Uncategorized

ഇബ്നുല്‍ ഖയ്യിം

ഇസ്ലാമിക ലോകം ദര്‍ശിച്ച മഹാനായ പണ്ഡിതനും ചിന്തകനുമായ ഇബ്നുല്‍ ഖയ്യിം അല്‍ജൌസി 1290 സമപ്തസില്‍ ജനിച്ചു. മുഹമ്മദുബ്നു അബീബക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ നാമം. ആദ്യകാലത്ത് ത്വയ്യിബുദ്ദീന്‍ സുലൈമാന്‍ ജൌസിബ്നു മുത്ഇമിനെ പോലുള്ള പണ്ഡിതന്‍മാരില്‍ നിന്നും ഹദീസും ഹമ്പലി മദ്ഹബും പഠിച്ചു. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ ഈജിപ്തില്‍ നിന്നും ഡമസ്കസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ഇബ്നുല്‍ ഖയ്യിം മരിക്കുന്നതുവരെ ഗുരുവിനെ വേര്‍പിരിഞ്ഞിരുന്നില്ല.

ദീര്‍ഘകാലത്തെ സഹവാസം മൂലം ഇബ്നുതൈമിയ്യയുടെ ചിന്തകള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഗുരുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി മാറി. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഹദീസ്, അറബിഭാഷാ വ്യാകരണം തുടങ്ങിയ എല്ലാവിഷയങ്ങളിലും അദ്ദേഹത്തിന് വ്യുല്‍പത്തിയുണ്ടായിരുന്നു. ഇബ്നു തൈമിയ്യയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകവഴി അദ്ദേഹത്തിനും ഇബ്നുതൈമിയ്യയുടെ പോലെ നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. യാഥാസ്ഥിതിക പണ്ഡിതന്‍മാരില്‍നിന്ന് വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. അവരുടെ പ്രേരണ നിമിത്തം നിരവധി തവണ ജയിലിലടക്കപ്പെട്ടു. തത്വശാസ്ത്രം, മുഅ്തസിലീ ചിന്ത, അദ്വൈതം തുടങ്ങിയവയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ദൈവശാസ്ത്രം, വിശ്വാസകാര്യങ്ങള്‍, തസ്വവ്വുഫ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ഗാമികളുടെ അഭിപ്രായത്തെ പിന്തുണച്ചു. ശക്തമായ തൂലികക്കുടമയായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ‘ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍’, കര്‍മശാസ്ത്രത്തില്‍ ‘സാദുല്‍ മആദ്’ എന്നീ ഗ്രന്ഥങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഇസ്ലാമിക ചരിത്രം കണ്ട ധിഷണാശാലിയായ ഈ പണ്ഡിതന്‍ 60-ാം വയസ്സില്‍ അന്തരിച്ചു.

