ലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമാണ് അല്ലാഹു. ഉദാത്തവും പരമവുമായ സത്തയെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നു. ഈ നാമത്തെ വ്യാകരണ സിദ്ധാന്തങ്ങളുടെയും ഭാഷാശാസ്ത്രങ്ങളുടെയും പരിമിതികള്‍ക്കുള്ളിലേക്ക് ഒതുക്കാവതല്ല. അല്ലാഹു എന്ന പേര് തന്നെ അനാദിയും അനന്തവുമായ പരമസത്യത്തിന്റെ പൊരുളത്രയും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഈ പദത്തിന്റെ ഘടനപോലും അപഗ്രഥനങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്നു. അര്‍ഥങ്ങള്‍ക്കും പ്രതീക കല്‍പനകള്‍ക്കും ഭാഷക്കും അതീതമായി ദൈവിക സത്തയിലേക്കുള്ള ഒരു കവാടമായി അല്ലാഹു എന്ന പദം നിലനില്‍ക്കുകയാണ്.
അല്‍, ഇലാഹ് എന്നീ രണ്ടു പദങ്ങളുടെ സമുച്ചയമാണ് അല്ലാഹു എന്ന് പറയാറുണ്ട്. ഇസ് ലാമിനു മുമ്പ് തന്നെ അല്ലാഹു എന്ന പദം അറബികള്‍ ഉപയോഗിച്ചിരുന്നു. മുഹമ്മദ് നബി(സ)യുടെ പിതാവിന്റെ പേര് അബ്ദുല്ല (അല്ലാഹുവിന്റെ അടിമ) എന്നായിരുന്നു. പൗരസ്ത്യനാടുകളിലെ ക്രൈസ്തവരും ദൈവത്തെ അല്ലാഹു എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇസ് ലാമിക സങ്കല്‍പങ്ങളില്‍ വ്യത്യസ്തമായ ഒരു അര്‍ഥതലമാണ് ഈ പേരിനുള്ളത്. പരമമായ നാമ(അല്‍ഇസ്മുല്‍ അഅ്‌സം)മാണത്. അല്ലാഹു എന്ന പേര് പറയുമ്പോള്‍ സാധാരണയായി അസ്സവജല്ല, ജല്ലജലാലുഹു തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ക്കാറുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മഹാത്മ്യവും രാജത്വവും ദ്യോതിപ്പിക്കാനണത് ഉപയോഗിക്കുന്നത്.
അല്ലാഹുവിന്റെ സത്തയെക്കുറിച്ചും സ്വഭാവവിശേഷണങ്ങളെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ”പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല. (ഖുര്‍ആന്‍ 112:1-4)
‘അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര് ? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.’ (ഖുര്‍ആന്‍ 2: 255)
Add Comment