വിദ്യാഭ്യാസം-പഠനങ്ങള്‍

കാര്യക്ഷമതയുള്ള വ്യക്തിത്വം നേടാന്‍ ഇസ് ലാമിക പാഠങ്ങള്‍

‘നേതൃനിരയാണ് ഏതൊരു സംഗതിയുടെയും ഉത്ഥാനവും പതനവും  തീരുമാനിക്കുന്നത് ‘ എന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ലീഡര്‍ഷിപ് ഗുരു ഡോ. ജോണ്‍ .സി. മാക്‌സ്‌വെല്‍ തന്റെ ബെസ്റ്റ് സെല്ലറായ The 21 Irrefutable Laws of Leadership എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.  2002 ല്‍ ഒരു ഇസ്‌ലാമിക് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ഞാനീ പുസ്തകം വായിക്കുന്നത്. അന്ന് ആ പ്രസ്താവനയിലേക്ക് തുറിച്ചുനോക്കി കുറേനേരം ഞാന്‍ ആലോചനയിലാണ്ടുപോയത് ഇന്നും  ഓര്‍ക്കുന്നു.’എന്താണ് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചത്’ എന്നത് കണ്ടെത്താനായി ആ പുസ്തകം മുഴുവന്‍ ഞാന്‍വായിച്ചുതീര്‍ത്തു.

പിന്നീടങ്ങോട്ട് എന്റെ ജീവിതം പഴയതായിരുന്നില്ല. ജീവിതത്തില്‍ എല്ലാറ്റിനെയും നേതാവിന്റെ കണ്ണോടുകൂടിയായിരുന്നു ഞാന്‍ നോക്കിക്കണ്ടിരുന്നത്. സ്‌കൂളിന്റെയും പള്ളിയുടെയും സംഘടനകളുടെയും കുടുംബത്തിന്റെയും  എന്തിന് രാജ്യത്തിന്റെയും നേതൃതലത്തിലുള്ളവരുടെ ഗുണവും ദോഷവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. നേതൃത്വവുമായി ബന്ധപ്പെട്ട ഏതു ലേഖനവും വായിക്കാന്‍  താല്‍പര്യംകാണിച്ചു. പിന്നീട് ഡിഗ്രിക്ക് കോളേജില്‍ചേര്‍ന്നപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്തത് പ്രസ്തുതവിഷയമായിരുന്നു. നേതൃഗുണം വളര്‍ത്തിയെടുക്കാനാവശ്യമായ അടിസ്ഥാനനിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കാന്‍  പരിശ്രമിച്ചു. അധ്യാപകനെന്ന നിലയില്‍  പബ്ലിക്, പ്രൈവറ്റ് , ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലൊക്കെ അവസരം ലഭിച്ചപ്പോഴൊക്കെ അവ നടപ്പില്‍വരുത്താന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ ഞാന്‍  കമ്പനികള്‍ക്കും സ്‌കൂളുകള്‍ക്കും  സന്നദ്ധസേവനസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും   എങ്ങനെ അവയെല്ലാം ഏറ്റവും നന്നായി കൊണ്ടുനടത്താമെന്നതിന് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ ഏറ്റവും നന്നായി കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതിന്റെ നേട്ടം സമൂഹത്തിനാണല്ലോ.

കാര്യക്ഷമതയുള്ള നേതൃത്വത്തിന്‍ കീഴില്‍ വിജയം സുനിശ്ചിതമാണ്. അതേസമയം നേതൃനിര മോശമായാല്‍ പരാജയം ഉറപ്പാണ്. ലോകത്ത് മുന്‍നിരയിലുള്ള രാജ്യങ്ങളുടെയോ കമ്പനികളുടെയോ മറ്റ് സന്നദ്ധസംഘങ്ങളുടെയോ ലിസ്റ്റ് പരിശോധിച്ചാല്‍ അവയ്ക്ക് നേതൃത്വം കൊടുത്തവരുടെ വൈഭവത്തിന് വലിയ പങ്കുണ്ടെന്ന് നിസ്സംശയം പറയാം.

