തെറ്റുധാരണകള്‍ മുഹമ്മദ്‌

ആറുവയസ്സുകാരിയെ കല്യാണം കഴിച്ചുവോ?

മതനിഷേധികളും യുക്തിവാദികളും ഖുര്‍ആനെമാത്രമല്ല, ഹദീസ് ഉദ്ധരണികളെയും ദുര്‍വ്യാഖ്യാനിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിലൊന്നാണ് ഒന്നാം ഖലീഫ അബൂബക്‌റിന്റെ മകള്‍ ആഇശയുമായുള്ള വിവാഹത്തെ സംബന്ധിച്ച ദുഷ്പ്രചാരണങ്ങള്‍. ആഇശയില്‍നിന്ന് നിവേദനം: ‘എനിക്ക് ആറുവയസ്സായിരിക്കെ നബിതിരുമേനി എന്നെ വിവാഹം കഴിച്ചു. പിന്നീട് ഞങ്ങള്‍ മദീനയില്‍ വന്നു'(ബുഖാരി).
‘മുഹമ്മദ് കാമഭ്രാന്തനായതിനാലാണ് ആറുവയസ്സുള്ള കൊച്ചുകുട്ടിയെ കല്യാണം കഴിച്ചത്. മുഹമ്മദ് ചെയ്തത് അക്കാലത്തെ പതിവനുസരിച്ചാണെന്നാണ് പറയുന്നതെങ്കില്‍ എക്കാലത്തേക്കുമുള്ള മാതൃകയാണ് പ്രവാചകനെന്ന് എങ്ങനെ പറയാന്‍ കഴിയും?ഇക്കാലത്ത് ഇതില്‍ എന്ത് മാതൃകാണുള്ളത്?’ഇതാണ് അവരുടെ വിമര്‍ശനം.
എന്നാല്‍ വാസ്തവമെന്താണെന്ന് നമുക്ക് പരിശോധിക്കാം. പ്രവാചകന്‍ ആഇശയെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ പ്രായം എത്രയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അതില്‍ ഏറ്റവും കുറഞ്ഞത് ആറുവയസ്സും കൂടിയത് പതിനെട്ട് വയസ്സുമാണ്. ആറുവയസ്സാണെന്ന റിപോര്‍ട്ട് സ്വീകരിക്കുകയാണെങ്കില്‍ ഒന്‍പതാമത്തെ വയസ്സിലാണ് പ്രവാചകനോടൊത്തുള്ള ദാമ്പത്യം ആരംഭിക്കുന്നത്. തദടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ പ്രവാചകനെ കാമഭ്രാന്തനെന്ന് വിളിക്കുന്നത്.
ആഇശയെ ആദ്യം വിവാഹാന്വേഷണം നടത്തിയത് മുഹമ്മദ് നബിയല്ല, ജുബൈറുബ്‌നു മുത്വ്ഇമാണ്. അത് നടക്കാതെ പോയപ്പോഴാണ് നബിതിരുമേനി അവരെ വിവാഹം ചെയ്തത്. അക്കാലത്ത് ലോകത്തെവിടെയുമെന്നപോലെ അവിടെയും ശൈശവവിഹം നിലവിലുണ്ടായിരുന്നു. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍ ജസ്റ്റിസ് വി. ആര്‍ .കൃഷ്ണയ്യര്‍ ശാരദയെ വിവാഹം ചെയ്തത് അവരുടെ 13-ാമത്തെയോ 14-ാമത്തെയോ വയസ്സിലാണ്. ഇന്ന് ഇന്ത്യയില്‍ ആരെങ്കിലും അങ്ങനെ ചെയ്താല്‍ പോക്‌സോ പ്രകാരം അവര്‍ അറസ്റ്റ് ചെയ്യപ്പെടും. അടുത്തകാലം വരെയും ഇന്ത്യയിലുടനീളം അഞ്ചും ആറുംവയസ്സുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കാറുണ്ടായിരുന്നു. അതിനെക്കാള്‍ ചെറിയ കുട്ടികളെയും വിവാഹം ചെയ്യുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ആഇശയുമായുള്ള പ്രവാചകന്റെ വിവാഹം വിവാദവിഷയം പോലുമാകാതിരുന്നത്.
പ്രവാചകനുമായുള്ള വിവാഹത്തില്‍ ആഇശ ജീവിതത്തിലൊരിക്കല്‍പോലും ദുഃഖിക്കുകയോ സങ്കടപ്പെടുകയോ ഖേദിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പിതാവ് അബൂബക്ര്‍ സിദ്ദീഖോ, മാതാവ് ഉമ്മുറുമാനോ ഈ വിവാഹത്തോട് വിയോജിക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല, അവരെല്ലാം എന്നും എപ്പോഴും സന്തോഷിക്കുകയും അഭിമാനിക്കുകയും തികഞ്ഞ സംതൃപ്തി അനുഭവിക്കുകയുമായിരുന്നു. പ്രവാചകന്‍ അവരെ വിവാഹംചെയ്തതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് അബൂബക്ര്‍ സിദ്ദീഖുമായുള്ള ആത്മബന്ധം സുശക്തവും സുദൃഢവുമാക്കുക എന്നതുകൂടിയായിരുന്നു.

