ഉമവികള്‍ ചരിത്രം

ഉമവീ ഭരണകൂടത്തിന്റെ പതനം

നാഗരിക പുരോഗതി, ഭരണസംവിധാനങ്ങളുടെ തികവ്, സമര്‍ഥരായ ഖലീഫമാര്‍, അമ്പരപ്പിക്കുന്ന സൈനികവിജയങ്ങള്‍ എന്നിവയെല്ലാം കൈമുതലായുണ്ടായിട്ടും ഉമവി ഭരണകൂടത്തിന് 89 വര്‍ഷം മാത്രമേ അധികാരം നിലനിര്‍ത്താനായുള്ളൂ എന്നത് ചരിത്രകുതുകികളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ആ ഭരണകൂടം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അവ ചുവടെ:

ശീഈ പ്രതിവിപ്ലവങ്ങള്‍

യസീദ്ബ്‌നു മുആവിയക്കെതിരെ ഹുസൈന്റെ കര്‍ബലാവിപ്ലവംമുതല്‍ ഹിശാമുബ്‌നു അബ്ദില്‍മലികിനെതിരെ സൈദുബ്‌നു അലിയുടെ പ്രക്ഷോഭങ്ങള്‍ വരെയുള്ള സംഭവവികാസങ്ങല്‍ പ്രത്യക്ഷത്തില്‍ ഉമവിഭരണകൂടത്തെ പരിക്കേല്‍പിച്ചില്ലെങ്കിലും ജനങ്ങള്‍ക്ക് ഭരണകൂടത്തോട് അനിഷ്ടമുണ്ടാകാന്‍ അവ കാരണമായി. അലിക്കും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും അവകാശപ്പെട്ടതാണ് ഖിലാഫത്ത് വാദിച്ചവര്‍ ശീഇകള്‍ എന്നറിയപ്പെട്ടു. ഇസ്‌നാ അശരികള്‍ എന്നും വിശേഷണമുള്ള അവരെക്കൂടാതെ നബിപിതൃവ്യന്‍ അബ്ബാസിന്റെ സന്തതികള്‍ക്ക് അവകാശപ്പെട്ടതാണ് ഖിലാഫത്ത് എന്ന് വാദിച്ച അബ്ബാസികളും പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. അവര്‍ക്ക് അനുകൂലമായ മണ്ണ് പാകപ്പെട്ടുവന്നത് ഉമവീ ഭരണത്തെ ദുര്‍ബലമാക്കി.

ഖവാരിജ് കലാപം

ഉമവീ ഭരണകൂടത്തിന്റെ അടിത്തറ മാന്തുന്നതില്‍ പങ്കുവഹിച്ച മറ്റൊരു കൂട്ടര്‍ ഖവാരിജുകളാണ്. അസാമാന്യധീരതയും രണോത്സുകതയും പ്രകടിപ്പിച്ച അവര്‍ ദക്ഷിണഅറേബ്യയില്‍ കലാപം ഉയര്‍ത്തിയതോടെ ഖുറാസാനിലെ അബ്ബാസികളുടെ പ്രക്ഷോഭത്തെ തല്ലിക്കെടുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല.

അയോഗ്യരായ ഭരണാധികാരികള്‍

ഹിശാമിന്റെ പിന്‍ഗാമിയായ വന്ന വലീദ്ബ്‌നു യസീദ് (വലീദ് രണ്ടാമന്‍) എപ്പോഴും മദ്യലഹരിയിലായിരുന്നു. അസമര്‍ഥനും സുഖലോലുപനുമായിരുന്നു അദ്ദേഹം. പിന്‍ഗാമികളില്‍പെട്ട ഇബ്‌റാഹീമുബ്‌നു വലീദിന്റെ കാലമായപ്പോള്‍ രാജകുടുംബത്തില്‍ ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടിരുന്നു. അനുഭവസമ്പത്തും സാമര്‍ഥ്യവും കൈമുതലായുണ്ടായിരുന്നുവെങ്കിലും രാജകുടുംബത്തിലെ ആഭ്യന്തരവഴക്കുകള്‍, ചേരിതിരിഞ്ഞുള്ള അറബ്‌ഗോത്രങ്ങളുടെ പോരുകള്‍, അവിടവിടങ്ങളിലായുള്ള കലാപങ്ങള്‍ തുടങ്ങിയവയൊന്നും നിയന്ത്രണവിധേയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ ഖലീഫമാരുടെ ഭരണപരമായ അയോഗ്യതയും ഭരണത്തിലെ പിടിപ്പുകേടുകളും ഉമവീഭരണത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

