ചരിത്രം

ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍-2

ആയുധങ്ങളുപയോഗിച്ച് മുസ്‌ലിംകളോട് യുദ്ധംചെയ്യുന്നത് അങ്ങേയറ്റം മണ്ടത്തമാണെന്ന് മനസ്സിലാക്കിയ ഇസ്‌ലാംവിരുദ്ധചേരി , ജനങ്ങളെ പ്രബലമായി സ്വാധീനിച്ചിട്ടുള്ള ജാഹിലീവികാരങ്ങളെ ഉദ്ദീപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗോത്ര-വംശ- പ്രാദേശിക- ദേശീയ ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇസ്‌ലാമിന്റെ കഥ കഴിക്കാമെന്ന് അവര്‍ കണക്കുകൂട്ടി. ഈ ലക്ഷ്യം സാധിക്കുന്നതിന് പല ഘട്ടങ്ങളിലായി അവര്‍ വ്യത്യസ്ത ഗൂഢപദ്ധതികള്‍ ആവിഷ്‌കരിച്ചു:

  1. മുസ്‌ലിംനാടുകളില്‍ വിദേശവിദ്യാലയങ്ങള്‍ തുറക്കുക. ഇവയുടെ മേല്‍നോട്ടത്തിന് പുരോഹിതന്‍മാരെയും മിഷണറിമാരെയും നിയോഗിക്കുക. ഭാവി മുസ്‌ലിംതലമുറകളുടെ വിദ്യാഭ്യാസം ഇവര്‍ മുഖേനയാക്കുകയായിരുന്നു ഉദ്ദേശ്യം. ഇസ്‌ലാംവിരോധികളായ അധ്യാപകര്‍ സാമ്രാജ്യത്വത്തിന്റെയും മിഷണറിസംഘങ്ങളുടെയും ഏജന്റുമാരായി മുസ്‌ലിംനാടുകളില്‍ അവര്‍ സൈ്വരവിഹാരം നടത്തി. ഇവരില്‍ പലരും ഇസ്‌ലാമിനെ വകവരുത്താന്‍ ദൃഢനിശ്ചയം ചെയ്തവരായിരുന്നു.

2. മുസ്‌ലിംയുവാക്കളെ ഇസ്‌ലാമില്‍ സംശയമുണ്ടാക്കത്തക്ക വിധം സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ തോതില്‍ മിഷണറി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആശുപത്രികള്‍, നഴ്‌സിങ്‌ഹോമുകള്‍ മുതലായ ജനോപകാര സ്ഥാപനങ്ങള്‍ ഇതിനായി അവര്‍ ഉപയോഗപ്പെടുത്തി.

3. മുസ്‌ലിംയുവാക്കളെ പാശ്ചാത്യനാടുകളിലെ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടാനായി പ്രോത്സാഹിപ്പിച്ചു. മസ്തിഷ്‌കപ്രക്ഷാളത്തിലൂടെ ഇസ്‌ലാമിനെ വെറുക്കുന്ന തലമുറകളെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചു.

4. യുവാക്കളെ തങ്ങളുടെ മൗലികസംസ്‌കാരത്തില്‍ നിന്ന് അകറ്റുന്നതും ഭ്രാന്തവും ഭ്രമാത്മകവുമായ സ്വപ്‌നജീവിതത്തിലേക്ക് തള്ളിവിടുന്നതുമായ വിധ്വംസക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

5. വിദ്യാഭ്യാസത്തിന്റെ ദീനിമുഖം സാധ്യമാകുന്നിടത്തോളം ഭേദഗതി ചെയ്ത് നിരീശ്വര-നിര്‍മത ഭാവം നല്‍കുകയും ആത്യന്തികമായി മതനിരാസത്തിലധിഷ്ഠിതമായ സെക്കുലര്‍ സമൂഹത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു.

6. യുവാക്കളെ ദീനിനെയും സമുദായ താല്‍പര്യങ്ങളെയും ദേശീയസ്വാതന്ത്ര്യത്തെയും കുറിച്ച ചിന്തകളില്‍നിന്ന് അകറ്റി വിഷലിപ്തവും അശ്ലീലവുമായ സിനിമകളിലും നിരര്‍ഥകവിനോദങ്ങളിലും ടെലിവിഷനിലും അശ്ലീലപ്രസിദ്ധീകരണങ്ങളിലും തളച്ചിട്ടു.

7. യുവാക്കളെ മദ്യത്തിന്റെ തടവുകാരാക്കുകയായിരുന്നു മറ്റൊരു തന്ത്രം. സ്വാതന്ത്ര്യത്തിന്റെയും വിനോദത്തിന്റെയും പേരില്‍ ഗായികാസംഘങ്ങളെയും സുന്ദരിമാരെയും മുസ്‌ലിംനാടുകളിലേക്ക് തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു.

