നിയമങ്ങള്‍

കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ?

ഇസ്‌ലാമിക ശരീഅത്ത് പലപ്പോഴും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍, മഹിളാ സംഘടനകള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി സമൂഹത്തിലെ വിവിധതട്ടിലുള്ളപ്രമുഖര്‍ ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെടുന്നു. തലസ്ഥാനനഗരിയില്‍ ഒരു വിദ്യാര്‍ഥിനി അതി ദാരുണമായി ചില കാട്ടാളന്‍മാരാല്‍ ബലാല്‍സംഗത്തിന് വിധേയമായി കൊല്ലപ്പെട്ടതുമുതല്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ബഹു ജനസംഘടനകളുമൊക്കെ കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കണം എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. സംഭവത്തോടുള്ള ബഹുജനരോഷമാണ് ബലാല്‍സംഗക്കുറ്റവാളികളെ ഷണ്ഠീകരിക്കുകയോ വധിക്കുകയോ ചെയ്യുന്ന നടപടികള്‍ക്ക് നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തിലേക്കെത്തിച്ചത്.

കാര്യം അങ്ങനെയാണെങ്കിലും ഇസ്‌ലാമിക ശരീഅത്തിനെകുറിച്ച് സാമാന്യധാരണപോലുമില്ലാതെയാണ് ചിലയാളുകള്‍ ശരീഅത്ത് നിയമം നടപ്പാക്കണമെന്ന് അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങളിലെ വൈകാരിക പ്രതികരണം മാത്രമാണിത്. ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നുണ്ട്. വധശിക്ഷപോലെ കര്‍ക്കശമായ ശിക്ഷാ നടപടികള്‍ നടപ്പിലാക്കുക വഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിയുമോ ? കുറ്റ കൃത്യങ്ങള്‍ തടയാന്‍ ആകെയുള്ള പോംവഴി ശിക്ഷാനടപടികള്‍ മാത്രമാണോ ? ഇസ്‌ലാമിക ശരീഅത്ത് തന്നെയും സമൂഹത്തില്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നത് എപ്പോഴാണ്? തുടങ്ങിയ ചര്‍ച്ചകള്‍ ഈയവസരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഇന്ത്യ പോലൊരു രാജ്യത്ത് ഭരണകൂടമടക്കം സാമൂഹിക സംവിധാനങ്ങള്‍ തിന്‍മകള്‍ക്കുള്ള സകല സാഹചര്യങ്ങളും നിരുപാധികം തുറന്നിട്ടിരിക്കെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കി, അക്രമങ്ങള്‍ക്ക് തടയിടാമെന്ന മോഹിക്കുന്നത്് രോഗത്തിന്റെ മര്‍മമറിഞ്ഞുള്ള ചികില്‍സയല്ല. ആതുരശുശ്രൂഷാ രംഗത്തെ ആപ്തവാക്യമായ Prevention is better than cure എന്ന തത്ത്വം തന്നെയാണ് സാമൂഹികരംഗത്തെ രോഗങ്ങളെയും പുഴുക്കുത്തുകളെയും ഇല്ലായ്മ ചെയ്യാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നത്. സമൂഹത്തില്‍ പെരുകി വരുന്ന തിന്‍മകള്‍ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാ നടപടികള്‍ മാത്രമാണ് പോംവഴിയെന്ന തെറ്റുധാരണ ഇസ്‌ലാമിനില്ല. തിന്‍മകളെ സമൂഹത്തില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളും നടപടിക്രമങ്ങളും കാണുമ്പോള്‍ ഏതൊരാള്‍ക്കുമത് ബോധ്യപ്പെടും. അത്തരം നടപടിക്രമങ്ങളെല്ലാം പ്രായോഗികമായി നടപ്പാക്കപ്പെട്ടിട്ടും ഒരാള്‍ തെറ്റുചെയ്യാന്‍ മുതിരുന്നുവെങ്കില്‍ അത്തരമൊരാള്‍ക്ക് മാത്രമേ ഇസ്‌ലാം കടുത്ത ശിക്ഷ വിധിക്കുന്നുള്ളു. അതുതന്നെയും കുറ്റവാളിയെ ശിക്ഷിക്കുക എന്നതിനേക്കാള്‍ സമൂഹത്തിന് ഒരു ഗുണപാഠം നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍വെച്ചുകൊണ്ടാണ് ഇസ്‌ലാം ചെയ്യുന്നത്.

