India

ആപ് കാത്തിരിക്കുന്ന ‘പൊല്ലാപ്പു’കള്‍

ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഡല്‍ഹി നിയമസഭാ ഇലക്ഷനും കഴിഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആപ് (AAP) എഴുപതില്‍ അറുപത്തിയേഴുസീറ്റും നേടി ഭരണത്തിലേറുകയാണ്. കേന്ദ്രത്തില്‍ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന മോദിതരംഗം ഇനിയുണ്ടാകില്ലെന്നാണ് ചിലരുടെ നിരീക്ഷണം.

എന്നാല്‍ ആപ് ഗവണ്‍മെന്റ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോയെന്നതാണ് പലരുമുന്നയിക്കുന്ന ചോദ്യം. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനവസരം ലഭിച്ചെങ്കിലും 49 ദിവസംമാത്രമാണ് അതിന് ആയുസ്സുണ്ടായത്. അഴിമതിവിപാടനംഉദ്ദേശിച്ച് കൊണ്ടുവന്ന ജന്‍ലോക്പാല്‍ പാസാക്കാന്‍ കോണ്‍ഗ്രസ് പിന്തുണക്കാതിരുന്നത് ഡല്‍ഹിയില്‍ ആ പാര്‍ട്ടിയുടെ അസ്ഥിത്വം പോലും ഇല്ലാതാക്കാനുള്ള കാരണങ്ങളിലൊന്നായി വര്‍ത്തിച്ചിട്ടുണ്ടെന്നത് കൂട്ടത്തില്‍ പറയേണ്ടതുണ്ട്.

ഒരു പാര്‍ട്ടി അഴിമതിവിരുദ്ധതയും സുതാര്യതയും ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവരുമ്പോള്‍ അതിനെ ജനങ്ങള്‍ പിന്തുണക്കുന്നത് അവരിലെ ബഹുഭൂരിപക്ഷവും ദുര്‍ബലരോ അവഗണിക്കപ്പെട്ടവരോ ആയതിനാലാണ്. കാരണം അഴിമതിയിലൂടെ കട്ടുമുടിക്കുന്നത് ജനങ്ങള്‍ക്കവകാശപ്പെട്ട പൊതുസ്വത്താണല്ലോ. എന്നാല്‍ പൊതുജനക്ഷേമം ലാക്കാക്കി അധികാരത്തിലേറുന്ന ഭരണപക്ഷത്തിനുമുന്നില്‍ ശക്തമായ പ്രതിബന്ധങ്ങള്‍ കടന്നുവരുമെന്നതില്‍ ആര്‍ക്കുംസംശയമില്ല. അക്കൂട്ടരില്‍ മുന്‍പന്തിയിലുണ്ടാവുക കോര്‍പറേറ്റുകളും വംശീയ-വര്‍ഗീയ വാദികളായഫാസിസ്റ്റുകളുമായിരിക്കും.

എല്ലാതലത്തിലുമുള്ള നിയമങ്ങളിലും നയങ്ങളിലും വെള്ളംചേര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക്  സകലതും കാല്‍ക്കല്‍വെച്ചുകൊടുക്കുന്ന കേന്ദ്രസര്‍ക്കാരും, പാവങ്ങളെയും അധഃസ്ഥിതരെയും പരിഗണിക്കുമെന്ന് വാഗ്ദാനംമുഴക്കിയിട്ടുള്ള AAP യുമാണ് ഡല്‍ഹിയിലുള്ളത്. യഥാര്‍ഥത്തില്‍ രാഷ്ട്രീയയുദ്ധമുഖമാണ് അവിടെ തുറന്നിട്ടുള്ളത്. അതില്‍ മതനിരപേക്ഷമെന്ന് നാംകരുതുന്ന ജനപക്ഷചേരി എത്രമാത്രം വിജയിക്കുമെന്നതാണ് പ്രധാനചോദ്യം. ഭരണപക്ഷത്തിനകത്ത് തൊഴുത്തില്‍കുത്തും ചക്കളത്തിപ്പോരും ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അതോടൊപ്പം കോര്‍പറേറ്റുകള്‍ക്ക് പിന്തുണപ്രഖ്യാപിച്ച ഫാസിസ്റ്റുചേരി ഡല്‍ഹിയില്‍ കലാപമഴിച്ചുവിട്ട് സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാനും ശ്രമിച്ചേക്കും. അങ്ങനെയെങ്കില്‍  ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് നിയമസഭപിരിച്ചുവിടാന്‍ കേന്ദ്രം തീര്‍ച്ചയായും വഴികണ്ടെത്തും.