നേതൃത്വത്തിനുണ്ടാകേണ്ട സവിശേഷസ്വഭാവഗുണങ്ങളുടെയും അവര്‍ പാലിക്കേണ്ട അടിസ്ഥാനനിയമങ്ങളുടെയും കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. നാം അധ്യാപകരോ, രക്ഷിതാക്കളോ, എക്‌സിക്യൂട്ടീവുകളോ, ഡോക്ടര്‍മാരോ, എഞ്ചിനീയര്‍മാരോ, മകനോ മകളോ ആരുമായിക്കൊള്ളട്ടെ,  നേതൃത്വം ഏറ്റെടുക്കുന്നതിനും  തന്റെ കൂടെയുള്ളവരെ മുന്നോട്ടുനയിക്കുന്നതിനും അതൊന്നും തടസ്സമല്ല.

അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന് നിവേദനം: ‘നബി(സ) പറഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും തങ്ങള്‍ക്കുകീഴിലുള്ളവരുടെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ട ആട്ടിടയന്‍മാരാണ്. ഒരു ഇമാം തനിക്കുകീഴിലുള്ള ജനതയുടെ ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ടവനാണ്. ഒരു പുരുഷന്‍ തന്റെ കുടുംബത്തിന്റെ ചുമതലയേല്‍പിക്കപ്പെട്ടവനാണ്. മാതാവ് തന്റെ സന്താനങ്ങളോടും ഭര്‍ത്താവിനോടുമുള്ള ചുമതലയില്‍ മറുപടിപറയേണ്ടവളാണ്. വേലക്കാരന്‍ തന്റെ യജമാനന്റെ അമാനത്തുകളെപ്പറ്റി ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനാണ്. നിങ്ങളെല്ലാവരും തങ്ങളുടെ കീഴിലുള്ളവരുടെ മേല്‍ ആട്ടിടയനെപ്പോലെയാണ്.’

ഇന്നത്തെ സമകാലീനസാഹചര്യത്തില്‍  ഈ ഹദീഥില്‍ സൂചിപ്പിച്ച ആട്ടിടയന്‍ എന്ന പദം  നേതാവിനെയാണ് കുറിക്കുന്നത്. അതിനാല്‍ നാമെല്ലാവരും നേതാവാകണമെന്നാണ് ഹദീഥിന്റെ ആഹ്വാനം. മുഹമ്മദ് നബി(സ) നാമങ്ങനെയാകണമെന്നാണ് പഠിപ്പിച്ചത്. അതുകൊണ്ടാണല്ലോ എല്ലാ കാര്യങ്ങളിലും നബിതിരുമേനി  നമുക്ക് മാതൃകയായത്. തന്റെ ജീവിതത്തിലെ നിഖിലമേഖലകളിലും തികഞ്ഞ നേതൃപാടവം അദ്ദേഹം പ്രദര്‍ശിപ്പിച്ചു. തന്റെ സമൂഹത്തിന് നേതൃത്വം നല്‍കിക്കൊണ്ട് അവരെ മാര്‍ഗദര്‍ശനംചെയ്തതും അവരുടെ ആദരവും വിശ്വാസ്യതയും നേടിയെടുത്തതും ലോകം കണ്ടതാണ്.  അതേ മാതൃകപിന്‍പറ്റിയാല്‍  വിശ്വാസ്യതനേടാനും ആദരവുപിടിച്ചുപറ്റാനും നമുക്കും കഴിയും. നബി സ്വീകരിച്ച നേതൃഗുണത്തിന് അടിസ്ഥാനമായ തത്ത്വങ്ങളെ  മനസ്സിലാക്കാനാണ് നാമിവിടെ ശ്രമിക്കുന്നത്.