സ്വജനപക്ഷപാതം

പേര്‍ഷ്യക്കാരുടെയും (ഇറാനികള്‍) അറബികളുടെയും പരസ്പരവൈരം ചരിത്രത്തില്‍ നമുക്ക് കാണാനാവും. അറബ് മുസ്‌ലിംകള്‍ പേര്‍ഷ്യ കീഴടക്കിയപ്പോള്‍ ആ വൈരത്തിന്റെ ഏടുകള്‍ തുറക്കപ്പെടാതിരിക്കാന്‍ ഖുലഫാഉര്‍റാശിദുകള്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പക്ഷേ , ഉമവി ഭരണാധികാരികള്‍ക്ക് അത്തരം ജാഗ്രതയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇറാനികള്‍ക്ക് ഭരണകൂടത്തിനെതിരെയുള്ള അമര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. മുസ്‌ലിംകളെന്ന് നിലക്ക് അറബികളെപ്പോലെ തത്തുല്യപരിഗണന വേണമെന്ന് അവര്‍ കൊതിച്ചെങ്കിലും അത് ലഭിച്ചില്ല.
ഇറാനികള്‍ക്ക് അറബികളോട് എതിര്‍പ്പുവര്‍ധിച്ചതുപോലെ അറബ് ഗോത്രങ്ങള്‍ പരസ്പരമുള്ള വൈരവും ഏറിവരാന്‍ തുടങ്ങി. ഇസ്‌ലാം തുടച്ചുനീക്കിയ വര്‍ണ-വര്‍ഗ-ഗോത്ര പക്ഷപാതിത്വം തിരിച്ചുവന്നു. ദക്ഷിണ-ഉത്തര അറബ് നാടുകളിലാണ് അത്തരം പ്രവണത കൂടുതലായി പ്രകടമായത്. മുആവിയ, അബ്ദുല്‍ മലിക്, മര്‍വാന്‍ തുടങ്ങി ഖലീഫമാര്‍ക്ക് വ്യത്യസ്തഗോത്രങ്ങളെ അനുനയിപ്പിച്ചുനിര്‍ത്താനുള്ള അസാമാന്യപാടവം ഉണ്ടായിരുന്നു. പില്‍ക്കാല ഖലീഫമാര്‍ അക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു. ഉമവികളുടെ കരുത്തിന് അടിത്തറ പാകിയിരുന്ന അറബ് ശക്തി ശിഥിലമായതോടെ ഭരണകൂടത്തിന്റെ തകര്‍ച്ച പൂര്‍ണമായി.

അബ്ബാസീ പ്രചാരവേലകള്‍

ഹി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സുലൈമാനുബ്‌നു അബ്ദില്‍ മലികിന്റെ നേതൃത്വത്തില്‍ അബ്ബാസികളുടെ പ്രചാരവേലകള്‍ ക്രമേണ ശക്തിപ്പെട്ടത് ഉമവി അട്ടിമറിയിലാണ് എത്തിച്ചത്. അബൂമുസ്‌ലിം ഖുറാസാനി എന്ന ഇറാനി നേതാവ് ഹാശിം കുടുംബത്തിന് അതിരറ്റ സഹായങ്ങള്‍ ചെയ്തുകൊടുത്തതോടെ ഉമവികളുടെ ആസ്ഥാനമായ ദമസ്‌കസ് അബ്ബാസികള്‍ കയ്യടക്കി.

Topics