ഇമാം അബൂഹനീഫ

ഇമാം അബൂ ഹനീഫ

ഇസ്‌ലാമിലെ പ്രധാനപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെ യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത് എന്നാണ്. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം.
അധികാരികളുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ സ്വന്തം വീക്ഷണങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഇമാം അബൂഹനീഫക്ക് കഴിഞ്ഞു. വ്യവസ്ഥാപിതമായ പഠന മനനങ്ങള്‍ കൈമുതലായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ശിഷ്യന്‍മാര്‍ വഴി വലിയ പ്രചാരമാണ് ലഭിച്ചത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്നത് ഹനഫീ മദ്ഹബാണ് എന്നത് ശ്രദ്ധേയമാണ്.
ഹി:80 ല്‍ ഇറാഖീ ആസ്ഥാനമായ കൂഫയിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലത്തു തന്നെ വൈജ്ഞാനിക വിഷയങ്ങളോട് ഇദ്ദേഹം വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി കാണാന്‍ കഴിയും. ഇമാം ശഅ്ബിയുമായിട്ടുള്ള കൂടിക്കാഴ്ചയാണ് അബൂഹനീഫയെ വൈജ്ഞാനിക ലോകത്തേക്ക്, പ്രത്യേകിച്ച് കര്‍മ്മശാസ്ത്ര മേഖലയിലേക്ക് തിരിച്ചു വിട്ടത്. അതുവരെ ഖവാരിജ് വിഭാഗങ്ങളുമായി വാഗ്വാദങ്ങളിലേര്‍പ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അതില്‍ നിന്ന് പിന്തിരിഞ്ഞു. നിവേദന സ്വഭാവത്തെപ്പോലെതന്നെ ഹദീഥിന്റെ പ്രമേയത്തിനും യുക്തിദീക്ഷക്കും കൂടി പ്രാധാന്യം നല്‍കുന്ന രീതിയായിരുന്നു ഇറാഖിലുണ്ടായിരുന്നത്. ഖലീഫഃ ഉമറിന്റെ കാലത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദ് ആണ് അവരെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത്. അലി(റ) തന്റെ ഭരണ ആസ്ഥാനമായി തിരഞ്ഞെടുത്തതും കൂഫഃ ആയിരുന്നു. പല സ്വഹാബിവര്യന്‍മാരും അവിടെ താമസിക്കുകയും ചെയ്തിരുന്നു. ഇബ്‌നു മസ്ഊദില്‍ നിന്നും മറ്റും വിജ്ഞാനം നേടിയ ഒരു കൂട്ടം ആളുകള്‍ അവിടെ താമസിച്ചിരുന്നു. അവര്‍ യുക്തിചിന്തയ്ക്ക് പ്രാധാന്യം കല്‍പിച്ചു. ശുറൈഹ്, അല്‍ഖമഃ, മസ്‌റൂഖ് തുടങ്ങിയ പ്രമുഖരായ താബിഉകള്‍ ഈ ചിന്താഗതിക്കാരായിരുന്നു. അവര്‍ക്ക് ശേഷം ഈ സരണിക്ക് നേതൃത്വം നല്‍കിയത് ഇബ്‌റാഹീം നഖ്ഈ, ഹമ്മാദ് ഇബ്‌നു സുലൈമാന്‍ തുടങ്ങിയവരാണ്. 18 വര്‍ഷക്കാലം അബൂഹനീഫയുടെ ഗുരുസ്ഥാനത്ത് ഹമ്മാദ് ആയിരുന്നത് കൊണ്ട് അബൂഹനീഫയിലും ഈ ചിന്താഗതി സ്വാധീനം ചെലുത്തി. വീക്ഷണ വൈജാത്യം പുലര്‍ത്തിയവരില്‍ നിന്നും ശീഈ വിഭാഗമായ സയ്ദികളുടെ ഇമാമായ സൈദ്ബ്‌നു അലി (മരണം ഹി: 122/ക്രി: 739), ഇഥ്‌നാ അശ്‌രിയ്യയുടെ ഇമാം മുഹമ്മദ് അബൂജഅ്ഫറില്‍ സാവിര്‍ എന്നിവരില്‍ നിന്നുമെല്ലാം പഠിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഉമവീ ഭരണകൂടത്തിന്റെ പീഡനത്തില്‍ നിന്ന് രക്ഷതേടി മക്കയില്‍ ആറ് വര്‍ഷത്തോളം താമസിച്ചു. ഇബ്‌നു അബ്ബാസിനെ പോലുള്ളവരുടെ ശിഷ്യരില്‍ നിന്നും നേരിട്ട് ഹദീഥ് പഠിക്കുവാന്‍ ഇത് അദ്ദേഹത്തിന് അവസരം നല്‍കി.
അത്വാഉബ്‌നു അബീറബാഹ്, ശഅ്ബി, അബ്ദുറഹ്മാന്ബ്‌നു ഹിര്‍മിസ്, അദിയ്യുബ്‌നു ഥാബിത്, അംറുബ്‌നു ദീനാര്‍, ഇബ്‌നു ഉമര്‍, അലിയ്യുബ്‌നു അര്‍ഖം എന്നിവരായിരുന്നു പ്രമുഖരായ മറ്റു ഗുരുനാഥ•ാര്‍. കൂഫയില്‍ അദ്വിതീയനായിത്തീര്‍ന്ന ശേഷം അബൂഹനീഫഃ ഗൂരു ഹമ്മാദ്ബ്‌നു അബീസുലൈമാനു ശേഷം ഹി: 120/ക്രി: 733-ല്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തു. അവിടുന്നായിരുന്നു ഹനഫീ മദ്ഹബിന്റെ രൂപീകരണത്തിന് അബൂഹനീഫ തിരികൊളുത്തിയത്. തല്‍സ്ഥാനത്തും വ്യവസ്ഥാപിതമായ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തി.