വൈജ്ഞാനികരംഗം ഉള്‍പ്പെടെ മുഴുവന്‍ ജീവിതമേഖലകളിലും അത്യുന്നതങ്ങളിലെത്താന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശക്ക് സാധിച്ചത് അവരുടെ ചെറുപ്രായത്തില്‍ തന്നെ പ്രവാചകന്‍ അവരെ വിവാഹംചെയ്തതിനാലാണ്. യഥാര്‍ഥത്തില്‍ മനുഷ്യചരിത്രത്തിലെ അത്യുന്നതങ്ങളിലെത്തിയ വനിതാരത്‌നങ്ങളുടെ മുന്നണിയില്‍ തന്നെ ഇടംകിട്ടാന്‍ സാധ്യമാകുംവിധം ചെറുപ്രായത്തില്‍തന്നെ പ്രവാചകന്റെ കൂടെക്കഴിയാന്‍ അല്ലാഹു അവസരമൊരുക്കുകയായിരുന്നു.

പ്രവാചകന്‍ ആഇശയെ മാത്രമേ വിവാഹംചെയ്തിരുന്നുള്ളൂവെങ്കില്‍ ഇക്കാലത്ത് പ്രവാചകന്റെ ഈ വിവാഹത്തില്‍ എന്താണ് മാതൃക എന്ന ചോദ്യം ഇത്തിരിയെങ്കിലും പ്രസക്തമാകുമായിരുന്നു. എന്നാല്‍ പ്രവാചകന്റെ മൂന്നാമത്തെ വിവാഹമായിരുന്നല്ലോ അത്. ബാക്കിയുള്ളവരെല്ലാം മധ്യവയസ്‌കകള്‍തൊട്ട് വയോവൃദ്ധകള്‍ വരെയുള്ളവരായിരുന്നല്ലോ. അതിനാല്‍തന്നെ മാതൃക തേടിപ്പോകുന്നവര്‍ക്ക് അദ്ദേഹത്തില്‍ അത് കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടിവരില്ല. സച്ചിദാനന്ദന്‍ പറഞ്ഞപോലെ ശ്വസിക്കുന്നതു തന്നെ അന്തരീക്ഷത്തില്‍ മാലിന്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാവരുതെന്ന് മാത്രം.

എന്തുകൊണ്ട് നബിതിരുമേനിക്കും ഇസ്‌ലാമിനുമെതിരില്‍ ഇത്രമാത്രം വിമര്‍ശം ഉണ്ടാകുന്നു? കന്നുകാലികളെപ്പോലെ അനിയന്ത്രിതമായി ആര്‍ക്കും ആരെയും എവിടെവെച്ചും എങ്ങനെയും ഉപയോഗിക്കാമെന്ന മതമുക്ത ഭൗതികവീക്ഷണം സ്വീകരിച്ചവര്‍ മറ്റുള്ളവരും തങ്ങളെപ്പോലെയാണെന്ന് കരുതുന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. തങ്ങളുടെ വശമുള്ള അശ്ലീലതയുടെയും അധര്‍മത്തിന്റെയും അളവുകോലുകൊണ്ടാണ് അവര്‍ എല്ലാറ്റിനെയും അളക്കുന്നത്. ശരീരകാമനകള്‍ക്കടിപ്പെട്ട് ഭോഗാസക്തരായി കഴിയുന്നവര്‍ തങ്ങളുടെ അരാജകജീവിതത്തിന് തടസ്സം നില്‍ക്കുന്നത് ഇസ്‌ലാമും അതിന്റെ വേദഗ്രന്ഥവും പ്രവാചകനുമാണെന്ന് മനസ്സിലാക്കുന്നുണ്ട്. അവര്‍ ഇസ്‌ലാമിനെ മുഖ്യശത്രുവായി കാണാന്‍ അതാണ് കാരണം. സദാചാര നിയമങ്ങളോടും ധാര്‍മികാധ്യാപനങ്ങളോടും നിരീശ്വരവാദികളും മറ്റു ഭൗതികവാദികളും വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് മനസ്സിലാക്കുന്ന ഏവര്‍ക്കും അവരുടെ ഇസ്‌ലാം വിരോധത്തിന്റെ മര്‍മം അനായാസേന ബോധ്യമാകും.

ശൈഖ് മുഹമ്മദ് കാരക്കുന്ന്

Topics