8. പാശ്ചാത്യസംസ്‌കാരത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. പാശ്ചാത്യസംസ്‌കാരത്തിന്റെ അപദാനങ്ങള്‍ വാഴ്ത്താനും അതിന് പ്രചാരണം നല്‍കാനും ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു. ഉടല്‍ പൗരസ്ത്യവും മനസ്സ് പാശ്ചാത്യവുമായിക്കൊണ്ട് ഉഭയവ്യക്തിത്വത്തോടെ ആളുകള്‍ ജീവിക്കുന്ന അവസ്ഥയുണ്ടായി.

9. മുസ്‌ലിംനാടുകളിലെ സമ്പത്തുക്കള്‍ കൊള്ളയടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിപണികളില്‍ മേധാവിത്വം സ്ഥാപിച്ചു. മുസ്‌ലിംകളില്‍ ദാരിദ്ര്യവും തൊഴില്‍രാഹിത്യവും നിലനില്‍ക്കാന്‍ പാകത്തിലുള്ള സാമ്പത്തികസാഹചര്യം സൃഷ്ടിച്ചു. ദാരിദ്ര്യവുമായി മല്ലിടുന്നതിനിടയില്‍ മുസ്‌ലിംകള്‍ പലപ്പോഴും ദീനിനെ മറന്നു. പാശ്ചാത്യരില്‍നിന്ന് കടംവാങ്ങാന്‍ നിര്‍ബന്ധിതരായി.

10. ആശൂരിയന്‍, ഫിനീഷ്യന്‍, ഫറോവാദി പ്രാചീന സംസ്‌കാരങ്ങളുടെ പൈത്യകങ്ങളെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ മോഹനമായ സ്മൃതികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതോടെ ഇസ് ലാമികസംസ്‌കാരത്തിന്റെ മൗലികതയും ധന്യതയും ചര്‍ച്ചയ്ക്ക്് വിഷയീഭവിക്കാതെയായി.

11. ശര്‍ഈ കോടതികളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടു. വഖ്ഫ് സ്വത്തുക്കളുടെ മേല്‍ കയ്യേറ്റം നടന്നു. മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കു പ്രചാരം നല്‍കപ്പെട്ടു. ലോ കോളേജുകളില്‍ ഇസ്‌ലാമികനിയമപഠനത്തിന് പ്രാധാന്യം കുറഞ്ഞുവന്നു. ഫ്രഞ്ച് ,റോമന്‍ ആദിയായ നിയമസംഹിതകളുടെ പഠനത്തിന് പ്രത്യേകപരിഗണനകള്‍ നല്‍കപ്പെട്ടു. ഇസ്‌ലാമികശരീഅത്ത് വ്യക്തിനിയമങ്ങളില്‍ മാത്രമായി ഒതുങ്ങി.

12. മുസ്‌ലിംമനസ്സുകളില്‍ ഇസ്‌ലാമിന്റെ ആധിപത്യം എന്ന വിഭാവനയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചു. സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ക്കെതിരുനിന്ന മുസ്‌ലിംപണ്ഡിതന്‍മാരെ വിഡ്ഢികളെന്നും യാഥാസ്ഥിതികരെന്നും കപടന്‍മാരെന്നും വിളിച്ചാക്ഷേപിച്ചു. പണ്ഡിതന്‍മാര്‍ക്ക് മുസ്‌ലിംകളിലുള്ള സ്വാധീനംകുറച്ചുകാട്ടാന്‍ പലതരം കള്ളക്കഥകളും തെറ്റുധാരണകളും പ്രചരിപ്പിച്ചു. സ്വാഭാവികമായും മുസ്‌ലിംകളില്‍ ദീനിവിദ്യാഭ്യാസത്തോട് താല്‍പര്യംകുറഞ്ഞുവന്നു. തദ്ഫലമായി , ഇസ്‌ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പണ്ഡിതന്‍മാരുടെ എണ്ണം കുറഞ്ഞു.

13. ഇസ്‌ലാമിനെയും ഖുര്‍ആനെയും പ്രവാചകനെയും പ്രതിക്കൂട്ടില്‍നിര്‍ത്തി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കല്ലെറിയുകയായിരുന്നു മറ്റൊരു തന്ത്രം. ഈ ആവശ്യാര്‍ഥം അവരുടെ വകയായി ഖുര്‍ആന്‍ പരിഭാഷകള്‍ പോലുംതയ്യാറാക്കപ്പെട്ടു.

14. സാഹിത്യകാരന്‍മാരെയും പത്രപ്രവര്‍ത്തകരെയും മതനിരാസ-സെക്കുലര്‍ വീക്ഷണത്തിലേക്ക് തിരിച്ചുവിട്ടു. പ്രസാധന-വിതരണമേഖലകളില്‍ മേധാവിത്വം സ്ഥാപിച്ചു. പല മുസ്‌ലിംരാജ്യങ്ങളുടെയും തലസ്ഥാനങ്ങളില്‍ ഈ ആവശ്യാര്‍ഥം വന്‍തോതിലുള്ള പത്ര-പ്രസിദ്ധീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

15. സാമ്രാജ്യത്വശക്തികള്‍ കൈവെച്ച മറ്റൊരു മേഖലയായിരുന്നു ഇസ്‌ലാമികചരിത്രം. ചരിത്രസംഭവങ്ങളില്‍ സംശയമുണ്ടാക്കിയും ഇസ്‌ലാമികചരിത്രത്തിലെ ദുഃഖകരവും ഒറ്റപ്പെട്ടതുമായ സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും അവതരിപ്പിക്കപ്പെട്ടു. ജോര്‍ജ് സൈദാന്റെ ശൈലി ഉദാഹരണം. തല്‍ഫലമായി മുസ്‌ലിംയുവാക്കളില്‍ ഇസ്‌ലാമിനോട് വിപ്രതിപത്തി വളര്‍ന്നുവന്നു.

16. ഇസ്‌ലാമിന്റെ അടിവേരറുക്കുകയെന്ന ലക്ഷ്യത്തോടെ മസോണിസം, ബഹാഇസം, ഖാദിയാനിസം മുതലായ പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ടു. വ്യത്യസ്ത വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപവത്കരിച്ച് മുസ്‌ലിംകളെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിട്ടു.

17. ഇസ്‌ലാമികഖിലാഫത്തിനുകീഴില്‍ ഐകമത്യത്തോടെ ജീവിച്ചുവന്ന മുസ്‌ലിംകളെ വ്യത്യസ്ത ഗ്രൂപ്പുകളും വിഭാഗങ്ങളുമാക്കിത്തിരിച്ചു. ഇസ്‌ലാമികഖിലാഫത്തിന് അന്ത്യംകുറിച്ചു.

18. മുസ്‌ലിംവനിതകളെ സ്വാതന്ത്ര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ജനാധിപത്യത്തിന്റെയും പേരുപറഞ്ഞ് വിലസിനടക്കാന്‍ പ്രോത്സാഹിപ്പിച്ചു. കുടുംബത്തിന്റെ അടിത്തറ തകര്‍ത്ത് ഇസ്‌ലാമികസമൂഹത്തിന്റെ അസ്തിത്വവും വ്യക്തിത്വവും നശിപ്പിച്ചു.

19. സാമ്രാജ്യത്വശക്തികള്‍ കൈവച്ച മറ്റൊരു രംഗം അറബിഭാഷയായിരുന്നു. ഖുര്‍ആനിന്റെയും ഹദീഥിന്റെയും ഭാഷാമൗലികതയ്ക്ക്പകരം നാടന്‍ ഭാഷാപ്രയോഗങ്ങള്‍ക്ക് പ്രചാരം നല്‍കപ്പെട്ടു. ലാറ്റിന്‍ ലിപികള്‍ ഉപയോഗിക്കണമെന്ന വാദം ഉയര്‍ന്നുവന്നു. മുസ്‌ലിംകളെ തങ്ങളുടെ പാരമ്പര്യങ്ങളില്‍നിന്നും പൈതൃകങ്ങളില്‍നിന്നും അടര്‍ത്തിയെടുക്കുകയും മുന്‍ഗാമികളുടെ വൈജ്ഞാനികസമ്പത്തുക്കളെ അന്യാധീനമാക്കുകയുമായിരുന്നു അതിന്റെ ഉദ്ദേശ്യം.

20. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ലോക സയണിസവും സാമ്രാജ്യത്വവും കൈകോര്‍ത്തു. യഹൂദികള്‍ മുഖേന ഇസ്‌ലാമികനാടുകളുടെ ഹൃദയമായ ഫലസ്തീനില്‍ പാദമൂന്നാന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് കഴിഞ്ഞു. ഫലസ്തീന്‍ പ്രശ്‌നത്തെ ഇസ്‌ലാമികപ്രശ്‌നം എന്ന തലത്തില്‍നിന്ന് കേവല അറബ് ദേശീയതയുടെ പ്രശ്‌നം എന്ന നിലയിലേക്ക് ചുരുക്കിക്കെട്ടി. കുരിശുയുദ്ധങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിംകള്‍ക്കെതിരെ തുടര്‍ച്ചയായി യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

21. സാമ്രാജ്യത്വശക്തികളുടെ ഏറ്റവും കൊടിയ ഗൂഢതന്ത്രം മുസ്‌ലിംകള്‍ക്കിടയില്‍ ദേശീയചിന്ത വളര്‍ത്തി എന്നതായിരുന്നു. പ്രവാചകദൗത്യത്തിന്റെ ഒന്നാംതീയതി തന്നെ കൊന്നുകുഴിച്ചുമൂടിയ പലതരം പക്ഷപാതിത്വങ്ങളെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇസ്‌ലാം വളര്‍ത്തിക്കൊണ്ടുവന്ന സാഹോദര്യബോധത്തെ പലക്രമത്തില്‍ പിന്നില്‍നിന്ന് കുത്തി. അറബ് ദേശീയതയ്ക്ക പ്രചാരം നല്‍കി.

മുഹമ്മദ് മഹ്മൂദു സ്സ്വവ്വാഫ്

Topics