ഇബ്നുല്‍ ഖയ്യിമും ഫിഖ്ഹും

മുസ്ലിം സമൂഹത്തിന് സംഭവിച്ച അപചയത്തിന്റെയും പിന്നോക്കാവസ്ഥയുടെയും കാരണം അന്ധമായ തഖ്ലീദും അതില്‍ നിന്നു രൂപം കൊണ്ട അഭിപ്രായ സംഘട്ടനങ്ങളും ഭിന്നതയുമാണെന്ന് അദ്ദേഹം മനസ്സിലാക്കി. തഖ്ലീദിലധിഷ്ഠിതമായി നിലനിന്നിരുന്ന ഒരു ഫിഖ്ഹ് സങ്കല്‍പത്തെ  അദ്ദേഹം നിരാകരിക്കുകയും മുസ്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പിനുള്ള മാര്‍ഗം കര്‍മശാസ്ത്രത്തില്‍ പൂര്‍വ്വഗാമികള്‍ സ്വീകരിച്ച മാര്‍ഗമാണ് എന്ന് ശക്തമായി വാദിക്കുകയും ചെയ്തു. തഖ്ലീദ് സൃഷ്ടിച്ചെടുത്ത ചിന്താപരമായ മരവിപ്പില്‍ നിന്നും ചിന്താസ്വാതന്ത്രത്തിലേക്ക് മുസ്ലിം മസ്തിഷ്കങ്ങളെ മാറ്റാന്‍ അദ്ദേഹം പരിശ്രമിച്ചു. തഖ്ലീദിന്റെ വികലവാദങ്ങളെ അദ്ദേഹം പണ്ഡിതോചിതം നേരിട്ടു. ഫിഖ്ഹീ മേഖലയിലും ഇബ്നുല്‍ ഖയ്യിം കൂടുതല്‍ കൈകാര്യം ചെയ്തത് തഖ്ലീദിന്റെ നിരാകരണമായിരുന്നു. തഖ്ലീദുകളെ അദ്ദേഹം പൊതുവായി മൂന്നായി തിരിച്ചു. 1) തെളിവുകള്‍ പരിശോധിക്കാതെ മുന്‍ഗാമികളെ അന്ധമായി അനുകരിക്കുക. 2) താന്‍ തഖ്ലീദ് ചെയ്യുന്ന ആളെക്കുറിച്ച് മനസിലാക്കാതെ അനുകരിക്കുക. 3) തെളിവുകളും യാഥാര്‍ത്ഥ്യവും എതിരായിട്ടും തഖ്ലീദ് ചെയ്യുക. ഇത്തരത്തില്‍ തഖ്ലീദിന്റെ വശങ്ങള്‍ പഠിച്ച് പണ്ഡിതോചിതമായി അദ്ദേഹം ഖണ്ഡിച്ചു. അത്തരമൊരു സവിശേഷസാഹചര്യത്തില്‍ ഇജ്തിഹാദിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയും അതിനായി സധൈര്യം നിലകൊണ്ട് അതിന്റെ പ്രവിശാലമായ വാതിലുകള്‍ അദ്ദേഹം കാലഘട്ടത്തിനുമുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു.

അവലംബിച്ച അടിസ്ഥാനങ്ങള്‍

കാലത്തിനു മുമ്പില്‍ ശരിയും ശക്തവുമായ രീതി കാണിച്ചു കൊടുക്കേണ്ടിവന്നതിനാല്‍ മുന്‍ഗാമികള്‍ അവലംബിച്ച അടിസ്ഥാനങ്ങളെത്തന്നെയാണ് ഇബ്നുല്‍ ഖയ്യിമും അവലംബിച്ചത്. ഏതെങ്കിലും മദ്ഹബിനെ പൂര്‍ണമായി പിന്തുടര്‍ന്നിരുന്നില്ല എങ്കിലും ഹമ്പലി മദ്ഹബായിരുന്നു അദ്ദേഹം ഏറെക്കുറെ അവലംബിച്ചത്. ഒന്നാമതായി ഖുര്‍ആനും സുന്നത്തും നിയമത്തിന്റെ അടിസ്ഥാന സ്രോതസ്സായി അദ്ദേഹം സ്വീകരിച്ചു. പ്രമാണങ്ങളെ മറികടന്നുകൊണ്ട് ഒരു വിധി ഉണ്ടാക്കാന്‍ പാടില്ലെന്ന് ശക്തമായി അദ്ദേഹം വാദിച്ചു. അക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്താത്തവരെ പ്രമാണിക പിന്‍ബലത്തോടെ അദ്ദേഹം നേരിട്ടു. രണ്ടാമതായി ഇജ്മാഇനെ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ ഒരു കാര്യത്തില്‍ ഇജ്മാഅ് ഉണ്ട് എന്ന് പറയാന്‍ പാടില്ല എന്ന് ഇമാം ഹമ്പലി(റ) യെപോലെ അദ്ദേഹവും അഭിപ്രായപ്പെട്ടു.