അതീവ ഭക്തനും സൂക്ഷ്മശാലിയുമായ അദ്ദേഹം അസാമാന്യ ധൈര്യശാലിയുമായിരുന്നു. 52 വര്‍ഷം ഉമവീ ഭരണത്തിന്‍ കീഴിലും 18 വര്‍ഷം അബ്ബാസി ഭരണ കാലത്തും അദ്ദേഹം ജീവിക്കുകയുണ്ടായി. ഇരു വിഭാഗത്തിന്റെയും അതൃപ്തിക്ക് വിധേയനാവുകയും വലിയ പീഡന-മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്തു. മുഖ്യ ജഡ്ജിയാവാനുള്ള അബ്ബാസി ഖലീഫ മന്‍സ്വൂറിന്റെ ആവശ്യത്തെ നിരാകരിച്ച അദ്ദേഹത്തിന് അതിന്റെ പേരില്‍ ജയില്‍ ശിക്ഷയും പ്രഹരവും കിട്ടി.
അബൂഹനീഫയുടെ കാലത്ത് ദൈവശാസ്ത്ര പരമായ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ശീഅഃ, ഖവാരിജ്, മുഅ്തസില, മുര്‍ജിഅ തുടങ്ങിയവരുടെ തീവ്ര നിലപാടുകള്‍ക്കെതിരെ സന്തുലിതമായ നിലപാടുകള്‍ സ്വീകരിച്ച് മുസ്‌ലിം സമൂഹത്തെ അതില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അക്കാലത്തുണ്ടായിരുന്ന ഖല്‍ഖുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ സൃഷ്ടിവാദം) ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നു.
ഖുലഫാഉറാശിദുകള്‍ക്ക് ശേഷം കൂടിയാലോചനാ വ്യവസ്ഥിതി നിലച്ച സന്ദര്‍ഭത്തില്‍ അതിനെ വ്യവസ്ഥാപിതമായി പുനരുജ്ജീവിപ്പിച്ചത് ഇമാം അബൂഹനീഫയുടെ സംഭാവനയാണ്. സിന്ദ് മുതല്‍ അന്ദുലുസ് വരെ നീണ്ടുകിടക്കുകയായിരുന്ന ഇസ്‌ലാമിക സമൂഹത്തില്‍ ഉയര്‍ന്ന് വന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അടിത്തറയില്‍ നിന്ന് കൊണ്ട് മറുപടി പറയാന്‍ അദ്ദേഹത്തിന് സാധിച്ചു. വ്യവസ്ഥാപിതമായി നിര്‍ദ്ധാരണം ചെയ്യപ്പെട്ട നിയമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തു തന്നെ ക്രോഡീകരിക്കപ്പെടുകയുണ്ടായി. സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല സാങ്കല്‍പ്പിക പ്രശ്‌നങ്ങള്‍ക്കു കൂടി പ്രതിവിധികള്‍ കണ്ടെത്തുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതികൂല സാഹചര്യത്തില്‍പോലും തന്റെ വിശ്വാസത്തിലും നിലപാടുകളിലും ഉറച്ച് നിന്ന വ്യക്തിയായിരുന്നു അബൂഹനീഫ.
ഇസ്‌ലാമിക ഖിലാഫത്ത് രാജാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് അബൂഹനീഫ ജനിക്കുന്നത്. ഹജ്ജാജ്ബ്‌നു യൂസുഫ് ആയിരുന്നു അപ്പോള്‍ കൂഫയിലെ ഗവര്‍ണര്‍. യഥാര്‍ത്ഥ ഖിലാഫത്തിന്റെ അര്‍ത്ഥവും ഖലീഫക്കുണ്ടാവേണ്ട വിവരവും കാര്യബോധവും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു. അനിസ്‌ലാമിക ഭരണകൂടത്തിന്‍ കീഴിലുള്ള ആരാധനാ കര്‍മ്മങ്ങളുടെ സാധുതയില്‍ ഖവാരിജുകളും മുര്‍ജിഅകളും വ്യത്യസ്തവും തീവ്രവുമായ നിലപാടടെടുത്തപ്പോള്‍ അബൂഹനീഫ ആ പ്രശ്‌നത്തില്‍ സന്തുലിതത്വം പാലിച്ചു.
ഹിശാമിബ്‌നു അബ്ദുല്‍ മലിക്കിനെതിരെ ഹി: 122/ക്രി: 740 ല്‍ സൈദ്ബ്‌നു അലി നടത്തിയവിപ്ലവത്തെ അബൂഹനീഫ പിന്തുണക്കുകയും അതിനെ ബദ്ര്‍ പോരാട്ടത്തോട് ഉപമിക്കുകയും ചെയ്തു. അബ്ബാസി ഖലീഫക്കെതിരെ മുഹമ്മദ്ബ്‌നു അബ്ദുല്ല നടത്തിയ സമരത്തെ പിന്തുണക്കുകയും മറ്റുള്ളവരോട് പിന്തുണക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ലോകത്ത് ഏറെ സ്വാധീനം ലഭിച്ച ഒരു മദ്ഹബിന് രൂപം നല്‍കിയ അദ്ദേഹം ഹി: 150-ല്‍ മരണമടഞ്ഞു. അമ്പതിനായിരം ആളുകള്‍ മൂന്ന് തവണയാണ് ബഗ്ദാദില്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured