളികളില്‍ ആരംഭം കുറിച്ച മതപഠനം കാലം പിന്നിടുകയും പഠിതാക്കളുടെ എണ്ണംകൂടുകയും സൗകര്യങ്ങള്‍ പോരാതെ വരികയും ചെയ്തപ്പോള്‍ വിദ്യാലയങ്ങള്‍ പള്ളികളില്‍നിന്ന് പ്രത്യേക കെട്ടിടങ്ങളിലേക്ക് മാറ്റേണ്ടിവന്നു. മുതിര്‍ന്നവര്‍ക്കുള്ള പള്ളിദര്‍സുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് മദ്‌റസ എന്ന ആശയവും ഉടലെടുത്തു. 1871-ല്‍ വാഴക്കാട്ടെ മുസ്‌ലിയാകരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാരാണ് പള്ളിദര്‍സ് ഇങ്ങനെ ആദ്യമായി പ്രത്യേകകെട്ടിടത്തിലേക്ക് മാറ്റിയത്. അപ്പോഴും പാഠ്യവിഷയങ്ങളിലോ അധ്യാപനരീതിയിലോ മാറ്റമുണ്ടായില്ല. മദ്‌റസാപാഠ്യപദ്ധതി ഉള്ളടക്കത്തിലും ബോധനരീതിയിലും മൗലികമാറ്റമുണ്ടാക്കിയത് ചാലിലകത്ത് കുഞ്ഞുമുഹമ്മദ് ഹാജിയാണ്. വാഴക്കാട്ട് അതുവരെ പ്രവര്‍ത്തിച്ചുവന്നിരുന്ന തന്‍മിയത്തുല്‍ ഉലൂം മദ്‌റസ പിന്നീട് 1908-ല്‍ ദാറുല്‍ ഉലൂം അറബിക്കോളേജ് ആയി. ഇന്ന് പതിനായിരത്തിലധികം മദ്‌റസകളിലായി ലക്ഷക്കണക്കിന് കുട്ടികള്‍ കേരളത്തില്‍ മതപഠനം നടത്തുന്നുണ്ട്.

മൗലാനാ അബുസ്വബാഹ് അഹ്മദലിയുടെ നേതൃത്വത്തില്‍ 1942-ല്‍ ഫറോക്കില്‍ റൗദത്തുല്‍ ഉലൂം അറബിക്കോളേജ് ആരംഭിച്ചത് കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു. ഉയര്‍ന്ന അറബിഭാഷാ പഠനത്തിനുള്ള അവസരം ഇതോടെ തുറക്കപ്പെടുകയായിരുന്നു. ഇന്ന് കേരളത്തില്‍ നിരവധി എയ്ഡഡ് അറബിക്കോളേജുകളും സ്വാശ്രയ അറബിക്കോളേജുകളുമുണ്ട്. ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനുംവരെ ഒട്ടനേകം സൗകര്യങ്ങളുണ്ടായി.
അറബിഭാഷാ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെ മുസ്‌ലിം നവോത്ഥാന ചരിത്രത്തോട് ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതാകും കൂടുതല്‍ അഭികാമ്യം. മുസ്‌ലിംസമുദായത്തിന്റെ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഭാഷയെന്ന നിലയില്‍ അറബിഭാഷ വിദ്യാഭ്യാസം എന്നത് ഒരു പ്രചോദന മന്ത്രമായിരുന്നു. ചരിത്രപരമായി കാരണങ്ങളാല്‍ വിദ്യാഭ്യാസത്തില്‍നിന്ന് അകന്നുനിന്നിരുന്ന മുസ്‌ലിംകളെ വിദ്യാഭ്യാസത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാക്കി മാറ്റാന്‍ അറബിഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. 1887-ല്‍ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക പ്രശ്‌നങ്ങള്‍ പഠിക്കാനും കാരണങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാനും അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് ഡുഫരിന്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അതിലെ ഒരംഗമായിരുന്നു. വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് മുസ്‌ലിം സമൂഹത്തെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ അറബിഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പ്രസ്തുത ഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും സര്‍ സയ്യിദ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഓറിയന്റല്‍ സ്‌കൂള്‍ സ്ഥാപിതമായത്. ഒരു പക്ഷേ ഈ മാതൃക പിന്തുടര്‍ന്നായിരിക്കും പില്‍ക്കാലത്ത് കേരളത്തിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഓറിയന്റല്‍ അറബി സ്‌കൂളുകള്‍ വളര്‍ന്ന് വന്നത്. ഏതെങ്കിലും ഒരു ഭാഷയുമായി ആത്മബന്ധം വെച്ചുപുലര്‍ത്തുന്ന ഒരു ജനവിഭാഗത്തെ സാമൂഹികമായി സമുദ്ധരിക്കാനുള്ള സമര്‍ഥമായൊരു വഴി അവര്‍ ഉപയോഗിക്കുന്ന, അവര്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന അവരുടെ ഭാഷയെ പരിഗണിക്കുക എന്നതും ആ ഭാഷയിലുള്ള വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ്. 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആദിവാസി ഭാഷകളെയും ഗോത്രഭാഷകളെയും പ്രത്യേകം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

