Kerala

കരുതലോടെ ഉപയോഗിക്കേണ്ട പള്ളികളിലെ ഉച്ചഭാഷിണികള്‍

ഇന്ത്യന്‍ ഭരണഘടന ഏതുപൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് മുസ്‌ലിം പള്ളികളില്‍ നിസ്‌കാര സമയമാകുമ്പോഴുള്ള അറിയിപ്പുകളായി ബാങ്ക് വിളിക്കുന്നത്. പള്ളികളിലെ ഉച്ചാഭാഷിണികള്‍ ബാങ്ക് വിളിക്കും മറ്റ് അത്യാവശ്യ അറിയിപ്പുകള്‍ക്കുമല്ലാതെ നിരന്തരം ഉപയോഗപ്പെടുത്തുമ്പോള്‍ അതില്‍ അസഹ്യത പ്രകടിപ്പിച്ച് സമീപവാസികള്‍ പരാതി നല്‍കുകയും കോടതികള്‍ ഇടപെടുകയും ചെയ്യുന്നു.

ക്രമസമാധാനത്തിന്റെ പേരില്‍ ചിലയിടങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതു പൂര്‍ണമായും തടയപ്പെടുന്നു. ഇത്തരം സാഹചര്യത്തിലാണ് പള്ളികളിലെ ഉച്ചഭാഷിണികള്‍ ബാങ്ക് വിളിക്കാനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രമായി ഉപയോഗിക്കേണ്ടതാണെന്ന് സമസ്ത ഉപാധ്യക്ഷനും നിരവധി പള്ളികളുടെ ഖാസിയുമായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രഭാഷണ പരമ്പരകള്‍ക്കും പൊതുയോഗങ്ങള്‍ക്കും പ്രത്യേകാനുമതിയോട് കൂടി ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടിവരും. അത്യാവശ്യങ്ങള്‍ക്കല്ലാതെ ഇവ ഉപയോഗപ്പെടുത്തുമ്പോള്‍ അവ നിര്‍ത്തിവയ്പ്പിക്കുവാന്‍ ആരെങ്കിലും മുതിരുകയും അധികൃതര്‍ അതിന് സമ്മതം നല്‍കുകയും ചെയ്യുമ്പോള്‍ പള്ളിയുടെ കവാടങ്ങളാണ് അടഞ്ഞുപോകുന്നത്.

അന്യര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന യാതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം വാക്കുകളോ പ്രവര്‍ത്തികളോ ഇസ്‌ലാമിന്റെ ദീപസ്തംഭമാകേണ്ട പള്ളിയില്‍ നിന്ന് ഉണ്ടായിക്കൂട. മതത്തിന്റെ ശാസനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസി ഒരിക്കലും അന്യമതസ്ഥരുടെ സൈ്വര്യവും സമാധാനവും കെടുത്തുകയില്ല. അഞ്ച് നേരത്തെ നിസ്‌കാരസമയം അറിയിക്കാനാണ് പള്ളിയിലെ ഉച്ചഭാഷിണികള്‍ ഉപയോഗപ്പെടുത്തുന്നത്

അല്ലാഹുവിന്റെ ഭവനങ്ങളുടെ കവാടങ്ങള്‍ അടഞ്ഞുപോകുന്നതിലും വലിയ പാപം വേറെ ഇല്ല തന്നെ. അതിനുത്തരവാദികള്‍ മുസ്‌ലിംകള്‍ തന്നെയായിത്തീരുന്നു എന്നത് ഖേദകരം തന്നെയാണ്. കഴിഞ്ഞ വര്‍ഷം നവി മുംബയില്‍ 45 പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുംബൈ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മംഗളുരുവിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. പള്ളികളിലെ ബാങ്കുവിളികള്‍ അരോചകമാവുന്നുവെന്നാരോപിച്ച് ചില പൊതു താല്‍പര്യക്കാര്‍ ഹരജികളുമായി കോടതികളെനിരന്തരം സമീപിച്ചുകൊണ്ടിരിക്കുന്ന ഒരു ആസുര കാലത്ത്, ഇതര ആവശ്യങ്ങള്‍ക്കായി ഉച്ചാഭാഷിണി ഉപയോഗപ്പെടുത്തുമ്പോള്‍ അത്തരം ആളുകള്‍ക്ക് കൂടുതല്‍ ഉത്തേജനമാണ് നല്‍കുന്നതെന്ന് എന്തേ നമ്മള്‍ ഓര്‍ക്കാതെ പോകുന്നു? രാത്രി പത്ത് മണിക്ക് ശേഷം പള്ളികളിലെ ഉച്ചഭാഷിണികളില്‍ നിന്നുമുയരുന്ന ശബ്ദങ്ങള്‍ സമീപവാസികളില്‍ ബുന്ധിമുട്ടുണ്ടാക്കുന്നത് നാം തിരിച്ചറിയണം. അത്തരമൊരു സംഭവത്തിന്റെ പരിണിത ഫലമാണ് പാലക്കാട് ഉണ്ടായ സംഭവ വികാസങ്ങള്‍. ഇസ്‌ലാം എന്നാല്‍ ശാന്തിയാണ്. എന്നിരിക്കെ അത്തരമൊരു വീക്ഷണത്തെ തന്നെ തകര്‍ക്കുംവിധം ചില പ്രദേശങ്ങളില്‍ അശാന്തി പടര്‍ത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. എത്രത്തോളം കഴിയുന്നുവോ അത്രത്തോളം ജീവിതത്തിലുടനീളം സൂക്ഷ്മത പാലിക്കാനാണ് പരിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാം മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.