1. കര്‍മോത്സുകത: ഒരു വ്യക്തിയുടെ കര്‍മോത്സുകതയെ വെളിവാക്കുന്നതാണ് നേതൃപാടവം. മറ്റുള്ളവരെ നയിക്കാന്‍ കഴിവുകുറയുമ്പോള്‍ ആ വ്യക്തിയുടെ ആര്‍ജ്ജിതശേഷി കുറവാണെന്നാണ് അര്‍ഥം. മറ്റുള്ളവരെ നയിക്കാന്‍  കൂടുതല്‍ സാമര്‍ഥ്യമുള്ള വ്യക്തികള്‍ക്ക് ആര്‍ജിതഗുണങ്ങളേറെയായിരിക്കും. നബിതിരുമേനിയുടെ ജീവിതംതന്നെയെടുക്കാം. അല്ലാഹുവിന്റെ ദൂതന്‍ എന്ന നിലക്ക് തന്റെ ദൗത്യത്തില്‍ എത്രമാത്രം അദ്ദേഹം വിജയിച്ചു? അദ്ദേഹത്തിന്റെ മികവ് എത്രമാത്രമായിരുന്നു?

ഭൂമിയില്‍ ഉണ്ടായിരുന്നതില്‍വെച്ച് ലോകജനതയില്‍ ഏറ്റവും  ശക്തമായ സ്വാധീനംചെലുത്തിയ വ്യക്തിത്വമായിരുന്നു നബിയുടേതെന്ന കാര്യത്തില്‍ സംശയമേയില്ല. നൂറ്റാണ്ടുകളായി ഒട്ടേറെ മനുഷ്യരുടെ ജീവിതംതന്നെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവല്ലോ. അതിനിയും തുടരുകയുംചെയ്യും. അതിനാല്‍ അദ്ദേഹം നേതാക്കളില്‍ ഒന്നാമനാണ്.

2. സ്വാധീനംചെലുത്താനുള്ള കഴിവ്: 

നേതാവ് തന്റെ അനുയായികളിലും തന്റെ സഹപ്രവര്‍ത്തകവൃത്തത്തിലും സ്വാധീനംചെലുത്താന്‍ കഴിവുള്ളവനായിരിക്കണം. പ്രവാചകന്‍ തിരുമേനി (സ)യുടെ മറ്റുള്ളവരുടെമേല്‍ പ്രഭാവംചെലുത്താനുള്ള കഴിവ് വളരെ സുവിദിതമാണ്. മക്കയില്‍നിന്ന് തന്റെ അനുചരന്‍മാരുമായി പലായനംചെയ്ത നബി തിരികെ ഭരണാധികാരിയായി മടങ്ങിച്ചെന്നത് പതിനായിരക്കണക്കായ സംഘത്തോടൊപ്പമാണ്. ശേഷം നൂറുവര്‍ഷത്തിനകം  മൊറോക്കോ മുതല്‍ ചൈന വരെ വിശാലമായ ഒരു ഇസ്‌ലാമികദേശം  പിറവികൊണ്ടു. 1400 വര്‍ഷത്തിനുശേഷം ലോകത്ത് ഏറ്റവുമധികം വ്യാപിച്ച പേര് മുഹമ്മദ് എന്നതായി. ഇന്ന് 1.3 ശതകോടി മുസ്‌ലിംകള്‍ ലോകത്തുണ്ട്. ദിനേന മില്യണ്‍കണക്കിന് പ്രാവശ്യം അദ്ദേഹത്തിന്റെ പേരുച്ചരിക്കപ്പെടുന്നു. വീടുകളിലും പള്ളികളിലും യൂണിവേഴ്‌സിറ്റികളിലും അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കപ്പെടുന്നു. ടോക്കിയോവിലും ഡല്‍ഹിയിലും ദുബായിലും ലണ്ടനിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ചല്‍സിലും ബൊഗോട്ടയിലും സാവോപോളോയിലും അങ്ങനെ ലോകത്തെല്ലായിടത്തുമുള്ള പള്ളികളില്‍ നബിതിരുമേനി സൂറത്തുല്‍ ഫാതിഹ ഓതി നമസ്‌കരിച്ചതുപോലെ  നമസ്‌കരിക്കുന്നു. ഇപ്രകാരം നബിതിരുമേനി ഒരു ജനസഞ്ചയത്തെ എവ്വിധം സ്വാധീനിച്ചുവെന്നതിന്റെ പട്ടികതയ്യാറാക്കിയാല്‍ അത് വാള്യങ്ങള്‍ സമ്മാനിക്കുന്ന ഗ്രന്ഥശേഖരമായിരിക്കും.