1885 മുതല്‍ 1924 വരെ പഴയ കേരളത്തിന്റെ തിരുവിതാംകൂര്‍ പ്രവിശ്യ ഭരിച്ചിരുന്നത് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ്. 1911-ല്‍ ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിംനേതാക്കളുടെ ഒരു സുപ്രധാനയോഗം നടക്കുകയുണ്ടായി. സമുദായത്തെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നായിരുന്നു അന്ന് നടന്ന പ്രധാന ചര്‍ച്ച. വിദ്യാഭ്യാസത്തോട് മുസ്‌ലിംകള്‍ക്ക് ആഭിമുഖ്യവും അഭിനിവേശവും വളര്‍ത്താന്‍ വിദ്യാലയങ്ങളില്‍ അറബിഭാഷ പഠിക്കാനുള്ള അവസരങ്ങള്‍ തുറക്കണമെന്നും അതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിവേദനം ശ്രീമൂലം തിരുനാളിന് സമര്‍പിക്കാന്‍ പ്രസ്തുത യോഗം തീരുമാനിച്ചു. തുടര്‍ന്നാണ് ഡോ. ബിഷപ് ഏകാംഗ കമ്മീഷനായി നിയുക്തനാകുന്നതും ലജ്‌നത്ത് നിവേദനത്തിലുന്നയിച്ച പ്രധാന ആവശ്യമായ അറബിഭാഷാ പഠനത്തിന് അനുകൂലമായി കമ്മീഷന്‍ റിപോര്‍ട്ട് നല്‍കുന്നതും. റിപോര്‍ട്ട് സ്വീകരിച്ചുകൊണ്ട് ശ്രീമൂലം തിരുനാള്‍ രാജാവ് പൊതുവിദ്യാലയങ്ങളില്‍ അറബിഭാഷാ വിദ്യാഭ്യാസത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കുന്നതുമെല്ലാം. 1912 ലായിരുന്നു അത്. ഇരുപത്തിയഞ്ച് മുസ്‌ലിംകുട്ടികള്‍ ഉള്ള പൊതുവിദ്യാലയങ്ങളില്‍ ഒരു ഖുര്‍ആന്‍ ടീച്ചര്‍ എന്ന അനുപാതത്തിലായിരുന്നു നിയമനത്തിന് ഉത്തരവിട്ടത്. ഇതും യഥാര്‍ഥസ്‌കൂള്‍ പ്രവൃത്തി സമയത്തിന് മുമ്പായിരുന്നു. 1947 -ല്‍ സര്‍ സി.പി. രാമസ്വാമി ദിവാനായിരുന്ന കാലത്താണ് അറബിഭാഷാപഠനം മുഖ്യധാരയിലേക്ക് കടന്നുവന്നത്. 1930-ല്‍ ആണ് മലബാറില്‍ പൊതുവിദ്യാലയങ്ങളില്‍ അറബിഭാഷാ പഠനം ആരംഭിക്കുന്നത്. അധ്യാപകര്‍ അറബി പണ്ഡിറ്റുമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഭൗതിക-മത വിദ്യാഭ്യാസ സമന്വയം എന്ന ആശയം അല്ലെങ്കില്‍ മതപഠനത്തെ ഭൗതിക വിദ്യാഭ്യാസവുമായി ഉദ്ഗ്രഥിക്കുക എന്ന ആശയം അടുത്ത കാലത്തുണ്ടായ ഒന്നായിരുന്നില്ല. പൂര്‍വികരായ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചിരുന്നു എന്നാണ് ചരിത്രം വിളിച്ചുപറയുന്നത്. 1914-ല്‍ മലപ്പുറം ജില്ലയിലെ കരിഞ്ചാപ്പാടി എന്ന ഗ്രാമത്തില്‍ കട്ടിലശ്ശേരി മുഹമ്മദാലി മൗലവി തുടങ്ങിയ അല്‍ മക്തബത്തുല്ലുസൂമിയ എന്ന വിദ്യാലയം ഇസ്‌ലാമികപഠനത്തെയും സ്‌കൂള്‍ പഠനത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തെയായിരുന്നു ലക്ഷ്യമിട്ടത്. മര്‍ഹൂം കരുവള്ളി മുഹമ്മദ് മൗലവി ഇവിടുത്തെ ഒരു വിദ്യാര്‍ഥിയായിരുന്നു. കരുവള്ളിയുടെ വിദ്യാഭ്യാസ ജൈത്രയാത്രയുടെ വഴിത്തിരിവ് ഈയൊരു വിദ്യാലയമായിരുന്നു എന്ന് പറയാം. പതിനാലാം വയസ്സില്‍ ഉമറാബാദിലേക്ക് പോകാനും അവിടെനിന്ന് അറബിയിലും ഉറുദുവിലും പ്രാഗത്ഭ്യം നേടാനും അഫ്‌സലുല്‍ഉലമ ബിരുദമെടുക്കാനും കരുവള്ളിയെ പ്രചോദിപ്പിച്ചത് കട്ടിലശ്ശേരി മൗലവിയായിരുന്നു. കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയില്‍ ഉദ്യോഗസ്ഥനായിരിക്കെ ബ്രിട്ടീഷുകാരുമായി ഇടപഴകാന്‍ അവസരം കിട്ടിയതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാനും കരുവള്ളി മൗലവിക്ക് അവസരം ലഭിച്ചു. 1944-ലാണ് മലപ്പുറം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ദേഹം അറബി അധ്യാപകനായി നിയമിതനാകുന്നത്.

കേരളത്തിലെ അറബിഭാഷാ വിദ്യാഭ്യാസത്തിന്റെ ചരിത്രം മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഒരു ഭാഷയ്ക്ക് ആ ഭാഷ സ്‌നേഹിക്കുന്നവരുടെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ കഴിയും എന്നതിന്റെ നേര്‍ സാക്ഷ്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം അറബിഭാഷാ വിദ്യാഭ്യാസം. അറബിഭാഷ കേരളത്തിലെ മുസ്‌ലിംകളെ പൊതുവിദ്യാഭ്യാസത്തോടു ചേര്‍ത്തുനിര്‍ത്തി. വിദ്യാഭ്യാസത്തോട് അവരില്‍ താല്‍പര്യവും ആഭിമുഖ്യവും വളര്‍ത്തി. കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തി. സാമൂഹികമായും സാംസ്‌കാരികമായും ഒരു ജനത അങ്ങനെ ശാക്തീകരിക്കപ്പെട്ടു.

അറബിഭാഷയുടെ മുസ്‌ലിംനവോത്ഥാനവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന വസ്തുതകളുടെ ഈ ചരിത്രയാഥാര്‍ഥ്യം അറബി അധ്യാപകര്‍ വിസ്മരിക്കരുത്. പൂര്‍വികര്‍ തുടങ്ങിവെച്ച നവോത്ഥാന യജ്ഞത്തിന്റെ പില്‍ക്കാല കണ്ണികളാണ് തങ്ങള്‍ ഓരോരുത്തരുമെന്ന് അറബി അധ്യാപകര്‍ ഗൗരവത്തോടെ ഓര്‍ക്കണം. നാലു ചുവരുകള്‍ക്കുള്ളില്‍നിന്ന് കുട്ടികളെ ഭാഷ പഠിപ്പിക്കുന്നവര്‍ എന്ന തലത്തിലേക്ക് ചുരുങ്ങാതെ ഒരു വലിയ ജനസഞ്ചയത്തെ വൈജ്ഞാനികമായും സാംസ്‌കാരികമായും സമുന്നതിയില്‍ എത്തിക്കാന്‍ നിയുക്തരായ നവോത്ഥാന പിന്‍മുറക്കാര്‍ എന്ന തലത്തിലേക്ക് അറബി അധ്യാപകരുടെ ബോധമുണരണം.

കരുവള്ളി മൗലവി അറബി അധ്യാപകര്‍ മാത്രം ഓര്‍ക്കേണ്ട വ്യക്തിത്വമല്ല. ദശാബ്ദങ്ങള്‍ക്കുമുമ്പേ കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ തുടക്കം കുറിച്ച നവോത്ഥാന ശ്രമങ്ങളെ ലക്ഷ്യബോധത്തോടെ നെഞ്ചേറ്റിയ ഒരു പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ബഹുഭാഷാ വിദഗ്ധന്‍, മതപണ്ഡിതന്‍, മികച്ച അധ്യാപകന്‍, ക്രാന്തദര്‍ശിയായ നേതാവ്, കാര്യശേഷിയുള്ള സംഘാടകന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു കരുവള്ളി. നവോത്ഥാന പ്രക്രിയയില്‍ കണ്ണിചേരാനും തന്റേതായ സംഭാവനകളര്‍പിക്കാനും അങ്ങനെയുള്ള ഒരാള്‍ക്കേ കഴിയൂ. കേരളീയമുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉണര്‍വിലും സാംസ്‌കാരിക വളര്‍ച്ചയിലും ഒരു അറബിഅധ്യാപകന്‍, മതപണ്ഡിതന്‍, അറബി അധ്യാപക പ്രസ്ഥാനനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മാഞ്ഞുപോകാത്ത മുദ്രകള്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകന്‍മാരെക്കുറിച്ച് പറയുമ്പോള്‍ കരുവള്ളിയുടെ പേരുകൂടി ചേര്‍ത്തുപറയാന്‍ നാം കടപ്പെട്ടിരിക്കുന്നു.

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

About the author

padasalaadmin

Add Comment

Click here to post a comment

Topics