ചരിത്രം

ഇസ്‌ലാം വിരുദ്ധ സാമ്രാജ്യത്വ ഗൂഢാലോചനകള്‍

ആയിരത്തിലധികം വര്‍ഷങ്ങളായി യഹൂദ-ക്രൈസ്തവ- അഗ്നിയാരാധക- ബഹുദൈവ വിശ്വാസാദി വിഭാഗങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ ഇസ്‌ലാമിന്നെതിരില്‍ നിഗൂഢപദ്ധതികളാവിഷ്‌കരിക്കുന്നു. അതിനായി പലപല കൂട്ടായ്മകള്‍ രൂപംകൊള്ളുന്നു. എന്നാല്‍ ഇസ്‌ലാം പരാജയപ്പെട്ടിട്ടില്ല. ദീര്‍ഘമായ ഗതകാല ശതാബ്ദങ്ങളില്‍ അതിനോടേറ്റുമുട്ടിയവര്‍ തോറ്റിട്ടേയുള്ളു. അല്ലാഹുവിലുള്ള ദൃഢബദ്ധമായ വിശ്വാസത്തോടെ , നിശിതമായ ദീര്‍ഘദൃഷ്ടിയോടെ മുസ്‌ലിംകള്‍ മുന്നോട്ടുപോയി. ആരെയും ഭയക്കാതെ ഇസ്‌ലാമികസാഹോദര്യത്തിന്റെ കൊടിക്കൂറക്കുകീഴില്‍ അല്ലാഹുവിന്റെ വചനത്തിന്റെ ഔന്നത്യത്തിന്നായവര്‍ പൊരുതി. ശത്രുക്കള്‍ക്കെതിരെ ഒറ്റക്കൈയ്യായി പ്രവര്‍ത്തിച്ചു. യാതൊരുവിധത്തിലുമുള്ള പക്ഷപാതിത്വവും അവരെ തീണ്ടിയില്ല. ഗോത്രവൈവിധ്യങ്ങള്‍ അവരെ അകറ്റിയില്ല. ഇസ്‌ലാം എന്നോ കഥകഴിച്ച ദേശീയതയെന്ന ജാഹിലീ പക്ഷപാതിത്വചിന്തകള്‍ അവരില്‍ ഏശിയില്ല. ആപാദചൂഢം ദൈവികമൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട അവര്‍ ഒറ്റ ശരീരവും ഇടതൂര്‍ന്നു ഭദ്രമായ കെട്ടിടവും പോലെ ശത്രുക്കള്‍ക്കെതിരെ പഴുതില്ലാത്ത നിരതീര്‍ത്തു. തുര്‍ക്കിയും അറബിയും പേര്‍ഷ്യനും കുര്‍ദിയും തോളോടുതോള്‍ ചേര്‍ന്നുനിന്നു ഇസ് ലാമിനുവേണ്ടി പൊരുതി. വ്യത്യസ്ത വര്‍ഗങ്ങളുടെയും ദേശീയതകളുടെയും ഗോത്രങ്ങളുടെയും സങ്കലിത സംഘാതമായിരുന്നു മുസ്‌ലിംസൈന്യം. സൈന്യത്തിലെ അറബി , തുര്‍ക്കി, പേര്‍ഷ്യന്‍ വംശജരെല്ലാം ദേശീയാതീതമായി ദൈവഭക്തിയില്‍മാത്രം തങ്ങളുടെ ഏകാത്മകത കണ്ടെത്തി. മറ്റു പരിഗണനകള്‍ക്കതീതമായി ഏറ്റവും ധീരര്‍ ആരോ അവര്‍ മാത്രം സേനാനായകരായി. അറബികളും തുര്‍ക്കികളും കുര്‍ദികളും മാറിമാറി നേതൃസ്ഥാനങ്ങളില്‍ വന്നു. ആര്‍ക്കും അപകര്‍ഷചിന്തയുണ്ടായില്ല.അനാശാസ്യമായ ഉല്‍ക്കര്‍ഷേഛയുണ്ടായില്ല. സേനാനായകന്‍ മുസ്‌ലിമായിരിക്കുകയും അദ്ദേഹം മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാതിരിക്കുകയും ചെയ്യുവോളം അവര്‍ അദ്ദേഹത്തെ അനുസരിച്ചുവന്നു. ഈ ഐകമത്യം വിജയത്തില്‍നിന്ന് വിജയത്തിലേക്ക് അവരെ നയിച്ചു. ജനങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമുദായം എന്ന അവകാശവാദം അവര്‍ അന്വര്‍ഥമാക്കി. ഓരോ രാജ്യവും ഇസ്‌ലാമിന് വിധേയമാകുന്നതിനുമുമ്പെ അവിടത്തുകാരുടെ ഹൃദയങ്ങളെ ഇസ്‌ലാം സ്വാധീനിച്ചിരുന്നു. അനുകൂലികളും പ്രതിയോഗികളും ഇതംഗീകരിച്ചു. മുസ്‌ലിംകളെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ശത്രുക്കള്‍ വരെ മനസ്സിലാക്കി.

ഗൂഢാലോചനകളുടെ തുടക്കം

വാളുപയോഗിച്ച് മുസ്‌ലിംകളോട് യുദ്ധംചെയ്യുന്നത് ശുദ്ധപരാജയമാണെന്നും തങ്ങളുടെ യുവാക്കളെ ബലികൊടുക്കാനേ അതുപകരിക്കുകയുള്ളൂവെന്നും എതിരാളികള്‍ മനസ്സിലാക്കി. ഇതേ രീതിയില്‍ പൊരുതിയാല്‍ തങ്ങളുടെ മോഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ചിറകുമുളക്കില്ലെന്ന യാഥാര്‍ഥ്യം വൈകിയാണെങ്കിലും അവര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ കുര്‍ദ് വംശജനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ആഗമനത്തോടെ ശത്രുക്കളുടെ അവസാനമോഹവും തകര്‍ന്നു. ഇസ്‌ലാമിക ഗേഹത്തില്‍നിന്ന് ശത്രുക്കളെ അദ്ദേഹം തോല്‍പിച്ച് തുരത്തിയോടിച്ചു . ഇസ്‌ലാമിന് അതിന്റെ യുവത്വവും മഹത്വവും വീണ്ടെടുത്തു നല്‍കി. ആധിപത്യഗാംഭീര്യം പകര്‍ന്നു. ശിഥിലസങ്കീര്‍ണമായിരുന്ന മുസ്‌ലിംസമൂഹം ഐക്യം വീണ്ടെടുത്തു.

അതേസമയം ചതിയന്‍മാരായ കുരിശുയോദ്ധാക്കള്‍ കടുത്ത പകയോടെ അന്ധരും ബധിരരുമായി ഇസ്‌ലാമിനുനേരെ വേട്ട തുടര്‍ന്നുകൊണ്ടിരുന്നു. മരണഭയമില്ലാതെ രണാങ്കണത്തിന്റെ നടുക്കളത്തിലേക്ക് സ്വയം പ്രേരിതരായി ജീവാര്‍പ്പണത്തിന് തയ്യാറായി എടുത്തുചാടുന്ന മുസ്‌ലിംകളുടെ യഥാര്‍ഥ പ്രചോദനമെന്തെന്നറിയാതെ ശത്രുക്കള്‍ അമ്പരന്നു. നേതൃത്വത്തിന് വേണ്ടി അന്യോന്യം കഴുത്തറുക്കാതെയും ഗോത്രവംശീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി പോരടിക്കാതെയും എല്ലാവരെയും ഇസ്‌ലാമെന്ന ഏക താല്‍പര്യത്തില്‍ യോജിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞ മുസ്‌ലിംകളുടെ അവസ്ഥയില്‍ ശത്രുക്കള്‍ അരിശംകൊണ്ടു. മുസ്‌ലിംനവോത്ഥാനത്തിന്റെയും ഐക്യത്തിന്റെയും സംഘടിതാതവസ്ഥയുടെയും ജീവാര്‍പണത്തിന്റെയും യഥാര്‍ഥ പൊരുളെന്താണെന്നറിയാന്‍ ശത്രുക്കള്‍ തലപുകഞ്ഞാലോചിച്ചു. പലതലങ്ങളില്‍ പഠനങ്ങളും ചര്‍ച്ചകളും നടന്നു. ‘ഇസ്‌ലാം’ ആണ് എല്ലാറ്റിനും പിന്നില്‍ ‘ഇസ്‌ലാം’ ആണ് പ്രവര്‍ത്തിക്കുന്നതെന്നവര്‍ മനസ്സിലാക്കി. ഇസ്‌ലാമിനെ തകര്‍ത്തുകൊണ്ട് മുസ്‌ലിംകളുടെ ഐക്യത്തെ ശിഥിലമാക്കാമെന്നും ഇസ്‌ലാമിനുപകരം മറ്റുമൂല്യങ്ങള്‍ രംഗത്തവതരിപ്പിച്ചുകൊണ്ട് അത് സാധിക്കാമെന്നും അവര്‍ കണ്ടെത്തി. ഇസ്‌ലാമിനുമുമ്പ് ജനങ്ങളെ പ്രബലമായി സ്വാധീനിച്ചിരുന്ന ജാഹിലീ വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയെന്നതായിരുന്നു ഈ ഇനത്തില്‍ ഒന്നാമത്തെ പരിഗണന നേടിയത്. അതായത്, ഗോത്ര-വംശ- പ്രാദേശിക-ദേശീയ ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവരിക. ഇത് സാധിച്ചാല്‍ ഇസ്‌ലാമിനെ എളുപ്പം കഥകഴിക്കാമെന്നവര്‍ കണക്കുകൂട്ടി. അതിനായി ചില ഗൂഢപദ്ധതികള്‍ തയ്യാറാക്കി. (തുടരും)

മുഹമ്മദ് മഹ്മൂദ് സ്വവ്വാഫ്

Topics