നമ്മുടെ കുടുംബാംഗങ്ങളെയും സമുദായത്തെയും സഹപ്രവര്‍ത്തകരെയും ഗുണപരമായമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വ്യക്തികളാക്കിമാറ്റുംവിധം നമുക്കെങ്ങനെയാണ് സ്വാധീനിക്കാനാകുക? നബിതിരുമേനിയുടെ ദൗത്യം ലോകത്തെ പരിവര്‍ത്തിപ്പിക്കുകയെന്നതായിരുന്നു.എങ്കില്‍ നമ്മുടെതും അത്തരത്തിലുള്ള ഒന്നായിരിക്കേണ്ടതില്ലേ? 

അതിനാല്‍ നാം ആര്‍ജിക്കേണ്ട നേതൃപാടവം ഒറ്റദിനംകൊണ്ട് ഉണ്ടാക്കിയെടുക്കാന്‍കഴിയുന്നതല്ലെന്ന് തിരിച്ചറിയുക. അനുദിനം അത്തരം സ്വഭാവഗുണങ്ങളെ നട്ടുവളര്‍ത്തിയും പരിപോഷിപ്പിച്ചും  എടുക്കേണ്ടതുണ്ട്. നബിതിരുമേനി ഏതെങ്കിലും ദിവസം തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നതായി ചരിത്രത്തില്‍ നാം വായിച്ചിട്ടുണ്ടോ? മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. എനിക്കും നിങ്ങള്‍ക്കുംവേണ്ടി അക്ഷീണം പണിയെടുത്തു. അദ്ദേഹത്തിന്റെ ഓരോ ദിനവും പ്രഭാതം പൊട്ടിവിടര്‍ന്നത് ഓരോരോ വെല്ലുവിളികളുമായാണ്. പരിഹരിക്കാന്‍ ഒരു പ്രശ്‌നം, തന്റെയും അനുയായികളുടെയും ജീവനുനേരെ ഭീഷണി, പുതിയആക്ഷേപങ്ങളും പരിഹാസങ്ങളുമായി വിമര്‍ശകര്‍, അന്വേഷണത്തിനും കൂടിക്കാഴ്ചയ്ക്കുമായി  പുതിയഗോത്രങ്ങള്‍, അദ്ദേഹത്തെയോ കുടുംബത്തെയോ പറ്റി പുതിയകിംവദന്തികള്‍, വികസനത്തിനായി പുതിയ നയപരിപാടി, ദീന്‍പഠിപ്പിക്കാനായി പുതിയ പ്രബോധകന്‍, കാര്യങ്ങള്‍ വിശദമായി നേരിട്ടുപഠിക്കാനെത്തിയ പുതുവിശ്വാസി, സൃഷ്ടിക്കാന്‍ പുതിയ ലോകം ഇങ്ങനെ ദിനേന അദ്ദേഹംകൈകാര്യംചെയ്ത വിഷയങ്ങള്‍ ഏറെയായിരുന്നു.

എന്നാല്‍ നേതൃഗുണങ്ങള്‍ സ്വായത്തമാക്കണമെന്ന ദൃഢനിശ്ചയത്തോടെ നാം  എത്രമാത്രം നബിതിരുമേനിയുടെ ചര്യകള്‍ പിന്‍പറ്റാന്‍ ഔത്സുക്യം കാട്ടിയിട്ടുണ്ട് ?

കരീബിയ, ലാറ്റിനമേരിക്കന്‍, അമേരിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലീഡര്‍ഷിപ് ട്രെയ്‌നറും അന്താരാഷ്ട്രപ്രഭാഷകനുമാണ് ലേഖകന്‍

Topics