AAP നെ ഒരുരക്ഷകന്റെ റോളില്‍എത്രനാള്‍ കാണാനാകും എന്നതാണ് മറ്റൊരു പ്രശ്‌നം. കൃത്യമായ ആദര്‍ശത്തിന്റെയോ ആഴവും പരപ്പുമുള്ള രാഷ്ട്രീയകാഴ്ചപ്പാടിന്റെയോ അഭാവം ആ പാര്‍ട്ടിയുടെ അടിസ്ഥാനദൗര്‍ബല്യമാണ്. കെജ്‌രിവാളിനെക്കൂടാതെ നേതൃപാടവമുള്ള മറ്റൊരു നേതാവുണ്ടോ എന്നത് സംശയമാണ്. ഫാസിസ്റ്റുചേരിയില്‍പെട്ട ഒരാള്‍ കെജ്‌രിവാളിനുനേരെ വധഭീഷണിമുഴക്കിയത് നിസ്സാരമായി കാണേണ്ടതില്ല. ഗാന്ധിജിയെ കൊന്നശേഷം ഘാതകന്‍ തങ്ങളുടെ സംഘടനയില്‍പെട്ടയാളല്ല എന്ന് മുടന്തന്‍ന്യായം പറയുന്ന സംഘപരിവാരത്തിന്റെ തണലില്‍ ഇസ്രയേലിന്റെ മസ്തിഷ്‌കങ്ങള്‍ അണിയറനീക്കംനടത്തുമെന്നതില്‍ യാതൊരുസംശയുംവേണ്ട. ജനതയെ തമ്മിലടിപ്പിച്ച് കാര്യംനേടുന്ന ദുശ്ശക്തികള്‍  അഴിഞ്ഞാടുന്ന ലോകസാഹചര്യത്തില്‍  കാര്യങ്ങളെ കൂടുതല്‍ ഗൗരവതരമായി കാണേണ്ട അവസ്ഥാവിശേഷമാണിപ്പോഴുള്ളത്. 

അഴിമതിവിരുദ്ധത പറയുമ്പോള്‍ താനെന്തിന് അഴിമതിവിരുദ്ധനാകണം എന്ന, നാമോരോരുത്തരും അഭിമുഖീകരിക്കുന്ന ഒരുചോദ്യമുണ്ട്. ജീവിതം ആസ്വദിക്കാനുള്ളതെന്നും, എല്ലാം മായാവിലാസത്തിന്റെ ഭാഗമാണെന്നും കരുതുന്ന ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം അഴിമതിവിരുദ്ധത വാചാടോപത്തിനപ്പുറത്തേക്ക് പോകാന്‍ സാധ്യതകുറവാണ്. അതവരുടെ കുഴപ്പമല്ല. മനുഷ്യരാരെന്നും ഈ ലോകത്ത് തങ്ങളുടെ ദൗത്യമെന്തെന്നും കൃത്യമായി വരച്ചുകാണിക്കുന്ന ദൈവികമാര്‍ഗദര്‍ശനത്തെ ജനങ്ങള്‍ ഇനിയും വേണ്ടവിധം അറിയേണ്ടതായാണിരിക്കുന്നത്. അപ്പോള്‍മാത്രമേ,ഈ ലോകത്തെ പ്രവൃത്തികള്‍ക്ക്  നാളെ സര്‍വശക്തനും സര്‍വജ്ഞാനിയുമായ സര്‍വേശ്വരന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തി ആത്യന്തികമായി അഴിമതിയെയും അതിലേക്ക് നയിക്കുന്ന ആര്‍ത്തിയെയും കൂച്ചുവിലങ്ങിടാനാകുകയുള്ളൂ.

Topics