അടുത്തതായി സ്വഹാബികളുടെ ഫത്വകളെയാണ് അദ്ദേഹം അടിസ്ഥാനമാക്കിയിരുന്നത്. മുസ്ലിം ഉമ്മത്തില്‍ ഏറ്റവും അറിവുള്ളവരും പ്രമാണയോഗ്യരും സ്വഹാബത്താണെന്നും ഖുര്‍ആനിനും സുന്നത്തിനും ശേഷം സ്വഹാബിമാരാണ് പ്രമാണം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാചകന്റെ കാലത്തുതന്നെ സ്വഹാബിമാരുടെ ഇജ്തിഹാദിനെ നബി(സ) അംഗീകരിച്ചത് അവരുടെ ഇജ്തിഹാദിന്റെ പ്രാമാണികത ഊന്നിപ്പറയുന്നു. ഖിയാസിന്റെ പ്രാമാണികതയെ ഖുര്‍ആനും സുന്നത്തും കൊണ്ട് സ്ഥിരപ്പെടുത്തി. എന്നാല്‍, ഖിയാസില്‍ തെറ്റുവരാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉദാഹരണമായി കച്ചവടവും പലിശയും ഖിയാസ് ചെയ്താല്‍ ഒരുവിധിയാണ് ലഭിക്കുന്നതെന്നും അതിനാല്‍ ശരിയായ പ്രയോഗം മീസാന്‍ എന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മസ്ലഹഃ മുര്‍സലഃ; സദ്ദുദ്ദറാഇഅ്, ഉര്‍ഫ് തുടങ്ങിയ അടിസ്ഥാനങ്ങളെയും അദ്ദേഹം പ്രമാണമായി സ്വീകരിച്ചിരുന്നു.

ഇബ്നുല്‍ ഖയ്യിമും ഫത്വയും

കാലത്തിന്റെയും സ്ഥലത്തിന്റെയും വ്യത്യാസമനുസരിച്ച് ഫത്വയില്‍ മാറ്റംവരും എന്ന തത്വത്തെ അദ്ദേഹവും അംഗീകരിച്ചിരുന്നു. ഒരു പ്രശ്നത്തില്‍ ഒരു പണ്ഡിതന്‍ വിധി പറയുക എന്നത് വളരെ ഗൌരവപ്പെട്ട കാര്യമായി അദ്ദേഹം കണക്കാക്കി. ‘ഹീലത്തി’ന്റെ ഫത്വകള്‍ക്കെതിരെ അദ്ദേഹം ശക്തമായി പോരാടി. അനുവദനീയമല്ലാത്തൊരു കാര്യത്തെ തന്ത്രത്തിലൂടെ അനുവദനീയമാക്കുന്ന തരം ഫത്വകള്‍ നിലനിന്നിരുന്ന കാലമായിരുന്നു അത്. അതിനെ അദ്ദേഹം ശക്തമായി നിരാകരിച്ചു.

ഫത്വ തേടുന്നതിനെ നാല് രൂപമായി അദ്ദേഹം സംഗ്രഹിച്ചു: 1) ഒരു പ്രശ്നത്തിന്റെ വിധി ചോദിക്കുക. 2) വിധിയുടെ തെളിവ് സ്ഥാപിക്കുക. 3) ആ തെളിവില്‍ നിന്നും എങ്ങനെ വിധി നിര്‍ദ്ധാരണം ചെയ്യാം. 4) അതിനെതിരായ തെളിവുകളുടെ നിരാകരണം. ഈ നാലു രൂപങ്ങള്‍ ഒരു ഫത്വയില്‍ സൂക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാള്‍ ഒരു ഫത്വ ചോദിക്കപ്പെടുകയും അയാള്‍ക്ക് ആ പ്രശ്നത്തില്‍ ഉത്തരം അറിയില്ലെങ്കില്‍ അതില്‍ ഫത്വ പറയല്‍ ഹറാമാണെന്നും ഇനി ഒരു പ്രശ്നത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അതുകൂടി പറയല്‍ മുഫ്തിക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായ പ്രശ്നങ്ങള്‍ക്ക് പണ്ഡിതന്മാര്‍ മറുപടി പറയരുതെന്നും അറിയുന്ന  വിഷയത്തില്‍ മറുപടി പറയാതിരിക്കുന്നത് വലിയ കുറ്റമായും അദ്ദേഹം കണക്കാക്കി.

കര്‍മശാസ്ത്രരീതി

മുസ്ലിം ഉമ്മത്തിന്റെ പൂര്‍വിക പ്രതാപം വീണ്ടെടുക്കാന്‍ പൂര്‍വഗാമികളുടെ കര്‍മശാസ്ത്ര രീതി പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതേ അടിസ്ഥാനങ്ങളില്‍ ഫിഖ്ഹിനെ പ്രായോഗികവത്കരിക്കാനാണദ്ദേഹം ശ്രമിച്ചത്. വിശുദ്ധ ഖുര്‍ആനിലുള്ള അഗാധജ്ഞാനവും ഹദീസുകളിലുള്ള വിശാലപാണ്ഡിത്യവും സര്‍വോപരി സൂക്ഷ്മ നിരീക്ഷണവും അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര രീതിയെ ഉന്നതമാക്കി. പ്രമാണങ്ങളില്‍ നിന്നും വിധികള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ അദ്ദേഹം ബുദ്ധിപരവും പ്രാമാണികവുമായ തെളിവുകള്‍ ഒരുപോലെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കര്‍മശാസ്ത്രനിരീക്ഷണങ്ങളുടെ പ്രത്യേകതകള്‍:

1) പ്രമാണങ്ങളില്‍ നിന്നും നേരിട്ട് വിധികള്‍ കരസ്ഥമാക്കുക.

കര്‍മശാസ്ത്ര വിധികളെ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്നും രൂപീകരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അന്ധമായ തഖ്ലീദ് വരുത്തിവെച്ച തെളിവുകളുടെയും പ്രമാണങ്ങളുടെയും നിരാകരണത്തില്‍ നിന്നും പ്രമാണങ്ങളുടെ പുനരുദ്ധാരണമായിരുന്നു ലക്ഷ്യം.

ആ കാലഘട്ടത്തില്‍ തന്റെ ലക്ഷ്യം വലുതാണെന്ന് തിരിച്ചറിഞ്ഞിരുന്നതിനാല്‍ തന്റെ അഭിപ്രായങ്ങളെ അദ്ദേഹത്തിന് ശക്തമായി സമര്‍ത്ഥിക്കേണ്ടിയിരുന്നു. ഒരു പ്രശ്നത്തില്‍ വിധി പറയുമ്പോള്‍ അതിന്റെ പ്രതികൂലവും അനുകൂലവുമായ ഒരുപാട് തെളിവുകള്‍ സമര്‍ത്ഥിച്ചായിരുന്നു തന്റെ അഭിപ്രായങ്ങളെ അദ്ദേഹം സ്ഥാപിച്ചിരുന്നത്.

2) അഭിപ്രായങ്ങളുടെ പരിശോധന

പ്രമാണങ്ങളില്‍ നിന്നും വിധികള്‍ മനസ്സിലാക്കുക എന്നതില്‍ മാത്രം പരിമിതമായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. മറിച്ച്, മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അതില്‍ നിന്ന് ശരിയായ അഭിപ്രായം അദ്ദേഹം സ്വീകരിച്ചിരുന്നു. അതുപോലെ പണ്ഡിതന്‍മാരുടെ വ്യത്യസ്താഭിപ്രായങ്ങളെ സമന്വയിപ്പിച്ച് പുതിയ വിധി അദ്ദേഹം പറഞ്ഞിരുന്നു. തദ്വാരാ ജനങ്ങള്‍ക്ക് ആശയക്കുഴപ്പങ്ങള്‍ അകറ്റാന്‍ എളുപ്പമായി. അങ്ങനെ കര്‍മശാസ്ത്ര രംഗത്ത് പുതിയൊരു കാല്‍വെപ്പു നടത്തിയ പണ്ഡിതവര്യനായി ഇബ്നുല്‍ ഖയ്യിം ലോകത്ത് പ്രശോഭിതമായി നില്‍ക്കുന്നു.

അവലംബം

1) ഇബ്നുല്‍ ഖയ്യിം അല്‍ ജൌസിയ്യഃ ആറാഉഹു ഫില്‍ ഫിഖ്ഹ്.

2) ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍

3) സാദുല്‍ മആദ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics