ഈസ പ്രവാചകന്‍മാര്‍

ഈസാ(യേശു) നബിയുടെ ജനനവും മുസ് ലിംകളും

മര്‍യം ദൈവാലയത്തിന്റെ കിഴക്കേത്തലക്കല്‍ ഒറ്റക്ക് പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. പൊടുന്നനെ ഒരു അപരിചിത ശബ്ദം കേട്ടു. ‘ദൈവമേ, കരുണാവാരിധിയേ, നിന്നില്‍ ഞാന്‍ അഭയം തേടുന്നു.’ അപരിചിതന്റെ നേരെ തിരിഞ്ഞുനോക്കി എന്നിട്ടുപറഞ്ഞു ‘ നീ ദൈവത്തെ ഭയപ്പെടുന്നില്ലേ?’ അപ്പോള്‍ അയാള്‍ ശാന്തനായി മൊഴിഞ്ഞു: ‘ ഞാന്‍ ദൈവദൂതനാണ്. വിശുദ്ധിയാര്‍ന്ന ഒരു പുത്രനെ താങ്കള്‍ക്ക് സമ്മാനമായിത്തരാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.’
മര്‍യം ഞെട്ടിത്തെറിച്ചു: ‘ എന്നെ ഇന്നേവരെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.’ ആ ദൈവദൂതന്‍ അപ്പോള്‍ പ്രതിവചിച്ചു. ‘ അതൊക്കെ ശരിതന്നെ എന്നാലും അതുണ്ടാകും. നിന്റെ നാഥന്‍ പറയുന്നു:  നമുക്കത് നന്നേ നിസാരമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്ക് ഒരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.’

അങ്ങനെയവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭാവസ്ഥയില്‍ ദൂരെയൊരിടത്ത്  മാറിത്താമസിച്ചു. വേദന കലശലായപ്പോള്‍ ഒരു ഈത്തപ്പനയുടെ അടുത്തെത്തി. സങ്കടത്തോടെ പറഞ്ഞു: ‘ എന്ത് കഷ്ടം! ഇതിന് (പ്രസവത്തിന്)  മുമ്പേതന്നെ ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍. എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍’ അങ്ങനെ ഒരു ആണ്‍കുട്ടിയെ അവര്‍ പ്രസവിച്ചു. ആ കുട്ടിയെയുമെടുത്ത് തന്റെ നാട്ടുകാര്‍ക്കിടയിലേക്ക് ചെന്നു. ആ കാഴ്ചകണ്ട് അവര്‍ അന്ധാളിച്ചു. ‘മര്‍യമേ കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്. ഹാറൂന്റെ സോദരി നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.’ അവര്‍ മര്‍യമിനെ ഭര്‍ത്സിച്ചപ്പോള്‍ മര്‍യം തന്റെ നവജാതശിശുവിന്റെ നേരെ വിരല്‍ചൂണ്ടി. ഈ ശിശു എല്ലാത്തിനും ഉത്തരം നല്‍കും എന്ന മട്ടില്‍. തങ്ങളെ കളിയാക്കുകയാണോ മര്‍യം എന്ന് സംശയിച്ചുകൊണ്ടോ എന്തോ അവര്‍ ചോദിച്ചു: ‘ തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങളെന്തുസംസാരിക്കാന്‍?’ അപ്പോള്‍ തൊട്ടിലില്‍ കിടന്നുകൊണ്ട് ശിശു സംസാരിച്ചു തുടങ്ങി: ‘ ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്ക് വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌ക്കരിക്കാനും സക്കാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു. ദൈവം എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. എന്റെ ജനന ദിവസത്തിലും മരണ ദിനത്തിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം.’

യേശുവിന്റെ ജന്മത്തെ സംബന്ധിച്ച ഈ കഥ ഏതെങ്കിലും ബൈബിളില്‍നിന്നെടുത്തതല്ല. ഖുര്‍ആനിലെ പത്തൊമ്പതാം അധ്യായത്തില്‍നിന്ന് ഉദ്ധരിച്ചതാണിത്. മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരിഷ്ടപ്പെടുന്ന ഒരു പ്രവാചകന്റെ ജനനത്തെക്കുറിച്ച വിവരണം മാത്രമാണിത്. അതിലല്‍ഭുതപ്പെടാനില്ല. ഈസാ നബിയെയും മര്‍യമിനെയും പറ്റിയുള്ള വിവരണങ്ങള്‍ ഖുര്‍ആനിലെമ്പാടുമുണ്ട്. ‘ അവന്‍ (യേശു) ഈ ലോകത്തും പരലോകത്തും ഉന്നത സ്ഥാനീയനും ദിവ്യസാമിപ്യം സിദ്ധിച്ചവനുമായിരിക്കും.’ (ആലു ഇംറാന്‍: 45). ‘ ഈസായും (യേശു) സച്ചരിതരില്‍ പെട്ടവനായിരുന്നു.’ (അല്‍ അന്‍ആം:85). മര്‍യമിന്റെ മകന്‍ ഈസ (യേശു) ദൈവത്തിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാണ്.’ (അന്നിസാഅ്: 171). ‘ പരിശുദ്ധാത്മാവിനാല്‍ ഈസയെ (യേശു) കരുത്തനാക്കി'(അല്‍ മാഇദ: 110) എന്നും ഖുര്‍ആന്‍ പറയുന്നത് കാണാം. പരിശുദ്ധാത്മാവുകൊണ്ടുള്ള വിവക്ഷ ദൈവീക ചോദന അല്ലെങ്കില്‍ ജിബ് രീല്‍ മാലാഖ എന്നതായിരിക്കാം എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഖുര്‍ആനില്‍ മുഹമ്മദ് നബിയെക്കാള്‍ കൂടുതല്‍ പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഈസാ (യേശു)യാണ്.

ചില ക്രൈസ്തവ സുഹൃത്തുക്കള്‍ ‘ മുസ് ലിംകള്‍ക്ക് യേശുവില്ല.’ എന്നു പറയുമ്പോള്‍ അത് വിഷമിപ്പിക്കാറുണ്ട്.  മുസ് ലിംകളുടെ ജീവിതത്തില്‍ യേശുവുണ്ട്. പക്ഷേ, ദൈവത്തിന്റെ പുത്രനാണവനെന്നും ത്രിയേകത്വത്തില്‍ ഒരുവനാണെന്നും അവര് വിശ്വസിക്കുന്നില്ലെന്നുമാത്രം. യേശു ഒരു പ്രവാചകനായിരുന്നുവെന്നതാണ് നേര്. വിശ്വാസത്തിലെ ഒരു പ്രധാന വ്യത്യാസമാണിത്. പക്ഷേ, ഇതിന്റെ പേരില്‍ മുസ് ലിം ക്രൈസ്തവര്‍ക്കിടയില്‍ സംഘര്‍ഷത്തിന് പ്രസക്തിയില്ല.

ക്രിസ്ത്യാനികളും ജൂതന്മാരും തങ്ങളുടെ ശത്രുക്കളാണെന്ന് ചില മുസ് ലിംകള് വാദിക്കുന്നു. അത്തരം അസംബന്ധങ്ങള്‍ക്ക് നാം ചെവികൊടുക്കേണ്ട. അക്രാമക-വക്രമനസ്സില്‍ നിന്നുളവാകുന്നതാണ് അത്തരം വിശ്വാസങ്ങള്‍. അധിക മുസ്ലിംകളും അതൊന്നും കാര്യമായെടുത്തിട്ടില്ല. അതുപോലെ ചില ക്രിസ്ത്യാനികള്‍ മുസ് ലിംകളെ തങ്ങളുടെ ശത്രുവായി കാണുന്നു. പൈശാചിക വിശ്വാസമാണ് അവരുടേതെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സാമൂഹിക ഘടനയില്‍ അവര്‍ ചേര്‍ന്നുനില്‍ക്കില്ലെന്നും ക്രൈസ്തവരില്‍ ചിലര്‍ കരുതുന്നു. ഇരുസമുദായത്തിലുമുള്ള ഇത്തരം പ്രതിലോമചിന്തകളെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് നാം ചെയ്യേണ്ടത്.

മുസ് ലിംകള്‍ ഡിസംബര്‍ മാസത്തില്‍ വീടുകള്‍ അലങ്കരിക്കുകയോ ക്രിസ്മസ്ട്രീ ഒരിക്കുകയോ ചെയ്യില്ല. അതിനര്‍ത്ഥം യേശു അവരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തോടെയും ആദരവോടെയും പ്രകാശിതമാകുന്നില്ലെന്നല്ല. ക്രിസ്തുമസ് ദിവസത്തെ മതാഘോഷദിനമായി അവര്‍ പരിഗണിക്കുന്നില്ല. അതിനര്‍ത്ഥം യേശുവിന് ഒരു പ്രാധാന്യവും അവര്‍ കല്‍പ്പിക്കുന്നില്ലെന്നല്ല. ക്രിസ്മസ് ദിവസം കട തുറക്കുന്ന മുസ് ലിം കച്ചവടക്കാരെ സംബന്ധിച്ചേടത്തോളം ക്രിസ്തുവിന് അവരുടെ ഹൃദയങ്ങളില്‍ ഇടമില്ലെന്നും ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ദൈവം നമുക്ക് എന്തു നന്മയാണോ കാംക്ഷിക്കുന്നത് അതുതന്നെയാണ് യേശുവും നമുക്കുവേണ്ടി ആഗ്രഹിക്കുന്നത്.

Topics