അന്യര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന യാതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം വാക്കുകളോ പ്രവര്‍ത്തികളോ ഇസ്‌ലാമിന്റെ ദീപസ്തംഭമാകേണ്ട പള്ളിയില്‍ നിന്ന് ഉണ്ടായിക്കൂട. മതത്തിന്റെ ശാസനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസി ഒരിക്കലും അന്യമതസ്ഥരുടെ സൈ്വര്യവും സമാധാനവും കെടുത്തുകയില്ല. അഞ്ച് നേരത്തെ നിസ്‌കാരസമയം അറിയിക്കാനാണ് പള്ളിയിലെ ഉച്ചഭാഷിണികള്‍ ഉപയോഗപ്പെടുത്തുന്നത്.വിശ്വാസികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം പിഴവുകളിലേക്കാണ് സുന്നിമഹല്ല് ഫഡറേഷന്‍ സംസ്ഥാനകമ്മിറ്റി ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ആദരണീയരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നെടുത്ത ഈ തീരുമാനം കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സമൂഹവും അംഗീകരിക്കും. സ്വലാത്തും ദിക്‌റുകളും പള്ളികളിലിരുന്ന് ചൊല്ലുന്നത് പുണ്യം നിറഞ്ഞ സല്‍പ്രവര്‍ത്തിയാണ്. കൂടുതല്‍ ആളുകള്‍ ഉണ്ടാകുമ്പോള്‍ ഉച്ചഭാഷിണി ഉപയോഗിക്കേണ്ടിവരും. പക്ഷെ അത് പള്ളിക്കകത്ത് പരിമിതപ്പെടുത്തുന്നതാണ് അഭികാമ്യം.

ഒരു ബഹുസ്വര സമൂഹത്തിലാണ് മുസ്‌ലിംകള്‍ ജീവിക്കുന്നത്. ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് മുന്നോട്ടുപോകാന്‍ മതപരമായി തന്നെ ബാധ്യസ്ഥരാണ് മുസ്‌ലിംകള്‍. നമുക്ക് ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശങ്ങളെ മറ്റുള്ളവര്‍ക്ക് ആക്ഷേപം ഉന്നയിക്കാന്‍ പഴുതു നല്‍കാത്ത വിധം ഉപയോഗപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കണം. മഹല്ലുകള്‍ തകര്‍ത്ത് സംഘടനാ താല്‍പര്യം മാത്രം ലക്ഷ്യമാക്കി സ്ഥാപിച്ച പുതിയ പള്ളികളില്‍ നിന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉയര്‍ന്ന ശബ്ദത്തിലുള്ള ഉച്ചഭാഷിണി ഉപയോഗിച്ച് സമീപവാസികളില്‍ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമീപകാലത്ത് വര്‍ധിച്ചിരിക്കുകയാണ്. വിട്ടു വീഴ്ച കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ‘അല്ലയോ പ്രവാചകരേ താങ്കള്‍ കഠിന ഹൃദയനായിരുന്നുവെങ്കില്‍ ജനങ്ങള്‍ താങ്കളില്‍ നിന്നും ഓടിയകലുമായിരുന്നു’വെന്ന പരിശുദ്ധ ഖുര്‍ആന്‍ വചനം ഓരോ മുസ്‌ലിമിനും വെളിച്ചമാകേണ്ടതാണ്.

കടപ്പാട് : suprabhaatham.com

Topics