ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവരാനിടയാക്കിയ നിമിത്തങ്ങളിലൊന്ന് സിന്ധ് കീഴ്‌പ്പെടുത്തിയ അറബ് മുസ്‌ലിം ജൈത്രയാത്രയായിരുന്നു. മുഹമ്മദ്ബ്‌നു ഖാസിമിന്റെ നേതൃത്വത്തിലായിരുന്നു അത്. രണ്ടാംഖലീഫ ഉമര്‍ (റ)ന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുകൂടിയുള്ള പടയോട്ടശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പക്ഷേ ആ സൈന്യങ്ങളൊന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നിരുന്നില്ല. മാത്രമല്ല, കടല്‍മാര്‍ഗമുള്ള സൈനികമുന്നേറ്റങ്ങളെ ഖലീഫ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ മൂന്നാം ഖലീഫ ഉഥ്മാന്‍(റ) കടല്‍മാര്‍ഗമുള്ള പടയോട്ടത്തിന് പച്ചക്കൊടി കാട്ടി. അതിനുമുമ്പേ ഇന്ത്യ ജയിച്ചടക്കാനാവശ്യമായ വിവരങ്ങളും സ്ഥിതിഗതികളും സൂക്ഷ്മമായി വിലയിരുത്താനും ഏര്‍പ്പാടുകള്‍ ചെയ്തു. നാലാം ഖലീഫ അലി(റ)ന്റെ കാലത്താണ് ഹാരിഥുബ്‌നു മുര്‍റത്തുല്‍ അബ്ദ് എന്ന സേനാനായകന്റെ നേതൃത്വത്തില്‍ ആ പടയോട്ടം സാധ്യമായത്. ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലംവരെ ഇങ്ങനെ വിവിധപടയോട്ടങ്ങള്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് തുടര്‍ന്നുകൊണ്ടിരുന്നു. ഹജ്ജാജിന്റെ ഭരണകാലത്ത് സിന്ധ് ജയിച്ചടക്കാന്‍ മുഹമ്മദ് ബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിനൊടുവില്‍ സിന്ധില്‍ ആദ്യമായി ഒരു പള്ളി നിര്‍മിച്ചു. ഹി. 92 ലായിരുന്നു ഈ സംഭവം. അതിന്റെ തലസ്ഥാനത്തിന് മന്‍സ്വൂറ എന്ന് പേരിടുകയും ചെയ്തു. സിന്ധി ഭരണാധികാരികളില്‍ അവസാനത്തെയാളായ മന്‍സ്വൂറുബ്‌നു ജംഹൂരില്‍ കലബിയുടെ പേരിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു അത്. ഹി. 92 മുതല്‍ 316 വരെ ഇന്ത്യയിലെ അറബി ഭരണത്തിന്റെ രാഷ്ട്രീയവും സൈനികവുമായ കേന്ദ്രവുമായി നിലകൊണ്ടു. ഇസ്‌ലാമികസംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും പ്രഭവകേന്ദ്രമെന്ന നിലയില്‍ സിന്ധിന് ഇന്ത്യാഉപഭൂഖണ്ഡത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സൈനികവിജയങ്ങള്‍ ആ പറഞ്ഞ മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നു.
ഇസ്‌ലാം കടന്നുവന്ന മറ്റൊരു മാര്‍ഗം അഫ്ഗാന്‍ , ഇറാന്‍ എന്നിവിടങ്ങളിലേക്ക് ചെന്നവസാനിക്കുന്ന ഗിരിനിരകളായിരുന്നു. ഈ ഗിരിനിരകള്‍ പിന്നിട്ട് ആദ്യം ഇവിടെ എത്തിയത് ഗസ്‌നി സുല്‍ത്വാന്‍ മഹ്മൂദാണ്. ഹി. 392(ഏ.ഡി.1001)ല്‍ ആയിരുന്നു അത്. ഇന്ത്യയില്‍ വിവിധ മുസ്‌ലിംഭരണകൂടങ്ങള്‍ സ്ഥാപിച്ച അഫ്ഗാനികളും തുര്‍ക്കികളും മുഗള്‍ വംശജരും അദ്ദേഹത്തെതുടര്‍ന്ന് എത്തുകയായിരുന്നു.
ഖൈബര്‍ ചുരംവഴി ഇന്ത്യയിലേക്ക് വന്ന രാജാക്കന്‍മാരും ജേതാക്കളും ഇസ്‌ലാമിനെക്കുറിച്ച് കാര്യമായ ഗ്രാഹ്യമുള്ളവരായിരുന്നില്ല. സിറിയയിലും ഫലസ്തീനിലും ഈജിപ്തിലും വടക്കനാഫ്രിക്കയിലും അറബികള്‍ ഉണ്ടാക്കിയ പരിവര്‍ത്തനം പോലെ വിശ്വാസതലത്തില്‍ ഏകദൈവത്വത്തെക്കുറിച്ചുണ്ടാക്കാന്‍ ഈ രാജാക്കന്‍മാര്‍ക്ക് കഴിഞ്ഞില്ല. കേവലം സാമ്രാജ്യത്വവികസനഅജണ്ടയല്ലാതെ മറ്റൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. മഹ്മൂദ് ഗസ്‌നിയുടെ പടയാളികളില്‍ അധികവും പുതുവിശ്വാസികളായിരുന്നു. മാത്രമല്ല, ഹിന്ദുക്കളും വിഗ്രഹാരാധകരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെ ഇസ്‌ലാമികപ്രബോധനമേഖലയില്‍ നിറഞ്ഞുനിന്നത് -മുഹമ്മദ് തുഗ്ലക്, ഫിറൂസ് ഷാ തുഗ്ലക് സിക്കന്ദര്‍ ലോദി ,ഔറംഗസീബ് എന്നിങ്ങനെ ചില ഭരണാധികാരികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍- അറബികളും അനറബികളുമായ സ്വൂഫീവര്യന്‍മാരും പണ്ഡിതരും പരിഷ്‌കര്‍ത്താക്കളുമായിരുന്നു.
Add Comment