ബലാല്‍സംഗത്തിന് വധശിക്ഷ

ഇസ്‌ലാമില്‍ ബലാല്‍സംഗത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത് നിരുപാധികമല്ല. വിവാഹിതരായ സ്ത്രീ പുരുഷന്മാരുടെ അവിഹിതബന്ധത്തിനും ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്ന ശിക്ഷ അതില്‍ കുറഞ്ഞതല്ല. തെറ്റുചെയ്യാത്ത ഒരാളുടെ മേലുള്ള വ്യഭിചാരാരോപണത്തിന് എണ്‍പത് ചാട്ടവാറടിയാണ് ശിക്ഷ. സമൂഹത്തില്‍ ബലാല്‍സംഗമോ സമാനമായ മറ്റു കുറ്റകൃത്യങ്ങളോ തടയാന്‍ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ഒറ്റമൂലിയല്ല ശിക്ഷാവിധികള്‍. അവ കൊണ്ടുമാത്രം സമൂഹത്തിലെ തിന്‍മകള്‍ തടയാന്‍ കഴിയില്ല എന്നതിനാല്‍ തിന്‍മകളെ ചെറുക്കാന്‍ ഒട്ടനേകം പ്രതിരോധമാര്‍ഗങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് ശിക്ഷാനടപടി. ഇവിടെ പ്രസക്തമായ ചോദ്യമിതാണ്: ഇസ്‌ലാമിന്റെ ശിക്ഷാ നടപടി വേണമെന്ന് വാദിക്കുന്നവര്‍ പ്രസ്തുത കുറ്റകൃത്യം തടയാന്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമോ ? ബലാല്‍സംഗം പോലുള്ള കുറ്റങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളാണ് കൂടുതല്‍ പാലിക്കേണ്ടതെന്നിരിക്കെ വിശേഷിച്ചും. ഇസ്‌ലാമിന്റെ അത്തരം നിര്‍ദേശങ്ങളാണ് ഈ തിന്‍മയെ സമൂഹത്തില്‍ നിന്ന് അകറ്റുന്നത്. ഇസ്‌ലാമിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ സുപ്രധാനമായതും പൊതുസമൂഹത്തിന് സ്വീകര്യവുമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ തന്നെയും കുറ്റകൃത്യങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിക്കും.

അശ്ലീലതയും നഗ്‌നതാ പ്രദര്‍ശനവും

നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു ലൈംഗിക കുറ്റകൃത്യങ്ങളുടെ പിന്നിലെ ചോദകങ്ങളിലൊന്ന് വര്‍ധിച്ചുവരുന്ന അശ്ലീലതയാണ്. വനിതകള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ക്ക് പിന്നില്‍ അവരുടെ വസ്ത്രധാരണത്തിനും വലിയ പങ്കുണ്ടെന്ന് പറയുന്നവരില്‍ സ്ത്രീകളും മഹിളാസംഘടനകളുമുണ്ട്. ദല്‍ഹി മാനഭംഗത്തോട് പ്രതികരിച്ചു കൊണ്ട് മധുര മഠാധിപതി അരുണ ഗിരിനാഥ് ശ്രീ ജ്ഞാനസംബന്ധ സ്വാമികള്‍ പറഞ്ഞത്, മുസ്‌ലിംകളെ പോലെ മറ്റു സ്ത്രീകളും പുറത്തിറങ്ങുമ്പോള്‍ പര്‍ദ ധരിക്കണമെന്നാണ്. ഫാഷന്റെ പേരില്‍ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതി സ്ത്രീകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ആഫ്രിക്കയിലെ അത്രയൊന്നും അറിയപ്പെടാത്ത സ്വാസിലാന്റില്‍ പുരുഷന്‍മാരുടെ വികാരം ഇളക്കിവിടുന്ന മിനിസ്‌കര്‍ട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള വാര്‍ത്ത വന്നിട്ട് അധികനാളായില്ല. നിയമം ലംഘിച്ച് മിനിസ്‌കര്‍ട്ടുകള്‍ ധരിക്കുന്ന സ്ത്രീകള്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയാണ് സ്വാസിലാന്റ് ഗവണ്‍മെന്റ് വിധിച്ചിരിക്കുന്നത്. സമാനമായ പ്രശ്‌നത്തിന് അറുതി വരുത്താന്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

മുമ്പൊരിക്കല്‍ തെന്നിന്ത്യയിലെ ഒരു പ്രമുഖ സിനിമാനടി ആരാധകരുടെ ‘കൈപ്രയോഗങ്ങള്‍’ക്ക് ഇരയായ ഒരു വാര്‍ത്ത വന്നിരുന്നു. ആരാധകരുടെ ഈ അതിക്രമം മൂലം നടി ശരീരം മുഴുവന്‍ മറയുന്ന തരത്തില്‍ പുതച്ചു കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. നടി പൊതു ജനമധ്യത്തില്‍ മിക്കവാറും പ്രത്യക്ഷപ്പെടുന്നത് ശരീരത്തിന്റെ ഏറിയപങ്കും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്. ആരാധകരില്‍പെട്ട ഞരമ്പുരോഗികള്‍ക്ക് ഏന്തെങ്കിലും ചെയ്യാന്‍ പ്രേരണ ചെലുത്തും വിധമായിരുന്നു അവരുടെ വസ്ത്രധാരണ രീതി എന്നത് അവരെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.

ഇന്ത്യന്‍ ഭരണഘടന വകവെച്ച് നല്‍കുന്ന പൗരസ്വാതന്ത്ര്യം എന്ന നിലയില്‍ ഒരു സ്ത്രീക്ക് അവളിഷ്ടപ്പെടുന്ന ഏതുവസ്ത്രവും ധരിക്കാനവകാശമുണ്ട്. ഒരു സ്ത്രീ എത്ര വികാരോദ്ദീപകമായ വസ്ത്രം ധരിച്ചാലും ഒരു പുരുഷനും അവളെ മാനഭംഗപ്പെടുത്താന്‍ അവകാശമില്ല. എന്നല്ല. അത് വലിയ കുറ്റം തന്നെയാണ്. എന്നാല്‍ മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കേണ്ടത് അവരുടെ ബാധ്യതയാണ്. അമിതമായ വ്യക്തിസ്വാതന്ത്ര്യത്തെ ചൂഷണംചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ മാറ്റത്തിരുത്തലുകള്‍ക്ക് സ്ത്രീകള്‍ തയ്യാറായേ മതിയാകൂ.

ഇവ്വിഷയകമായി, ഇസ്‌ലാമിന്റെ പരിഹാര നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് സ്ത്രീ പുരുഷന്‍മാരുടെ അതിരുകവിഞ്ഞ നോട്ടം പോലും നിയന്ത്രിച്ചുകൊണ്ടാണ്. തുടര്‍ന്ന് സ്ത്രീകളുടെ വസ്ത്രധാരണരീതി എപ്രകാരമായിരിക്കണമെന്നതിന് മാര്‍ഗനിര്‍ദേശം നല്കുന്നു. പ്രകൃതിയുടെ താത്പര്യാര്‍ഥം പവിത്രവും പരിശുദ്ധവുമായ ലൈംഗികബന്ധത്തിന് വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നു. അവിഹിത ബന്ധങ്ങളിലേക്കെത്തിക്കുന്ന സാമൂഹികഇടപാടുകളും പെരുമാറ്റങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിക്കൊണ്ട് തിന്‍മകളുണ്ടാകാനുള്ള സാഹചര്യങ്ങളെത്തന്നെ അകറ്റി, സമൂഹത്തിന്റെ ധാര്‍മികാടിത്തറയെ സുഭദ്രമാക്കുംവിധമുള്ള നിര്‍ദേശങ്ങളാണ്് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

ലഹരിയുടെ വ്യാപനം

നമ്മുടെ നാട്ടില്‍ നടക്കുന്ന മിക്കവാറും കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ അദൃശ്യവില്ലനാണ് മദ്യം. അത് കുടിക്കുന്നവര്‍ മാത്രമല്ല, അവരെ കുടിപ്പിക്കുന്നവരും കുറ്റക്കാരാണ്. ദല്‍ഹി സംഭവത്തിലെ പ്രതികളില്‍ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിക്കുന്ന എല്ലാവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നില്ലല്ലോ എന്ന ലളിതയുക്തിയുപയോഗിച്ച് മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നവര്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയൊരു ശതമാനം മദ്യപാനികളാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുകയാണ്. കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും മദ്യം നിര്‍ത്തലാക്കുന്നതിരിക്കട്ടെ, അതിന്റെ വ്യാപനനിയന്ത്രണം പോലും നമ്മുടെ ഭരണകൂടത്തിന്റെ അജണ്ടയ്ക്കു പുറത്തായിരിക്കുന്നു.

മദ്യത്തെ തിന്‍മകളുടെ മാതാവ് എന്നാണ് ഇസ്‌ലാം വിശേഷിപ്പിച്ചിട്ടുള്ളത്. മദ്യപാനത്തെത്തുടര്‍ന്ന് സ്വാഭാവികമായും പല തിന്‍മകളും തലപൊക്കുന്നു എന്നതുകൊണ്ടാണ് അതിനെ അങ്ങിനെ വിശേഷിപ്പിച്ചത്. മദ്യപാനം മാത്രമല്ല, അതു കൊടുക്കുന്നവനും അതുണ്ടാക്കുന്നവനും അതിന്റെ കണക്കെഴുതുന്നവനും അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവന്‍ പോലും കുറ്റക്കാരനാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരു തിന്‍മ തടയാന്‍ ആ തിന്‍മക്ക് കാരണമാകുന്ന മറ്റ് തിന്‍മകള്‍ക്ക് കൂടി അത് താരതമ്യേന ആദ്യത്തേക്കാള്‍ ലഘുവാണെങ്കില്‍ കൂടിയും തടയിടുന്ന സമീപനമാണ് ഇസ്‌ലാമിന്റേത്. മദ്യത്തിന് ചില ഗുണങ്ങളുണ്ടെന്ന് ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ ആ ഗുണങ്ങളേക്കാള്‍ അധികമാണ് അതിന്റെ ദൂഷ്യഫലങ്ങള്‍ അതിനാല്‍ അത് നിഷിദ്ധമാണ്. മദ്യപാനം വ്യഭിചാരം, കൊലപാതകം, മോഷണം പോലെ നിരവധി തിന്‍മകളിലേക്ക് നയിക്കുന്നു. മദ്യപിക്കുന്നത് കുറ്റകരമായി കാണാത്ത നാം അതിന്റെ അനന്തരഫലമായുണ്ടാകുന്ന വിപത്തുകളെ മാത്രം കുറ്റകരമായിക്കാണുന്നത് തികഞ്ഞ അല്പത്തമല്ലാതെ മറ്റെന്താണ് ?

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നിര്‍മാണവുമെല്ലാം ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. എന്നാല്‍ അതിന്റെ ഉപയോഗവും വില്‍പനയും നിര്‍മാണവുമെല്ലാം നമ്മുടെ നാട്ടില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍? സമൂഹത്തില്‍ ലഹരിയുപയോഗം വര്‍ധിച്ചുവരുന്നുവെന്നത് നമ്മുടെ നിയമസംവിധാനങ്ങള്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണ്.

ആധുനിക ഭരണസംവിധാനങ്ങളുടെ പരാജയം

സാമ്പത്തിക ക്രയവിക്രയത്തിന്റെ അളവുകോണിലൂടെ മാത്രം മനുഷ്യനെയും സമൂഹത്തെയും വിലയിരുത്തി, അതിന്റെ വളര്‍ച്ചക്ക് വേണ്ടി മാത്രം നിയമം നിര്‍മിച്ച്, ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണിലൂടെ മാത്രം മനുഷ്യനെയും അവന്‍ ജീവിക്കുന്ന ചുറ്റുപാടിനെയും നോക്കിക്കാണുന്ന പ്രത്യയശാസ്ത്രത്തിനും ആധുനിക ജനാധിപത്യ സംവിധാനങ്ങള്‍ക്കും മനുഷ്യനെ ഉന്നതമൂല്യങ്ങളുള്ള ഒരു മാതൃകാ വ്യക്തിയാക്കുവാനോ അവനില്‍ ഉരുവംകൊള്ളുന്ന കുറ്റവാസനകളെ മുളയിലേ നുള്ളിക്കളയുവാനോ കഴിയുന്ന നിയമനടപടിക്രമങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം, മാതൃകായോഗ്യനായ ഒരു മനുഷ്യനെ സൃഷ്ടിച്ചെടുക്കലും സമൂഹത്തിലെ കുറ്റവാസനകള്‍ പരിഹരിക്കലും അവരുടെ പ്രഖ്യാപിത അജണ്ടയുടെ ഭാഗമല്ല. സമൂഹത്തിന്റെ സുഗമമായ പ്രയാണത്തിനിടക്ക്, കുറ്റകൃത്യങ്ങള്‍ ഒരു പ്രശ്‌നമാകുമ്പോള്‍ മാത്രമാണ്, അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അതിന്റെ വക്താക്കള്‍ ചിന്തിക്കുക. അതാകട്ടെ, രോഗം പിടിപെട്ടശേഷം അത് ശമിപ്പിക്കാന്‍ മരുന്നു കഴിക്കുന്നതുപോലെയാണ്. പുറത്തുള്ള മറ്റുസ്രോതസ്സുകളില്‍ നിന്ന് പരിഹാരനിര്‍ദേശങ്ങള്‍ സ്വീകരിക്കുക എന്ന ഏകപോംവഴി മാത്രമേ അപ്പോള്‍ അവര്‍ക്കു മുന്നിലുണ്ടാവുകയുള്ളു.

ദല്‍ഹിയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി മരിച്ചപ്പോള്‍ നമ്മുടെ മഹിളാ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ദീനരോദനങ്ങള്‍ അത്തരത്തിലൊന്നാണ്. കുറ്റവാളികളെ വധിച്ചാല്‍, മേലില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന വ്യാമോഹത്തില്‍ നിന്നാണ് അവരിത് പറയുന്നത്. ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണം ഇവിടെ വധശിക്ഷാ ഇല്ലാത്തതാണോ ? കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് പ്രശ്‌നപരിഹാരത്തിന്റെ ആദ്യ പോംവഴി. ബലാല്‍സംഗത്തിനുള്ള മുഴുവന്‍ സാഹചര്യങ്ങളും സാധ്യതകളും മലര്‍ക്കെ തുറന്നിടുന്ന ഒരു സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് മരണ ശിക്ഷ വിധിക്കുന്നത് അനീതിയാണ്. കാരണം കുറ്റത്തിലേക്കുള്ള അനേക സാധ്യതകളും സാഹചര്യങ്ങളും ഇവിടെ തുറന്നിടപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ മുന്‍ഗണനാക്രമമനുസരിച്ച് കുറ്റങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുറ്റങ്ങള്‍ ഉണ്ടാകാനുള്ള മുഴുവന്‍ പഴുതുകളും അടച്ച ശേഷവും കുറ്റം ചെയ്യുന്ന കുറ്റവാളിക്കേ ഇസ്‌ലാമില്‍ ശിക്ഷയുള്ളു. കാരണം. അയാള്‍ ചെയ്ത കുറ്റത്തിന്റെ മുഴുവന്‍ ഭാരവും അയാളുടെ ചുമലിലാണ്. കുറ്റത്തിന്‍െ ഒന്നാമത്തെ സാഹചര്യം മുതല്‍ അത് സമ്പൂര്‍ണ്ണ കുറ്റമായി മാറുന്നതുവരെയുള്ള കാര്യങ്ങള്‍ അവനാല്‍ തന്നെയാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഒരു കുറ്റവാളി ശിക്ഷക്കര്‍ഹനാകുന്നത്. അങ്ങനെയൊരാള്‍ക്കുള്ള ശിക്ഷയേ നീതിയാവുകയുള്ളൂ.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured