ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയ

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ ഉപയോഗത്തില്‍വരികയും തുടര്‍ന്ന് ബ്രിട്ടനിലെ റണ്ണിമീഡ് എന്ന ഇടതുപക്ഷ ബുദ്ധിജീവിയുടെ ‘ഇസ്‌ലാമോഫോബിയ: എ ചലഞ്ച് ഫോര്‍ ഓള്‍’ എന്ന റിപ്പോര്‍ട്ടിലൂടെ 1997ല്‍ പ്രചാരംനേടുകയും ചെയ്ത പദാവലി. ഇസ്‌ലാമിനെക്കുറിച്ച അകാരമായ ഭയം എന്നാണ് നേര്‍ക്കുനേര്‍ ഇസ്‌ലാമോഫോബിയയുടെ ആശയം. പുതിയ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത, മറ്റു സംസ്‌കാരങ്ങളുമായി ഇഴുകിച്ചേരാന്‍ സാധിക്കാത്ത, അയുക്തിപരവും പ്രാചീനവും സ്ത്രീവിരുദ്ധവുമായ ഒരു പഴഞ്ചന്‍ മതമാണ് ഇസ്‌ലാം എന്ന തെറ്റുധാരണയാണ് ഈ ഭയത്തിന്റെ അടിസ്ഥാനം.

മുസ്‌ലിംകള്‍ തീവ്രവാദികള്‍, അവര്‍ വിദേശികള്‍, അവരിലെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ തുടങ്ങിയ പ്രോപഗണ്ടകളെ മുന്‍പിന്‍ നോക്കാതെ വിഴുങ്ങുകയും അത് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്യുകയാണ് ഇസ്‌ലാമോഫോബിയക്ക് വിധേയരായ ആളുകള്‍ ചെയ്യാറുള്ളത്.

അക്കാദമികതലത്തില്‍, മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവേചനത്തെ ആഴത്തില്‍ വെളിപ്പെടുത്താന്‍ ഈ പദപ്രയോഗത്തിലൂടെ സാധ്യമായിട്ടുണ്ട്. മുസ്‌ലിംസമൂഹങ്ങള്‍ക്കെതിരെ ഇത്രയധികം ഹിംസാത്മകത വളര്‍ന്നുവരുമ്പോള്‍ അതെക്കുറിച്ച് പറയുക എന്നത് ജനാധിപത്യക്രമത്തില്‍ തീര്‍ത്തും അനിവാര്യമായ സംഗതിയാണ്.

ചില വിചക്ഷണന്‍മാര്‍ ഇസ്‌ലാമോഫോബിയ വംശീയതയുടെ മറ്റൊരു രൂപമാണ് എന്ന് വാദിക്കുന്നുണ്ട്. ഇസ് ലാമിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കുപിന്നില്‍ ജ്ഞാനപരമായ വംശീയതയും സാംസ്‌കാരിക വംശീയതയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവരിലൊരാളായ റൊമാന്‍ ഗ്രോസ്ഫുഗല്‍ വാദിക്കുന്നു.1492 ലെ സ്‌പെയിനിലേക്ക് നീട്ടിയെഴുതി അന്നത്തെ കേന്ദ്രീകൃത അധികാരവ്യവസ്ഥയാണ് കീഴാളവും നീചവുമായി ഇസ് ലാമിനെ അപരവത്കരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സെമിറ്റിക് വിരുദ്ധതപോലെയുള്ള ഒന്നാണ് ഇസ്‌ലാമോഫോബിയയെന്ന് നാസര്‍ മീര്‍, താരിഖ് മദൂദ് എന്നിവര്‍ നിരീക്ഷിക്കുന്നു.

കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ,ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും ഫൗണ്ടേഷനുകളുടെ നീണ്ട ശൃംഗലകളിലൂടെ , ഇസ്‌ലാം മതമല്ലെന്നും വന്യരീതിയാണെന്നും ഇതരജനക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നും ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍, ജനാധിപത്യഘടനക്കുള്ളിലെ ചിലരുടെ തെറ്റുധാരണകളോ വഴിതെറ്റിയ ജനാധിപത്യബോധമോ അല്ല, ആധുനിക സംസ്‌കാരത്തിന്റെയും ഭരണകൂടങ്ങളുടെയും അധികാരഘടനകളുടെ വംശീയനിലപാടുകളാണ് ഇസ്‌ലാമോഫോബിയ(മുസ്‌ലിംവിരുദ്ധവംശീയത)ക്ക് പിന്നിലുള്ളതെന്ന് മനസ്സിലാക്കാം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured